വസ് വാസ് ഇല്ലാതിരിക്കാന്‍ എന്താണ് മാര്‍ഗ്ഗം? നിസ്കാരം തുടങ്ങിയ ശേഷം ഇതു ശരിയായില്ല, മാറ്റി നിസ്കരിക്കണമെന്നു തോന്നിയാല്‍ എന്തു ചെയ്യും ?

ചോദ്യകർത്താവ്

ameen

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തക്ബീര്‍ കെട്ടിയ ശേഷം അത് ശരിയായില്ലെന്നും മാറ്റി നിസ്കരിക്കണമെന്നും കരുതുന്നതോടെ തന്നെ നിസ്കാരത്തില്‍നിന്ന് പുറത്തുപോവുമെന്നാണ് കര്‍മ്മശാസ്ത്രനിയമം. നിസ്കാരം മുറിക്കണോ വേണ്ടേ എന്ന് സംശയിച്ചാല്‍ തന്നെ നിസ്കാരം ബാതിലാവുന്നതാണ്. അതേ സമയം, വസവാസ് കൊണ്ട് ബുദ്ധിമുട്ടുന്ന പലരും ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യാറുണ്ട്. വസവാസ് എന്നത് ഇന്ന് പലരും ബുദ്ധിമുട്ടുന്ന കാര്യമാണ്. ഇബാദതുകളിലെ അമിതമായ കണിശതയാണ് പലരെയും ഇതിലേക്ക് എത്തിക്കുന്നത്. പലപ്പോഴും അത്, ആരാധനകള്‍ പിഴപ്പിക്കാനുള്ള പിശാചിന്റെ ശ്രമത്തിന്റെ ഭാഗവുമാണ്. അതില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുകയും മനസ്സുറപ്പിച്ച് ആരാധനകളില്‍ പ്രവേശിക്കുകയും ചെയ്യുക. നിസ്കാരത്തിന് മുമ്പായി അഊദുബില്ലാഹി മിനശൈത്വാനിറജീം എന്ന് മനസ്സറിഞ്ഞ് അല്ലാഹുവിനോട് കാവലിനെ ചോദിക്കുക. എല്ലാ അക്ഷരങ്ങളും ശരിയാംവിധം മൊഴിഞ്ഞെന്നും കരുത്ത് മനസ്സിലുണ്ടായെന്നും ഉറപ്പാക്കി നിസ്കാരത്തില്‍ പ്രവേശിക്കുകയും പിന്നീടുണ്ടാകുന്ന അത്തരം ചിന്തകള്‍ക്ക് ചെവികൊടുക്കാതിരിക്കുകയും ചെയ്യുക. നബി (സ) പറയുന്നു, അല്ലാഹു എന്‍റെ സമുദായത്തിന് അവരുടെ മനസ്സ സൃഷ്ടിക്കുന്ന സംശയവും (വസവാസ്) മനസ്സിന്‍റെ സംസാരവും അവരത് കൊണ്ട് സംസാരിക്കുകയോ പ്രവര്‍ത്തികുകയോ ചെയ്യാത്തിടത്തോളം വിട്ടുവീഴ്ച ചെയ്തിരിക്കുന്നു (ബുഖാരി, മുസ്‌ലിം). വിശ്വാസികളെ വഴിതെറ്റിക്കാന്‍ പിശാച് ശ്രമിച്ചുകൊണ്ടേയിരിക്കും. അതിന് പല മാര്‍ഗങ്ങളും സ്വീകരിക്കും. അതില്‍ പെട്ടതാണ് ഇത്തരത്തില്‍ മനസ്സില്‍ സംശയം ജനിപ്പിക്കുകയെന്നത്. വിശ്വാസത്തിലും കര്‍മ്മകാര്യങ്ങളിലും ഇത് സംഭവിക്കാം. അങ്ങനെ വരുമ്പോള്‍ അത് അവഗണിച്ചു തള്ളുകയും അത്തരം കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ  കൊടുക്കാതിരിക്കുകയും ചെയ്യുക. അതോടൊപ്പം അല്ലാഹുവിനോട് പിശാചില്‍ നിന്നും കാവല്‍ ചോദിക്കുകയും ദൈവിക സ്മരണ(ദിക്റ്) യിലേക്ക് മുന്നിട്ടിറങ്ങുകയും അത് വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നത് ഇത്തരം വസവാസുകള്‍ തടയുന്നതിനുള്ള ഏറ്റവും നല്ല ചികത്സയാണെന്നു ഇമാം നവാവി തന്റെ ‘അദ്കാര്‍’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter