അല്ലാഹുവിനെ കണ്ട പ്രാവചകന്‍മാര്‍ (കണ്ടവര്‍) ആരൊക്കെ? തെളിവുകള്‍ ഖുര്‍ആന്‍, ഹദീസിലൂടെയും പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

അബ്ദുല്‍ കരീം വീവി കുറ്റിപ്പുറം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അല്ലാഹുവിനെ കണ്ട ഒരേ ഒരു പ്രവാചകനാണ് മുഹമ്മദ് മുസ്ഥഫാ (സ).  സൂറത്തുന്നജ്മിലെ 11, 13 ആയതുകളുടെ തഫ്സീറുകളില്‍ റസൂല്‍ (സ) അല്ലാഹുവിനെ നേരില്‍ ദര്‍ശിച്ചതായി അഭിപ്രായമുണ്ട്. ബഹുമാനപ്പെട്ട അബ്ദുല്ലാഹ് ബ്ന് അബ്ബാസ് (റ)വിനും ഇതേ അഭിപ്രായമാണ്. തസ്വവ്വുഫിന്‍റെ മഹാന്മാരെല്ലാവരും നബി(സ) അല്ലാഹുവിനെ കണ്ണു കൊണ്ടു ദര്‍ശിച്ചുവെന്ന്  ഐക്യകണ്ഠേന അഭിപ്രായപ്പെടുന്നു. ഇതു തന്നെയാണ് സ്വഹാബികളിലെയും താബിഉകളിലെയും മുഹഖ്ഖിഖുകളുടെ അഭിപ്രായവും.  ഇമാം നവവി (റ) തങ്ങള്‍ ശറഹു മുസ്ലിമില്‍ ഇതു സംബന്ധമായി പറഞ്ഞത് ഏറെ പ്രസ്താവ്യമാണ്.  ((ചുരുക്കത്തില്‍, പ്രബലമായത് റസൂല്‍ (സ) ഇസ്റാഇന്‍റെ രാവില്‍ അല്ലാഹുവിനെ തന്‍റെ തലയിലെ രണ്ടു കണ്ണു കൊണ്ട് കണ്ടിട്ടുണ്ട്.  ഇബ്നു അബ്ബാസ് (റ)വിന്‍റെ ഹദീസ് തന്നെയാണ് ഇതിനു കാരണം. ഇതേ അഭിപ്രായമാണ് ഇക്റിമ, അനസ്, ഹസന്‍, റബീഅ് ബ്ന്  സുലൈമാന്‍ (റ) എന്നിവര്‍ക്കും ഒരു സംഘം മുഫസ്സിറുകള്‍ക്കും))  ഇബ്നു അബ്ബാസ് (റ) റിപോര്‍ട്ട് ചെയ്ത ഹദീസ് താഴെ കൊടുക്കുന്നു.

«إِنَّ اللَّهَ اصْطَفَى إِبْرَاهِيمَ بِالْخُلَّةِ، وَاصْطَفَى مُوسَى بِالْكَلَامِ، وَاصْطَفَى مُحَمَّدًا بِالرُّؤْيَةِ»

(അല്ലാഹു ഇബ്റാഹീം (അ)മിനെ ഖലീലായി തെരഞ്ഞെടുത്തു. മൂസാ (അ)നെ സംസാരത്തിനായി തെരഞ്ഞെടുത്തു. മുഹമ്മദ് (സ)യെ ദര്‍ശനത്തിനായി തെരഞ്ഞെടുത്തു. )

ഥബ്റാനി, ദാറഖുഥ്നി, ഇബ്നു ഖുസൈമ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര് അവരുടെ ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.  വേറെയും ഹദീസുകള്‍ ഇതേ ആശയത്തില്‍ പല ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. തഫ്സീറുകളിലും ചിലത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുഴുവന്‍ ഹദീസുകളും ഉദ്ധരിക്കാനുള്ള സന്ദര്‍ഭമല്ല ഇത്. നിസ്കാരം 50 വഖ്തില്‍ നിന്ന് 5 വഖ്താക്കാനായി റസൂല്‍ (സ) അല്ലാഹുവിനെ സമീപിച്ചപ്പോഴെല്ലാം റബ്ബിനെ കണ്ടിട്ടുണ്ടെന്ന അഭിപ്രായമാണ് ശാഫിഈ (റ) വിനുള്ളത്. അഹ്മദ് ബ്ന് ഹന്ബല്‍ (റ) വിനും ഇബ്നു അബ്ബാസ് (റ) വിന്‍റെ അഭിപ്രായം തന്നെയാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter