സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ്; മതവിദ്യഭ്യാസത്തിന്റെ ആധികാരിക ഏജന്‍സി
ഭൗതിക പുരോഗതിയുടെ അതിശീഘ്രമായ പ്രയാണത്തില്‍ വേരുകള്‍ നഷ്ടപ്പെടുന്ന മുസ്‌ലിം സമുദായത്തിന് അത്മീയ വേരുകള്‍ നല്‍കുന്നത് ഇസ്‌ലാമിക വിദ്യാഭ്യാസമാണ്. മതവിജ്ഞാനമുള്ള സമൂഹത്തിനേ പൂര്‍ണ്ണമായി ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യാന്‍ സാധിക്കയുള്ളൂ. ഭൗതിക പുരോഗതിയും, അധികാരാധിപത്യങ്ങളും എത്ര തന്നെ ഉണ്ടായാലും, മത വിജ്ഞാനത്തിന്റെ ആത്മീയാധ്യാപനങ്ങളുടെ അഭാവത്തില്‍ ധാര്‍മ്മിക ജീര്‍ണ്ണതയനുഭവിക്കുന്ന സമൂഹത്തില്‍ ഇസ്‌ലാമിക സവിശേഷത ദൃശ്യമാവുകയില്ല.
വിജ്ഞാനം മതത്തിന്റെ ജീവനാണെന്നും, വിദ്യാഭ്യാസം മുസ്‌ലിം സ്ത്രീ-പുരുഷന്മാര്‍ക്ക് നിര്‍ബന്ധ ബാധ്യതയാണെന്നും, വിദ്യാസമ്പാദനത്തിന് ത്യാഗങ്ങള്‍ സഹിക്കണമെന്നും നബി(സ) മുസ്‌ലിം സമൂഹത്തെ പഠിപ്പിച്ചു. പണ്ഡിതര്‍ക്കും, അദ്ധ്യാത്മ ജ്ഞാനികള്‍ക്കും ഉന്നത പദവികളും സ്ഥാനമാനങ്ങളും അള്ളാഹു വാഗ്ദാനം ചെയ്തു.
1951നു രൂപംകൊണ്ട് സേവനത്തിന്റെ പാതയില്‍ വിജയവൈജയന്തി പറപ്പിച്ചു മുന്നേറുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്. ഇസ്‌ലാമിക പഠന രംഗത്ത് ലോകത്ത് ഒരു ഭരണകൂടത്തിനു പോലും കാഴ്ചവെക്കാന്‍ സാധിക്കാത്ത നിസ്തുല വിപ്ലവമാണ് ബോര്‍ഡ് സൃഷിടിച്ചിരിക്കുന്നത്.
1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ മൗലാനാ മുഹമ്മദ് ഹബീബുള്ളാ സാഹിബിന്റെ അദ്ധ്യക്ഷതയില്‍ വടകരയില്‍ ചേര്‍ന്ന സമസ്ത 19-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മാര്‍ച്ച് 24നു ചേര്‍ന്ന മുശാവറയോഗം വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണം സമഗ്രമായി ചര്‍ച്ച ചെയ്തു. നേരത്തെ തന്നെ മതപഠന രംഗത്ത് നിസ്തുല സേവനമര്‍പ്പിക്കുകയും, ചില പാഠകിതാബുകളും, പദ്ധതികളും ആവിഷ്‌ക്കരിക്കുകയും ചെയ്തിരുന്ന മര്‍ഹും പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ വിദ്യാഭ്യാസ വിചക്ഷണരും, ചിന്തകരുമെല്ലാം ഒത്തുകൂടിയിരുന്ന മുശാവറ ഒരു വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുകയും, ഏകീകൃത സിലബസും, സംവിധാനവുമൊരുക്കി മതപഠനരംഗത്ത് സജീവമായിറങ്ങുകയും ചെയ്യേണ്ടതിന്റെ ആവശ്യകത സമഗ്രമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ദീര്‍ഘ ചര്‍ച്ചക്കു ശേഷം കെ.പി. മുഹിയുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പറവണ്ണ കണ്‍വീനറായി 'സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്' എന്ന പേരില്‍ ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. പിറ്റെ ദിവസം നടന്ന ഐതിഹാസികമായ പൊതുസമ്മേളനത്തില്‍ ഈ തീരുമാനം ഔദ്യോഗികമായി ഒരു പ്രമേയത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ചെയ്ത സുദീര്‍ഘമായ പ്രസംഗത്തില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ആവശ്യകത വിവരിക്കുകയും, ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ആ സമ്മേളനം കഴിഞ്ഞു വരുന്ന മുസ്‌ലിം സഹോദരന്മാര്‍ ആഹ്ലാദചിത്തരായിരുന്നു. തങ്ങളുടെ മക്കളെ ഇസ്‌ലാമിക വൃത്തത്തില്‍ ഒതുക്കി നിര്‍ത്തി വളര്‍ത്താനും, വരും തലമുറയെ മതബോധമുള്ളവരാക്കാനും ഇതുമൂലം സാധിക്കുമെന്ന പ്രതീക്ഷ അവരുടെ ഹൃദയങ്ങളെ മഥിച്ചു. ഇന്നു കാണുന്നത്ര വലിയ ഒരു പ്രസ്ഥാനമായി ഇത് വളരുമെന്ന് അന്ന് അധികമാരും നിനച്ചിരിക്കില്ല.
19-ാം സമ്മേളനം കഴിഞ്ഞ് ഉദ്ദേശം 6 മാസങ്ങള്‍ക്കു ശേഷം കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരേയും, വിദ്യാഭ്യാസ പ്രവര്‍ത്തകരേയും, നേതാക്കളേയും ക്ഷണിച്ചു വരുത്തി 1951 സെപ്തംബര്‍ 17നു വാളക്കുളത്ത് ഒരു പ്രതിനിധി സമ്മേളനം ചേരുകയുണ്ടായി. പറവണ്ണ തന്നെയായിരുന്നു അദ്ധ്യക്ഷന്‍.
വാളക്കുളം ജുമുഅത്ത്പള്ളി അങ്ങിനെ മുസ്‌ലിം കേരളത്തിന്റെ ചരിത്രത്തില്‍ ഒരു വിപ്ലവത്തിന് കളമൊരുക്കി. കേരളത്തിലെ പ്രഗത്ഭ പണ്ഡിതരും, നേതാക്കളും അവിടെ ഒരുമിച്ചുകൂടി ദീര്‍ഘമായി ചര്‍ച്ച ചെയ്തു വിദ്യാഭ്യാസ ബോര്‍ഡ് ഏതെല്ലാം രംഗത്ത് പ്രവര്‍ത്തിക്കണം, പ്രവര്‍ത്തന രൂപം എങ്ങിനെ എന്നെല്ലാം സര്‍വ്വരുടേയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് താഴെപറയുന്ന തീരുമാനങ്ങള്‍ എടുത്താണ് യോഗം പിരിഞ്ഞത്.
1. ദര്‍സ്-മദ്‌റസകള്‍ അഭിവൃദ്ധിപ്പെടുത്തുകയും, ഇല്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുക.
2. സ്ഥാപനങ്ങള്‍ക്ക് ഐക്യരൂപം നല്‍കുക.
3. ആവശ്യമായ പാഠ്യപദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കുക.
4. അദ്ധ്യാപകര്‍ക്ക് ട്രെയ്‌നിങ് ക്ലാസ് ആരംഭിക്കുക.
5. മദ്‌റസകള്‍ ബോര്‍ഡിന്റെ കീഴില്‍ അംഗീകരിപ്പിക്കുകയും, പരീക്ഷാ സമ്പ്രദായം ഏര്‍പ്പെടുത്തുകയും, മദ്‌റസ വിസിറ്റ് നടത്തുകയും ചെയ്യുക.
മുസ്‌ലിം കേരളത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിച്ച സുപ്രധാന തീരുമാനങ്ങള്‍ക്കു ശേഷം കെ.പി. മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പ്രസിഡണ്ടും, കെ.പി. ഉസ്മാന്‍ സാഹിബ് സെക്രട്ടറിയുമായി വിദ്യാഭ്യാസ ബോര്‍ഡ് കമ്മിറ്റി രൂപീകരിച്ചു. പ്രസ്തുത യോഗത്തില്‍ തന്നെ സിലബസ് കമ്മിറ്റി രൂപീകരിക്കപ്പെടുകയുണ്ടായി. പാഠപുസ്തകങ്ങളും, സിലബസ് കരടും തയ്യാറാക്കാന്‍ കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചെയ്തു. പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കെ.വി. മുത്തുക്കോയ തങ്ങള്‍, കെ.എം. കുഞ്ഞിമൂസ മുസ്‌ലിയാര്‍, ഒ. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി. അബൂബക്കര്‍ നിസാമി എന്നീ അഞ്ചംഗങ്ങളാണ് സിലബസ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവര്‍ ഒന്നു മുതല്‍ അഞ്ചുകൂടിയ ക്ലാസ്സുകളിലേക്കാവശ്യമായ സിലബസ് തയ്യാറാക്കുകയും, 1951 ഒക്‌ടോബര്‍ മാസത്തില്‍ വടകര ചേര്‍ന്ന യോഗം അതംഗീകരിക്കുകയും പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
പിന്നീട് 1956 സെപ്തംബര്‍ 19നു താനൂരില്‍ ചേര്‍ന്ന ബോര്‍ഡുമെമ്പര്‍മാരുടെയും, മദ്‌റസാ പ്രതിനിധികളുടേയും യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സിലബസില്‍ ആവശ്യമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തുകയും, 6,7,8 ക്ലാസ്സുകളിലേക്കുകൂടി സിലബസ് തയ്യാറാക്കുകയും ചെയ്തു. പിന്നെ പലപ്പോഴായി സിലബസില്‍ പരിഷ്‌ക്കരണങ്ങള്‍ നടന്നു. ഇപ്പോള്‍ 12-ാം ക്ലാസ്സു വരെയുള്ള സിലബസാണ് ബോര്‍ഡിനുള്ളത്.
അറിവും പരിജ്ഞാനവുമുള്ളവരെങ്കിലും, ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയ പണ്ഡിതവരേണ്യരുടെ മുന്നില്‍ ഏറ്റവും വലിയ പ്രശ്‌നം സാമ്പത്തികമായിരുന്നു. പക്ഷെ, അള്ളാഹുവിന്റെ പ്രീതിയും, സമുദായ നന്മയും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തന രംഗത്തിറങ്ങിയ ഈ നവോത്ഥാന നായകര്‍ക്ക് അത് ഒരു പ്രശ്‌നമായി തോന്നിയില്ല. പണക്കാരുടെ മുന്നില്‍ ചെന്നു പണം ചോദിക്കാനോ, സമുദായത്തിന്റെ മുന്നില്‍ കൈനീട്ടാനോ അവര്‍ തയ്യാറായില്ല. സമസ്തയില്‍ അണിചേര്‍ന്ന മുഖ്‌ലിസുകളായ ഉലമാക്കള്‍ പണം മോഹിക്കുന്നവരായിരുന്നില്ല. സ്വന്തം കൈയ്യില്‍ കാശില്ലെങ്കിലും, അള്ളാഹുവിന്റെ ഖജനാവു സമ്പന്നമാണെന്നു വിശ്വസിക്കുന്ന അവര്‍ ബോര്‍ഡിനാവശ്യമായ റിക്കാര്‍ഡുകളും, മറ്റും ശേഖരിക്കാന്‍ ഒരു ചെറിയ തുക സ്വരൂപിച്ചു.
വാളക്കുളത്തു ചേര്‍ന്ന പ്രഥമ യോഗം തന്നെ ബോര്‍ഡിനു സമഗ്രമായ ഒരു ഭരണഘടനയുണ്ടാക്കാന്‍ പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരെ അധികാരപ്പെടുത്തിയിരുന്നു. ദീര്‍ഘവീക്ഷണവും, സാങ്കേതിക വിജ്ഞാനവും, പാണ്ഡ്യത്യവും, പക്വതയും ഒത്തു ചേര്‍ന്ന അദ്ദേഹം, സുന്ദരവും, ശാസ്ത്രീയവുമായ ഒരു ഭരണഘടനക്കു രൂപം നല്‍കി 1951 ഒക്‌ടോബര്‍ 28നു വടകരയില്‍ ചേര്‍ന്ന ബോര്‍ഡു യോഗത്തില്‍ അവതരിപ്പിച്ചു.
ദീര്‍ഘമായ ചര്‍ച്ചക്കും, നിരൂപണത്തിനും ശേഷം ഭരണഘടന അംഗീകരിക്കുകയും, നിയമപണ്ഡിതരുടേയും, തന്ത്രജ്ഞരുടേയും പരിശോധനക്കയക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മുന്‍ സുപ്രീം കോടതി ജഡ്ജി ഖാലിദ് സാഹിബ്, മര്‍ഹും അഡ്വ. ബി. പോക്കര്‍ സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, കെ. അബ്ദുള്ളക്കോയ ഹാജി, എന്‍.പി. കുഞ്ഞാമദ് സാഹിബ് തുടങ്ങിയവരാണ് ഭരണഘടന പരിശോധിച്ചത്.
ഭരണഘടന പരിശോധനക്കു ശേഷം 1952 മാര്‍ച്ച് 23നു കൊയിലാണ്ടി ചേക്കുട്ടി പള്ളിയില്‍ ചേര്‍ന്ന ബോര്‍ഡുയോഗത്തില്‍ വീണ്ടും വായിക്കുകയും, അച്ചടിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 24/12/1958നു ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന്റെ അംഗീകാരത്തോടെയാണ് ഭരണഘടന നിലവില്‍ വന്നത്.
വളരെ വ്യക്തവും, പ്രായോഗികവുമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ് വിദ്യാഭ്യാസ ബോര്‍ഡിനുള്ളതെന്ന് ഭരണഘടന തെളിയിക്കുന്നു. വിദ്യാഭ്യാസ ബോര്‍ഡ് പൂര്‍ണ്ണമായും, സമസ്ത മുശാവറയോട് വിധേയത്വമുള്ളതാണെന്നും, എല്ലാവിധ നിയന്ത്രണങ്ങളും സമസ്തക്കാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘദൃക്കുകളായ പണ്ഡിതന്മാര്‍ കാര്യങ്ങളുടെ എല്ലാ വശങ്ങളും പഠിച്ചാണ് നിയമാവലി അംഗീകരിച്ചത്.
1. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശോദ്ദേശ്യമായ പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ നിലകൊള്ളുന്ന കേരളത്തിലെ എല്ലാ മദ്‌റസകളേയും, ദര്‍സുകളേയും സംയോജിപ്പിക്കുക.
2. അത്തരം മദ്‌റസകള്‍ക്കും, ദര്‍സുകള്‍ക്കും ആവശ്യമായ പാഠ്യപദ്ധതികളും, അതിനനുസരിച്ചുള്ള പാഠപുസ്തകങ്ങളും അംഗീകരിച്ച് പ്രസിദ്ധീകരിക്കുക.
3. നിശ്ചിത ഫോറം പൂരിപ്പിച്ചപേക്ഷിക്കുന്ന ദര്‍സുകള്‍ക്കും, മദ്‌റസകള്‍ക്കും, അംഗീകാരം നല്‍കുകയും സാക്ഷ്യപത്രം നല്‍കുകയും ചെയ്യുക.
4. അംഗീകൃത മദ്‌റസകളും, ദര്‍സുകളും നിര്‍ദ്ദേശപ്രകാരം നടത്തപ്പെടുന്നുണ്ടോയെന്നും മറ്റും പരിശോധിക്കുവാന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുക.
സമസ്ത മുശാവറയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20ല്‍ കുറയാത്ത അംഗങ്ങളും, മദ്‌റസാ നടത്തിപ്പുമായി ബന്ധപ്പെട്ടവരും, സമസ്തയോട് കൂറും, ഭക്തിയും പുലര്‍ത്തുന്നവരുമായ 40ല്‍ കുറയാത്ത പ്രതിനിധികളും, കേന്ദ്ര ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരഞ്ഞെടുക്കുന്ന 20ല്‍ കവിയാത്ത മുഅല്ലിം പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന 80ല്‍ കവിയാത്ത ജനറല്‍ബോഡിയും, അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 26ല്‍ കൂടാത്ത നിര്‍വ്വാഹകസമിതിയുമാണ് ബോര്‍ഡിന്റെ ഭരണസമിതി. പ്രസിഡണ്ടും, സെക്രട്ടറിയും, മുശാവറ അംഗങ്ങളായിരിക്കണമെന്ന് ഭരണഘടന പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു.
പ്രസ്തുത യോഗത്തില്‍ തന്നെ പാഠപുസ്തകങ്ങളും, മദ്‌റസകളും അംഗീകരിക്കാന്‍ അഞ്ചംഗ ടെക്സ്റ്റ്ബുക്ക് കമ്മിറ്റി രൂപീകരിച്ചു. ജനറല്‍ബോഡിയില്‍ നിയുക്തമാകുന്ന 5ല്‍ കുറയാത്ത അംഗങ്ങളുള്ള ഒരു ടെക്സ്റ്റ് ബുക്ക് കമ്മിറ്റി സംഘത്തിനുണ്ടായിരിക്കണമെന്ന് ഭരണഘടനയുടെ ഖണ്ഡിക 7/എ വകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. സമസ്ത മുഫ്തി ടി. കുഞ്ഞായന്‍ മുസ്‌ലിയാര്‍ അടക്കമുള്ള 14 മെമ്പര്‍മാരെ കൂടി രണ്ടാം പ്രവര്‍ത്തകസമിതി ബോര്‍ഡ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു വിപുലീകരിക്കുകയായിരുന്നു.
1951ല്‍ വടകരയില്‍ ചേര്‍ന്ന യോഗം തന്നെ മദ്‌റസകള്‍ അംഗീകരിക്കാന്‍ തീരുമാനിക്കുകയും, തന്നിമിത്തം അതിനാവശ്യമായ ഫോറങ്ങളും, റിക്കാര്‍ഡുകളും തയ്യാറാക്കുകയും ചെയ്തു. മദ്‌റസാ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ പലരും അതിനെ എതിര്‍ത്തിരുന്നുവെന്നത് സ്മരണീയമാണ്. പല ഓത്തുപള്ളി മൊല്ലമാരും തങ്ങളുടെ സ്ഥാപനങ്ങള്‍ അംഗീകരിപ്പിക്കാന്‍ കൂട്ടാക്കിയില്ല. അവരില്‍ നിന്ന് ധാരാളം എതിര്‍പ്പുകള്‍ അന്ന് നേതാക്കള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പല മദ്‌റസാ ഏരിയകളിലും ചെന്ന് ബോര്‍ഡിനെ പരിചയപ്പെടുത്തുകയും, സ്ഥാപന ഉടമകളേയും, നടത്തിപ്പുകാരേയും കണ്ട് മതവിദ്യാലയങ്ങള്‍ ഏകീകരിക്കേണ്ടതിന്റെയും, സിലബസ് അംഗീകരിക്കേണ്ടതിന്റേയും ആവശ്യകത പറഞ്ഞു ധരിപ്പിക്കാന്‍ അങ്ങേയറ്റം പാടുപെടേണ്ടി വന്നു. സ്ഥാപന ഭാരവാഹികളില്‍ നിന്ന് പലപ്പോഴും നിഷേധാത്മക നിലപാടാണുണ്ടായത്.
1952 ആഗസ്ത് 26നാണ് പ്രഥമ മദ്‌റസ അംഗീകരിച്ചത്. എടക്കുളം ബയാനുല്‍ ഇസ്‌ലാം മദ്‌റസക്കാണ് ആ ഭാഗ്യമുണ്ടായത്. 1952 അവസാനിക്കുമ്പോള്‍ അംഗീകൃത മദ്‌റസകളുടെ എണ്ണം 42 ആയിരുന്നു. കൈരളിയുടെ ചക്രവാളസീമകള്‍ അതിലംഘിച്ച് ലക്ഷദ്വീപ്, അന്തമാന്‍ തുടങ്ങിയ ദ്വീപുസമൂഹങ്ങളിലും, കര്‍ണ്ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര തുടങ്ങിയ ഇന്ത്യന്‍ സ്റ്റേറ്റുകളിലും, മലേഷ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, സഊദി അറേബ്യ, ഖത്തര്‍ എന്നീ വിദേശ രാഷ്ട്രങ്ങളിലും ഇസ്‌ലാമികാധ്യാപനരംഗത്ത് മഹാവിപ്ലവം സൃഷ്ടിച്ചുകൊണ്ട് വേരോടിയ മഹത്പ്രസ്ഥാനമായി വളര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം ഇന്ന് 9061, വിദ്യാര്‍ത്ഥികള്‍ 10,86,816 (2011) ആണ്.
1957 ജുലൈ 6നു സമസ്ത പൊതുപരീക്ഷ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും, 10/05/1958-ന് ചേര്‍ന്ന യോഗം അടുത്ത വര്‍ഷം മുതല്‍ അഞ്ചാം തരത്തില്‍ അതാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കെ.സി. ബാപ്പു മുസ്‌ലിയാര്‍, എം.എ. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പി. അബൂബക്കര്‍ നിസാമി, കെ.പി. ഉസ്മാന്‍ സാഹിബ് തുടങ്ങിയ മെമ്പര്‍മാരടങ്ങിയ എക്‌സാമിനേഷന്‍ ബോര്‍ഡ് രൂപീകരിക്കുകയുണ്ടായി.
പൊതുപരീക്ഷക്ക് ചോദ്യം തയ്യാറാക്കുന്നതും, മറ്റും പരീക്ഷാബോര്‍ഡാണ്. ഓരോ മദ്‌റസയിലേക്കും ക്ലാസ്സുകളുടേയും, പരീക്ഷാര്‍ത്ഥികളുടേയും അനുപാതമനുസരിച്ച് സൂപ്രവൈസര്‍മാരെ നിയമിക്കുകയും 403 റെയിഞ്ചുകള്‍ 128 ഡിവിഷനുകളാക്കിത്തിരിച്ച്, ഡിവിഷന്‍ സൂപ്രണ്ടുമാരുടെ നിയന്ത്രണത്തില്‍ ചോദ്യക്കടലാസും, മറ്റു പരീക്ഷാ സാമഗ്രികളും വിതരണവും, പരീക്ഷയും നടത്തുന്നു. പരീക്ഷാവേളയില്‍ ബോര്‍ഡ് പ്രതിനിധികള്‍ പരീക്ഷാ സെന്ററുകള്‍ സന്ദര്‍ശിക്കുകയും, പരീക്ഷ നീതിനിഷ്ഠമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. പരീക്ഷാ ദിവസം തന്നെ ഉത്തരക്കടലാസ് ഓഫീസിലെത്തിക്കാനും കേന്ദ്രീകൃത രീതിയില്‍ ചേളാരിയിലെ പരീക്ഷാ ഭവനില്‍ വെച്ച് വളരെ പെട്ടെന്ന് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഇന്റര്‍നെറ്റുള്‍പ്പെടെയുള്ള സൗകര്യങ്ങളിലൂടെ ഫലം പ്രഖ്യാപിക്കാനുമുള്ള സജ്ജീകരണങ്ങളാണ് നിലവിലുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും, മുഫത്തിശുമാരുമാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്. ഒരിക്കലും ഒരുവിധത്തിലുമുള്ള അഴിമതിക്കു സാധിക്കാത്ത സംവിധാനമാണ് ബോര്‍ഡ് ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
പൊതുപരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പും, ഫസ്റ്റ് ക്ലാസ്സായി പാസ്സാകുന്ന കുട്ടികള്‍ക്ക് സമ്മാനവും ബോര്‍ഡു നല്‍കിവരുന്നു. പരീക്ഷാ സംബന്ധമായി വരുന്ന മുഴുവന്‍ ചെലവുകളും ബോര്‍ഡാണ് വഹിക്കുന്നത്.
ഇതേവരെ നടന്ന പൊതുപരീക്ഷകളിലായി അഞ്ചാം ക്ലാസ്സില്‍ 26,25,610 പേരും, ഏഴാം തരത്തില്‍ 9,76,813 പേരും, പത്താം ക്ലാസ്സില്‍ 1,29,533 പേരും, പ്ലസ് ടൂവില്‍ 2,563 പേരും വിജയിച്ചിട്ടുണ്ട്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ആകെ പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ജയിപ്പിച്ച മദ്‌റസകള്‍ക്ക് 'അഭിനന്ദന പത്രവും' ബോര്‍ഡുവക നല്‍കുന്നുണ്ട്. മറ്റു ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയും, 5,7,10,+2 ക്ലാസ്സുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും നടത്തുന്നത് റെയിഞ്ചു ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലാണ്. റെയിഞ്ചുകള്‍ കേന്ദ്രീകരിച്ചാണ് ഈ പരീക്ഷക്കുള്ള ചോദ്യക്കടലാസുകള്‍ വിതരണം ചെയ്യുന്നത്. ഈ സംവിധാനം മൂലം ബോര്‍ഡംഗീകരിച്ച മുഴുവന്‍ മദ്‌റസകളിലും ഒരേ സമയം പരീക്ഷ നടക്കുകയും, ഫലം പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു.
വിദ്യാഭ്യാസ ബോര്‍ഡ് അതിന്റെ മദ്‌റസകള്‍ക്കായി തയാര്‍ ചെയ്യുന്ന കരിക്കുലം എല്ലാം കൊണ്ടും കുറ്റമറ്റതാണ്. പുതിയ കരിക്കുലവും, പാഠപുസ്തകങ്ങളും അതിനു ഉത്തമ ഉദാഹരണങ്ങളാണ്. ഒന്നാം തരം മുതല്‍ ഏഴു കൂടിയ ക്ലാസുകളിലേക്കും, പ്ലസ് 1ലേക്കും പുതിയ കരിക്കുലമനുസരിച്ചുള്ള പുസ്തകങ്ങള്‍ 2003-04 അദ്ധ്യയന വര്‍ഷത്തോടെ നിലവില്‍ വന്നു. അതില്‍ രണ്ടാം തരം മുതല്‍ തയാര്‍ ചെയ്തു പ്രസിദ്ധീകരിച്ച 'ലിസാനുല്‍ ഖുര്‍ആന്‍' എന്ന അറബി ഭാഷാ പഠനത്തിനു സഹായകമായ പുസ്തകം പ്രത്യേകം ശ്രദ്ധേയമാണ്. ഒന്നാം തരത്തില്‍ പഠിപ്പിച്ചിരുന്ന അറബി ഭാഷാ പഠനം രണ്ടാം തരം മുതല്‍ പഠിപ്പിക്കപ്പെടുന്നു എന്നതും പുതിയ മാറ്റമാണ്. അടുത്ത വര്‍ഷത്തോടെ പ്ലസ് 2 ഉള്‍പ്പെടെയുള്ള മുഴുവന്‍ ക്ലാസുകളിലേക്കും പുതിയ പുസ്തകങ്ങള്‍ നിലവില്‍ വരും. ആറാം തരം മുതല്‍ പ്രധാന വിഷയങ്ങളുടെ പുസ്തകങ്ങളും അറബി മീഡിയത്തിലാണെന്നതു എടുത്തു പറയത്തക്ക മാറ്റമാണ്. ഉയര്‍ന്നു ക്ലാസുകളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനതല്‍പരരാകുന്നു എന്നത് പുതിയ കരിക്കുലത്തിന്റെ പ്രത്യേകതയാകുന്നു എന്നുകൂടി വേണം മനസിലാക്കാന്‍.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ തജ്‌വീദിന്റെ നിയമപ്രകാരം പാരായണം ചെയ്യുക. മഹത്തായ പുണ്യ കര്‍മ്മമാണത്. പിഞ്ചുകുട്ടികള്‍ക്ക് ഖുര്‍ആന്‍ പാരായണം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഈ വിഷയത്തില്‍ കരുത്താര്‍ജ്ജിച്ചവരായിരിക്കണം. മറ്റു ഗ്രന്ഥങ്ങളെപ്പോലെയല്ല ഖുര്‍ആന്‍. അള്ളാഹുവിന്റെ വചനങ്ങള്‍ അതിന്റെ തനിമ നഷ്ടപ്പെടുത്താതെ ഹുര്‍മത്ത് പാലിച്ചു കൊണ്ട് പാരായണം ചെയ്യല്‍ നിര്‍ബന്ധമാണ്. അല്ലാത്തവരെ ഖുര്‍ആന്‍ ശപിക്കുമെന്നാണ് നബി (സ) പഠിപ്പിച്ചിരിക്കുന്നത്.
പൂര്‍വ്വകാല പണ്ഡിതന്മാര്‍ ഖുര്‍ആന്‍ പാരായണം ഒരു ശാസ്ത്രമായി വളര്‍ത്തിയെടുക്കുകയും അതിന്റെ നിയമവിധികള്‍ ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇല്‍മുത്തജ്‌വീദില്‍ അനേകം ഗ്രന്ഥങ്ങള്‍ വിരചിതമായിരിക്കുന്നു. ഖുര്‍ആന്‍ പഠിക്കുന്നവര്‍ക്ക് ഇല്‍മുത്തജ്‌വീദില്‍ പരിജ്ഞാനമുണ്ടായിരിക്കണം. മാത്രമല്ല പരമ്പരാഗതമായ ഗുരുശിഷ്യ ബന്ധത്തിലൂടെ തന്നെ പാരായണ പാടവം സിദ്ധിക്കണം. ഇതിനുവേണ്ടിയാണ് 1961 മുതല്‍ സമസ്ത പ്രത്യേക ഹിസ്ബ് ക്ലാസ്സുകള്‍ ആരംഭിച്ചത്. വടകരയിലാണ് പ്രഥമ ക്ലാസ് നടന്നത്. മദ്‌റസകളില്‍ അക്ഷരമുറ്റം പദ്ധതി, വര്‍ഷത്തിലൊരു സേവനദിനം, പ്രാര്‍ത്ഥനാ ദിനം, എല്ലാ ഞായറാഴ്ചകളിലും മദ്‌റസകളില്‍ ഹദ്ദാദ് എന്നിവ നടപ്പില്‍ വരുത്തീട്ടുണ്ട്.
വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടത്തപ്പെടുന്ന മറ്റൊരു പദ്ധതിയാണ് ബോര്‍ഡിംഗ് മദ്‌റസ. 1969ല്‍ ജാമിഅഃ നൂരിയ്യഃയിലാണ് സമസ്തയുടെ മേല്‍നോട്ടത്തില്‍ ആദ്യമായി ബോര്‍ഡിംഗ് മദ്‌റസ ആരംഭിച്ചത്. ചില കാരണങ്ങളാല്‍ അതു നിര്‍ത്തല്‍ ചെയ്തു. പിന്നീട് ചേളാരിയില്‍ 1969ല്‍ ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ എന്ന പേരില്‍ ആരംഭിച്ച മഹത്സ്ഥാപനം പ്രശസ്തമായി നടന്നു വരുന്നു. 1982 മുതല്‍ വെളിമുക്കിലേക്ക് മാറ്റപ്പെട്ട സ്ഥാപനം ബോര്‍ഡിന്റെ കീഴിലാണ് നടത്തപ്പെടുന്നത്. ഉന്നതമായ ശിക്ഷണവും, പഠനവും സിദ്ധിക്കുന്ന ബോര്‍ഡിംഗ് മദ്‌റസ ഇതിനകം മുസ്‌ലിം കേരളത്തിന്റെ പ്രശസ്തി പിടിച്ചുപറ്റിയിട്ടുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ക്രസന്റ് റസിഡന്‍ഷ്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി മദ്‌റസ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വരക്കല്‍ പബ്ലിക്ക് സ്‌കൂള്‍, വി.ജെ.പള്ളി എ.എം.യു.പി.സ്‌കൂള്‍ ഉള്‍പ്പെടെ അഞ്ചു കലാലയങ്ങളും 3,672 വിദ്യാര്‍ത്ഥികളും പഠനം നടത്തുന്നു. 296 വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഉണ്ട്.
മദ്‌റസകള്‍ ശാസ്ത്രീയമായി നടത്തുമ്പോള്‍ ധാരാളം റിക്കാര്‍ഡുകളും അതിനാവശ്യമാണ്. അഡ്മിഷന്‍ രജിസ്തര്‍, ഒപ്പു പട്ടിക, ഹാജര്‍ പട്ടിക, വിസിറ്റിംഗ് ബുക്ക്, ടി.സി. ബുക്ക് തുടങ്ങിയ റിക്കാര്‍ഡുകള്‍ സൗജന്യമായി നല്‍കാന്‍ തന്നെ ബോര്‍ഡ് ഭീമമായ സംഖ്യ ചെലവഴിക്കുന്നുണ്ട്. ആദ്യകാലത്ത് ഒരു ഒപ്പുപട്ടിക മാത്രം നല്‍കാന്‍ തുടങ്ങിയ ബോര്‍ഡ് വര്‍ഷങ്ങളായി മുഴുവന്‍ റിക്കാര്‍ഡുകളും നല്‍കിക്കൊണ്ടാണ് മഹത്തായ മാതൃക സൃഷ്ടിച്ചിരിക്കുന്നത്.
കരിക്കുലം
1. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച മദ്‌റസകളിലെ ഒന്ന് മുതല്‍ +2 കൂടിയ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠ്യപദ്ധതി.
2. അല്‍ഹുറൂഫുല്‍ ഹിജാഇയ്യ: ഖുര്‍ആന്‍, ഹിഫ്‌ള്, തജ്‌വീദ്, ഫിഖ്ഹ്, അഖീദ, താരീഖ്, അഖ്‌ലാഖ്, അല്ലുഗത്തുല്‍ അറബിയ്യ, തഫ്‌സീറുല്‍ ഖുര്‍ആന്‍ എന്നിവയാണ് പഠനവിഷയങ്ങള്‍.
3. ക്രമീകരണം: ദിവസം മൂന്ന് പിരിയഡുകള്‍, ആഴ്ചയില്‍ ആറ് ദിവസം. വര്‍ഷം 230 അധ്യായന ദിവസങ്ങള്‍ (690 പിരിയഡുകള്‍) സ്‌കൂള്‍ ഒഴിവുദിവസങ്ങളില്‍ കൂടുതല്‍ സമയം എടുത്ത് ആവര്‍ത്തനം, പ്രായോഗിക പരിശീലനം, അഭ്യാസങ്ങള്‍ എന്നിവ നടത്തേണ്ടതാണ്.
4. അവധി ദിനങ്ങള്‍: ദുല്‍ഹിജ്ജ 7 മുതല്‍ 14 കൂടി, മുഹറം 9, 10, റബീഉല്‍അവ്വല്‍ 12, റജബ് 27, ശഅ്ബാന്‍15, 27 മുതല്‍ റംസാന്‍ ഉള്‍പ്പെടെ ശവ്വാല്‍ 8 കൂടി, ആഗസ്റ്റ് 15, ജനുവരി 26, എല്ലാ വെള്ളിയാഴ്ചയും, മെയ് മാസം ബോര്‍ഡ് നിശ്ചയിക്കുന്ന ദിവസങ്ങള്‍
5. വര്‍ഷാരംഭം: ശവ്വാല്‍ 8ന്ന് ശേഷമുള്ള ആദ്യത്തെ പ്രവൃത്തി ദിവസം വര്‍ഷാരംഭമായി നിര്‍ണയിച്ചിരിക്കുന്നു. എന്നാല്‍ സ്‌കൂള്‍ വര്‍ഷ മദ്‌റസകള്‍ക്ക് ജൂണ്‍ ആദ്യ പ്രവര്‍ത്തി ദിവസവും ഏപ്രില്‍ 15 വര്‍ഷാവസാനവുമായിരിക്കും.
6. ബോര്‍ഡ് അനുവദിച്ച ലീവുകളല്ലാതെ മറ്റ് അവധികള്‍ മദ്‌റസകള്‍ക്ക് നല്‍കാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ അനിവാര്യമായ കാര്യങ്ങള്‍ ഉണ്ടായാല്‍ കമ്മിറ്റിക്ക് അവധി നല്‍കാവുന്നതും അത് മറ്റ് ഒഴിവുദിനങ്ങളില്‍ പ്രവര്‍ത്തിച്ചു ആ കുറവ് നികത്തേണ്ടതുമാണ്.
7. അഞ്ച് വയസ്സ് പൂര്‍ത്തിയായ കുട്ടികളെയാണ് മദ്‌റസയില്‍ ചേര്‍ക്കേണ്ടത്. കുട്ടികളുടെ വസ്ത്രധാരണവും മറ്റും തികച്ചും ഇസ്‌ലാമികമായിരിക്കേണ്ടതാണ്.
8. നബിദിനം സമുചിതമായി ആഘോഷിക്കപ്പെടേണ്ടതാണ്. അതിനായി കുട്ടികളെ സജ്ജരാക്കാന്‍ സമയം ഉപയോഗിക്കേണ്ടതാണ്.
ലക്ഷ്യം:
1. അല്‍ഹുറൂഫുല്‍ ഹിജാഇയ്യ: പരിശുദ്ധ ഖുര്‍ആന്‍ ഓതേണ്ടുന്ന ക്രമത്തില്‍ ഓതാനുള്ള കഴിവ് ഉണ്ടാക്കുക. ഈ ലക്ഷ്യം നേടേണ്ടതിനായി പൂര്‍ണഅക്ഷര ശുദ്ധിയോടെ തന്നെ ഓരോ അക്ഷരവും പഠിപ്പിക്കുകയും പഠിച്ച അക്ഷരങ്ങളാല്‍ ഉണ്ടാക്കപ്പെടുന്ന ഏത് പദവും അനായാസം വായിക്കാനും കണ്ടും കേട്ടും എഴുതാനും കഴിവുണ്ടാക്കുകയും ചെയ്യുക.
2. അറബി മലയാളം: മദ്‌റസ പഠനത്തിന്റെ ഒരു പ്രധാന മാധ്യമമാണ് അറബിമലയാളം. കൂടാതെ പല അമൂല്യ മത ഗ്രന്ഥങ്ങളും മറ്റും അറബി മലയാളത്തില്‍ ഉണ്ട്. മുസ്‌ലിം സാംസ്‌കാരിക തനിമ നിലനിറുത്താനും അറബിമലയാളം ആവശ്യമാണ്. അതിനാല്‍ അത് പഠിക്കല്‍ നമുക്ക് അനിവാര്യമാകുന്നു.
3. അറബി ഭാഷ: ഭാഷകളുടെ കൂട്ടത്തില്‍ അതിപ്രധാനമാണ് അറബി. ഖുര്‍ആന്‍, ഹദീസ്, മറ്റു കിതാബുകള്‍ ഇവയെല്ലാം അറബി ഭാഷയിലാണ്. നബി(സ) തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭാഷയുമാണത്. അതിനാല്‍ നാം അത് സ്വായത്തമാക്കണം.
4. അഖീദ: ഒരു മനുഷ്യന് മുഅ്മിനാകാന്‍ അനിവാര്യമായതാണ് അഖീദ. പരലോക മോക്ഷം വിശ്വാസിക്ക് മാത്രമാണ്. അത് ലഭ്യമാക്കലാണ് അഖീദയുടെ ലക്ഷ്യവും. അത്‌കൊണ്ടുതന്നെ അതിന്റെ അനിവാര്യത ഗ്രഹിക്കാം.
5. ഫിഖ്ഹ്: നാം ചെയ്യുന്ന അമലുകള്‍ സ്വീകാര്യമാകാന്‍ അതിന്റെ വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. കര്‍മപരമായ എല്ലാ വിഷയങ്ങളുടെയും മുഴുവന്‍ നിയമങ്ങളും പ്രതിപാദിക്കുന്ന അറിവാണ് ഫിഖ്ഹ്. നമ്മുടെ കര്‍മങ്ങള്‍ ഉപകാരപ്രദമാക്കുകയാണ് ഫിഖ്ഹ് പഠിക്കലോടെ നിര്‍വ്വഹിക്കപ്പെടുന്നത്.
6. താരീഖ്: കഴിഞ്ഞുപോയ മഹത്തുക്കളായ അമ്പിയാക്കളുടെയും ഖുലഫാഉകളുടെയും മറ്റു മുസ്‌ലിംനേതാക്കളുടെയും ജീവിത രീതിയും അവരുടെ സേവനവും അവര്‍ സഹിച്ച പ്രയാസങ്ങളും മനസ്സിലാക്കി അവരെഅനുധാവനം ചെയ്തു ജീവിതവിജയം കരസ്ഥമാക്കാനുള്ള പ്രേരണ ലഭിക്കലാണ് താരീഖ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
7. അഖ്‌ലാഖ്: സ്വഭാവ സംസ്‌കരണമാണ് അതിന്റെ ലക്ഷ്യം. സല്‍സ്വഭാവികളെ എല്ലാവരും ഇഷ്ടപ്പെടും. കുടുംബം, വീട്, നാട്, ലോകം എന്നിവയുടെ സമാധാനത്തിന് അത് ആവശ്യമാണ്. അത് തന്നെ ഈ വിഷയത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നു.
8. തജ്‌വീദ്: പരിശുദ്ധ ഖുര്‍ആന്‍ പാരായണം വലിയ പുണ്യമുള്ളതാണ്. പാരായണം നിയമാനുസരണമായിരിക്കണം. അല്ലാത്തവ കുറ്റകരമാണ്. ആ നിയമങ്ങള്‍ പഠിക്കലാണ് തജ്‌വീദിന്റെ ലക്ഷ്യം.
9. തഫ്‌സീര്‍: വിശുദ്ധഖുര്‍ആനിലെ ചിലഭാഗങ്ങള്‍ വ്യഖ്യാന സഹിതം പഠിപ്പിക്കുക.
അധ്യാപനം കുട്ടികളുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തണം. സത്യവിശ്വാസം അവരില്‍ ഉറപ്പിക്കണം. സല്‍സ്വഭാവം അവരുടെ നിത്യചര്യയായി മാറ്റണം. ഇബാദത്തുകള്‍ പ്രയോഗവല്‍കരിക്കണം. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസത്തില്‍ അവരെ അടിയുറപ്പിക്കണം. സ്ഥാപനത്തോടും പ്രസ്ഥാനത്തോടും കൂറ് പുലര്‍ത്തുന്നവരും കര്‍മരംഗത്ത് നിരതരാകുന്നവരുമായി അവരെ വളര്‍ത്തി എടുക്കണം. ദീനീബോധവും പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും ഉള്ളവരാക്കി ഇരുലോകത്തും ഉപകരിക്കുന്ന ഉത്തമപൗരന്മാരായി അവരെ വളര്‍ത്തണം. ഉയര്‍ന്ന ക്ലാസുകളില്‍ സുന്നത്ത് ജമാഅത്തിന്ന് എതിരായ വിശ്വാസങ്ങളും കര്‍മങ്ങളും ശരിയല്ലെന്ന് ലക്ഷ്യസഹിതം അവരെ ബോധ്യപ്പെടുത്തണം.
നിര്‍ദ്ദേശങ്ങള്‍:
1. രണ്ടാം തരം മുതല്‍ തന്നെ ഖുര്‍ആന്‍ നിയമാനുസരണം മാത്രം പഠിപ്പിക്കുക.
2. ഓരോ വിഷയങ്ങളും അതിന്ന് കണക്കാക്കപ്പെട്ട പീരിയഡുകളുടെ എണ്ണം അനുസരിച്ച് ഭാഗിച്ചുഒരു പീരിയഡില്‍ എടുക്കേണ്ടവ മാത്രം എടുക്കുക.
3. എടുത്തപാഠം അതര്‍ഹിക്കും പ്രകാരം പ്രതിഫലിക്കാതെ പാഠം മാറാതിരിക്കുക.
4. എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠത പാലിക്കുക.
5. ഹിഫ്‌ള് പഠിക്കുന്ന കുട്ടികളെ സ്വയം പഠിക്കാന്‍ ഏല്‍പിക്കാവതല്ല. പാഠമെടുത്തുതന്നെ പഠിപ്പിക്കേണ്ടതാണ്.
6. അധ്യാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് തന്നെ ആയിരിക്കേണ്ടതാണ്.
അധ്യാപകന്‍ - അധ്യാപനം, മുഅല്ലിം ട്രൈനിങ് നോട്‌സ്, മുഅല്ലിം പഠനസഹായി, ഖവാഇദുത്തിലാ വഃ. മദ്‌റസാ നിയമ ങ്ങളും, ചട്ടങ്ങളും, കാല്‍പാടുകള്‍, ശംസുല്‍ഉലമാ സ്മരണിക, മാനു മുസ്‌ലിയാര്‍ സ്മരണിക, പാണക്കാട് കുടുംബവും സമസ്തയും.
ഇതിനെല്ലാം പുറമെ ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു കൊണ്ട് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളെജുമായി സഹകരിച്ചു ആരംഭിച്ചതാണ് എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ്. ഇന്ന് ഏറ്റവുമധികം ജോലിസാധ്യത നല്‍കുന്ന വിവര സാങ്കേതി വിദ്യയുള്‍പ്പെടെയുള്ള എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ മേല്‍ സ്ഥാപനത്തില്‍ നടന്നു വരുന്നു. കോളെജില്‍ നിലവില്‍ ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എന്നീ ബി-ടെക് ഡിഗ്രി കോഴ്‌സുകള്‍ അദ്യായനം നടത്തുന്നു.



Leave A Comment