വിഷയം: ‍ മുസ്ലികൾ ഇക്കാലത്ത് ഇസ്ലാമിന്റെ ശത്രുക്കളാൽ വേട്ടയാടപ്പെടുന്നതിന് എന്താണ് പരിഹാരം

അസ്സലാമു അലൈകും. എന്ത് കൊണ്ടാണ് മുസ്ലിം സമൂഹം ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ഇത്രയധികം വേട്ടയാടപ്പെടുന്നത്? ഇപ്പോൾ നമ്മുടെ രാജ്യത്തെ ഈ ഒരു പ്രത്യേക പശ്ചാത്തലത്തിലും നമ്മൾ മുസ്ലിം സമൂഹം മൊത്തം വേട്ടയാടപ്പെടുകയല്ലേ? ഇതിന്റെ പിന്നിലുള്ളവർക്കുള്ള ശിക്ഷ ഖുർആനിലോ, ഹദീസിലോ എവിടെയെങ്കിലും പരാമര്ശിക്കുന്നുണ്ടോ? ഖിയാമത്ത് നാളിന്റെ അടയാളമാണോ? ഇതിനെതിരെ ചെല്ലാൻ പറ്റിയ ദിക്ർ ദുആകള് പറഞ്ഞു തരുമോ?

ചോദ്യകർത്താവ്

Saleem

Jan 16, 2020

CODE :Oth9571

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

ഈ ആശങ്കയുടെ ഉത്തരം അല്ലാഹുവും അല്ലാഹുവിന്റെ റസൂൽ (സ്വ)യും വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു തആലാ പറയുന്നു: “നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിലും അവന്റെ അനുഗ്രങ്ങൾക്ക് നന്ദി കാണിക്കുന്ന വിഷയത്തിലും സ്വയം മാറുന്നത് നിങ്ങളുടെ നല്ല അവസ്ഥ അവൻ മാറ്റുകയില്ല” (സൂറത്തുർറഅ്ദ്), “നല്ല നിലയിൽ ജീവിക്കുന്ന ഒരു സമൂഹത്തേയും അല്ലാഹു നശിപ്പിച്ചിട്ടില്ല” (സൂറത്തു ഹൂദ്), “തദ്ദേശീയർ അക്രമാകരികളായിട്ടല്ലാതെ നാം ഒരു നാടിനേയും നശിപ്പിച്ചിട്ടില്ല”(സൂറത്തുൽ ഖസ്വസ്), “ഒരു സമൂഹവും അവർ സ്വയം മാറാത്ത കാലത്തോളം അവർക്ക് നൽകപ്പെട്ട അനുഗ്രഹങ്ങളെ അവൻ മാറ്റിമറിക്കുകയില്ല” (സൂറത്തുൽ അൻഫാൽ).  

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: “വിശന്ന് പൊരിയുന്നവർ ഭക്ഷണത്തിളികയിൽ ആധിപത്യം സ്ഥാപിക്കുന്നത് പോലെ ഇതര മതസ്ഥർ നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്ന കാലം വിദൂരമല്ല”. അപ്പോൾ ഒരാൾ ചോദിച്ചു: ‘അന്ന് ഞങ്ങൾ എണ്ണത്തിൽ കുറവായിരിക്കുമോ ?’, അവിടന്ന് പറഞ്ഞു: “അല്ല, അന്ന് നിങ്ങൾ ധാരാളം പേരുണ്ടാകും. പക്ഷെ വെള്ളപ്പൊകത്തിൽ ഒലിച്ചു വരുന്ന ചണ്ടികളെപ്പോലെയുള്ള വെറും ചണ്ടികൾ മാത്രമായിരിക്കും നിങ്ങൾ (അഥവാ ഇഖ്ലാസ്വില്ലാതെ ജീവിക്കുന്നത് കാരണം നിങ്ങളിൽ ഈമാനിന്റേയും ആത്മീയതയുടേയും ശക്തി ക്ഷയിച്ച് അല്ലാഹുവിന്റെ റഹ്മത്തിൽ നിന്ന് നിങ്ങൾ ഏറെ അകന്നിരിക്കും, അതിനാൽ) നിങ്ങളുടെ ശത്രുക്കളുടെ ഹൃദയങ്ങളിൽ നിന്നും നിങ്ങളെക്കുറിച്ചുള്ള ഭയം അല്ലാഹു നീക്കിയിരിക്കും, നിങ്ങളുടെ മനസ്സിൽ അല്ലാഹു ‘വഹ്ൻ’ കുടികൊള്ളിച്ചിരിക്കും”. തദവസരത്തിൽ ഒരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് വഹ്ൻ’. അവിടന്ന് പ്രതിവചിച്ചു: “ദുൻയാവിനോടുള്ള ഇഷ്ടവും മരണത്തോടുള്ള വിരക്തിയുമാണത്” (സുനൻ അബൂദാവൂദ്, മുസ്നദ് അഹ്മദ്, മജ്മഉസ്സവാഇദ്).

ഇങ്ങനെ ധാരാളം ആയത്തുകളും ഹദീസുകളും ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് നമ്മെ ഉൽബോധപ്പിച്ചിട്ടുണ്ട്. ആയതിനാൽ നിലവിൽ നമുക്ക് വന്നു ഭവിച്ചിട്ടുള്ള സാഹചര്യങ്ങൾക്ക് നാം തന്നെയാണ് ഉത്തരവാദികൾ. അല്ലാഹുവിനെ മറക്കുകയും ഭൌതികതയെ പുൽകുകയും അവന്റെ അടുത്തേക്ക് മരിച്ചു പോകുന്നതിനെക്കുറച്ചുള്ള ചിന്ത അജണ്ടയിലേ ഇല്ലാതിരിക്കുകയും അല്ലാഹു ചെയ്ത് തരുന്ന അനുഗ്രങ്ങൾക്ക് നന്ദികേട് കാണിക്കുകയും ദീൻ അനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും മറ്റുള്ളവർക്ക് അത് പറഞ്ഞു കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ നാം അല്ലാഹുവിന്റെ തിരുനോട്ടത്തിൽ നിന്നും സംരക്ഷണത്തിൽ നിന്നും സഹായത്തിൽ നിന്നും അകലും. അതോടെ നമ്മുടെ ശക്തി ക്ഷയിക്കുകയും നമ്മുടെ ശത്രുക്കൾ നമുക്കു മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഇതിന് പരിഹാരവും പരിശുദ്ധ ഖുർആൻ നമുക്ക് നിർദ്ദേശിക്കുന്നുണ്ട്. അല്ലാഹു തആലാ പറയുന്നു: “അവർ നിസ്കാരം നിലനിർത്തുകയും സകാത്ത് കൊടുത്തു വീട്ടുകയും നന്മ കൊണ്ട് കൽപ്പിക്കുകയും നിന്മയിൽ നിന്ന് വിരോധിക്കുയും ചെയ്യുന്ന ഒരു സമൂഹമായി മാറിയാൽ അവരെ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും” (സൂറത്തുൽ ഹജ്ജ്), “സത്യ ദീനിലേക്ക് ക്ഷണിക്കുകയും നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മ കൊണ്ട് വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉയർത്തെഴുന്നേൽക്കട്ടേ എങ്കിൽ ആ സമൂഹത്തിന് അല്ലാഹു വിജയം നൽകും” (സൂറത്തു ആലു ഇംറാൻ), “സത്യ വിശ്വാസം കൈകൊണ്ടവരെ സഹായിക്കൽ നമ്മുടെ കടമായകുന്നു” (സൂറത്തുർറൂം), “നിങ്ങൾ ദുർബ്ബലരാകുകയോ വിഷമിക്കുകയോ ചെയ്യരുത്, നിങ്ങൾ സത്യവിശ്വാസം മുറുകെ പിടിക്കുന്നവരെങ്കിൽ നിങ്ങൾ തന്നെയായിരിക്കും എല്ലാവരേക്കാളും എല്ലാ വിഷയത്തിലും മികച്ചവരും വിജയികളും” (സൂറത്തു ആലു ഇംറാൻ), “നിങ്ങൾ നിലവിലുള്ള അവസ്ഥക്ക് മാറ്റം വരുത്തി അല്ലാഹുവും റസൂൽ (സ്വ)യും പറയുന്നത് അനുസരിച്ച് ജീവിക്കാൻ തയ്യാറായതിന് ശേഷം, ചെയ്തുുപോയ തെറ്റുകൾക്ക് അല്ലാഹുവിനോട് പൊറുക്കലിനെത്തേടി പശ്ചാതപിച്ചു മടങ്ങുക, എങ്കിൽ നിങ്ങൾക്ക് നിരന്തരമായി ആകാശത്ത് നിന്ന് അനുഗ്രഹങ്ങൾ പെയ്തിറങ്ങും നിങ്ങൾക്ക് ധാരാളമായി സമ്പത്തും മക്കളും തോട്ടങ്ങളും നദികളും നൽകി അനുഗ്രഹിക്കപ്പെടും, അഥവാ ആകാശത്ത് നിന്നും ഭൂമിയിൽ നിന്നും ധാരാളമയീ അല്ലാഹുവിന്റെ അനുഗ്രങ്ങൾ നിങ്ങളെ കടാക്ഷിക്കും” (സൂറത്തുന്നൂഹ്)

ചുരുക്കത്തിൽ പേരിലും വീര്യത്തിലും പ്രകടന പരതയിലും മാത്രമുള്ള മുഅ്മിനീങ്ങളാകാതെ അല്ലാഹുവിന്റേയും റസൂൽ (സ്വ)യുടെയും ആജ്ഞകളെ യഥാവിധി അനുവർത്തിച്ചു കൊണ്ടും ഏത് കാര്യത്തിലും അല്ലാഹുവിന്റേയും റസൂൽ (സ്വ)യുടേയും ഇഷ്ടത്തിന് പ്രാധാന്യം നൽകി കൊണ്ടും മറ്റുള്ളവരെ അതിലേക്ക് നയിച്ചു കൊണ്ടും എപ്പോഴും സ്വയം നല്ല കാര്യങ്ങൾ ചെയ്യുകയും മറ്റുള്ളവരെ അല്ലാഹുവിന് വേണ്ടി നന്മയിലേക്ക് നയിക്കുകയും തിന്മയിൽ നിന്ന് വിരോധിക്കുയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ സമൂഹത്തിൽ പരിവർത്തനം സാധ്യാമാകുകയും അല്ലാഹുവിന്റെ സഹായം ആ സമൂഹത്തെ കടാക്ഷിക്കുകയും ചെയ്യും. അപ്പോൾ അല്ലാഹു നമ്മുടെ ശത്രുക്കളുടെ ഹൃദയത്തിൽ നമ്മെക്കുറിച്ച് ഭയം സൃഷ്ടിക്കുകയും അവർ നമുക്ക് കീഴൊതുങ്ങുകയും ചെയ്യും. അല്ലാതെ തോന്നുന്നത് പോലെ ജീവിക്കുകയും കിട്ടുന്നത് ഹറാമാണോ എന്ന് നോക്കാതെ ഉപയോഗിക്കുകയും ആരാധനകങ്ങൾ ദൈവ സ്മരണയില്ലാതെ യാന്ത്രികമയി നിർവ്വഹിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നവർ ഏതെങ്കിലും ദിക്റോ ദുആയോ ചെയ്തത് കൊണ്ട് മാത്രം ഈ വിഷയം പരിഹരിക്കപ്പെടുമെന്ന് കരുതരുത്. നാം നമ്മുടെ ജീവിത രീതി മാറ്റാതെ പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനക്ക് ഉത്തരം കിട്ടില്ലെന്ന് നബി (സ്വ) തന്നെ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (സ്വഹീഹ് മുസ്ലിം). പ്രാർത്ഥനക്ക് ഉത്തരം കിട്ടാനും നിലവിലെ നമ്മുടെ ഭയം നീങ്ങി നമ്മുടെ ദീൻ അന്തസോടെ ഉയർത്തിപ്പിടിച്ച് ജീവിക്കാനുമുള്ള ഏക പോംവഴി അല്ലാഹു തആലാ പറയുന്നത് ശ്രദ്ധിക്കുക: “സത്യ വിശ്വാസം കൈകൊള്ളുകയും സൽകർമ്മങ്ങൾ മാത്രം ചെയ്യുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്യുന്നു, ഈ ഭൂമിയിൽ അവരുടെ മുൻഗാമികൾക്ക് ആധിപത്യം സ്ഥാപിക്കാനുള്ള പ്രാതിനിധ്യാധികാരം നൽകിയത് പോലെ അവർക്കും നാം നൽകുകയും അവരുടെ നിലവിള്ള ഭീതിയെ ഇല്ലാതാക്കി അവർക്ക് അല്ലാഹു പൊരുത്തപ്പെട്ട് നൽകിയ ദീനനുസരിച്ച് സുരക്ഷിത്വത്തോടെ ജീവിക്കുവാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യും, അവർ അല്ലാഹുവിനെ ആരാധിക്കുകയും ഒരു കാര്യത്തിലും അല്ലാഹു അല്ലാത്തവർക്ക് അല്ലാഹുവിന്റെ അത്രയോ അതിൽ കൂടുതലോ പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ഈ അവസ്ഥ തുടരും” (സൂറത്തുന്നൂർ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter