ഹറമില്‍ പ്രവേശിക്കുമ്പോള്‍ അന്യ സ്ത്രീകളെ സ്പര്‍ശിക്കുമ്പോള്‍ വുളു മുറിയതിരിക്കാന്‍ മദ്ഹബ് മാറേണ്ടതുണ്ടോ? ത്വവാഫ്‌ ചെയ്യുന്നതിനിടെ നിസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കാമോ ?

ചോദ്യകർത്താവ്

Abdurahiman kavungal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഹറമില്‍ പ്രവേശിക്കുമ്പോള്‍ സ്ത്രീകളെ സ്പര്‍ശിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, വസ്ത്രമോ മറ്റു മറയോ ഇല്ലാതെ നേരിട്ടുള്ള സ്പര്‍ശനത്തിനുള്ള സാധ്യതകള്‍ കുറവാണെന്നതും ഓര്‍ക്കേണ്ടതാണ്. അങ്ങനെ നേരിട്ട് തൊലി തമ്മില്‍ ചേരുമ്പോള്‍ മാത്രമാണ് വുദു മുറിയുക. അത്തരം സ്പര്‍ശനം കൂടാതെ കഴിയാതിരിക്കുകയും വുദു മുറിയുകയും ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ വുദൂവില്‍ മദ്ഹബ് മാറാവുന്നതാണ്. ഹനഫീ മദ്ഹബ് പ്രകാരം അന്യസ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ല. എന്നാല്‍, ഒരു മസ്അലയില്‍ മദ്ഹബ് മാറുമ്പോള്‍ അതുമായി ബന്ധപ്പെട്ടവയിലൊക്കെ മാറണമെന്നും രണ്ട് ഇമാമുമാരും അസാധുവാണെന്ന് പറയുന്ന അവസ്ഥയിലേക്ക് അമലുകള്‍ എത്തരുതെന്നും പണ്ഡിതര്‍ പറയുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്കരിക്കുമ്പോള്‍ എന്തെങ്കിലും വസ്തുക്കള്‍ മറയായി മുമ്പില്‍, മൂന്ന് മുഴത്തില്‍ അധികം ദൂരത്തിലല്ലാതെ വെക്കല്‍ സുന്നതാണ്. അത്തരം മറയോട് കൂടി നിസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കല്‍ ഹറാമാണ്. മറയോട് കൂടി നിസ്കരിക്കുമ്പോള്‍ ആരെങ്കിലും മുന്നിലൂടെ നടന്നാല്‍ അയാളെ തടയല്‍ നിസ്കരിക്കുന്നവന് സുന്നതാണ്. എന്നാല്‍, മറയില്ലാതെയോ നിനബന്ധനയൊക്കാത്ത മറയോട് കൂടിയോ ആണ് നിസ്കരിക്കുന്നതെങ്കില്‍ മുമ്പിലൂടെ നടക്കല്‍ ഹറാമില്ല. ജനങ്ങള്‍ നടക്കുന്ന വഴിയിലോ മറ്റോ ആണ് നിസ്കരിക്കുന്നതെങ്കിലും ഈ നിയമം ബാധകമല്ല. അങ്ങനെ നോക്കുമ്പോള്‍, ഹറമിലെ മത്വാഫില്‍ നിസ്കരിക്കുന്നവര്‍ സാധാരണയായി ഈ നിബന്ധനകള്‍ പാലിക്കാതെയാണ് നിസ്കരിക്കുന്നത്. അങ്ങനെയാണെങ്കില്‍ നടക്കല്‍ ഹറാമാകില്ല. നിബന്ധനകളൊത്ത മറയോട് കൂടിയാണ് നിസ്കരിക്കുന്നതെങ്കില്‍ മുമ്പിലൂടെ നടക്കല്‍ ഹറമിലും ഹറാം തന്നെയാണെന്നാണ് അധിക പണ്ഡിതരും പറയുന്നത്. എന്നാല്‍ ഹറമില്‍ തിരക്ക് കൂടുതലായതിനാല്‍ ഈ നിയമം ബാധകമല്ലെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter