സംഘടന; വിമര്‍ശനങ്ങളും വസ്തുതകളും
പതിനാല് നൂറ്റാണ്ടുകാലത്തെ പവിത്രവും പരിശുദ്ധവുമായ പാരമ്പര്യമുള്ളവരാണ് കേരള മുസ്‌ലിംകള്‍. പക്ഷേ, പാരമ്പര്യം പരിഹസിക്കപ്പെടുകയും ഇന്നെലകള്‍ ഇരുള്‍മുറ്റിയതായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെടുകയാണിപ്പോള്‍. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിനു ശേഷമാണത്രേ കേരളീയ മുസ്‌ലിം സമൂഹം പുരോഗതിയുടെ വെളിച്ചം കണ്ടത്!. അതിനു മുമ്പ് ഗനാന്ധകാരമായിരുന്നുപോലും ഇവിടെ. തലമൊട്ടയടിച്ച കാക്കാന്മാരുടെ പഴഞ്ചന്‍ തലമുറ. ആംഗലേയ ഭാഷയും ആര്യനെഴുത്തും ഹറാമാണെന്ന് വിധിച്ച പിന്തിരിപ്പന്മാരുടെ കാലം. പെണ്ണിനെ പള്ളിയിലേക്കും പള്ളിക്കൂടത്തിലേക്കും വിടാതെ വീടിനുള്ളില്‍ തളച്ചിട്ടിരുന്ന ജാഹിലീ യുഗം...
സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തിനിരയായ ഇടങ്ങളിലെല്ലാം ഇങ്ങനെ പാരമ്പര്യങ്ങള്‍ക്കും പൈതൃകങ്ങള്‍ക്കുമെതിരെ വിമര്‍ശനങ്ങളും പരിഹാസ ചിത്രീകരണങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്. ഇരകളാക്കപ്പെട്ട സമൂഹത്തിന് മഹിതമായ പാരമ്പര്യമോ ശോഭനമായ ചരിത്രമോ ഇല്ലെന്നു സ്ഥാപിക്കുകയും അക്കാരണത്താല്‍ അവര്‍ അധോഗതിയുടെയും അധ:പതനത്തിന്റെയും വഴിയിലാണെന്നു പ്രചരിപ്പിക്കുകയുമായിരുന്നു സാമ്രാജ്യത്വം. അജ്ഞതയിലും അന്ധകാരത്തിലും കഴിഞ്ഞുകൂടുന്ന സമൂഹത്തിന് വിജ്ഞാനവും വെളിച്ചവുമുണ്ടാക്കാന്‍ യജമാനന്‍ സമര്‍പ്പിക്കുന്ന പദ്ധതികളും ആശയങ്ങളും സ്വീകരിക്കുകയാണ് പോംവഴി. അതിനായി ഇരകളുടെ മനസ്സുകളെ പാകപ്പെടുത്താനാണ് സാമ്രാജ്യത്വം എവിടെയും തദ്ദേശീയരുടെ ഇന്നലെകളെ പിന്തിരിപ്പനും പഴഞ്ചനുമാക്കി ചിത്രീകരിക്കുന്നത്. പക്ഷേ, ഇതു തിരിച്ചറിയാതെ പോയ ചില നിഷ്‌കളങ്കര്‍ പൈതൃകങ്ങളെ തള്ളിപ്പറയാനും പാരമ്പര്യത്തിന്റെ പൂമാല കഴുത്തില്‍ നിന്ന് പൊട്ടിച്ചെറിയാനും തയ്യാറായി. പുരോഗതിയെന്നു തെറ്റിദ്ധരിച്ച് അവര്‍ സാമ്രാജ്യത്തെ മുഴത്തിനു മുഴമായും ചാണിനു ചാണായും അനുകരിച്ചു. അതിനെ അവര്‍ നവോത്ഥാനമായി കൊട്ടിഘോഷിച്ചു. ഇതിന്റെ ശേഷവിശേഷങ്ങളാണ് പാരമ്പര്യത്തിനും പൈതൃകങ്ങള്‍ക്കുമെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും.
ഇരുള്‍മുറ്റിയ ഇന്നലെകള്‍
1921ലെ മലബാര്‍ കലാപാനന്തരം മതനവീകരണ ചിന്തകള്‍ കടന്നുവന്നപ്പോഴാണത്രേ ഇവിടെ പുരോഗതിയും വൈജ്ഞാനിക മുന്നേറ്റവുമുണ്ടായത്. അതിനുമുമ്പ് അജ്ഞതയും അന്ധകാരവും മാത്രമായിരുന്നു പോലും. സ്വന്തം പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും സ്ഥാപിക്കാന്‍ മതനവീകരണവാദികള്‍ ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരമാണിത്.
കേരള മുസ്‌ലിം ചരിത്രം പരിശോധിച്ചാല്‍, മനോഹരമായ ഒരു ചരിത്രവും പാരമ്പര്യവും നമുക്കുണ്ടെന്ന് വ്യക്തമാകും. സമുദായത്തിനു വേണ്ടതെല്ലാം വേണ്ടയളവില്‍ നല്‍കാന്‍ സമ്പന്നമായ ഒരു പണ്ഡിത നേതൃത്വം എക്കാലത്തും കേരള മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. ഇസ്‌ലാമിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായിരുന്ന ആ മഹാമനീഷികളെ കണ്ടും കേട്ടും പഠിച്ചും പകര്‍ത്തിയുമാണ് നമ്മുടെ മുന്‍ഗാമികള്‍ വളര്‍ന്നത്. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ഒരു ജനതയായി അവര്‍ ഈ സമുദായത്തെ മാറ്റി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ (1467-1522), മഖ്ദൂം രണ്ടാമന്‍ (1532-1619), വെളിയങ്കോട് ഉമര്‍ ഖാളി (1765-1857), മമ്പുറം സയ്യിദ് അലവി തങ്ങള്‍ (1753-1844), പുത്രന്‍ സയ്യിദ് ഫള്ല്‍ പൂക്കോയതങ്ങള്‍ (1864-1901), കോഴിക്കോട്ടെ ഖാളിമാര്‍, സയ്യിദ് കുടുംബങ്ങള്‍, സൂഫിവര്യന്മാര്‍... കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജ്ജം നല്‍കിയവരില്‍ പ്രധാനികളാണിവര്‍. ഓരോ മഹല്ലത്തിലും പള്ളികളും ദര്‍സുകളും സ്ഥാപിച്ചുകൊണ്ടവര്‍ സമുദായത്തെ സമുദ്ധരിക്കുകയും വൈജ്ഞാനിക മുന്നേറ്റത്തിനു നായകത്വം നല്‍കുകയും ചെയ്തു.
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പള്ളിമൂലയില്‍ ഒതുങ്ങിക്കൂടുന്നവരായിരുന്നു പഴയ പണ്ഡിതന്മാരെന്നത് വെറുമൊരു ദുരാരോപണം മാത്രമാണ്. സാമൂഹ്യ രംഗങ്ങളില്‍ അനിവാര്യമായ ഘട്ടങ്ങളിലെല്ലാം കാര്യഗൗരവത്തോടെ ഇടപെടാന്‍ മതപണ്ഡിതന്മാര്‍ മുന്നിലുണ്ടായിട്ടുണ്ട്. 15-ാം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിലെല്ലാം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനു നായകത്വം നല്‍കിയത് പണ്ഡിത വരേണ്യരായിരുന്നു. 1498 മെയ് 21ന് കോഴിക്കോട് കാപ്പാട് പന്തലായിനി കടപ്പുറത്ത് വാസ്‌കോഡ ഗാമയെന്ന അധിനിവേശ പിശാച് കപ്പലിറങ്ങിയപ്പോള്‍ അവനെ ബഹിഷ്‌കരിക്കൂ എന്ന് പൊന്നാനി പള്ളിയില്‍ നിന്നുറക്കെ വിളിച്ചു പറഞ്ഞ് ജിഹാദ് പ്രഖ്യാപിച്ച സൈനുദ്ദീന്‍ മഖ്ദൂം(റ) മുതല്‍ ആരംഭിക്കുന്നു ആ ചരിത്രം.
പണ്ഡിതന്മാര്‍ പറയുന്നത് പൂര്‍ണമായി വിശ്വസിക്കുകയും അവര്‍ വരച്ചതിലപ്പുറം പാടില്ലെന്ന് മനസ്സിലാക്കുകയും ചെയ്തതുകൊണ്ടുതന്നെ സ്വന്തം മേല്‍വിലാസം ഉയര്‍ത്തിപ്പിടിക്കാന്‍ കേരള മുസ്‌ലിംകള്‍ക്കായി. തള്ളകോഴി കുഞ്ഞുങ്ങളെ ചിറകിന്നടിയില്‍ വെച്ചു സംരക്ഷിക്കുന്നതുപോലെ സര്‍വ്വ ശത്രുക്കളില്‍ നിന്നും ജീര്‍ണതകളില്‍ നിന്നും ഈ സമുദായത്തെ ഉലമാഅ് സംരക്ഷിച്ചു. സര്‍വ്വോപരി അവര്‍ സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും കാത്തു സൂക്ഷിച്ചു. ഖവാരിജിസം, മുഅ്തസിലിസം, ശീഇസം തുടങ്ങിയ മതനവീകരണ പ്രസ്ഥാനങ്ങള്‍ ഉമ്മത്തില്‍ ശിഥിലീകരണത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചപ്പോള്‍, അവയുടെ യാതൊരു പ്രതിഫലനവും കേരളത്തി ലുണ്ടായില്ല. ഉണ്ടാകാന്‍ ഉലമാഅ് അനുവദിച്ചില്ല. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ചില ശിയാക്കള്‍ ഇവിടെ ശീഇസം പ്രചരിപ്പിക്കാന്‍ കുതന്ത്രങ്ങള്‍ പലതും പയറ്റിയെങ്കിലും നമ്മുടെ പണ്ഡിതന്മാര്‍ അതിനെ ചെറുത്തുതോല്‍പ്പിക്കുകയാണുണ്ടായത്. അങ്ങനെ ശീഇസം ഇവിടെ കേട്ടുകേള്‍വി മാത്രമായി. 1921നു ശേഷം ശിഥിലീകരണ ചിന്തയുമായി ഐക്യസംഘം രംഗത്തുവരുന്നതുവരെ ഈ കെട്ടുറപ്പും ഭദ്രതയും നിലനിന്നതായി കാണാം.
കേരള മുസ്‌ലിംകള്‍ക്ക് സാഹിത്യസമ്പന്നമായ ഒരു വസന്തം സൃഷ്ടിക്കാന്‍ തന്നെ സാധിച്ചിട്ടുണ്ട്. സ്വന്തം ഐഡന്റിറ്റിയും സാംസ്‌കാരിക തനിമയും സംരക്ഷിക്കാന്‍ വേണ്ടി രൂപം നല്‍കിയ അറബി മലയാളം മാപ്പിളമാരുടെ പൊതുഭാഷയും ലിപിയുമായിരുന്നു. മുസ്‌ലിംകള്‍ മുഴുവന്‍ അതില്‍ സാക്ഷരതയുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ വൈജ്ഞാനിക വിതരണം വളരെ എളുപ്പത്തില്‍ സാധിച്ചു. വിജ്ഞാനപ്രദമായ പതിനായിരക്കണക്കിനു ഗ്രന്ഥങ്ങളാണ് അറബിമലയാളത്തില്‍ പ്രചരിച്ചത്. ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ഹദീസ് പഠനങ്ങള്‍, കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍, പ്രവാചക ചരിത്രം, ആത്മ സംസ്‌കരണം, വിശ്വാസം, മതപഠനം എന്നിവയെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങള്‍, മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍ തുടങ്ങിയ പദ്യസാഹിത്യങ്ങള്‍, കഥ, കവിത, നോവല്‍, വിവര്‍ത്തനങ്ങള്‍... ഇതെല്ലാം കേരളത്തിലെ സര്‍വ്വ മുസ്‌ലിംകള്‍ക്കും വായിക്കാന്‍ സാധിക്കുംവിധം സംവിധാനിക്കപ്പെട്ടതായിരുന്നു. ഈ വിപുലമായ സാഹിത്യ സമ്പത്ത് അവരെ കൂടുതല്‍ അറിവുള്ളവരാക്കി. മലയാളത്തിലെ പ്രഥമ നോവലായ ഇന്ദുലേഖ (1889) പുറത്തിറങ്ങിയതിന്റെ 109 വര്‍ഷം മുമ്പ് മുസ്‌ലിംകള്‍ ചാര്‍ദര്‍വേശ് എന്ന പേര്‍ഷ്യന്‍ നോവലിന്റെ പരിഭാഷയും തത്തയുടെ കഥ എന്ന നോവ ലും വായിച്ച് മറ്റുള്ളവരെക്കാള്‍ മുന്നില്‍നിന്നു. അറബി മലയാളത്തില്‍ അമ്പതോളം നോവലുകള്‍ വിരചിതമായിട്ടുണ്ട്. ആറായിരത്തോളം ഗദ്യപദ്യ സാഹിത്യകൃതികളാണ് രചിക്കപ്പെട്ടിട്ടുള്ളത്.
മാപ്പിളമാരുടെ അറിവിന്റെ വഴിയിലെ നാഴികക്കല്ലായിരുന്നു അറബി മലയാളം. സര്‍വ്വ വിഷയങ്ങളെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങള്‍ വായിക്കാനുള്ള അവസരം ഇതിലൂടെ സാധാരണക്കാര്‍ക്കുണ്ടായി. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ പോലും അറിവിന്റെ കേദാരങ്ങളായി മാറിയത് ആ സാഹിത്യങ്ങള്‍ വായിച്ചു വളര്‍ന്നതുകൊണ്ടാണ്. മുസ്‌ലിം സമൂഹത്തില്‍ അറബി മലയാളം നടത്തിയ ഇടപെടലും മാറ്റങ്ങളും കണ്ടില്ലെന്ന് നടിക്കുന്നവരാണിവിടെ മുന്‍കാല മുസ്‌ലിംകളെ മുഴുവന്‍ അജ്ഞരായി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്. ചരിത്രം അതു സമ്മതിക്കില്ലെന്നുറപ്പ്.
പിന്നോട്ട് വലിച്ചതാര്?
കഴിഞ്ഞ കാലങ്ങളില്‍ മറ്റാരെക്കാളും മുന്നില്‍ നില്‍ക്കുകയും എല്ലാവര്‍ക്കും മാതൃകയാവുകയും ചെയ്ത ഒരു സമുദായം എങ്ങനെ പിന്നാക്കമായി? മതപണ്ഡിതന്മാരാണ് സമുദായത്തെ പിന്നോട്ട് വലിച്ചതെന്നാണ് മോഡേണിസ്റ്റുകളുടെ ആരോപണം. ഭൗതിക മേഖലയില്‍ സമുദായത്തിന്റെ മുന്നേറ്റത്തിനു തടസ്സം സൃഷ്ടിച്ച നിരവധി കാരണങ്ങള്‍ ഉണ്ടായിട്ടും മതനേതൃത്വത്തെയാണവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വാസ്തവത്തില്‍ മതപണ്ഡിതന്മാരല്ല; മതനവീകരണ വാദികളാണ് സമുദായത്തെ പിന്നോട്ട് വലിച്ചത്.
ഒരുകാലത്ത് സമുദായത്തിന്റെ നാനോന്മുഖമായ പുരോഗതിക്കും മുന്നേറ്റത്തിനും നായകത്വം നല്‍കിയിരുന്നത് ഉലമാക്കളായിരുന്നു എന്നത് അനിഷേധ്യ വസ്തുതയാണ്. മുസ്‌ലിം രാജ്യങ്ങളില്‍ പോലും വിശ്വാസികള്‍ അനുഭവിക്കാത്ത സ്വാതന്ത്ര്യവും സൗകര്യവും അമുസ്‌ലിമായ സാമൂതിരിയുടെ നാട്ടില്‍ മാപ്പിളജനതക്ക് വാങ്ങിക്കൊടുത്തത് ഉലമാഇന്റെ ക്രിയാത്മക ഇടപെടലുകളാണ്. അതിനിടയിലാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലേക്ക് അവര്‍ക്ക് എടുത്തുചാടേണ്ടിവന്നത്. പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെയുള്ള സമരനൈരന്തര്യം, എഴുന്നേറ്റുനില്‍ക്കാന്‍ സാധിക്കാത്തവിധം സമുദായത്തെ ക്രൂരമായി അടിച്ചമര്‍ത്തി. ധീരമായി സമുദായത്തിനു നേതൃത്വം നല്‍കിയിരുന്ന മഹാ പണ്ഡിതന്മാരില്‍ പലരും രക്തസാക്ഷിത്വം വരിച്ചു. പട്ടിണിയും പരിവട്ടവും സാമ്രാജ്യത്വ ക്രൂരതയും കാരണം നട്ടെല്ലൊടിഞ്ഞ ഈ സമുദായത്തെ എങ്ങനെ സജ്ജീവമാക്കണമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു ഇടിത്തീ പോലെ മതനവീകരണ വാദം കടന്നുവരുന്നത്. സാമ്രാജ്യത്വ ശക്തികളുടെ പൂര്‍ണ പിന്തുണയോടെ കടന്നുവന്ന മതനവീകരണ വാദികള്‍ പ്രമാണങ്ങളുടെ പേരില്‍ മതത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു. തൗഹീദിനെ കാര്യകാരണബന്ധത്തിന്റെ കയറുകൊണ്ട് ചുരുട്ടികെട്ടിയവര്‍, ഇബാദത്തിന് പുതിയ നിര്‍വ്വചനം ചമച്ചുകൊണ്ട് പാരമ്പര്യ മുസ്‌ലിംകളെ മുഴുവന്‍ മുശ്‌രിക്കായി ചിത്രീകരിച്ചു. പതിമൂന്ന് നൂറ്റാണ്ട് കാലത്തിനിടെ ജീവിച്ചു മരിച്ചുപോയ സര്‍വ്വ മുസ്‌ലിംകളും പെട്ടെന്നൊരു സുപ്രഭാതത്തില്‍ ബഹുദൈവ വിശ്വാസികളായി ചിത്രീകരിക്കപ്പെടുകയും അവരില്‍ ശിര്‍ക്ക് സംഭവിച്ചുവെന്ന് ഖുര്‍ആന്‍ കൊണ്ട് സ്ഥാപിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും അവര്‍ അമ്പരന്നു. തങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികളാണെന്നു തെളിയിക്കാന്‍ പണ്ഡിതന്മാര്‍ക്ക് പ്രമാണങ്ങള്‍ക്കു മുന്നില്‍ ചടഞ്ഞിരിക്കേണ്ടിവന്നു. ഭൗതിക പുരോഗതിക്കപ്പുറം അടിസ്ഥാന വിശ്വാസത്തില്‍ പിഴവു പറ്റിയോ എന്ന ചിന്ത പ്രമാണങ്ങളില്‍ കൂടുതല്‍ ആഴ്ന്നിറങ്ങാന്‍ അവരെ നിര്‍ബന്ധിച്ചു.
മുസ്‌ലിം ബഹുഭൂരിപക്ഷത്തെ മുശ്‌രിക്കുകളായി ചിത്രീകരിക്കുന്നത് അക്രമമാണെന്ന് അവര്‍ക്ക് ശബ്ദിക്കേണ്ടിവന്നു. തൗഹീദും ശിര്‍ക്കും, സുന്നത്തും ബിദ്അത്തും തുടങ്ങിയ തര്‍ക്ക വിതര്‍ക്കങ്ങളിലേക്ക് അവരുടെ ചിന്ത നീണ്ടു. അടിസ്ഥാന വിശ്വാസത്തെ സംബന്ധിച്ച സംവാദങ്ങളിലേക്കും വാദപ്രതിവാദങ്ങളിലേക്കും പണ്ഡിതന്മാരുടെ ശ്രദ്ധ നീങ്ങിയപ്പോള്‍, സ്വാഭാവികമായും അവര്‍ക്ക് സമൂഹത്തിന്റെ പൊതുവിഷയങ്ങളില്‍ പഴയതുപോലെ കൂടുതല്‍ ശ്രദ്ധിക്കാനായില്ല. ബ്രിട്ടീഷ് പിന്തുണയോടെ മതനവീകരണ വാദികള്‍ കൊണ്ടുവന്ന മുന്നേറ്റത്തിന്റെ മാര്‍ഗ രേഖ സമുദായം സ്വീകരിച്ചതുമില്ല. ഈമാന്‍ പിഴപ്പിക്കാനുള്ള നിഗൂഢ പദ്ധതികളാണ് ബിദ്അത്തിന്റെ മുന്നേറ്റ മാര്‍ഗരേഖയെന്ന് സമുദായത്തിനു ബോധ്യമുണ്ടായിരുന്നു. അക്കാരണത്താല്‍ സമുദായത്തിന് ഭൗതിക മേഖലകളില്‍ മറ്റുള്ളവരുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. അവര്‍ക്ക് ആദര്‍ശമായിരുന്നല്ലോ പ്രധാനം. ഇവിടെ മതനവീകരണവാദം തന്നെയാണ് പ്രതിക്കൂട്ടില്‍. ഉമ്മത്തിന്റെ ഉത്ഥാനത്തിനു വിനിയോഗിക്കേണ്ട ഉലമാക്കളുടെ ഊര്‍ജ്ജം മുഴുവന്‍ മറ്റൊരിടത്തേക്കു തിരിച്ചുവിട്ടത് അവരായിരുന്നല്ലോ.
മതവിഷയങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് വിശ്വാസികളില്‍ സംശയം കുത്തിവെക്കുമ്പോള്‍, സ്വാഭാവികമായും പണ്ഡിതന്മാരുടെ ശ്രദ്ധ പ്രമാണങ്ങളിലേക്ക് തിരിയും. അന്നേരം മുസ്‌ലിംകളുടെ മണ്ണും മനസ്സും ഒന്നിച്ചുകീഴടക്കാനും തങ്ങളുടെ അജണ്ടകള്‍ അവരില്‍ നടപ്പാക്കാനും തമസ്സിന്റെ ഉപാസകര്‍ക്ക് സാധിക്കും. മുസ്‌ലിംകളുടെ ആത്മീയ ചൈതന്യം നശിപ്പിക്കാനും വിശ്വാസ രംഗത്ത് സംശയം സൃഷ്ടിക്കാനും അവരെ പിന്നോട്ട് വലിക്കാനും സാമ്രാജ്യത്വ പിന്തുണയോടെ മതനവീകരണ വാദികള്‍ വന്നില്ലായിരുന്നെങ്കില്‍, ഉലമാഅ് പഴയപോലെ ഉമ്മത്തിന്റെ മുന്നേറ്റത്തിനു നായകത്വം നല്‍കുമായിരുന്നു; തീര്‍ച്ച. നമ്മുടെ ഒന്നിച്ചുള്ള ഈ മുന്നേറ്റത്തെയാണ് ബിദഇകള്‍ നശിപ്പിച്ചത്.
മതനവീകരണ വാദം ഒരിക്കലും സമുദായത്തിന്റെ ഇഹപര മുന്നേറ്റത്തിന്റെ അടയാളമല്ല. പ്രത്യക്ഷത്തില്‍ ഭൗതിക മുന്നേറ്റത്തിന്റെ ചില പൊടിക്കൈകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അറു പിന്തിരിപ്പനും കാലത്തിന്റെ സൂചികയെ പിന്നോട്ട് വലിക്കുന്നതുമാണത്. നവോത്ഥാനന്തര കാലത്ത് മുസ്‌ലിം ലോകത്ത് പിറവിയെടുത്ത വഹാബിസം, അത് ജന്മനാട്ടില്‍ തെളിയിച്ചതാണ്. മുസ്‌ലിം നവോത്ഥാനത്തിനു ചൂട്ടുതെളിയിച്ചെന്നു പറയപ്പെടുന്ന ആ പ്രസ്ഥാനത്തെ കുറിച്ച്, മുജാഹിദ് ചരിത്രകാരന്‍ എഴുതുന്നു: ജനങ്ങളുടെ ബുദ്ധിപരമായ പുരോഗതിക്കുതകുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇബ്‌നു അബ്ദില്‍ വഹാബിന്റെ പരിഷ്‌കരണ സംരംഭങ്ങളിലുണ്ടായിരുന്നില്ല'.(1) സമുദായ പുരോഗതിക്കു മുമ്പില്‍ ഒരു കീറാമുട്ടിയായി നിന്ന പ്രസ്ഥാനമാണ് വഹാബിസം. എല്ലാ പുതിയ സംവിധാനങ്ങളെയും ബിദ്അത്ത് എന്ന് വിമര്‍ശിച്ചു എതിര്‍ത്തു. ടെലഗ്രാഫും കമ്പിയില്ലാ കമ്പിയും മോട്ടോര്‍ വാഹനങ്ങളും വണ്ടികളുമെല്ലാം ബിദ്അത്താണെന്നു ആരോപിച്ച് സമൂഹത്തിന്റെ ഭൗതികവും ബൗദ്ധികവുമായ മുന്നേറ്റം തടസ്സപ്പെടുത്തിയ വഹാബിസത്തിന്റെ ദയനീയ ചിത്രം മുജാഹിദ് ചരിത്രകാരന്‍ തന്നെ പിന്നീട് ഉദ്ധരിക്കുന്നുണ്ട്. ഇവരാണ് പാരമ്പര്യ വിശ്വാസികളെയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെയും പിന്നോട്ടു വലിച്ചവരെന്നും പിന്തിരിപ്പന്മാരെന്നും വിമര്‍ശിക്കുന്നത്!.
എന്തിന്റെ പേരിലാണിവര്‍ സുന്നികളെ പിന്തിരിപ്പന്മാരെന്ന് വിമര്‍ശിക്കുന്നത്? അത്തരം വിമര്‍ശന ശരങ്ങളെ നാലര പതിറ്റാണ്ട് മുമ്പ് എതിരേറ്റ 'സുന്നി ടൈംസി'ലെ വരികള്‍ ഒന്നുകൂടി ഉദ്ധരിക്കാം:
''സമസ്ത മുസ്‌ലിയാക്കളില്‍ ഇവര്‍ കാണുന്ന പഴമത്വവും പരിഷ്‌കാരമില്ലായ്മയും എന്തൊക്കെയാണെന്ന് ചിന്തിക്കാം. ആധുനികലോകത്ത് യാന്ത്രികമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് അവര്‍ പറയുന്നില്ല. ഗതാഗത സൗകര്യത്തിനു മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതോ, തീവണ്ടിയിലോ വിമാനത്തിലോ യാത്ര ചെയ്യുന്നതോ അതിനു ടിക്കറ്റിനു പണം മുടക്കുന്നതോ പാപമാണെന്നും അവര്‍ക്ക് വാദമില്ല. വാര്‍ത്താവിനിമയത്തിന് കമ്പിയും ഫോണും മറ്റും ഉപയോഗിക്കുന്നത് ശിര്‍ക്കും കുഫ്‌റും മറ്റുമാണെന്ന് അവര്‍ ശഠിക്കുന്നില്ല. കൈകുത്തരിയേ ഉപയോഗിക്കാവൂ, കൈകൊണ്ട് നെയ്തുണ്ടാക്കിയതും തുന്നിയുണ്ടാക്കിയതുമായ ഉടുപ്പുകളേ ധരിക്കാവൂ എന്നും അവര്‍ക്കഭിപ്രായമില്ല. പിന്നെയോ? ഇവരില്‍ കാണുന്ന പഴഞ്ചന്‍ സമ്പ്രദായം എന്താണ്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് 'ദീനുല്‍ ഇസ്‌ലാ'മാണ്. 1300 വര്‍ഷങ്ങള്‍ക്ക് മുമ്പ് റസൂല്‍ കരീം(സ) മാര്‍ഗനിര്‍ദ്ദേശം നല്‍കിയ യഥാര്‍ത്ഥ സംസ്‌കാരവും പരിഷ്‌കാരവും അവര്‍ മുറുകെ പിടിക്കുകയും അവയെ മാത്രം പുണരാന്‍ ജനങ്ങളെ ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നു. ആ സംസ്‌കാര പരിഷ്‌കാരങ്ങള്‍ക്ക് നിരക്കാത്തതൊന്നും അവര്‍ കൈക്കൊള്ളുന്നില്ല. ദൈനംദിനം മാറിക്കൊണ്ടിരിക്കുന്ന പാശ്ചാത്യന്‍ വേഷഭൂഷാദികളില്‍ അവര്‍ക്ക് താല്‍പര്യമില്ല. അര്‍ദ്ധ നഗ്‌നവും നഗ്‌നവുമായ വസ്ത്രധാരണാരീതിയും അമുസ്‌ലിംകളുടെ വേഷഭൂഷാദികള്‍ അനുകരിക്കുന്നതും അവര്‍ വെറുക്കുന്നു. മനുഷ്യത്വത്തെ നശിപ്പിച്ച് മൃഗീയതയിലേക്കാഴ്ത്തിക്കളയുന്ന ആധുനിക പരിഷ്‌കാര ഭ്രമങ്ങളൊന്നും അവര്‍ തീണ്ടിട്ടില്ല. ലൈംഗിക വികാരത്തെ ഉദ്ദീപിപ്പിക്കുന്നതും ആത്മീയോല്‍ കര്‍ഷത്തെ തടയുന്നതുമായ കലാ സാഹിത്യങ്ങളിലൊന്നും അവര്‍ക്കഭിരുചിയില്ല. നീണ്ട താടിയും തലപ്പാവും കുലീനതയും അല്ലാഹുവിലുള്ള ഭക്തിയുമാണ് അവരെ അലങ്കരിക്കുന്നത്. പുത്തന്‍ പരിഷ്‌കാരികള്‍ക്ക് ഇതൊന്നും മനസ്സിന് പിടിച്ചില്ലെന്ന് വന്നേക്കാം''.(2)
ആംഗലേയ ഭാഷയും ആര്യനെഴുത്തും
ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അതു പഠിക്കല്‍ ഹറാമാണെന്നും സുന്നികളും അവരെ പ്രതിനിധാനം ചെയ്യുന്ന 'സമസ്ത'യും വാദിച്ചിരുന്നുവെന്നാണ് ശത്രുക്കളുടെ ആരോപണം. വാസ്തവത്തില്‍ ഒരു ഭാഷയെന്ന നിലക്ക് ഇംഗ്ലീഷിനെ അംഗീകരിച്ചവരും അതു പഠിക്കണമെന്നു പറഞ്ഞവരുമാണ് സമസ്തക്കാര്‍. സമസ്തയുടെ പ്രഥമ കലാലയമായ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക്കോളേജ് സ്ഥാപിക്കുമ്പോള്‍ തന്നെ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകള്‍ അവിടെ പഠിപ്പിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. 1928ല്‍ നടന്ന ഇസ്വ്‌ലാഹിന്റെ മൂന്നാം വാര്‍ഷിക യോഗം അംഗീകരിച്ച 27-ാമത്തെ പ്രമേയമിതാണ്. ''ഇസ്വ്‌ലാഹുല്‍ ഉലൂം മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കുവാന്‍ ഒരു നിശാ പാഠശാല ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായതുകൊണ്ട് ഉടനെ ഒരു നിശാ പാഠശാല ഏര്‍പ്പെടുത്തിതരുവാന്‍ പൊന്നാനി താലൂക്ക് ബോര്‍ഡിനോട് ഈ യോഗം അപേക്ഷിക്കുന്നു''. (3)
സമസ്തയുടെ സ്ഥാപക നേതാവായിരുന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ 1924ല്‍ സ്ഥാപിച്ച സമസ്തയുടെ പ്രഥമ സ്ഥാപനം ഇംഗ്ലീഷ് അനിവാര്യമാണെന്നു അക്കാലത്ത് ആവശ്യപ്പെട്ടതിന് ചരിത്രം സാക്ഷി. എന്നിട്ടും സുന്നികള്‍ ഇംഗ്ലീഷ് വിരോധികളായി ചിത്രീകരിക്കപ്പെടുന്നത് അത്ഭുതം തന്നെ. എന്നാല്‍ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ചില പണ്ഡിതന്മാര്‍ ഇംഗ്ലീഷ് ഭാഷയെ എതിര്‍ത്തിരുന്നുവെന്നത് ശരിയാണ്. അവരില്‍ സുന്നികളും അല്ലാത്തവരും ഉണ്ടായിരുന്നു. ഒരു പ്രത്യേക ഭാഷയോടുള്ള വിരോധം കൊണ്ടല്ല അത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പേരില്‍ ക്രൈസ്തവ സംസ്‌കാരം മുസ്‌ലിം മനസ്സുകളില്‍ കുത്തിവെക്കാനും മുസ്‌ലിംകളെ പാശ്ചാത്യന്‍ അടിമകളാക്കാനും ബ്രിട്ടീഷുകാര്‍ ശ്രമിച്ചപ്പോള്‍ സ്വത്വ സംരക്ഷണത്തിനു വേണ്ടി അവര്‍ സായിപ്പിന്റെ ഭാഷയെ ബഹിഷ്‌കരിച്ചുവെന്നു മാത്രം.
ബ്രിട്ടീഷുകാരുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ് ബാബിംഗ്ടണ്‍ മെക്കാളെ 1835 ഫെബ്രുവരി 15ന് എഴുതിയ മിനുട്‌സ് വ്യക്തമാക്കുന്നു: ''നാം ഭരിക്കുന്ന അനേക ദശലക്ഷം ജനങ്ങളുമായി നമുക്ക് സുഗമമായും സമ്പുഷ്ടമായും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിന് ഉപകരിക്കുന്ന ഒരു വര്‍ഗത്തെ നാം രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. ആ വര്‍ഗം രക്തത്തിലും നിറത്തിലും ഇന്ത്യകാരനാണെങ്കിലും അഭിരുചിയിലും അഭിപ്രായത്തിലും നമ്മളെപോലെയാകണം'' മിനുട്‌സ്, ഗവര്‍ണര്‍ ജനറലായിരുന്ന വില്യം ബെന്റിക് പ്രഭു അംഗീകരിക്കുകയും മിനുട്‌സില്‍ പ്രകടിതമായിരുന്ന അഭിപ്രായങ്ങളുമായി പൂര്‍ണമായി യോജിക്കുന്നുവെന്നു രേഖപ്പെടുത്തുകയും ചെയ്തു.'' (4)
''നമ്മുടെ അഭിപ്രായങ്ങളെ നമ്മള്‍ ഭരിക്കുന്ന അനേകലക്ഷം ആളുകള്‍ക്ക് വ്യാഖ്യാനിച്ചു കൊടുക്കാന്‍ കഴിവുള്ള ഒരു വര്‍ഗത്തെ സൃഷ്ടിക്കാന്‍ നാം ഇപ്പോള്‍ കഴിയുന്നതെല്ലാം ചെയ്യണം. ആ വര്‍ഗം രക്തത്തിലും നിറത്തിലും ഇന്ത്യക്കാരായിരിക്കും. പക്ഷേ, അഭുരിചിയിലും അഭിപ്രായങ്ങളിലും സാന്മാര്‍ഗിക ബോധത്തിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായിരിക്കും.'' (5)
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ബ്രിട്ടീഷ് ഭക്തരും പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെ അടിമകളുമായ ഒരു വര്‍ഗത്തെ സൃഷ്ടിച്ചെടുക്കാന്‍ സാമ്രാജ്യത്വം ലക്ഷ്യമിട്ടു. പ്രസ്തുത ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടാണ് സര്‍ സയ്യിദ് അഹ്‌മദ് ഖാനെ (1817-1898) പോലുള്ളവര്‍ക്ക് ബ്രിട്ടീഷ് സര്‍വ്വസഹായങ്ങളും ചെയ്തുകൊടുത്തത്. സര്‍ സയ്യിദിലൂടെ മുസ്‌ലിംകളെ പാശ്ചാത്യവത്കരിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. അതുകൊണ്ട് തന്നെയാണ് സര്‍സയ്യിദും അദ്ദേഹത്തിന്റെ അലിഗഡ് പ്രസ്ഥാനവും എതിര്‍ക്കപ്പെട്ടതും. മുസ്‌ലിംകളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതില്‍ കവിഞ്ഞ് അവരെ ബ്രിട്ടീഷ് ഭക്തരും പടിഞ്ഞാറിന്റെ അടിമകളുമാക്കി മാറ്റുക എന്ന അജണ്ട 1875 മെയ് 24ന് സ്ഥാപിതമായ അലീഗഡ് യൂനിവേഴ്‌സിറ്റിക്കു പിന്നിലുണ്ടായിരുന്നു. ഈ വസ്തുത പണ്ഡിറ്റ് നെഹ്‌റു സാക്ഷ്യപ്പെടുത്തുന്നതിങ്ങനെ: ''താന്‍ സ്ഥാപിച്ച അലിഗര്‍ കോളേജിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയിലെ മുസല്‍മാന്‍മാരെ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ യോഗ്യരും പ്രയോജനമുള്ളവരുമായ പ്രജകളാക്കുകയാണ്.''(6)
ആദ്യകാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പല മുസ്‌ലിംകളും നിരീശ്വര വാദികളും പാശ്ചാത്യന്‍ അടിമകളുമായി മാറിയത്, ഇംഗ്ലീഷ് ഭാഷക്കെതിരെയുള്ള നിലപാട് ശക്തമാക്കാന്‍ മതപണ്ഡിതന്മാരെ പ്രേരിപ്പിച്ചു. അലിഗര്‍ പോലുള്ള കലാലയങ്ങളില്‍ നിന്നു പുറത്തുവരുന്ന മുസ്‌ലിം നാമധാരികള്‍ മതത്തെ തള്ളിപ്പറഞ്ഞത്, ഇംഗ്ലീഷ് വിദ്യാഭ്യാസം മുസ്‌ലിംകളെ വഴിതെറ്റിക്കുന്നുവെന്ന ആശങ്കക്ക് ശക്തിപകര്‍ന്നു. ഇതേക്കുറിച്ച്'പ്രബോധനം' എഴുതുന്നു: ''അലിഗഡ് പാശ്ചാത്യ ചിന്തയുടെ പ്രചാരണ കേന്ദ്രമായിരുന്നു. ആദ്യകാലത്ത് അലിഗഡ് പുറത്തുവിട്ട പലരും ഒരു ആംഗ്ലോ മുഹമ്മദന്‍ വര്‍ഗമായിരുന്നു. അവരില്‍ പലരും നിരീശ്വര നിര്‍മിത പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരായിതീര്‍ന്നു. അക്കാലത്ത് കമ്യൂണിസത്തിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ സംഭാവന ചെയ്ത മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനം അലിഗഡ് ആയിരുന്നു. അലിഗഡ് പുറത്തുവിട്ട അഭ്യസ്ത വിദ്യരോ, മുസ്‌ലിംകള്‍ അറബി അക്ഷരങ്ങള്‍ക്കു പകരം റോമന്‍ ലിപി സ്വീകരിക്കണമെന്നു വരെ അഭിപ്രായപ്പെട്ടു.'' (7)
ഒരു കാലത്ത് ഇംഗ്ലീഷ് അഭ്യസിച്ചവര്‍ ഇസ്‌ലാമിനെ തള്ളിപ്പറയാനും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ശബ്ദിക്കാനും ശ്രമിച്ചു എന്നത് നേര്. അത്തരമൊരു ഘട്ടത്തില്‍ ഉമ്മത്തിന്റെ തനിമയും ഐഡന്റിറ്റിയും സംരക്ഷിക്കാന്‍ ആ ഭാഷ അഭ്യസിക്കുന്നത് നിരുത്സാഹപ്പെടുത്തുകയായിരുന്നു പണ്ഡിതന്മാര്‍ക്കു മുന്നിലുണ്ടായിരുന്ന മാര്‍ഗം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പേരില്‍ മുസ്‌ലിംകളെ ക്രൈസ്തവ വത്കരിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചപ്പോള്‍ അത് ഹറാമാണെന്നും നരകത്തിലെ ഭാഷയാണെന്നും അന്നത്തെ ചില പണ്ഡിതന്മാര്‍ക്ക് പറയേണ്ടിവന്നു. ചരിത്രകാരനായ കെ.എം. പാണ്ഡെ എഴുതുന്നു: ''ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ബ്രിട്ടീഷ് ഭരണത്തോട് കൂറുള്ള പ്രജകളെ സൃഷ്ടിക്കാമെന്ന് മാത്രമല്ല, അവരില്‍ ക്രിസ്തുമതം വിശ്വസിക്കാനുള്ള തൃഷ്ണയുണ്ടാക്കാമെന്നും അങ്ങനെ ബ്രിട്ടീഷ് ഭരണം ഭദ്രമാക്കാമെന്നും മെക്കാളെ പ്രഭു വാദിക്കുകയും ബന്റിക് പ്രഭുവിനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.''(8)
ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉമ്മത്തിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാനുള്ള മാധ്യമമായിത്തീര്‍ന്നപ്പോള്‍, ദുനിയാവിനെക്കാള്‍ ആഖിറത്തിന് പ്രാധാന്യം നല്‍കിയ പണ്ഡിതന്മാരില്‍ പലരും ഇംഗ്ലീഷിനെ എതിര്‍ത്തത് ശരിയാണ്. ഒരു ഭാഷയോടുള്ള പ്രത്യേക വിരോധമായിരുന്നില്ല അതിന്റെ കാരണമെന്ന് വ്യക്തം. മുസ്‌ലിംകള്‍ക്ക് ഒരു പ്രത്യേക ഭാഷയോടും വിരോധമില്ലെന്നതിന് ഇന്ത്യന്‍ ചരിത്രം തന്നെയാണ് സാക്ഷി. സംസ്‌കൃതത്തിന്റെ വാഴ്ചയില്‍ നിന്ന് സ്വതന്ത്രമായി ഇന്ത്യയിലുടനീളം പ്രാദേശിക ഭാഷകള്‍ വളര്‍ന്നതും പ്രോത്സാഹിപ്പിക്കപ്പെട്ടതും രാജ്യം മുസ്‌ലിം ഭരണത്തിനു കീഴിലായപ്പോഴാണ്. (ടി.കെ. ഗംഗാധരന്റെ പൂര്‍വ്വാധുനിക ഇന്ത്യ സമൂഹ രൂപീകരണം പേ: 341-342 കാണുക).
സാമ്രാജ്യത്വത്തോട് സന്ധിയില്ലാ സമരം ചെയ്തിരുന്ന ഒരു ജനത സായിപ്പിന്റെ ഭാഷയെപ്പോലും വെട്ടിപ്പിടുത്തത്തിന്റെ ആയുധമായി കണ്ടു. അതിനെ ബഹിഷ്‌കരിച്ചു. ഇംഗ്ലീഷിനെ ചൂഷണ മാധ്യമമാക്കി മാറ്റിയ അധിനിവേശ തന്ത്രത്തിനു ബദലായി മറ്റു മാര്‍ഗ്ഗം കണ്ടെത്താന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചില്ല. എല്ലാം തട്ടിയെടുത്ത സാമ്രാജ്യത്വ സേനക്കെതിരെ സര്‍വ്വതും മറന്നുപോരാടുന്ന സമൂഹം, അവരുടെ ഭാഷ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നു ചിന്തിക്കാതിരിരിക്കുന്നത് സ്വാഭാവികം. ഒരു ബദല്‍ രേഖയുടെ അഭാവം പിന്നീട് മുസ്‌ലിംകളെ ഭൗതികമായി പിന്നിലാക്കിയെങ്കിലും പ്രസ്തുത നിഷേധാത്മക നിലപാട്, ഉമ്മത്തിനെ പാശ്ചാത്യവത്കരണത്തില്‍ നിന്നും മതവിരുദ്ധ ചിന്തകളില്‍ നിന്നും സംരക്ഷിച്ചു എന്നു പറയാതിരുന്നുകൂടാ.
ഏതാണ്ട് ഇതുപോലുള്ള കാരണങ്ങള്‍ കേരളീയ പണ്ഡിതന്മാര്‍ ആര്യനെഴുത്തെന്ന പേരില്‍ മലയാളം ഹറാമാക്കി എന്ന ആരോപണത്തിനു പിന്നിലും കാണാം. അറബി മലയാളമെന്ന സമ്പന്നവും പുഷ്‌ക്കലവുമായ ഒരു ഭാഷ മാപ്പിള സമൂഹത്തിന് സ്വന്തമായി ഉണ്ടായിരിക്കെ, സംസ്‌കൃതത്തിന്റെ അധിനിവേശത്തിനിരയായ മലയാളത്തെ അവര്‍ കൂടുതലൊന്നും ഉള്‍കൊണ്ടില്ല. ച്ചാരണ വൈകല്യങ്ങളില്ലാത്തതും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നേര്‍ പകര്‍പ്പുമായ ഒരു ലിപിയെ എന്തിനു മാറ്റി നിറുത്തണം എന്നവര്‍ ചിന്തിച്ചിട്ടുണ്ടാകാം. അറക്കല്‍ രാജകുടുംബം കേരളം വാണിരുന്നെങ്കില്‍ കേരളത്തിന്റെ പൊതു ഭാഷ തന്നെ അറബി മലയാളമാകുമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയതാണ്. ഇത്രയും സമ്പന്നവും സമര സാഹിത്യങ്ങളുടെ സ്രോതസ്സുമായ അറബി മലയാളത്തെ നശിപ്പിച്ച് ഇവിടെ സംസ്‌കൃതാധിപത്യമുള്ള മലയാളം കൊണ്ടുവരണമെന്നുള്ളത് ഇവിടുത്തെ സവര്‍ണ തമ്പുരാക്കന്മാരുടെ ആവശ്യമയിരുന്നു. അതിനുവേണ്ടി അവര്‍ പല തന്ത്രങ്ങളും ഉപയോഗിച്ചു. ഭരണകൂടത്തിന്റെ പിന്തുണയോടെ അവര്‍ ഉപയോഗിച്ച കുതന്ത്രങ്ങള്‍ക്കു മുമ്പില്‍ സമുദായത്തിനു പിടിച്ചുനില്‍ക്കാനായില്ലെന്നു മാത്രം.
ഇങ്ങനെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നേര്‍രേഖയായി നിന്നിരുന്ന ഭാഷകളെ കൊല ചെയ്ത് എതിരാളികള്‍ അവിടെ മതേതര ഭാഷ കൊണ്ടുവന്നതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം. 1924 വരെ തുര്‍ക്കിയില്‍ നിലനിന്നിരുന്ന അറബി-തുര്‍ക്കി നിരോധിച്ച് മുസ്തഫാ കമാല്‍ അത്താതുര്‍ക്ക് (1881-1938) പകരം ലാറ്റിന്‍ ലിപി കൊണ്ടുവന്ന് മുസ്‌ലിംകളെ മുഴുവന്‍ ഒരു നിമിഷംകൊണ്ട് നിരക്ഷരരാക്കി മാറ്റിയത് ഒടുക്കത്തെ ഉദാഹരണം. ഈ തന്ത്രം തന്നെയാണ് സാമ്രാജ്യത്വം ഇവിടെ പരീക്ഷിച്ചതും. ഇതു തിരിച്ചറിയാന്‍ സമുദായത്തിനു സാധിച്ചില്ലെന്നു മാത്രം. പാരമ്പര്യ പണ്ഡിതന്മാര്‍ മാത്രമല്ല ഇവിടെ അറബി മലയാളത്തിന്റെ പ്രചാരകരായി രംഗത്തുണ്ടായിരുന്നത്. മത നവീകരണ പ്രസ്ഥാനങ്ങളുടെ പഴയ രേഖകളെല്ലാം അതിനു സാക്ഷിയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന 'സമസ്ത' ഒരിക്കലും മലയാളത്തെ ആര്യനെഴുത്തെന്നു വിമര്‍ശിച്ച് പഠിക്കല്‍ ഹറാമാണെന്ന് പറഞ്ഞിട്ടില്ല എന്നത് പ്രത്യേകം സ്മരണീയമാണ്. മലയാള പഠനത്തിന് പ്രത്യേകം സൗകര്യം ചെയ്തുതരാന്‍ 1928ല്‍ താനൂര്‍ ഇസ്വ്‌ലാഹ് പ്രമേയം കൊണ്ടുവന്നത് മുമ്പ് ഉദ്ധരിച്ചല്ലോ.
ഖിലാഫത്തും സ്വാതന്ത്ര്യ സമരവും
1933 മാര്‍ച്ച് 5-ാം തിയ്യതി ഫറോക്കില്‍ ചേര്‍ന്ന 'സമസ്ത'യുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനെതിരെ പ്രമേയം കൊണ്ടുവരികയും ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തുവെന്നതാണ് എതിരാളികള്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒരു വലിയ ആരോപണം. ഒരു പ്രത്യേക സാഹചര്യത്തില്‍ കൊണ്ടുവന്ന ഒരു പ്രമേയം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി സമസ്തക്കാര്‍ കോണ്‍ഗ്രസ് വിരോധികളും ബ്രിട്ടീഷ് അനുകൂലികളുമാണെന്ന് പ്രചരിപ്പിക്കുകയാണീ കൂട്ടര്‍. ഇംഗ്ലീഷ് പഠിക്കല്‍ ഹറാമാണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന സമസ്തക്കാര്‍ തന്നെ, ഇംഗ്ലീഷുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും അവരെ അംഗീകരിക്കുകയും ചെയ്തു എന്ന് ആരോപിക്കുന്നതിലെ വൈരുദ്ധ്യം വിമര്‍ശകര്‍ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു.
കേരളത്തിലെ ഉലമാക്കള്‍ എക്കാലത്തും സ്വീകരിച്ച ശൈലി, പോരാട്ടവും നിസ്സഹകരണവും അനിവാര്യമായയിടത്ത് അതുപയോഗിക്കുകയും അല്ലാത്തയിടത്ത് പരമാവധി വിട്ടുവീഴ്ഛ ചെയ്തു സഹകരണത്തോടെ മുന്നോട്ടുപോവുകയുമാണ്. മഖ്ദൂമുമാരും മമ്പുറം തങ്ങളും ഉമര്‍ ഖാളിയും കൊളുത്തി വെച്ചത് അത്തരമൊരു മാതൃകയാണ്. അതുകൊണ്ട് തന്നെ അവരുടെ പിന്‍മുറക്കാരായ സമസ്തക്കാരും കാലഘട്ടത്തിന്റെ ആവശ്യകതയും പരിസരങ്ങളുടെ വെല്ലുവിളിയും മാനിച്ചു അവരുടെ ശൈലി പിന്തുടര്‍ന്നു. അതുകൊണ്ടുതന്നെ സമസ്തയുടെ കോണ്‍ഗ്രസ് വിരുദ്ധ പ്രമേയം സാമ്രാജ്യത്വ ദാസവേലയുടെ അടയാളമോ കേരള മുസ്‌ലിം പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിയാനമോ ആയി ചിത്രീകരിക്കാവതല്ല. അത് ചരിത്ര വസ്തുതകള്‍ളെ നിഷേധിക്കലാണ്. സമസ്തയുടെ നേതാക്കളില്‍ പലരും, ഫറോക്ക് സമ്മേളനത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ പ്രമേയം കൊണ്ടുവന്നവരടക്കം 1921ലെ പോരാട്ട വീഥിയില്‍ ശക്തമായി നിലകൊണ്ടവരാണ്. താനൂര്‍ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന ആമിനുമ്മാന്റകത്തു പരീക്കുട്ടി മുസ്‌ലിയാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ രചിച്ച 'മുഹിമ്മാത്തുല്‍ മുഅ്മിനീന്‍' എന്ന ഗ്രന്ഥം കൈവശം വെച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരാണ് ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ സുന്നി പണ്ഡിതന്മാര്‍. ഫറോക്കില്‍ കോണ്‍ഗ്രസ് വിരുദ്ധ പ്രമേയം കൊണ്ടുവന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ബ്രിട്ടീഷ് അനുകൂലികളുടെ നാട്ടിലെ ജോലി രാജിവെക്കുകയും സമരത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് എന്നത് ഇവിടെ പ്രത്യേകം സ്മരണീയമാണ്. പിന്നെ ഏത് പശ്ചാത്തലത്തിലാണ് സമസ്ത കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചത്? പരിശോധിക്കാം.
1885ല്‍ ബ്രിട്ടീഷുകാരനായ അലന്‍ ഒക്‌റ്റോവിയന്‍ഹ്യൂം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ജന്മം നല്‍കിയതു മുതല്‍ സുരേന്ദ്രനാഥ് ബാനര്‍ജിയുടെ ആഗമനം വരെ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് മുസ്‌ലിംകളെ ക്ഷണിച്ചിരുന്നില്ല. പൂര്‍ണമായും അവഗണിക്കുകയായിരുന്നു. 1907ലെ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് ആദ്യമായി മുസ്‌ലിംകള്‍ക്കു വേണ്ടി ശബ്ദിച്ചത്. 1910ലാണ് കോണ്‍ഗ്രസ് മലബാറിലെത്തുന്നത്. 1915ന് ശേഷം മിസിസ് ആനിബസന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനം വഴി പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി. ആയിടക്കാണ് ഒന്നാം ലോക മഹായുദ്ധത്തില്‍ പരാജയപ്പെട്ട തുര്‍ക്കി ഖിലാഫത്തിനെ നശിപ്പിക്കാന്‍ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ രംഗത്തിറങ്ങിയത്. സ്വാഭാവികമായും ഖിലാഫത്തിന്റെ സംരക്ഷണത്തിനു മുസ്‌ലിം നേതാക്കള്‍ രംഗത്തിറങ്ങി. കോണ്‍ഗ്രസുമായി വിട്ടുനില്‍ക്കുന്ന മുസ്‌ലിം സമുദായത്തെ അതിലേക്ക് ആകര്‍ഷിക്കാന്‍ പറ്റിയ അവസരമാണതെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ്, ഖിലാഫത്ത് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഖിലാഫത്ത് വളണ്ടിയര്‍മാരും ചേര്‍ന്ന് ബ്രിട്ടനെതിരെ സമരം ശക്തമാക്കി. മലബാറില്‍ അതൊരു കലാപമായി ആളിപ്പടരുകയും സര്‍ക്കാറിന് നിരവധി നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. അതോടെ ബ്രിട്ടീഷുകാര്‍ ശക്തമായി തിരിച്ചടിച്ചു. കലാപത്തിനു മുന്നില്‍ നിന്ന മാപ്പിളമാരെ ക്രൂരമായി വേട്ടയാടി. എഴുപതിനായിരത്തിലധികം മുസ്‌ലിംകളാണതില്‍ മരിച്ചത്.
ഈ പ്രതിസന്ധി വേളയില്‍ മാപ്പിളമാരുടെ കൂടെ നില്‍ക്കേണ്ട കോണ്‍ഗ്രസ്, കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി. ഖിലാഫത്തിന്റെ പേരില്‍ മുസ്‌ലിംകളെ രംഗത്തിറക്കിയ കോണ്‍ഗ്രസുകാര്‍, കലാപത്തെ വര്‍ഗീയ വത്കരിക്കാനും മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും ഒറ്റുകൊടുക്കാനുമാണ് പിന്നീട് ശ്രമിച്ചത്. കലാപാനന്തരം മുസ്‌ലിംകളെ ബ്രിട്ടീഷുകാര്‍ വേട്ടയാടിയ രീതിയും കോണ്‍ഗ്രസുകാര്‍ക്ക് നല്‍കിയ സംരക്ഷണവും പിന്നീടതിനെ ഹിന്ദു-മുസ്‌ലിം സംഘട്ടനമാക്കി ചിത്രീകരിക്കാനുള്ള കോണ്‍ഗ്രസുകാരുടെ ശ്രമവും അവരുടെ വഞ്ചനാപരമായ നിലപാട് വ്യക്തമാക്കി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരില്‍ ഒപ്പംകൂടി സൗഹൃദം നടിച്ച് ക്രൂരമായി വഞ്ചിച്ച കോണ്‍ഗ്രസിന്റെ പ്രസ്തുത നിലപാട് കലാപാനന്തര ഘട്ടങ്ങളില്‍ നിരവധി നഷ്ടങ്ങളാണ് മുസ്‌ലിംകള്‍ക്കുണ്ടാക്കിയത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഫറോക്കില്‍ സമസ്തയുടെ ആറാം സമ്മേളനം നടന്നതും മുസ്‌ലിംകള്‍ കോണ്‍ഗ്രസില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന ആഹ്വാനമുയര്‍ന്നതും.
ചരിത്രകാരനായ ഡോ. കെ.കെ.എന്‍ കുറുപ്പ് ഈ സംഭവത്തെ നിരീക്ഷിക്കുന്നതിങ്ങനെ: ''കലാപം വരുത്തിയ ദുരന്തത്തിന്റെ സിംഹഭാഗവും ഏറ്റെടുക്കേണ്ടിവന്നത് മാപ്പിളമാരായ സമൂഹത്തിനായിരുന്നു. വമ്പിച്ച ആള്‍നാശവും സ്വത്തുനാശവും യാതനകളും അവര്‍ക്കനുഭവിക്കേണ്ടിവന്നു. അനേകമനേകം കുടുംബങ്ങള്‍ അനാഥരായി. സാമൂഹികമായ പുനര്‍നിര്‍മാണത്തിനുവേണ്ടിയുള്ള സംഘടിതമായ ഒരു പ്രവര്‍ത്തനത്തിന് ഇവിടെ ഗവണ്‍മെന്റോ, നാഷണ്‍ കോണ്‍ഗ്രസോ മറ്റു സംഘടനകളോ, മുമ്പോട്ടു വന്നില്ല. അതിനാല്‍ കലാപം നടന്ന ഗ്രാമങ്ങളിലെ ദാരിദ്ര്യം കൂടുതല്‍ വര്‍ദ്ധിച്ചുവരികയും ഇന്നും ഈ പ്രദേശങ്ങള്‍ ദരിദ്ര ജനലക്ഷങ്ങളുടെ ആവാസ കേന്ദ്രമായി തുടരുകയും ചെയ്യുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നാഷണല്‍ കോണ്‍ഗ്രസ്, നിസ്സഹകരണ ഖിലാഫത്ത് പ്രസ്ഥാനങ്ങളെ സംഘടിപ്പിക്കുകയും അതിനുവേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്ത പശ്ചാത്തലമാണ് കലാപമുണ്ടാക്കിയതെന്നു മാപ്പിളമാര്‍ വിശ്വസിച്ചത് തികച്ചും നീതീകരണമര്‍ഹിക്കുന്നു. പക്ഷേ, നൈസര്‍ഗ്ഗികമായ സായുധ കലാപത്തില്‍ കലാശിച്ചതിനാല്‍ ഇതിന്റെ ഉത്തരവാദിത്വം പിന്നീട് കോണ്‍ഗ്രസ് തന്നെ നിഷേധിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെപ്പോലുള്ള ഒരു വലിയ പ്രസ്ഥാനത്തിനു നിരക്കാത്ത ഖേദകരമായ തീരുമാനമായിട്ടാണിതിനെ ചരിത്രകാരനായ ആര്‍.സി. മജുംദാര്‍ വിലയിരുത്തിയത്. അതിനാല്‍ ക്രമേണ തെക്കെ മലബാറിലെ മാപ്പിള സമൂഹം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തില്‍ നിന്നും വിട്ടൊഴിഞ്ഞുനിന്നു.'' (9)
സര്‍വ്വതും നഷ്ടപ്പെട്ട ഈ സമുദായത്തെ പ്രതിസന്ധി വേളയില്‍ കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് ഇവിടെ എന്ന് വ്യക്തം. ഇത്തരമൊരു ഘട്ടത്തില്‍ അവരോട് സഹകരിക്കല്‍ തീര്‍ത്തും ആത്മഹത്യാപരമായിരുന്നു. ഹിന്ദു മഹാസഭ പോലുള്ള സവര്‍ണ്ണ പ്രസ്ഥാനങ്ങള്‍ കോണ്‍ഗ്രസില്‍ സ്വാധീനം നേടുകയും ഹിന്ദുത്വ വര്‍ഗീയത ആളിക്കത്തിക്കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. മുസ്‌ലിം വികാരത്തെ വൃണപ്പെടുത്തുന്ന 'വന്ദേമാതരം' അക്കാലത്ത് കോണ്‍ഗ്രസ് വേദികളില്‍ വ്യാപകമായി ആലപിക്കപ്പെട്ടു. ഈ സമയത്ത് കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സമൂഹത്തില്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനേ ഇടവരുത്തൂ എന്ന് ദീര്‍ഘദൃഷ്ടിയുള്ള നമ്മുടെ പണ്ഡിതന്മാര്‍ തിരിച്ചറിഞ്ഞു. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളോടുള്ള ഭരണകൂടത്തിന്റെ എതിര്‍പ്പും അക്രമവും ഇല്ലാതെയാക്കി സമൂഹത്തിനു സുരക്ഷിത ബോധം നല്‍കലായിരുന്നു അന്നത്തെ മുഖ്യ ആവശ്യം. ആ ആവശ്യം മുന്നില്‍ കണ്ടുകൊണ്ടാണ് സമസ്തയുടെ ഫറോക്ക് പ്രമേയം അവതരിപ്പിച്ചതെന്ന് പ്രമേയത്തിലെ വരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായ നിരവധി പണ്ഡിതന്മാര്‍ ചേര്‍ന്നാണ് പ്രമേയം പാസാക്കിയത് എന്നത് കോണ്‍ഗ്രസ് സമുദായത്തോട് ചെയ്ത അനീതിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് പട്ടാളത്തിന്റെ അടിവാങ്ങാന്‍ ഒരു കൂട്ടരും അതിന്റെ ഫലം ആസ്വദിക്കാന്‍ മറുവിഭാഗവും തയ്യാറായ ഒരു ഘട്ടത്തില്‍ 'സമസ്ത' എടുത്ത തീരുമാനം തികച്ചും പ്രസക്തമായിരുന്നു. പിന്നീട് മലബാര്‍ മുസ്‌ലിംകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ടു.
മുപ്പത്തിമൂന്നിലെ ഫറോക്ക് പ്രമേയം ചൂണ്ടിക്കാട്ടി സമസ്തയില്‍ സാമ്രാജ്യത്വ ദാസ്യം ആരോപിക്കുന്നവര്‍ വസ്തുതകളെയും സാഹചര്യങ്ങളെയും മനസ്സിലാക്കാതെ വിമര്‍ശിക്കുകയാണ്. കോണ്‍ഗ്രസിനെ എതിര്‍ക്കാനുണ്ടായ കാരണം വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്ന ഫറോക്കിലെ പന്ത്രണ്ടാം പ്രമേയത്തില്‍ തന്നെയുണ്ട്. അതിങ്ങനെ: സാധുക്കളും നിരപരാധികളുമായ കേരള മുസ്‌ലിമീങ്ങളെ കോണ്‍ഗ്രസ് കക്ഷിക്കാര്‍ അവരുടെ ഉദ്യേശ നിര്‍വഹണത്തിനായി ഖിലാഫത്ത് കമ്മറ്റിയെന്ന പേരും പരസ്യം ചെയ്തു അവരുടെ മായാ വലയത്തില്‍പ്പെടുത്തുകയും അവിവേകികളും പാമരമന്മാരുമായ മുസ്‌ലിമീങ്ങളെ മുമ്പിലേക്കു തള്ളി കക്ഷിവഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളില്‍ വമ്പിച്ച ലഹള നടന്നതിന്റെ ഫലമായി എത്രയോ അനവധി മുസ്‌ലിം സഹോദരങ്ങള്‍, തോക്കിനിരയാവുകയും ജയില്‍ ശിക്ഷക്കു കാരണഭൂതരാവുകയും ചെയ്തുവല്ലോ'.
കോണ്‍ഗ്രസിനെ എതിര്‍ക്കണമെന്നും ഭരണകൂടവുമായി സഹകരിക്കണമെന്നും സമസ്ത പറയാനുണ്ടായ കാരണമിതാണ്. 1921 ലെ സമരത്തിനു മുന്നില്‍ നില്‍ക്കുകയും അക്കാരണത്താല്‍ ഗവണ്‍മെന്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്ത ത്രിമൂര്‍ത്തികളിലൊരാളായ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരാണ് നിയമ ലംഘനത്തിനെതിരെയുള്ള പതിനൊന്നാം പ്രമേയത്തിന്റെ അവതാരകനും കോണ്‍ഗ്രസിനെതിരെയുള്ള പന്ത്രണ്ടാം പ്രമേയത്തിന്റെ അനുവാദകനും. അത്തരമൊരു നിലപാടിലേക്ക് സമസ്തയെ നയിച്ചത് ഇരുത്തി ഒന്നിനും മുപ്പത്തി മൂന്നിനും ഇടക്കുള്ള കുഴഞ്ഞു മറിഞ്ഞ അന്തരീക്ഷമായിരുന്നെന്ന് അതില്‍ നിന്നു തന്നെ വ്യക്തമാണ്.
1921 ലെ കലാപാന്തരം അരക്ഷിതാവസ്ഥയിലകപ്പെട്ട സമുദായത്തിനു സുരക്ഷിതത്വം നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി സമസ്തയുടെ പണ്ഡിതന്മാര്‍ കണ്ടു. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളോടുള്ള ഭരണകൂടത്തിന്റെ എതിര്‍പ്പും അക്രമവും ഇല്ലാതെയാക്കി സമൂഹത്തിനു സുരക്ഷിത ബോധം നല്‍കലായിരുന്നു ആ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമെന്ന് ഇരുപത്തിയൊന്നാനന്തര കാലത്തെ മാപ്പിളയെ തിരയുന്ന ആര്‍ക്കും തിരിയും. ആ ആവശ്യം മുന്നില്‍ കണ്ടുകൊണ്ടാണ് നിസ്സഹകരണം, നിയമലംഘനം പോലുള്ള അക്രമ ശൈലിയില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ഗവണ്‍മെന്റിനോട് സഹകരിക്കണമെന്നും സമസ്ത പറഞ്ഞത്. വികാരത്തെ അജണ്ടയാക്കുന്നതിനു പകരം വിവേകത്തിലേക്ക് വഴി നടത്തുകയെന്ന എക്കാലഘട്ടത്തിന്റെയും നവോത്ഥാന ദൗത്യമാണിവിടെ സമസ്ത ചെയ്തത്.
ഫറോക്ക് പ്രമേയത്തിന്റെ പേരില്‍ സമസ്തയെ ക്രൂശിക്കുന്നവര്‍ തങ്ങളുടെ സാമ്രാജ്യത്വ ദാസ്യം മറച്ചുവെക്കാന്‍ പാടുപെടുകയാണ് പലപ്പോഴും. സര്‍വ്വ രാജാക്കന്മാരുടെ പ്രജകളെക്കാളും സുഖം അനുഭവിക്കുന്നവരാണ് ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ നമ്മളെന്നു എഴുതിവെച്ച (10) സനാഉല്ലാ മക്തി തങ്ങളെ (1847- 1912)ഇസ്വലാഹീ മണ്ഡലത്തിലെ അറിയപ്പെടുന്ന ആദ്യത്തെ കേരളീയ പണ്ഡിതന്‍(11) എന്നു വിശേഷിപ്പിച്ചവരാണ് സമസ്തയെ ചെളിവാരിയെറിയുന്നത്. ഇരുപത്തി ഒന്നിന്റെ തീക്ഷണ ഘട്ടത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിനു പിടികൊടുക്കാതെ സമരമുഖത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടിയ തിരൂരങ്ങാടി സ്വദേശി തയ്യില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാരെന്ന കെ.എം മൗലവിയാണ് ഐക്യസംഘത്തിനു ഊടും പാവും നല്‍കിയത്. (12) സ്വന്തം വിലാസത്തില്‍ പോലും തിരിമറി നടത്തുകയും പോരാട്ട വീഥിയില്‍ അണികളെ തനിച്ചാക്കി തിരുവിതാംകൂറിന്റെ നാട്ടുരാജ്യത്തേക്ക് കടന്നു കളയുകയും ചെയ്ത കെ.എം മൗലവിയുടെ നിലപാടില്‍ അപാകത കാണാത്തവര്‍ക്കെങ്ങനെ സമസ്തയുടെ തീരുമാനം അരോചകമാകും?
ആരോപകരുടെ ആചാര്യന്‍ എഴുതുന്നു: ചുരുക്കത്തില്‍ മലബാര്‍ ലഹള മുസ്‌ലിംകള്‍ക്ക് സംഭവിച്ച ചരിത്ര പരമായ വലിയൊരു തെറ്റായിരുന്നു എന്നാണ് എന്റെ ദൃഢമായ അഭിപ്രായം. തിരുത്താന്‍ കഴിയാതെ പോയ വിഢ്ഢിത്തം. ആത്മവീര്യവും രാജ്യസ്‌നേഹവും നിഷ്‌കളങ്കതയും ഹൃദയത്തില്‍ ഒത്തു ചേര്‍ന്നപാവപ്പെട്ട സമുദായത്തെ ബ്രിട്ടീഷുസൈന്യത്തിന്റെ തോക്കുകള്‍ക്കു മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ക്രൂരവും ഭീകരവുമായ വിഡ്ഢിത്വം. നീണ്ട പതിറ്റാണ്ടുകള്‍ക്കു ശേഷം ഈ ദുരന്തത്തിനിരയായവരുടെ കുടുംബാദികള്‍ക്ക് സര്‍ക്കാര്‍ എറിഞ്ഞു കൊടുത്ത പെന്‍ഷന്‍ കാശ് മിച്ചം!(13) മലബാര്‍ സമരം വലിയ തെറ്റും ക്രൂരവും ഭീകരവുമായ വിഡ്ഢിത്വവുമാണെന്ന് ഉമര്‍ മൗലവി വിളിച്ചു പറയുന്നതിനും എഴുപതാണ്ടുകള്‍ക്കപ്പുറം അതു തിരിച്ചറിയുകയും സമുദായത്തെ ആ അബദ്ധത്തില്‍ നിന്നും കരകയറ്റാന്‍ ശ്രമിക്കുകയും ചെയ്തതാണോ സമസ്തയുടെ കുറ്റം?
കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ് സമസ്തയുടെ ഫറോക്ക് പ്രമേയം. കോണ്‍ഗ്രസില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടുനിന്ന ഈ ഘട്ടത്തിലാണ് മലബാറില്‍ സാമുദായിക രാഷ്ട്രീയ പാര്‍ട്ടിക്ക് വേരോട്ടം ലഭിച്ചത്. സമസ്തയുടെ ആഹ്വാനം കേട്ടു സമുദായം കോണ്‍ഗ്രസില്‍ നിന്നും അകന്നു നിന്നതു മുതല്‍ ആരംഭിക്കുന്നു മലബാറിലെ സാമുദായി രാഷ്ട്രീയ മുന്നേറ്റം. തലശ്ശേരിയിലെ ചില വക്കീലുമാരിലും സേട്ടുമാരിലും ഒതുങ്ങി നിന്ന മുസ്‌ലിംലീഗ് അവിടെ നിന്നു തെക്കോട്ടൊഴുകാന്‍ സമസ്തയുടെ ഈ കോണ്‍ഗരസ് വിരുദ്ധത പച്ചക്കൊടി കാണിച്ചു. ആ തണലിലാണ് സാമുദായിത രാഷ്ട്രീയം ഉവിടെ പച്ചപിടിച്ചത്. സമസ്തയുടെ സ്ഥാപക നേതാവും ഫറോക്ക് സമ്മേളനത്തിലെ കോണ്‍ഗ്രസ് വിരുദ്ധ പ്രമേയങ്ങളുടെ അവതാരകനുമായിരുന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരെ പോലുള്ളവര്‍ പിന്നീട് മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെ നേതൃ പദവിയിലെത്തിയതും തിരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസിനെതിരെ ലീഗ് വേദികളില്‍ പ്രത്യക്ഷപ്പെട്ടതും ആ മുന്നേറ്റത്തിനു ഊര്‍ജ്ജം പകര്‍ന്നു. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിനെപോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് പിന്നീട് കോണ്‍ഗ്രസില്‍ ഉറച്ചു നിന്നത്. അവര്‍ക്കാകട്ടെ സമുദായത്തില്‍ സ്വാധീനം സൃഷ്ടിക്കാന്‍ സാധിച്ചതുമില്ല. കപട മതേതരത്വത്തിനു പകരം സാമുദായിക രാഷ്ട്രീയ ബോധം മുസ്‌ലിം കേരളത്തിന്റെ സവിശേഷതയായത് പ്രസ്തുത നിലപാടിന്റെ തുടര്‍ച്ചയായിട്ടാണ്. പിന്നീട് ഈ രാഷ്ട്രീയ പ്രബുദ്ധത ഉപയോഗിച്ച് സമുദായം സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കെല്ലാം മുസ്‌ലിംകള്‍ സമസ്തയോട് കടമപ്പെട്ടിരിക്കുന്നു; തീര്‍ച്ച.
സ്ത്രീ വിദ്യാഭ്യാസം
1930 മാര്‍ച്ച് 16-ാം തിയ്യതി മണ്ണാര്‍ക്കാട്ട് വെച്ചു നടന്ന 'സമസ്ത'യുടെ നാലാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് സ്ത്രീകള്‍ക്ക് കയ്യെഴുത്ത് പഠിപ്പിക്കേണ്ടതില്ലെന്നു പറഞ്ഞു എന്നതാണ് മറ്റൊരു ആരോപണം. ഒരു ആരോപണം മാത്രമുന്നയിക്കുകയും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെല്ലാം മറച്ചുവെക്കുകയുമാണ് വിമര്‍ശകര്‍ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമായി പ്രത്യേക മദ്‌റസകള്‍ സ്ഥാപിച്ച് അവരുടെ മതപരമായ വളര്‍ച്ചക്ക് ശക്തി പകര്‍ന്നവരാണ് സമസ്തയുടെ നേതാക്കള്‍. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മൗലാനാ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, മദ്‌റസത്തുല്‍ ബനാത്ത് എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു മദ്‌റസ സ്ഥാപിച്ചിരുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആദ്യകാലത്ത് അംഗീകാരം നല്‍കിയ രണ്ടാം നമ്പര്‍ മദ്‌റസയാണിതെന്നത് പ്രത്യേകം സ്മരണീയമാണ്.
എന്നാല്‍ സാക്ഷരതയുടെ പേരില്‍ സ്ത്രീ പൊതുരംഗത്തും ഓഫീസുകളിലും രാഷ്ട്രീയ വേദികളിലും പുരുഷന്മാരോടൊപ്പം പ്രത്യക്ഷപ്പെടുന്നത് 'സമസ്ത' എതിര്‍ത്തിട്ടുണ്ട്. സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ദൗത്യം കുടുംബ ഭരണമാണല്ലോ. ആയിശ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം: 'സ്ത്രീകളെ നിങ്ങള്‍ മാളിക മുകളില്‍ താമസിപ്പിക്കരുത്. അവര്‍ക്ക് എഴുത്ത് പഠിപ്പിക്കുകയുമരുത്. അവര്‍ക്ക് നൂല് നൂല്‍ക്കലും സൂറത്തുനൂറും പഠിപ്പിക്കുക' ഇത് ഹാക്കിം(റ) ഉദ്ധരിക്കുകയും ബൈഹഖി(റ) സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണ്. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പൊതുവേദിയിലും ജനമധ്യത്തിലും ഇറങ്ങിവന്ന് ഇടപെടാന്‍ വേണ്ടിയുള്ള എഴുത്തുകുത്തുകള്‍ സ്ത്രീ പഠിക്കുന്നതിനെ സമസ്തക്കാര്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ മുഖ്യ ദൗത്യമായ കുടുംബ ഭരണത്തിനു ഭംഗം വരുന്ന യാതൊന്നും ഉണ്ടാകരുതെന്നാണ് സമസ്തയുടെ നയം. അതുതന്നെയാണ് ഇസ്‌ലാം പറയുന്നതും.
ഈ വിഷയത്തില്‍ സമസ്തയെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മതനവീകരണ വാദികള്‍, മാതൃകയാക്കുകയും ഫണ്ടും പണവും സ്വീകരിക്കുകയും ചെയ്യുന്ന ഗള്‍ഫു സലഫികളുടെ നിലപാട് പരിശോധിക്കുന്നത് നല്ലതാണ്. അവിടെ വഹാബികള്‍ അടുത്തകാലത്ത് മാത്രമാണ് സ്ത്രീ വിദ്യാഭ്യാസം അനുവദിച്ചത്. എന്നിട്ടും കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി തുടങ്ങിയ ശാസ്ത്രീയ വിഷയങ്ങളും മറ്റു ഭൗതിക വിജ്ഞാനങ്ങളും സ്ത്രീകള്‍ അഭ്യസിക്കാന്‍ പാടില്ലെന്നാണ് അവര്‍ ഇപ്പോഴും പറയുന്നത്. പ്രൈമറി വിദ്യാലയങ്ങളില്‍ പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കാന്‍ പാടില്ലെന്നാണ് അവരുടെ നിലപാട്. അത്തരമൊരു വിഭാഗത്തെ സ്വീകരിച്ചാനയിക്കുകയും മാതൃകാ പുരുഷരെന്നു വാഴ്ത്തുകയും ചെയ്യുന്നവര്‍ക്ക് സമസ്തയെ വിമര്‍ശിക്കാന്‍ എന്താണര്‍ഹത?
മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളന സോവനീറിലെ (വയനാട്) പ്രഥമ ലേഖനം 'സലഫി' പണ്ഡിതനായ ഇബ്‌നു ബാസിന്റേതാണ്. അദ്ദേഹത്തിന്റെ ഫത്‌വകള്‍ ക്രോഡീകരിച്ച 'ഫതാവാ ഇസ്‌ലാമിയ' യില്‍ ഒരു ചോദ്യത്തിന് ഇബ്‌നുബാസ് നല്‍കിയ മറുപടി ശ്രദ്ധിക്കുക.
''ചോദ്യം: കെമിസ്ട്രി, ഫിസിക്‌സ് തുടങ്ങിയ ഭൗതിക ശാസ്ത്രീയ വിഷയങ്ങള്‍ ഒരു യുവതി പഠിക്കുന്നത് അനുവദനീയമാണോ?''
ഉത്തരം: ഒരു സ്ത്രീ അവള്‍ക്ക് അനാവശ്യമായ വിഷയങ്ങള്‍ പഠിക്കേണ്ട ആവശ്യമില്ല. അറബി ഭാഷ, ഇസ്‌ലാമിക പാഠങ്ങള്‍ തുടങ്ങിയ അവരുടെ പ്രകൃതിക്ക് അനുയോജ്യമായ വിഷയങ്ങള്‍ അവര്‍ പഠിക്കേണ്ടതാണ്. എന്‍ജിനീയറിംഗ്, രസതന്ത്രം, ഭൗതിക ശാസ്ത്രം, ഗോള ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയവയൊന്നും അവള്‍ക്ക് അനുയോജ്യമായവയല്ല.'' (14)
ബാലികാ ബാലന്മാരെ വ്യത്യസ്ത സ്ഥാപനങ്ങളിലും ക്ലാസുകളിലുമാണ് പ്രൈമറി പ്രായം മുതല്‍ തന്നെ പഠിപ്പിക്കേണ്ടതെന്നും ആണ്‍കുട്ടികള്‍ക്ക് വനിതകള്‍ അധ്യാപനം നടത്താന്‍ പാടില്ലെന്നും ഇബ്‌നുബാസ് തന്റെ അത്തബര്‍റുജ് വഖത്തുറുഹു (പുറത്തിറങ്ങലിന്റെ അപകടം) എന്ന കൃതി (പേ: 47)യില്‍ പറയുന്നുണ്ട്. ഇവരെയെല്ലാം ഇമാമുകളാക്കി വാഴ്ത്തുന്നവര്‍ എന്തിനാണ് സമസ്തയെ വിമര്‍ശിക്കുന്നത്?
വാസ്തവത്തില്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രചാരകര്‍. മുസ്‌ലിം സ്ത്രീകളെ വിദ്യ നല്‍കി 'പുറത്തിറക്കുക'യായിരുന്നു അവരുടെ ലക്ഷ്യം. ബ്രിട്ടീഷുകാരുമായി കൂടുതല്‍ അടുപ്പവും ബന്ധവും ഉണ്ടായതുകൊണ്ട് തന്നെ നമുക്കിടയിലെ മതനവീകരണ വാദികള്‍, സ്വാഭാവികമായും ബ്രിട്ടന്റെ സ്ത്രീ വിദ്യാഭ്യാസ പദ്ധതി ആദ്യം സ്വീകരിച്ചു. മറ്റുള്ളവര്‍ അല്‍പ്പം താമസിച്ചു എന്നു മാത്രം. മുജാഹിദ് സോവനീര്‍ രേഖപ്പെടുത്തുന്നു:
''കേരളത്തിലെ വിശിഷ്യാ മലബാറിലെ മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ആദ്യമായി ശ്രമിച്ചത് മുസ്‌ലിംകളുടെ ശത്രുക്കളായി വിശേഷിപ്പിക്കപ്പെടാറുള്ള ബ്രിട്ടീഷ് ഭരണമായിരുന്നു. ഇതൊരു വിരോധാഭാസമായി തോന്നാമെങ്കിലും ഒരു ചരിത്രസത്യമാണ്.''(11)
''1871 മുതല്‍ തന്നെ അവര്‍ മാപ്പിളമാരെ ആധുനിക വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാന്‍ പല നടപടികളും സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അതിന്റെ സദ്ഫലങ്ങള്‍ സ്ത്രീ വിദ്യാഭ്യാസ രംഗത്തും അനുഭവേദ്യമായി. 1913ല്‍ ഇന്ത്യാ ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കയച്ച ഒരു സര്‍ക്കുലറില്‍ 'പെണ്‍ പള്ളിക്കൂടങ്ങള്‍' സ്ഥാപിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.'' (15)
മദ്‌റസാ പ്രസ്ഥാനം
കേരളത്തില്‍ ആദ്യമായി മദ്‌റസകള്‍ക്കു തുടക്കം കുറിച്ചത് തങ്ങളാണെന്നും അക്കാലത്ത് സുന്നികള്‍ അതിനെ പരിഹസിക്കുകയും ജഹന്നമിലെ മീം എന്നു പറഞ്ഞു പേടിപ്പിക്കുകയും ചെയ്തതായി മതനവീകരണ പ്രസ്ഥാനങ്ങള്‍ വാദിക്കുന്നു. ഈ അവകാശവാദം ചരി്രതപരമായി തന്നെ പരിശോധിക്കാം.
പഴയ ഓത്തുപള്ളികള്‍ കാലികമായി പരിഷ്‌കരിക്കുകയും പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തപ്പോഴാണല്ലോ മദ്‌റസകള്‍ ഉണ്ടായത്. ബ്ലാക് ബോര്‍ഡ്, ബെഞ്ച്, ഡെസ്‌ക്, ബെല്ല്, സിലബസ്, ടൈംടേബ്ള്‍, പരീക്ഷ തുടങ്ങിയവ ഉള്‍പ്പെടുത്തി ആധുനിക മദ്‌റസാ സംവിധാനത്തിനു തുടക്കം കുറിച്ചത് ചാലിലകത്ത് കുഞ്ഞമ്മദ് ഹാജി (1886-1919) യാണ്. ഇത് എല്ലാവരും അംഗീകരിക്കുന്ന ചരിത്ര വസ്തുതയാണ്. എന്നാല്‍ ആരായിരുന്നു ചാലിലകത്ത്? ചിലര്‍ അദ്ദേഹം സുന്നി വിരുദ്ധനാണെന്ന് പ്രചരിപ്പിക്കുന്നു. വഹാബിസത്തിന്റെ കണ്ണിലെ കരടായ അല്ലാമാ സൈനീ ദഹ്‌ലാന്റെ ശിഷ്യന്‍ കോടഞ്ചേരി അഹ്‌മദ് കുട്ടി മുസ്‌ലിയാരും ബദ്ര്‍ മൗലിദിന്റെ കര്‍ത്താവായ വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുമാണ് ചാലിലകത്തിന്റെ ഗുരുനാഥന്മാര്‍. മയ്യഴി, വളപട്ടണം, പുളിക്കല്‍, വാഴക്കാട്, നല്ലളം, മണ്ണാര്‍ക്കാട് എന്നീ സ്ഥലങ്ങളില്‍ അദ്ദേഹം ദര്‍സ് നടത്തിയിട്ടുണ്ട്. ബെഞ്ച്, ഡസ്‌ക്, ചോക്ക്, ബോര്‍ഡ് തുടങ്ങിയവയുള്ള പരിഷ്‌കൃത മദ്‌റസക്ക് 1909ല്‍ വാഴക്കാട് തന്മിയത്തുല്‍ ഉലൂം മദ്‌റസയിലാണ് ചാലിലകത്ത് തുടക്കം കുറിച്ചത്. ഈ സ്ഥാപനം പിന്നീട് ദാറുല്‍ ഉലൂം എന്ന് അറിയപ്പെട്ടു. പ്രസ്തുത പരിഷ്‌കരണത്തിനു വേണ്ടി ചാലിലകത്തിനെ ക്ഷണിച്ചതാകട്ടെ ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാരും (സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഇദ്ദേഹത്തിന്റെ സഹോദര പൗത്രനാണ്). പ്രധാനാധ്യപകനായിരുന്ന ചെറുശ്ശേരി ആ സ്ഥാനം ചാലിലകത്തിനു നല്‍കുകയും രണ്ടാം അധ്യാപകനായി തുടരുകയും ചെയ്തു. ചാലിലകത്ത് ദാറുല്‍ ഉലൂം വിട്ടപ്പോള്‍ ചെറുശ്ശേരിയും അവിടുന്ന് മാറി.
ഈ സംഭവം 'പ്രബോധനം' വിവരിക്കുന്നതിങ്ങനെ: ''ചെറുശ്ശേരി അഹ്‌മദ് കുട്ടി മൗലവി വാഴക്കാട് മുദരിസായിരിക്കെയാണ് മൗലാനാ ചാലിലകത്ത് വാഴക്കാട്ടെത്തുന്നത്. കുഞ്ഞമ്മദാജിയുടെ പാണ്ഡിത്യത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന ചെറുശ്ശേരി അദ്ദേഹത്തെ വിളിക്കാന്‍ കൊയപ്പത്തൊടി മൊയ്തീന്‍ കുട്ടിഹാജിയെ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെ 1908 മുതല്‍ അദ്ദേഹം വാഴക്കാട്ട് മുദരിസായി''(16). ചാലിലകത്തിന്റെ പരിഷ്‌കരണ സംരംഭങ്ങളെ തുരങ്കം വെച്ചവരായിരുന്നെങ്കില്‍, സുന്നീ പണ്ഡിതന്മാര്‍ ആ പരിഷ്‌കരണത്തിനു നേതൃത്വം നല്‍കാന്‍ ചാലിലകത്തിനെ വാഴക്കാട്ടേക്ക് ക്ഷണിക്കുമായിരുന്നോ?
വാഴക്കാട്ടെ ഉന്നതമായ ദര്‍സുകള്‍ക്ക് വഖ്ഫ് ചെയ്യപ്പെട്ട സ്വത്ത് ഇത്തരം മദ്‌റസകള്‍ക്ക് ഉപയോഗിക്കാമോ എന്നും മറ്റുമുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്ന ഘട്ടത്തില്‍ ഇത്തരം പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമികമാണെന്നു ഫത്‌വ നല്‍കി എതിര്‍പ്പുകളും വിവാദങ്ങളും ഇല്ലാതെയാക്കിയതുപോലും 'യാഥാസ്ഥികരായി' വിശേഷിപ്പിക്കപ്പെടാറുള്ള പൊന്നാനി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാര്‍, കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍ തുടങ്ങിയവരാണ്. കുതന്ത്രങ്ങളിലൂടെ വാഴക്കാട്ട് ദാറുല്‍ ഉലൂം പിടിച്ചടക്കിയവര്‍ക്ക് അതിന്റെ സ്ഥാപകനെ സുന്നീ വിരുദ്ധനാക്കി ചിത്രീകരിക്കല്‍ ആവശ്യമായിരിക്കാം. പക്ഷേ, ചാലിലകത്തെന്ന സുന്നി പണ്ഡിതന്റെ ചരിത്രം അതു സമ്മതിക്കില്ല. ആ മഹാനുഭാവന്‍ മരണപ്പെട്ടപ്പോള്‍ ഖബ്‌റിടത്തില്‍ നാല്‍പത് ദിവസം തുടര്‍ച്ചയായി ഖത്തപ്പുരയില്‍ ഓത്തുണ്ടായിരുന്നു.
ദാറുല്‍ ഉലൂമിനുശേഷം 1915ല്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയും 1924ല്‍ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂമും സ്ഥാപിച്ച് സുന്നികള്‍ വിദ്യാഭ്യാസ വിപ്ലവത്തിനു ശക്തി പകര്‍ന്നു. 1928ല്‍ നടന്ന ഇസ്വ്‌ലാഹുല്‍ ഉലൂം 3-ാം വാര്‍ഷിക യോഗം അംഗീകരിച്ച 21-ാം പ്രമേയം അക്കാലത്ത് സമസ്ത വെച്ചുപുലര്‍ത്തിയ വിദ്യാഭ്യാസ വീക്ഷണത്തിന്റെ വ്യക്തമായ തെളിവാണ്. ''കേരളത്തില്‍ സ്ഥിതിചെയ്യുന്ന എല്ലാ നിസാമിയ്യാ മദ്‌റസകളിലെ പാഠ്യപദ്ധതിയും ക്രമവും പരിശോധന ചെയ്ത് കാലാന്തരങ്ങളില്‍ വന്നു കൂടിയ ന്യൂനതകളെ പരിഹരിക്കുവാന്‍ തക്ക ഒരു പാഠ്യപദ്ധതി രൂപീകരിക്കുവാനും മേല്‍പറഞ്ഞ പദ്ധതിക്കനുസരിച്ച് വര്‍ഷാന്ത പരീക്ഷ നടത്തുവാന്‍ ഒരു പരീക്ഷാ ബോര്‍ഡ് നിയമിക്കുവാനും പരീക്ഷിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കുവാനും കേരള ജംഇയ്യത്തുല്‍ ഉലമയോട് അപേക്ഷിച്ച് കൊണ്ടു കഴിഞ്ഞ വാര്‍ഷിക യോഗത്തിലെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വീണ്ടും ഈ യോഗം തീരുമാനിക്കുകയും അങ്ങനെ ചെയ്യുവാന്‍ ജംഇയ്യത്തിനോട് അപേക്ഷിക്കുകയും ചെയ്യുന്നു.'' (17)
1928 മുതല്‍ സമസ്തയുടെ നേതാക്കള്‍ മനസ്സില്‍ താലോലിച്ചു കൊണ്ടുനടന്ന മഹത്തായ ഈ ആശയമാണ് നീണ്ട നിരവധി ചര്‍ച്ചകള്‍ക്കുശേഷം 1951ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡായി പുറത്തുവന്നത്. ഇന്ന് മദ്‌റസകളുടെ പിതൃത്വം അവകാശപ്പെടുന്ന മുജാഹിദ് - ജമാഅത്ത് വിഭാഗങ്ങള്‍ ജനിക്കുന്നതിന് മുമ്പ് മദ്‌റസകള്‍ക്ക് നേതൃത്വം നല്‍കിയവരാണ് സുന്നികള്‍. ജമാഅത്തെ ഇസ്‌ലാമി ജനിക്കുന്നത് 1941 ഓഗസ്റ്റ് 26നാണ്. അതിന്റെ പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് നാം വാഴക്കാട്ടും തളിപ്പറമ്പും താനൂരുമെല്ലാം വൈജ്ഞാനിക വിപ്ലവത്തിനു തിരികൊളുത്തിയത്. ശാസ്ത്രീയ സംവിധാനത്തോടു കൂടിയുള്ള എസ്.കെ.ഐ.എം.വി ബോര്‍ഡിന്റെ പ്രവര്‍ത്തനം മഹല്ലുകളില്‍ ആഴ്ന്നിറങ്ങിയപ്പോഴാണ് മുജാഹിദുകള്‍ മദ്‌റസാ പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും. അവരുടെ സോവനീര്‍ അതിനു സാക്ഷി.
''പ്രാഥമിക വിദ്യാഭ്യാസ രംഗത്തുള്ള ഈ ശോച്യാവസഥയെ പറ്റി 1955 ഒക്‌ടോബര്‍ 5ന് ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ആലോചന സമിതി സഗൗരവം ചിന്തിച്ചു. 1956 മാര്‍ച്ച് 31ന് ചേര്‍ന്ന കണ്‍വെന്‍ഷനാണ് കേരള നദ്‌വത്തുല്‍ മുജാഹിദീനു കീഴില്‍ ഒരു വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതും 24 അംഗങ്ങളടങ്ങുന്ന പ്രഥമ ബോര്‍ഡ് രൂപീകരിച്ചതും'' (15)
നോക്കൂ! സമസ്തയുടെ ബോര്‍ഡ് രൂപീകരിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞ ശേഷമാണ് വഹാബികള്‍ ഒരു ബോര്‍ഡിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നിട്ടും അവര്‍ പറയുന്നു, ഞങ്ങളാണ് മദ്‌റസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതെന്ന്. ഈ തലതിരിഞ്ഞ അവകാശവാദത്തിന് എന്ത് രേഖയാണാവോ ഇക്കൂട്ടര്‍ക്ക് ഉയര്‍ത്തിക്കാണിക്കാനുള്ളത്?
യതീംഖാന
തുടക്കത്തില്‍ യതീംഖാനയെ എതിര്‍ക്കുകയും യതീമുന്‍ ഖാനഹു (യതീമിനെ വഞ്ചിച്ചു) എന്ന് കളിയാക്കുകയും ചെയ്തവരാണ് സുന്നികളെന്ന് എതിരാളികള്‍ പരിഹസിക്കാറുണ്ട്. യതീംഖാന എന്ന ആശയത്തോട് സമസ്ത ഒരിക്കലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നതിനു ചരിത്രം സാക്ഷി. സമസ്തയുടെ പ്രഥമ സ്ഥാപനമായ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂമില്‍ 1944ല്‍ നൂറ്റി അമ്പതോളം യതീംകുട്ടികളെ വെച്ച് യതീംഖാന ആരംഭിച്ചവരാണ് സുന്നികള്‍. 1940കളില്‍ മലബാറില്‍ പടര്‍ന്നുപിടിച്ച കോളറയുടെ ഫലമായി അനാഥരായ താനൂരിലും അയല്‍പ്രദേശങ്ങളിലുമുള്ള നൂറ്റി അമ്പതോളം യതീംകുട്ടികളെ ചേര്‍ത്ത് ഇസ്വ്‌ലാഹില്‍ യതീംഖാന ആരംഭിച്ചിരുന്നു.
എന്നാല്‍ യതീംഖാനകള്‍ സ്ഥാപിച്ച് അതിന്റെ മറവില്‍ കുരുന്നു ഹൃദയങ്ങളില്‍ ബിദ്അത്ത് കുത്തിവെക്കാനുള്ള ചില ശ്രമങ്ങള്‍ മത നവീകരണ വാദികളുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍, പ്രസ്തുത ശ്രമത്തിനെതിരെ സുന്നികള്‍ ശബ്ദിച്ചിട്ടുണ്ട്. അതാണ് ചിലര്‍ യതീംഖാനക്കെതിരെയുള്ള വിമര്‍ശനമായി വ്യാഖ്യാനിക്കുന്നത്. സുന്നി കുടുംബത്തിലെ അനാഥകളെ വലയിലാക്കി യതീംഖാനയുടെ മറവില്‍ അവരില്‍ വഹാബിസം കുത്തിവെക്കാനുള്ള പദ്ധതികളാണിവിടെ യഥാര്‍ത്ഥത്തില്‍ എതിര്‍ക്കപ്പെട്ടത്. ഇപ്പോഴും നാം ചില ക്രിസ്ത്യന്‍ മിഷണറികളുടെ ജീവകാരുണ്യ സംരംഭങ്ങളെ എതിര്‍ക്കാറുണ്ട്. കാരണം പലപ്പോഴുമവര്‍ അതിന്റെ മറവില്‍ മുസ്‌ലിംകളെ ക്രൈസ്തവ വത്കരിക്കാനാണ് ശ്രമിക്കാറുള്ളത്. അതിനര്‍ത്ഥം നാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരാണെന്നല്ലല്ലോ. ഇതുതന്നെയാണ് യതീംഖാനയുടെ വിഷയത്തിലും സംഭവിച്ചത്. സാമ്പത്തിക സംരക്ഷണം ഏറ്റെടുത്ത് യതീമുകളെ അനാഥാലയങ്ങളുടെ മറവില്‍ മത നവീകരണ വാദികളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള ശബ്ദം യതീംഖാനകള്‍ക്കെതിരെയുള്ള ശബ്ദമായി വ്യാഖ്യാനിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണീകൂട്ടര്‍.
ഖുര്‍ആന്‍ പരിഭാഷ
സമസ്ത ഖുര്‍ആന്‍ പരിഭാഷക്കെതിരെ രംഗത്തുവരികയും അത് ഹറാമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു എന്ന ആരോപണം ശരിയല്ല. പ്രസ്തുത ആരോപണത്തെ നാം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഖണ്ഡിച്ചതാണ്. അതിങ്ങനെ വായിക്കാം.
''അല്‍ ബയാന്‍ 1952 ഡിസംബര്‍ ലക്കത്തില്‍ 'വിശുദ്ധ ഖുര്‍ആന്‍ വിവരണവും വിര്‍ത്തനവും' എന്ന തലക്കെട്ടില്‍ ഒരു ലേഖനമുണ്ട്. അതില്‍ വിശ്വാസ യോഗ്യമായ ഒരു ഖുര്‍ആന്‍ പരിഭാഷയുടെ അത്യാവശ്യകത വിവരിക്കുന്ന കൂട്ടത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ''ഖുര്‍ആനിനെ പരിഭാഷപ്പെടുത്തി വിശ്വാസയോഗ്യമായ പത്രങ്ങളിലും മറ്റും പ്രസിദ്ധപ്പെടുത്തുന്നത് ഇന്നത്തെ നിലക്ക് ആവശ്യമാണെന്നു പറയാതെ ഗത്യന്തരമില്ല'' 1935ല്‍ സമസ്ത ഖുര്‍ആന്‍ പരിഭാഷക്കെതിരെ തീരുമാനമെടുത്തിരുന്നുവെങ്കില്‍ അബ്ദുല്‍ ബാരി (പ്രസി. സമസ്ത) മുസ്‌ലിയാര്‍ പത്രാധിപരായതില്‍ ഇത് സ്ഥലം പിടിക്കില്ലായിരുന്നു.'' (18)
സമസ്ത ഖുര്‍ആന്‍ പരിഭാഷക്കെതിരെ ശബ്ദിച്ചിട്ടില്ലെന്നതിന് സമസ്തയുടെ മുഖ പത്രമായിരുന്ന 'അല്‍ ബയാന്‍' സാക്ഷി. എന്നാല്‍ സംശുദ്ധമായ അറബിഭാഷയില്‍ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ മറ്റു ഭാഷകളിലേക്ക് മാറ്റപ്പെടുമ്പോള്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ ഭയന്നുകൊണ്ട് സൂക്ഷ്മശാലികളായ ചില പണ്ഡിതന്മാര്‍ പരിഭാഷയെ എതിര്‍ത്തിട്ടുണ്ട്. മുസ്‌ലിം ലോകത്തിന്റെ എല്ലാ ഭാഗത്തും ഈ എതിര്‍പ്പും വിവാദവും ഉണ്ടായിട്ടുമുണ്ട്. സുന്നികളും 'സലഫി'കളും മറ്റു വിഭാഗങ്ങളുമെല്ലാം ഈ വിവാദത്തില്‍ എതിര്‍ത്തും അനുകൂലിച്ചും ശബ്ദിച്ചവരാണ്. സ്വാഭാവികമായും അതിന്റെ പ്രതിഫലനം 'സമസ്ത'യിലുമുണ്ടായപ്പോള്‍, അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നു എന്നുമാത്രം. പ്രസ്തുത വിവാദത്തില്‍ 'സമസ്ത' കക്ഷി ചേര്‍ന്നില്ല എന്നതാണ് ഇവിടെ ശ്രദ്ധേയമായ വസ്തുത.
ഖുര്‍ആന്‍ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ മൂലഭാഷയുടെ സത്ത നഷ്ടപ്പെടുകയും പൂര്‍ണമായ ആശയവിനിമയം സാധ്യമല്ലാതെ വരികയും വികലമായിപ്പോവുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടാണ് സൂക്ഷ്മശാലികളായ പല പണ്ഡിതന്മാരും പരിഭാഷയെ എതിര്‍ത്തത്. ഖുര്‍ആന്‍ ഭാഷാന്തരപ്പെടുത്തുന്നത് നിഷിദ്ധമാണെന്ന് പഴമക്കാര്‍ വിധിച്ചതിന്റെ കാരണം പ്രബോധനം 'വിവരിക്കുന്നത് കാണുക: ''ഖുര്‍ആനിന്റെ അലൗകികമായ ആശയ ഗാംഭീര്യം, അനുഭൂതി സാന്ദ്രത, സ്വാധീന ശക്തി, സാഹിത്യ സൗന്ദര്യം ഇതൊന്നും മറ്റൊരു ഭാഷയിലേക്ക് അപ്പടി പകര്‍ത്താന്‍ ആരാലും സാധിക്കുകയില്ല. അല്ലാഹുവിന്റെ വചനങ്ങളെ നാം കൃത്യമായി അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ഏറെ വികലമായിപ്പോകുന്ന അനുഭവമുണ്ടാകുന്നു. അതുകൊണ്ടാണ് പദാനുപദ തര്‍ജ്ജമകള്‍ ഖുര്‍ആന്റെ ആശയ വൈപുല്യത്തില്‍ നിന്നും സൗന്ദര്യത്തില്‍ നിന്നും ഏറെ അകന്ന് ശുഷ്‌കമായതായി അനുഭവപ്പെടുന്നത്. ഒരുപക്ഷേ, ഇതുകൊണ്ട് തന്നെയായിരിക്കാം പണ്ടുള്ള പണ്ഡിതന്മാര്‍ ഖുര്‍ആന്‍ ഭാഷ്യപ്പെടുത്തുന്നത് നിഷിദ്ധമാണെന്ന് വിധിച്ചുകളഞ്ഞതും.'' (19)
ഇതേ ആശയം 'മുജാഹിദ് സുവനീര്‍' അവതരിപ്പിക്കുന്നത് നോക്കൂ: ''ഖുര്‍ആന്‍ മനസ്സിലാക്കേണ്ടത് അതിന്റെ അടിസ്ഥാന ഭാഷയിലായിരിക്കണം. ആശയങ്ങള്‍ ഇതര ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍, മൂലഭാഷയുടെ സത്ത നഷ്ടപ്പെടുകയോ പൂര്‍ണമായ ആശയ വിനിമയം സാധ്യമാകാതെ വരികയോ പൊടുന്നനെയുള്ള വിവര്‍ത്തനത്തില്‍ പിശകുകളുണ്ടാവുകയോ ചെയ്യാം. പണ്ഡിതോചിതമായ ഏതു വ്യാഖ്യാനത്തിലും അറബി ഭാഷയിലുള്ള അഗാധ പാണ്ഡിത്യം അനിവാര്യമാണ്.'' (20)
മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് വെകിയുണ്ടായ ഈ തിരിച്ചറിവ് കാലങ്ങള്‍ക്ക് മുമ്പേ, പാരമ്പര്യ പണ്ഡിതന്മാര്‍ക്കുണ്ടാവുകയും പലരും തുറന്നുപറയുകയും ചെയ്തുവെന്നുമാത്രം. ഇതിന്റെ പേരില്‍ എന്തിനവരെ പിന്തിരിപ്പന്മാരെന്നു പരിഹസിക്കണം?
വാസ്തവത്തില്‍ ആധുനികവത്കരണത്തിന്റെ ഭാഗമായി യൂറോപ്പില്‍ നിന്ന് മുസ്‌ലിം ലോകത്തേക്ക് കടന്നുവന്ന ആശയമാണ് പരിഭാഷാ പദ്ധതി. ഇസ്‌ലാമികാഗമനം മുതല്‍ ആയിരത്താണ്ടോളം ഖുര്‍ആന്‍ പരിഭാഷ രംഗത്തു വന്നിരുന്നില്ല. മുസ്‌ലിംകളുടെ പ്രതാപകാലഘട്ടങ്ങളില്‍ ഇസ്‌ലാമിക സാഹിത്യങ്ങള്‍ ഗ്രീക്ക്, ഹീബ്രു, പേര്‍ഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അത് പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ പോലും പണ്ഡിതന്മാര്‍ ഖുര്‍ആനു മേല്‍ കൈവെച്ചില്ല. പരിഭാഷ ഖുര്‍ആന്റെ ഇഅ്ജാസും (അമാനുഷികത) ഹുര്‍മത്തും (പവിത്രത) നശിപ്പിക്കുമെന്ന് അവര്‍ മനസ്സിലാക്കി. അങ്ങനെയാണ് എ.ഡി. 1543ല്‍ റോബര്‍ട്ട് എന്ന ക്രിസ്ത്യാനി ലാറ്റിന്‍ ഭാഷയില്‍ പ്രഥമ ഖുര്‍ആന്‍ പരിഭാഷ പുറത്തിറക്കുന്നത്. പിന്നീട് 1900 വരെയുള്ള നാനൂറ് വര്‍ഷക്കാലം വിവിധ ഭാഷകളില്‍ ഖുര്‍ആന്‍ വിവര്‍ത്തനം പുറത്തിറക്കിയതെല്ലാം ക്രിസ്ത്യാനികളായിരുന്നു. പിന്നീട് ഖാദിയാനികള്‍ അതേറ്റെടുത്തു. അവരില്‍ നിന്ന് മറ്റു മതനവീകരണ പ്രസ്ഥാനങ്ങളെല്ലാം സ്വീകരിച്ചു. ഇതിന്റെ ശേഷവിശേഷമായിട്ടാണ് 1953ല്‍ സി.എന്‍. അഹ്‌മദ് മൗലവിയുടെ പരിഭാഷ മലയാളത്തില്‍ പുറത്തിറങ്ങുന്നത്. വിശുദ്ധ ഖുര്‍ആന് മറ്റാരും നല്‍കാത്ത വികലവും വിചിത്രവുമായ അര്‍ത്ഥങ്ങളാണ് അദ്ദേഹം ജല്‍പ്പിച്ചത്. ഇതോടൊപ്പം മുജാഹിദ് ജമാഅത്ത് വിഭാഗങ്ങളുടെ പരിഭാഷ കൂടി പുറത്തുവന്നപ്പോള്‍, ഖുര്‍ആന്റെ പേരില്‍ വികല വിശ്വാസങ്ങളും തെറ്റിദ്ധാരണകളും പരക്കാന്‍ തുടങ്ങി. സാധാരണക്കാരെ വഴിപിഴപ്പിക്കുന്ന ഇത്തരം പരിഭാഷകളെ നേരിന്റെ പക്ഷത്തുനിന്ന് പ്രതിരോധിക്കേണ്ടതും ഖുര്‍ആന്റെ യഥാര്‍ത്ഥ സന്ദേശം ലിഖിത രൂപത്തില്‍ തന്നെ ജനങ്ങളിലേക്ക് എത്തിക്കേണ്ടതും ഇതോടെ അനിവാര്യമായി മാറി. ഈ മഹത്തായ ലക്ഷ്യത്തോടെയാണ് സമസ്തയുടെ ജോയിന്റ് സെക്രട്ടറി മര്‍ഹൂം കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ (ന.മ) 1971ല്‍ ഖുര്‍ആന്‍ വ്യാഖ്യാനം പുറത്തിറക്കുന്നത്.
ഖുര്‍ആന്‍ പരിഭാഷയുടെ പേരില്‍ മേനി നടിക്കാനോ എതിര്‍പ്പുകള്‍ ഉയര്‍ത്തിക്കാണിച്ച് പരസ്പരം പഴിചാരാനോ ഇവിടെ ആര്‍ക്കും അര്‍ഹതയും അവകാശവുമില്ലെന്ന് വ്യക്തം. 'തഹ്ദീറുല്‍ ഇഖ്‌വാന്‍' ചൂണ്ടിക്കാണിച്ച് തെറ്റിദ്ധാരണ പരത്തുന്നവര്‍ ഈ വസ്തുതകള്‍ മനസ്സിലാക്കുന്നത് നല്ലത്.!
ഖുര്‍ആന്‍ ക്ലാസ്
മുമ്പ് ഖുര്‍ആന്‍ ക്ലാസുകളെ ഖുര്‍ആന്‍ ഗ്ലാസിലാക്കുന്നുവെന്ന് പരിഹസിച്ച സുന്നികളിപ്പോള്‍ ഖുര്‍ആന്‍ ക്ലാസുകള്‍ നടത്തുന്നു എന്നാണ് പുതിയ ആരോപണം.
വാസ്തവത്തില്‍ ഖുര്‍ആന്‍ പഠനവേദികളെ സുന്നികള്‍ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. നമ്മുടെ മഹല്ലുകളില്‍ മുമ്പുണ്ടായിരുന്ന മാസങ്ങള്‍ നീണ്ടുനിന്നിരുന്ന വഅ്‌ള് പരമ്പരകളും മതപ്രഭാഷണ സദസ്സും വിശാലമായൊരു ഖുര്‍ആന്‍ പഠന വേദി തന്നെയായിരുന്നു. അവിടെ നിന്ന് എപ്പോഴും ഉയര്‍ന്നിരുന്ന 'ഖാലല്ലാഹു അസ്സവജല്‍' അതാണല്ലോ അറിയിക്കുന്നത്. കേരളത്തില്‍ ഏറ്റവും വലിയ ഖുര്‍ആന്‍ പഠനവേദിയായ 'ഖുര്‍ആന്‍ സ്റ്റഡി സെന്ററി'ന്റെ ഡയറക്ടറിനു പ്രസ്തുത സംരംഭത്തിനു പ്രഥമ പ്രചോദനം നല്‍കിയത്, മര്‍ഹും ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍ ഖുര്‍ആനിലെ ഒരു ആയത്ത് വ്യാഖ്യാനിച്ചുകൊണ്ട് നടത്തിയ പ്രഭാഷണമായിരുന്നു എന്ന് അദ്ദേഹം സ്മരിക്കാറുള്ളത് ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. ലേണിംഗ് സ്‌കൂള്‍, സ്റ്റഡി സെന്റര്‍, ക്ലാസ് തുടങ്ങിയ ആംഗലേയ പദങ്ങള്‍ അവരുപയോഗിച്ചിരുന്നില്ലെന്നത് കൊണ്ടോ, പദാനുപദ പരിഭാഷക്ക് പ്രാധാന്യം നല്‍കാതിരുന്നത് കൊണ്ടോ അവര്‍ ഖുര്‍ആന്‍ പഠനത്തിന് എതിരുനിന്നു എന്നു വരില്ല.
എന്നാല്‍ വിശ്വാസികളില്‍ വികലവും ഇസ്‌ലാമിക വിരുദ്ധവുമായ ആശയങ്ങള്‍ കുത്തിവെക്കാന്‍ ഖുര്‍ആന്‍ ക്ലാസ് എന്ന പേരില്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ നാം അതിനെ എതിര്‍ത്തിട്ടുണ്ട്. ഖുര്‍ആന്റെ പേരില്‍ മാരക വിഷങ്ങളാണവര്‍ ഗ്ലാസുകളിലാക്കി അനുയായികളെ കൊണ്ട് വിഴുങ്ങിച്ചത്. ആ എതിര്‍പ്പ് ന്യായമായിരുന്നുവെന്ന് മതനവീകരണ വാദികള്‍ പോലും പിന്നീട് സമ്മതിച്ചതാണല്ലോ. അവരുടെ പല മൗലവിമാരും ഖുര്‍ആന്‍ ക്ലാസുകളില്‍ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യാമെന്നു പറഞ്ഞതും (ശബാബ് 2002 ആഗസ്ത് 20) എതിര്‍ഗ്രൂപ്പിന്റെ കഴുത്തുവെട്ടാന്‍ ആയത്തുകള്‍ ഉദ്ധരിച്ചതും (ശബാബ് 2002 സപ്തംബര്‍ 6) അവര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഖുര്‍ആന്‍ വചനങ്ങളെ വികലവും വികൃതവുമാക്കുന്ന ഇത്തരം നടപടികള്‍ വിമര്‍ശിക്കപ്പെട്ടത് ചൂണ്ടിക്കാണിച്ച്, സുന്നികള്‍ ഖുര്‍ആന്‍ പഠനത്തിന് എതിരായിരുന്നുവെന്ന് കുപ്രചരണം നടത്തുകയാണീ കൂട്ടര്‍.
റഫറന്‍സ്:
1. പി. മുഹമ്മദ് കുട്ടശ്ശേരി - ചന്ദ്രിക ആഴ്ചപ്പതിപ്പ് 2002 ഫെബ്രുവരി 9-15
2. സുന്നി ടൈംസ് - 1965 ഫെബ്രുവരി
3. പത്തായം: ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് സമ്മേളന സുവനീര്‍ - 42.
4. പ്രൊഫ. എന്‍. ശങ്കരന്‍, ഇന്ത്യയിലെ വിദ്യാഭ്യാസം പേ: 5
5. ങമരരമൗഹമ്യ: ജൃീലെ മിറ ജീലൃ്യേ ജ 724 ഉദ്ധരി ഭാരതീയ ചിന്ത കെ ദാമോദരന്‍.
6. ജവഹര്‍ലാല്‍ നെഹ്‌റു - ഇന്ത്യയെ കണ്ടെത്തല്‍ - 422. സി.എച്ച്. കുഞ്ഞിപ്പയുടെ വിവര്‍ത്തനം.
7. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം - പ്രബോധനം സ്‌പെഷല്‍ പതിപ്പ് - 1998 എപ്രില്‍, പേ: 155.
8. ആ.ച. ജമിറല്യ: ഠവല ആൃലമസ ൗു ീള ആൃശശേവെ കിറശമ 14. ഉദ്ധ: സ്വാതന്ത്ര്യം വിഭജനത്തില്‍ - ഡോ. ഹുസൈന്‍ രണ്ടത്താണി.
9. ഡോ.കെ.കെ.എന്‍. കുറുപ്പ് - മാപ്പിള പാരമ്പര്യം പേ: 83-84.
10. ഫതാവാ ഇസ്‌ലാമിയ്യ: വാള്യം 4, പേ: 235 ഉദ്ധരി: ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും 125-136. എം.ഐ. മുഹമ്മദലി സുല്ലമി.
11. മുജാഹിദ് സംസ്ഥാന സമ്മേളനം 02, കോഴിക്കോട് - സുവനീര്‍ പേ: 78.
12. മക്തിതങ്ങള്‍ സമ്പൂര്‍ണ കൃതികള്‍-പേജ് 20
13. ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം-പേജ് 21
14. മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളന സോവനീര്‍ - പേജ് 72
15. കെ ഉമര്‍ മൗലവി ഓര്‍മയുടെ തീരത്ത് - പേജ് 59-60
16. പി.എ. സെയ്തു മുഹമ്മദ് - കേരള മുസ്‌ലിം ചരിത്രം ഉദ്ധരി: മുജാഹിദ് സുവനീര്‍ 02- പേജ്: 78.
17. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം - പ്രബോധനം സ്‌പെഷല്‍ 81
18. പത്തായം: ഇസ്വ്‌ലാഹുല്‍ ഉലൂം സമ്മേളന സുവനീര്‍ - പേ: 44.
19. മുജാഹിദ് സംസ്ഥാന സമ്മേളനം 02, എറണാകുളം സോവനീര്‍ - 239, 240. 7-ാം സമ്മേളനം 08, ചങ്ങരംകുളം സോവനീര്‍ 300, 301.
20. സുന്നി ടൈംസ് 17-12, 1971.
21. പ്രബോധനം, ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് 2002, പേ: 189.
22. മുജാഹിദ് സംസ്ഥാന സമ്മേളനം - വയനാട് 08, സുവനീര്‍ പേ: 90.



Leave A Comment