വിഷയം: ‍ വിവാഹ ശേഷം സ്വസ്ഥത ലഭിക്കാത്ത വിധം എന്നും ഓരോ പ്രതിസന്ധികളാണ്. ആരൊക്കെയോ സിഹ്റ് ചെയ്യുന്നുവെന്ന തോന്നലുണ്ട്, എന്തു ചെയ്യും

വിവാഹ ശേഷം എന്നും ഓരോ പ്രശ്നങ്ങളാണ്. ആരൊക്കെയോ സിഹ്റ് ചെയ്യുന്നുണ്ടോ എന്ന തോന്നൽ ശക്തമാണ്. ചിന്തിക്കുന്നതും സങ്കൽപ്പിക്കുന്നതും പകൽകിനാവ് പോലും ഭീതിപ്പെടുത്തുന്നതാണ്. എനിക്ക് ഇതിന് പരിഹാരമുണ്ടോ?

ചോദ്യകർത്താവ്

Ju

Nov 24, 2019

CODE :Oth9513

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

ജീവത്തിൽ പ്രതിസന്ധികൾ സാധാരണമാണ്. പ്രശ്നങ്ങളോ വെല്ലുവിളികളോ ഇല്ലാത്ത മനുഷ്യരില്ല. ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളായിരിക്കും. ചിലർക്ക് ശാരീരികാസ്വാസ്ഥ്യമാണെങ്കിൽ മറ്റു പലർക്കും മാനസിക വ്യഥകളും ആശങ്കകളുമായിരിക്കും.  ഒരു പ്രശ്നവുമില്ലെന്ന് നാം വിചാരിക്കുന്ന, എപ്പോഴും ചിരിച്ചും കളിച്ചും രസിച്ചും നടക്കുന്നവരാകും പെട്ടെന്ന് ആത്മഹത്യ ചെയ്യുക. ചുരുക്കത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും എന്നത് തനിക്ക് മാത്രമായി വിധിക്കപ്പെട്ട ഒന്നല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. അത് കൊണ്ട് തന്നെ നാമോരോരുത്തരും നാം അനുഭവിക്കുന്ന പ്രശ്നങ്ങൾ ഓരോ അനുഭവങ്ങളാക്കി മാറ്റുകയും അതിനെ തരണം ചെയ്യാനുള്ള ഉൾക്കരുത്ത് നേടുകയുമാണ് പ്രധാനം. അല്ലാതെ ലോകത്ത് തനിക്ക് മാത്രമേ ഇത്ര പ്രശ്നങ്ങളുള്ളൂ, എന്റെ സമയവും തലവരയും ശരിയല്ലായെന്ന് ചിന്തിക്കുന്നത് ആത്മ ശക്തി നഷ്ടപ്പെടാനും എല്ലാം തല കീഴായി ചിന്തിക്കാനും അതു വഴി സമൂഹത്തിലും കുടുംബത്തിലും സ്വയം ഒറ്റപ്പെട്ട് നീറിനീറിക്കഴിയാനും കാരണമാകും.

ഒന്നിനു പിറകെ മറ്റൊന്നായി ചില പ്രശ്നങ്ങൾ വരുമ്പോൾ പലപ്പോഴും പലരും ചിന്തിക്കുന്ന കാര്യമാണ് തനിക്ക് ആരോ സിഹ്റ് ചെയ്തിട്ടുണ്ടാകാമെന്നത്. ഈ ചിന്ത അത്യന്തം അപകടകരമാണ്. കാരണം സിഹ്റ് ചെയ്യുകയെന്നത് വളരെ ഗൌരവപ്പെട്ട വിഷയമാണ്. എഴു വൻ ദോഷങ്ങളിൽപ്പെട്ടതാണത്. അത് കൊണ്ട് തന്നെ ഇക്കാര്യം ചെയ്തുവെന്ന് സത്യസന്ധമായി സാക്ഷികളിലൂടെ വ്യക്തമായി തെളിയാതെ ആരുടെ പേരിലും അത് ആരോപിക്കാൻ പാടില്ല. ഊഹങ്ങൾ വെച്ചുള്ള ഈ ചിന്ത കുറ്റകരമാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് (സൂറത്തുൽ ഹുജുറാത്ത്), ഇത്തരം ഊഹങ്ങളിൽ സത്യത്തിന്റെ അംശം ഉണ്ടാകാനുള്ള സാധ്യതയും വിശുദ്ധ ഖുർആൻ തള്ളിക്കളയുന്നുണ്ട് (സൂറത്തു യൂനുസ്). അതിനാൽ ഇക്കാര്യത്തിൽ ഇന്ന ആൾ എനിക്ക് സിഹ്റ് ചെയ്തിട്ടുണ്ടാകാമെന്ന വൃഥാചിന്ത അനുചിതമാണ്.

സിഹ്റ് ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാനുള്ള ഒരു വഴിയായി ആളുകൾ കാണുന്നത് സിഹ്റും മന്ത്രവാദവുമൊക്കെ ചെയ്യന്നവരുടെ അടുത്ത് പോയി പറയുകയോ പ്രശ്നം വെപ്പിക്കുകയോ ആണ്. യഥാർത്ഥത്തിൽ അവരെല്ലാം സിഹ്റിന്റെ ആളുകളാണെങ്കിൽ അവർക്കിത് പറഞ്ഞു കൊടുക്കുക അവരുടെ പിശാചുക്കളായിരിക്കും. പിശാച് ഒരിക്കലും സത്യം പറയില്ല, വല്ലതും പറയുന്നെങ്കിൽ ഒന്നുകിൽ പച്ചക്കള്ളമായിരിക്കും, അല്ലെങ്കിൽ അർദ്ധ സത്യമായിരിക്കും, അതുമല്ലെങ്കിൽ സത്യവും അസത്യവും കൂട്ടിക്കലർത്തിയിട്ടായിരിക്കും പറയുക. അതിനാൽ അവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുതെന്ന് വിശുദ്ധ ഖുർആനും പുണ്യ റസൂൽ (സ്വ) യും നമ്മോട് നിരവധി തവണ ആഹ്വാനം ചെയ്തിട്ടുണ്ട്. അല്ലാഹു തആലാ പറയുന്നു: “തീർച്ചയായും പിശാച് നിങ്ങളെ ശത്രുവായാണ് കാണുന്നത്, അതിനാൽ നിങ്ങളും അവനെ ശത്രുവായിത്തന്നെ കാണുക” (സൂറത്തുൽ ഫാത്വിർ) അല്ലാഹു താആലാ പറയുന്നു: “ആരെങ്കിലും അല്ലാഹുവിനെ ഓർക്കാതെ ജീവിച്ചാൽ അവന് കൂട്ടായി ഒരു പിശാചിനെ അല്ലാഹു കൊടുക്കും, അവൻ പിന്നീട് അല്ലാഹുവിലേക്ക് എത്താനുള്ള എല്ലാ വഴികളിലും തടസ്സം നിൽക്കും"(സൂറത്തു സുഖ്റുഫ്). അല്ലാഹു തആലാ പറയുന്നു: “നിനക്ക് വല്ല ബുദ്ധിമുട്ടും വന്നാൽ അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും നിന്നിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല” (സൂറത്തു യൂനുസ്). അല്ലാഹു തആലാ പറയുന്നു: “ഭാര്യയേയും ഭർത്താവിനേയും തമ്മിൽ തെറ്റിക്കുന്ന പണിയേ സിഹ്റ് ചെയ്യുന്ന പിശാച് ചെയ്യൂ. അല്ലാഹു വിചാരിക്കാതെ അവർക്ക് ആരെയും ഒരു ചുക്കും ചെയ്യാൻ കഴിയില്ല” (സൂറത്തുൽ ബഖറഃ). അത് കൊണ്ട് ഇക്കാര്യത്തിലും സമീപിക്കേണ്ടത് പിശാചോ പിശാചിന്റെ ഹോൽസെൽ/റീടേൽ കച്ചവടക്കാരെയോ അല്ല, പ്രത്യുത അല്ലാഹുവിനെയാണ്, അവന്റെ റസൂൽ (സ്വ)യെയാണ്, അവർ നിർദ്ദേശിച്ച പരിഹാരങ്ങളെയാണ്, ഇക്കാര്യത്തിലൊക്കെ നല്ല അറിവും തഖ്വയുമുള്ള പ്രാർത്ഥനക്കുത്തരം കിട്ടുന്ന മുത്തഖീങ്ങളെയാണ്. അല്ലാതെ മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കളെ വിശ്വസിക്കാൻ പോയാൽ ഉള്ള സ്വസ്ഥതയും കയ്യിലുള്ള കാശും ദേഹത്തുള്ള പൊന്നും പോയിക്കിട്ടുകയേ ഉള്ളൂ.

യഥാർത്ഥത്തിൽ ഇന്നത്തെ കാലത്ത് നേരെച്ചൊവ്വെ സിഹ്റ് ചെയ്യാൻ അറിയുന്നവർ ഉണ്ടോയെന്ന കാര്യം തന്നെ സംശയമാണ്. മലയാളത്തിലെ ഒരു പ്രമുഖ ടെലിവഷൻ ചാനൽ വർഷങ്ങൾക്ക് മുമ്പ് സാഹസികമായ ഒരു ഉദ്യമം നടത്തി. കേരളത്തിലെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ട മന്ത്രവാദവും ചാത്തൻ സേവയും ജിന്ന് സേവയും ഓജോബോഡിലൂടെ പരേതാത്മാക്കളുടെ നിയന്ത്രണവും ഉറുക്കം മന്ത്രവും ബാധയകറ്റലും മുട്ടറുക്കലും കോമരം തുള്ളലും മറഞ്ഞ കാര്യങ്ങൾ പറയലും അസ്മാഇന്റെ ശക്തി കാണിക്കലും ഹിപ്നോട്ടിസം വഴി മുജ്ജന്മ കാലം ഓർമ്മിപ്പിക്കലും ഒക്കെ നടത്തി അരങ്ങ് തകർത്ത് ആളുകളെ ചൂഷണം ചെയ്ത് തടിച്ചു കൊടുക്കുന്ന ഒട്ടുമിക്ക വ്യക്തികളുടേയും അടുത്ത് പ്രശ്നം കൊണ്ട് പ്രയാസപ്പെടുന്നർ എന്ന വ്യാജേന ചെന്ന് ഒളികാമറയുടെ സഹായത്തോടെ ഒരു വർഷത്തിലധികം നീണ്ടു നിന്ന വിജയകരമായ ഒരു ഓപ്പറേഷൻ സീരീസ് നടത്തി. എന്നിട്ട്  അവർ അത് തങ്ങളുടെ ചാനലിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്തു. അതിൽ ഒരാൾ പോലും താൻ പറയുന്ന പോലെ ചെയ്യാൻ പ്രാപ്തിയുള്ളവരല്ലെന്നും എല്ലാവരും ഉള്ളതും ഇല്ലാത്തും വെച്ച് ഒരോ കാച്ചൽ കാച്ചുകയാണെന്നും അവർക്കോ അവരുടെ മക്കൾക്കോ വല്ല പ്രശ്നവും വന്നാൽ അവർ തങ്ങളുടെ ആത്മീയ ചികിത്സ അവരിൽ പരീക്ഷിക്കാറില്ലെന്നും അന്ന് അതിലൂടെ അവർക്ക് തെളിയിക്കാൻ കഴിഞ്ഞു. അഥവാ നേരെ ചൊവ്വേ പിശാചെങ്കിൽ പിശാചിനെയെങ്കിലും സ്വാധീക്കാൻ കഴിയുന്നവർ ഇന്ന് ജീവിച്ചിരിപ്പുണ്ടൊയെന്ന കാര്യം തന്നെ സംശയമാണ്. നിലവിൽ ഈ ഏർപ്പാട് ജനങ്ങളെ പിഴിഞ്ഞു ജീവിക്കാനുള്ള ബിസിനസ്സായി കണ്ട് എത് പ്രശ്നവുമായി ആളുകൾ ചെന്നാലും അത് സിഹ്റാണെന്ന് പറഞ്ഞ് അതിന് പ്രതിക്രിയ ചെയ്യണമെന്നും അതിന് ഇത്ര കാശാകുമെന്നും അല്ലെങ്കിൽ ആകെ പ്രശ്നമാകുമെന്നും ഭയപ്പെടുത്തി ആളുകളുടെ ആശങ്ക ചൂഷണം ചെയ്ത് ജീവിക്കുന്നവർ ഏത് വിഭാഗത്തിൽപ്പെട്ടവരായാലും അവരാരും ഈ വിഷയത്തിൽ യഥാർത്ഥത്തിൽ ആശ്രയിക്കപ്പെടേണ്ടവരല്ലെന്നുള്ള ബോധ്യമാണ് ആദ്യം വേണ്ടത്.

എന്നാലും ഇതിനൊരു പരിഹാരം വേണമല്ലോ, അതെന്താണെന്ന് നോക്കാം. അത് പറയാനും പഠിപ്പിക്കാനുമാണ് അല്ലാഹു തആലാ അന്ത്യ ദൂതർ മുഹമ്മദ് നബി (സ്വ)യെ നിയോഗിച്ചത്, അത് പഠിക്കാനാണ് പരിശുദ്ധ ഖുർആൻ അവതരിപ്പിച്ചത്. പിശാച് മനുഷ്യ രക്തത്തിൽ വരേ പ്രവേശിക്കുമെന്ന് പറഞ്ഞ പ്രവാചകർ (സ്വ) ആ പിശാചിനേയും അവന്റെ ഉപദ്രവങ്ങളേയും എങ്ങനെ അകറ്റി നിർത്താം എന്നു കൂടി പറഞ്ഞ് തന്നിട്ടുണ്ട്. അതെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഒരിക്കൽ നബി (സ്വ) ക്ക് അതിശക്തമായി സിഹ്റ് ചെയ്യപ്പെടുകയുണ്ടായ സംഭവം സ്വഹീഹുൽ ബുഖാരി അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ലബീദു ബിൻ അഅ്സം എന്ന ജൂതന്റെ നേതൃത്വത്തിലായിരുന്നു അത് ചെയ്തത്. ആറ് മാസം അതുമായി ബന്ധപ്പെട്ട അസ്വസ്ഥത നബി (സ്വ)ക്ക് അനുഭവപ്പെട്ടു. അത് തകർക്കാൻ അല്ലാഹു തആലാ ഇറക്കിയ സൂറത്തുകളാണ് സൂറത്തുൽ ഫലഖും സൂറത്തുന്നാസും. ഈ രണ്ട് സൂറത്തും ഓതിയതോടെയാണ് ആ സിഹ്റ് നിഷ്ഫലമാക്കപ്പെട്ടത്. ഈ രണ്ട് സൂറത്തുകളും അത്തരം ഏത് പ്രയാസങ്ങൾക്കും ഒറ്റമൂലിയായിട്ട് ഇന്നും നില കൊള്ളുന്നുണ്ട്. നബി (സ്വ) അരുൾ ചെയ്തു: “രാവിലേയും വൈകുന്നേരവും സൂറത്തുൽ അഹദും സൂറത്തുൽ ഫലഖും സൂറത്തുന്നാസും മുമ്മൂന്ന് പ്രാവശ്യം നീ ഓതിയാൽ നിക്കെതിരെ വരുന്ന എല്ലാ വിധ ശർറുകളേയും അവ തടുത്ത് നിർത്തും” (അബൂദാവൂദ്, തിർമ്മിദീ). നബി (സ്വ) അരുൾ ചെയ്തു: “ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَع اسْمِهِ شيء في الأرضِ ولا في السماءِ وَهُوَ السَّمِيعُ الْعلِيمُ എന്ന് മൂന്ന് വീതം പ്രാവശ്യം ചൊല്ലിയാൽ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല” (അബൂദാവൂദ്, തിർമ്മിദീ). നബി (സ്വ) അരുൾ ചെയ്തു: “നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്റുകളാക്കരുത്. അവിടെ നിങ്ങൾ സൂറത്തുൽ ബഖറഃ ഓതുക, എങ്കിൽ ആ വീട്ടിലേക്ക് പിശാച് പ്രവേശിക്കുകയില്ല” (തിർമ്മിദീ). നബി (സ്വ) അരുൾ ചെയ്തു: “സൂറത്തുൽ ബഖറഃ വീട്ടിൽ വെച്ച് പകൽ ഓതിയാൽ മൂന്നു പകലും, രാത്രി ഓതിയാൽ മൂന്ന് രാത്രിയും പിശാച് ആ വീട്ടിലേക്ക് കയിറി വരില്ല” (ത്വബ്റാനീ, ഇബ്നു ഹിബ്ബാൻ). ഇതൊക്കെ ചെയ്താൽ അത് ഫലിക്കണമെങ്കിൽ നാം അല്ലാഹുവിനെ ആത്മാർത്ഥമായി ഓർക്കുകയും അഞ്ചു നേരത്തെ നിസ്കാരം മുറപോലെ അറിഞ്ഞ് നിർവ്വഹിക്കുകയും അല്ലാഹുവന് ഇഷ്ടമല്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും കഴിയുന്നത്ര ദിക്റുകളും സ്വലാത്തുകളും ചൊല്ലി നാവും ഹൃദയവും ദൈവസ്മരണയിൽ നിലനിർത്തുകയും വേണം. എങ്കിൽ നാം വിചാരിച്ചത് പോലെയേ കാര്യങ്ങൾ വരൂ. നമുക്ക് സംരക്ഷണം നൽകാൻ അല്ലാഹു മലക്കുകളെ നിയോഗിക്കും, നമ്മുടെ ശത്രുക്കളുടെ കുതന്ത്രങ്ങളെ അവൻ പരാചയപ്പെടുത്തും, സങ്കടക്കടലായ നമ്മുടെ ഹദയത്തിൽ അവൻ സമാശ്വാസത്തിന്റെ ഒരായിരം പൂത്തിരികൾ കത്തിക്കും.  ചുരുക്കത്തിൽ എറ്റവും വിദഗ്ദനായ ഡോക്ടർ കുറിച്ചു തന്ന മരുന്നുകളും കയ്യിൽ വെച്ചാണ് പലരും ആളെക്കൊല്ലികളായ മുറി വൈദ്യന്മാരെ ഇന്നത്തെ കാലത്ത് സമീപിച്ച് ഉള്ള സ്വസ്ഥതയും കെടുത്തിക്കളയുന്നത് എന്ന് സാരം.

അതിനാൽ പ്രതിസന്ധികളും പ്രയാസങ്ങളും മനുഷ്യ ജീവതത്തിന്റെ ഭാമാണെന്നോർക്കുക. അതിൽ തളരാതെയും നിരാശപ്പെടാതെയും നേരിടാൻ ഒരുങ്ങുക. ആ ഒരുക്കം തന്നെയാണ് ആ പ്രശ്നം മറികടക്കാനുള്ള ഒന്നാമത്തെ സ്റ്റെപ്പ് എന്ന് മനസ്സിലാക്കുക. നിങ്ങളുടെ ക്ഷണിക വികാരങ്ങളും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും നിരാശപ്പെടുത്തലുകളും നിങ്ങളെ കീഴ്പ്പെടുത്താൻ അനുവദിക്കാതിരിക്കുക. അത്തരക്കാരെ കാണുമ്പോൾ നമ്മുടെ കണ്ണുകളെ അന്ധരും കാതകളെ ബധിരരുമാക്കുക. അതിക്കും മേലെ പറക്കുവാൻ തക്ക പ്രകൃതമാണ് അല്ലാഹു നിങ്ങൾക്ക് നൽകിയത് എന്ന് തിരിച്ചറിയുക. പല പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെങ്കിലും ചില പ്രതിസന്ധികൾ അൽപം സമയമെടുത്തേ പരിഹരിക്കാൻ കഴിയൂവെന്നോർക്കുക. അതിന് നിസ്കാരത്തിലൂടെയും ക്ഷമ കൈ കൊണ്ടും അല്ലാഹുവിനറെ സഹായം തേടി അല്ലാഹുവിന്റെ റസൂൽ (സ്വ) നമ്മെ പഠിപ്പിച്ച മേൽ സൂചിപ്പിക്കപ്പെട്ട സംരക്ഷണ കവചങ്ങൾ എന്നും എടുത്തണിഞ്ഞ് ശുഭാപ്തി വിശ്വാസത്തോടെയും ദീർഘ വീക്ഷണത്തോടെയും മുന്നോട്ട് മുന്നോട്ട് ജീവിക്കാൻ ശ്രമിക്കുക. എങ്കിൽ മുന്നോട്ടുള്ള നിങ്ങളുടെ വിജയ വഴികൾ ഓരോന്നായി അല്ലാഹു തആലാ തുറന്നു തരികയും ജീവതത്തിലെ പ്രതിസന്ധികളെ മഹാവിജയങ്ങളാക്കിയവരിൽ നിങ്ങൾ ഉൾപ്പെടുകയും ചെയ്യും. അല്ലാഹു സഹായിക്കട്ടേ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter