നമസ്കാരത്തില്‍ ഖുശൂഅ് വരുന്നില്ല .ശ്രദ്ധ മാറിപ്പോവുന്നു. ഖുശൂഅ് കിട്ടാന്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

UP Ibrahim

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം ഒരു വിശ്വാസി ചെയ്യുന്ന ആരാധനാകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. നാഥനുമായി അടിമ ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണെന്ന് ഹദീസുകളില്‍ കാണാം, അഥവാ നിസ്കാരം എന്നത് അല്ലാഹുവുമായുള്ള സംഭാഷണമാണെന്നര്‍ത്ഥം. അതിനെ മധുരതരമാക്കാന്‍ സാധിക്കുമ്പോഴാണ് യഥാര്‍ത്ഥ നിസ്കാരമായിത്തീരുന്നത്. ഏറ്റവും ശ്രേഷ്ഠമായ ഈ കര്‍മ്മം നിഷ്ഫലമാക്കാന്‍ പിശാചിന്‍റെ ഭാഗത്ത് നിന്ന് എല്ലാവിധ ശ്രമവുമുണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് കൊണ്ടാണ് നിസ്കരിക്കാന്‍ നില്‍ക്കുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ചിന്തയിലേക്ക് കടന്നുവരുന്നത്. ഉമര്‍ (റ) ഇങ്ങനെ പറയുന്നതായി കാണാം, പലരും ഇസ്‌ലാമിലായിക്കൊണ്ട് തന്നെ വൃദ്ധരായിട്ടും അല്ലാഹുവിന് വേണ്ടി ഒരു റക്അത് പോലും നിസ്കരിക്കാത്തവരുണ്ട്. അതെങ്ങനയാണെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു, നിസ്കാരത്തിലെ റുകൂഓ സുജൂദോ വേണ്ടവിധം ഖുശൂഓട് കൂടി നിര്‍വ്വഹിക്കാത്തതാണ് കാരണം. ഓതുന്ന സൂറതുകളുടെയും ദിക്റുകളുടെയും അര്‍ത്ഥം ആലോചിക്കുക എന്നതാണ് ഖുശൂഅ് ഉണ്ടാവാന്‍ പ്രധാന മാര്‍ഗ്ഗമായി പണ്ഡിതര്‍ പറയുന്നത്. മരണവും അനന്തരം വരാനിരിക്കുന്ന ഭീകരരംഗങ്ങളോര്‍ക്കുന്നതും ഇതിന് സഹായകമാവും. പ്രമുഖ സൂഫിവര്യനായ ഹാതിമുല്‍അസ്വം (റ) പറയുന്നു, നിസ്കാരത്തിനായി തക്ബീര്‍ കെട്ടിയാല്‍., എന്‍റെ കണ്‍മുമ്പില്‍ കഅ്ബ ഉള്ളതായും വലത് ഭാഗത്ത് സ്വര്‍ഗ്ഗവും ഇടത് ഭാഗത്ത് നരകവും മരണത്തിന്‍റെ മാലാഖ എന്‍റെ പിന്നില്‍ കാത്ത് നില്‍ക്കുന്നതായും ഞാന്‍ കരുതുന്നു. അതെന്‍റെ അവസാന നിസ്കാരമാണെന്ന ചിന്തയോടെയാണ് ഞാന്‍ ഓരോ നിസ്കാരവും നിര്‍വ്വഹിക്കുന്നത്. ഖുശൂഅ് ഉണ്ടാവാനുള്ള കൂടുതല്‍ മാര്‍ഗ്ഗങ്ങളും അതിന്‍റെ ആവശ്യകതയും കര്‍മ്മശാസ്ത്രത്തിലെ നിസ്കരം എന്ന ഉപവിഭാഗത്തില്‍ നിസ്കാരത്തിന്‍റെ മര്യാദകള്‍ എന്ന ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. ഓരോ പ്രാവശ്യം നിസ്കരിച്ചശേഷവും ആ നിസ്കാരത്തെക്കുറിച്ച് ഒരു സ്വയം വിചാരണ നടത്തുന്നതും ഏറെ ഉപകാരപ്പെടും. നിസ്കാരത്തില്‍ ഏതൊക്കെ സൂറതുകളാണ് ഓതിയതെന്നും അവയുടെ അര്‍ത്ഥം എത്രമാത്രം ആലോചിച്ചെന്നും റുകൂഅ്, സുജൂദ് തുടങ്ങിയവകളില്‍ ചൊല്ലിയ ദിക്റുകള്‍ എത്രമാത്രം അര്‍ത്ഥം ഉള്‍ക്കൊണ്ട് ചൊല്ലിയെന്നുമൊക്കെ സ്വയം ഒന്ന് പരിശോധിക്കുക. വേണമെങ്കില്‍ അതിനെ അടിസ്ഥാനമാക്കി ഓരോ നിസ്കാരത്തിനും മാര്‍കും കൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അടുത്ത നിസ്കാരം കൂടുതല്‍ ശ്രദ്ധയോടെയാക്കാനും ഓരോ നിസ്കാരത്തിലും തൊട്ടുമുമ്പ് നിര്‍വ്വഹിച്ച നിസ്കാരത്തേക്കാള്‍ ഖുശൂഅ് വര്‍ദ്ദിക്കാനും സഹായകമാവും. വിചാരണ ചെയ്യപ്പെടും മുമ്പ് നിങ്ങള്‍ സ്വയം വിചാരണ നടത്തുക എന്ന വിശുദ്ധ ഹദീസിന്റെ അര്‍ത്ഥ പരിധിയില്‍ ഇതെല്ലാം ഉള്‍പ്പെടുന്നതുമാണല്ലോ. ആത്മാര്‍ത്ഥമായി ഖുശൂഓടെ നിസ്കരിക്കാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter