വിഷയം: MARRIAGE
ഒരു മുസ്ലിം സ്ത്രീ വിവാഹം കഴിച്ചത് ഒരു അമുസ്ലിമിനെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന് ഇസ്ലാം മതം സ്വീകരിക്കാന്‍ താല്പര്യമുണ്ടായി. ഇവരുടെ വിവാഹം നിലനില്ക്കമോ, വീണ്ടും വിവാഹം കഴിക്കേണ്ടതായി വരുമോ
ചോദ്യകർത്താവ്
RAEES PV
Aug 14, 2022
CODE :Dai11301
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അതിപ്രധാനവും പവിത്രവുമായ ഒരു ബന്ധമാണ് വിവാഹം. ലൈംഗിക ബന്ധത്തിലൂടെ വികാര ശമനം നടത്തുക മാത്രമല്ല ഇസ്‍ലാമിക വീക്ഷണത്തില്‍ വിവാഹത്തിന്‍റെ ലക്ഷ്യം. സമുദായത്തിന്‍റേയും സമൂഹത്തിന്‍റേയും രാഷ്ട്രത്തിന്‍റെയും ധാര്‍മികമായ ഉന്നമനത്തിന്‍റെ അടിത്തറയായ ആരോഗ്യകരമായ കുടുംബ ബന്ധത്തിന് നാന്ദി കുറിക്കല്‍ കൂടിയാണ് വിവാഹം. മാത്രമല്ല സ്വസന്താനങ്ങളെ പരസ്പരം സഹകരിച്ച് ധാര്‍മികമായി വഴി നടത്തി സമൂഹത്തിന് സമര്‍പ്പിക്കുക കൂടി ചെയ്യുമ്പോഴാണ് വിവാഹം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഭാര്യയും ഭര്‍ത്താവും പരസ്പര വിരുദ്ധമായ ആശയങ്ങളിലും ആദര്‍ശങ്ങളിലും വിശ്വസിക്കുന്നവരാണെങ്കില്‍ സമാധാനപരമായ കുടുംബ ജീവിതിവും മാനസിക പൊരുത്തവും സത്യമതമൂല്യങ്ങള്‍ ഉള്‍കൊണ്ട സന്താനപരിപാലനവും അസാധ്യമാണെന്ന് തന്നെ പറയാം. അതിനാല്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒരേ മതത്തില്‍ പെട്ടവരാകുകയെന്നത് ശരീഅതില്‍ വിവാഹം ശരിയാവാനുള്ള നിബന്ധനയാണ്. പുരുഷന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ജൂത ക്രൈസ്തവ സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഇസ്‍ലാം അനുവദിക്കുന്നുണ്ടെങ്കിലും അത് നിരുത്സാഹപ്പെടുത്തുകയാണ് ശരീഅത് ചെയ്തിട്ടുള്ളത്.
മുസ്‍ലിം സ്ത്രീയുടെ അമുസ്‍ലിമുമായുള്ള വിവഹം ശരീഅത് അനുസരിച്ച് സാധുവല്ല. അതിനാല്‍ അമുസ്‍ലിം പിന്നീട് മുസ്‍ലിമായി ഇതേ സ്ത്രീയുമായി വിവാഹം ബന്ധം ആഗ്രഹിക്കുന്നുവെങ്കില്‍ ശരീഅത് നിശ്ചയിച്ച പ്രകാരം വിവാഹം കഴിക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള തൌഫീഖ് അല്ലാഹു നമുക്ക് പ്രദാനം ചെയ്യട്ടെ..!