ആർദ്രമായ ഒരു നിലാത്തുള്ളി
അലിവിന്റെ ആൾരൂപമായ തങ്ങൾ.
നിലാവ് പെയ്യുന്നുണ്ട്.
തിരൂരിൽ തീവണ്ടിയെത്തിയപ്പോൾ പാതയോരത്തെ മരങ്ങളിൽ രാക്കോകിലങ്ങൾ ചിറകടിച്ചു.
മംഗലാപുരത്തുനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തെത്തുന്ന മാവേലി എക്സ്പ്രസ്സിലേക്ക് ശുഭ്രവസ്ത്രധാരിയായ ആ മനുഷ്യൻ കയറി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ.
പിറ്റേന്ന് തിരുവനന്തപുരത്ത് നടക്കുന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയിൽ പങ്കെടുക്കാനാണ് തങ്ങളുടെ യാത്ര.
തങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്ത സീറ്റിൽ നോക്കുമ്പോൾ പ്രായമായ ഒരു സ്ത്രീ കിടന്നുറങ്ങുന്നു.
തങ്ങൾ ക്ഷീണിതനായതിനാൽ കൂടെയുള്ളവർ അവരെ ഉണർത്താനൊരുങ്ങി.
എന്നാൽ അദ്ദേഹം അനുവദിച്ചില്ല.
''അവരവിടെ കിടന്നോട്ടെ''. തങ്ങൾ പറഞ്ഞു.
അവർ ഉണരുന്നതും കാത്ത് ജനലരികിലെ സീറ്റിൽ തങ്ങൾ പുറത്തേക്ക് നോക്കിയിരുന്നു.
അന്നത്തെ പൊതുപരിപാടികളൊക്കെ കഴിഞ്ഞ് ക്ഷീണിതനായ തങ്ങൾ. പിറ്റേന്ന് രാവിലെ മുതൽ സംസ്ഥാന പ്രവർത്തക സമിതിയിൽ ഉണർന്നിരിക്കേണ്ട തങ്ങൾ.
മുക്കാൽ മണിക്കൂറോളം ആ ഇരിപ്പ് തുടർന്നു.
ഇടക്കെപ്പോഴോ ആ സ്ത്രീ ഞെട്ടിയുണർന്ന് നോക്കുമ്പോൾ മുമ്പിലിരിക്കുന്ന മനുഷ്യനെ കണ്ട് അന്ധാളിച്ചു.
''ഈശ്വരാ... ഇതാരാണ് എന്റെ മുന്നിലിരിക്കുന്നത്. നിങ്ങളുടെ സീറ്റായിരുന്നോ ഇത്.? ഒഴിവുള്ള ഒരു സീറ്റ് കണ്ടപ്പോൾ കിടന്നു പോയതാണ്. വിളിച്ചാൽ ഞാൻ എഴുന്നേൽക്കുമായിരുന്നു. തങ്ങളെ പ്രയാസപ്പെടുത്തിയതിന് മാപ്പാക്കണം''.
അവർ വേവലാതി പൂണ്ട് പറഞ്ഞുകൊണ്ടിരുന്നു.
''അത് സാരല്ല. ങ്ങക്ക് ബുദ്ധിമുട്ടായില്ലല്ലോ?'' ഒരിളം ചിരിയോടെ തങ്ങൾ അവരോട് ചോദിച്ചു.
സ്‌നേഹത്തിന്റെ പ്രതിരൂപമായ തങ്ങൾ
കോഴിക്കോട് മുക്കത്തിനടുത്തുള്ള ഒരു പ്രദേശം.
പാർട്ടി പരിപാടിക്ക് എത്തിയതാണ് ഹൈദരലി തങ്ങൾ. കൂടെയുള്ളയാൾ പുറത്തിറങ്ങി ഡോർ തുറക്കാനൊരുങ്ങിയപ്പോൾ തങ്ങൾ പറഞ്ഞു. ''ഇവിടെ നിങ്ങള് ഡോറ് തുറക്കണ്ട. ഒരാള് വരാനുണ്ട്''.
അല്പ നേരം തങ്ങൾ അയാളെ കാത്തിരുന്നു. എന്നാൽ ആള് വന്നില്ല.
സംഘാടകർ ഓടി വന്നു. തങ്ങൾ കാറിൽനിന്ന് പുറത്തിറങ്ങി നാലുപാടും നോക്കി. ആ പ്രദേശത്തെത്തിയാൽ ഡോർ തുറക്കാനായി ഓടിയെത്തുന്ന മനുഷ്യനെയാണ് നോക്കുന്നത്. അയാളെ കാണാനില്ല.
പരിപാടിയൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന നേരത്തും തങ്ങളുടെ കണ്ണുകൾ അയാൾക്ക് വേണ്ടി പരിസരം പരതി.
അപ്പോഴതാ, ഓടിക്കിതച്ച് ഒരാൾ വരുന്നു. അയാൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു. സാധാരണക്കാരനായ ഒരു മനുഷ്യൻ.
''ഇരിക്കി. എവിടെയായിരുന്നു നിങ്ങൾ? നിങ്ങളെ അന്വേഷിക്കുകയായിരുന്നു ഞാൻ''. - തങ്ങൾ പറഞ്ഞു.
വലിയ സങ്കടത്തോടെ അയാൾ വൈകിയതിന്റെ കാരണങ്ങൾ നിരത്തി.
ആ പ്രദേശത്ത് എവിടെ പരിപാടിയുണ്ടെങ്കിലും തങ്ങൾക്ക് ഡോർ തുറന്ന് കൊടുക്കുക എന്നത് അവകാശം പോലെ ഏറ്റെടുത്ത ഒരു സാധാരണ പ്രവർത്തകനായിരുന്നു അത്. തങ്ങളുടെ വാഹനം നിന്നാലുടൻ ഓടിയെത്തുന്ന ഒരാൾ. അയാൾക്ക് വേണ്ടിയാണ് തങ്ങൾ കാത്തിരുന്നത്. അത്രയും വലിയ പരിപാടിക്കിടെ ആ സാധുവായ മനുഷ്യനെ പോലും തങ്ങൾ പരിഗണിച്ചു.
കാരുണ്യത്തിന്റെ നിറകുടമായ തങ്ങൾ
സ്വന്തം കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും പാണക്കാട്ടുനിന്ന് അനുവാദവും അനുഗ്രഹവും ചോദിച്ച് വാങ്ങുന്ന നിരവധി പേരുണ്ട്. അങ്ങനെയൊരാളാണ് കഥാപാത്രം.
പ്രതിമാസം ചെറിയ വരുമാനം മാത്രമുള്ള അറബിക് കോളേജ് അധ്യാപകൻ.
വിവാഹശേഷം ഭാര്യയുടെ സ്വർണാഭരണങ്ങളൊക്കെ വിറ്റ് അവളുടെ പേരിൽ സ്ഥലം വാങ്ങാൻ അധ്യാപകന്റെ ബാപ്പ തീരുമാനിച്ചു.
നോക്കി വെച്ച സ്ഥലം 24 സെന്റാണ്. അത് മുഴുവനും എടുത്താലേ വിൽക്കുകയുള്ളൂ എന്ന് ഉടമസ്ഥൻ.
സ്വന്തം കൈയിൽ പണമൊന്നുമില്ലാത്ത അധ്യാപകൻ 12 സെന്റ് ഭാര്യയുടെ പേരിലും ബാക്കി 12 ജ്യേഷ്ഠന്റെ പേരിലും വാങ്ങാൻ തീരുമാനിച്ചു.
ഹൈദരലി തങ്ങളെ ചെന്നുകണ്ട് വിവരം പറഞ്ഞു.
''നിങ്ങളുടെ പേരിലൊന്നും വേണ്ടേ'' എന്നായിരുന്നു തങ്ങളുടെ ആദ്യത്തെ ചോദ്യം.
കൈയിൽ പണമൊന്നും ഇല്ലെന്ന് അദ്ദേഹം മറുപടി നൽകി.
''അല്പം സാവകാശം തരുമോ എന്ന് അവരോട് ചോദിക്ക്. പണമൊക്കെ വന്നോളും. എല്ലാം റാഹത്താകും''. തങ്ങളുടെ വാക്ക്. ബർക്കത്തിനൊരു നൂറ് രൂപയും.
അങ്ങനെ പണം നൽകാൻ മൂന്ന് മാസത്തെ സമയം കിട്ടി.
സമയമായപ്പോഴേക്കും പലവഴിക്ക് പണം ലഭിച്ചു കൊണ്ടിരുന്നു.
മൂന്ന് മാസം തികയാൻ നാല് ദിവസം ബാക്കിയുള്ളപ്പോൾ തങ്ങളുടെ വിളി വന്നു. ഒരു റമദാൻ മാസമായിരുന്നു അത്.
''എന്തായി കാര്യങ്ങൾ?'' തങ്ങൾ ചോദിച്ചു.
''എല്ലാം റാഹത്താണ്. കുറച്ച് പണത്തിന്റെ കുറവേയുള്ളൂ. അത് ഞാനൊപ്പിച്ചോളാം''. അധ്യാപകൻ പറഞ്ഞു.
''നിങ്ങള് നാളെ തറാവീഹിന് ഇങ്ങോട്ട് വരീം''. തങ്ങളുടെ ആജ്ഞ.
പിറ്റേന്ന് തങ്ങളെ കാണാൻ പോയി.
തങ്ങൾ ഒരു കെട്ട് നോട്ട് കൈയിൽ വെച്ച് കൊടുത്തു.
''ഇത് ഒരു ലക്ഷം രൂപയുണ്ട്. അതിലേക്കുള്ളതാ...''
വിറയ്ക്കുന്ന കൈകളോടെ അയാൾ അത് വാങ്ങി.
''തങ്ങളേ, ഇതൊക്കെ എങ്ങനെ വീട്ടാനാണ്...!''
''വീട്ടലൊക്കെ പൈസയുണ്ടായിട്ട് മതി. ഇപ്പോഴിത് കൊണ്ട് പോയ്‌ക്കോളൂ''. തങ്ങൾ പറഞ്ഞു.
പിന്നീട് ഈ പണം തിരിച്ച് നൽകാനായി പോയപ്പോഴും തങ്ങൾ വിസ്മയിപ്പിച്ചു.
''അതൊന്നും വേണ്ട. ആ പൈസക്ക് ഉംറക്ക് പോയ്‌ക്കോളൂ''.
സ്വന്തം പേരിൽ സ്ഥലം. ജീവിതത്തിലാദ്യമായി ഉംറയെന്ന സൗഭാഗ്യം. ഇത് രണ്ടും സാധിച്ചത് തങ്ങളുടെ കാരുണ്യം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
പക്വതയുടെ മഹാമാതൃകയായ തങ്ങൾ
നിപ വൈറസ് ബാധിച്ച് മരിച്ച മയ്യിത്ത് കത്തിക്കാൻ അനുവാദം ചോദിച്ച് കേരളത്തിന്റെ ആരോഗ്യമന്ത്രി വിളിച്ചു.
തീരുമാനം പറഞ്ഞില്ല.
'കൂടിയാലോചിക്കട്ടെ' എന്ന് പറഞ്ഞു. മത നേതാക്കളെ വിളിച്ചു.
കത്തിക്കാൻ പാടില്ലെന്നും ഖബറിന്റെ ആഴം കൂട്ടിയാൽ മതിയെന്നും തീരുമാനം അറിയിച്ചു.
വലിയവരെന്നോ ചെറിയവരെന്നോ നോക്കിയില്ല. എന്ത് തീരുമാനമെടുക്കുമ്പോഴും അതുമായി ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ച് തീരുമാനമെടുത്തു.
ക്ഷമയുടെ മിനാരമായ തങ്ങൾ
മഞ്ഞ് പെയ്യുന്ന പുലർക്കാലം.
തങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കാറിന് മുകളിൽ ഒരാൾ.
മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ്. കാറിന്റെ മുകളിൽ കയറി അയാൾ മുസല്ലയിട്ട് നിസ്‌ക്കരിക്കുകയാണ്.
കൂടെയുള്ള സഹായി അയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും തങ്ങൾ സമ്മതിച്ചില്ല.
മറ്റാരെങ്കിലുമാണെങ്കിൽ ശകാരിച്ചും വഴക്ക് പറഞ്ഞും അയാളെ താഴെയിറക്കും.
തങ്ങൾ ഒന്നും മിണ്ടിയില്ല.
അയാളുടെ നിസ്‌കാരം കഴിയുന്നത് വരെ ക്ഷമയോടെ കാത്തിരുന്നു.
നിസ്‌കാരം കഴിഞ്ഞ് കാറിന്റെ മുകളിൽനിന്നിറങ്ങി അയാൾ വന്ന വഴിക്ക് പോയി.
തങ്ങൾ പുഞ്ചിരിച്ചു.
''പാവാണ്''. തങ്ങൾ പറഞ്ഞു.
വിനയത്തിന്റെ വിസ്മയമായ തങ്ങൾ
ആലപ്പുഴയിൽ മുസ്‌ലിംലീഗിന്റെ സ്ഥാപക ദിന സമ്മേളനം നടക്കുകയാണ്.
പതാക ഉയർത്തൽ ചടങ്ങിന് ശേഷം എന്തോ കാര്യത്തിന് പാർട്ടി പ്രവർത്തകനായ ചെറുപ്പക്കാരനോട് തങ്ങൾ അല്പം ദേഷ്യത്തോടെ പ്രതികരിച്ചു.
വൈകുന്നേരം ആ പ്രവർത്തകന്റെ ഫോണിലേക്ക് തങ്ങളുടെ വിളി.
''മോനേ, ആ സമയത്ത് സംഭവിച്ചു പോയതാണ്. ങ്ങള് ക്ഷമിക്കണം''.
തങ്ങളുടെ സംസാരം കേട്ട് അയാൾ സ്തബ്ധനായി.
''തങ്ങളേ... നിങ്ങളെന്തിനാ എന്നോടിങ്ങനെ പറയുന്നത്..''. അയാൾ കരഞ്ഞു.
ഹൈദരലി തങ്ങളുടെ വിയോഗ വാർത്ത കേട്ട് ആൾക്കൂട്ടം ഒഴുകിയെത്തിയ രാത്രിയോടൊപ്പം ഉണർന്നിരുന്ന ശേഷം പിറ്റേന്ന് പുലർച്ചെ വീട്ടിലെത്തിയ ഈ ലേഖകന് ഭാര്യ ഒരു നിധി കാണിച്ചു തന്നു. രണ്ട് വർഷം മുമ്പ് അവളുടെ പേഴ്സിൽ സൂക്ഷിച്ച് വെച്ചതാണ്. ഒരു പെരുന്നാൾ തലേന്ന് കുടുംബത്തിന് പുതുവസ്ത്രം വാങ്ങാനായി പ്രിയപ്പെട്ട ഹൈദരലി തങ്ങൾ തന്ന സമ്മാനം.
'തങ്ങള് തന്ന പൈസയല്ലേ. നമുക്കിത് സൂക്ഷിച്ച് വെക്കാം' എന്ന് പറഞ്ഞ് അവൾ എടുത്തു വെച്ചതാണ്.
നിറഞ്ഞ കണ്ണുകളോടെയല്ലാതെ ആ നോട്ടുകളിലേക്ക് നോക്കാനായില്ല.
യാ, സയ്യിദീ...
.
.
ആർദ്രമായ ഒരു മൃദു സ്പർശമായി ഇനിയാ നിലാത്തുള്ളി പെയ്യില്ല.
കാരുണ്യം പൂത്തിറങ്ങുന്ന കൈകളുമായി ആറ്റപ്പൂവിന്റെ സുഗന്ധം ഇനിയില്ല.
ഇനിയുണ്ട്,
കട്ടിക്കൂരിരുട്ടുകളെ വകഞ്ഞുമാറ്റി വെളിച്ചം വരുന്നത് പോലെ പൂന്തിങ്കളായ തങ്ങളുടെ ഓർമകൾ.
കൊടുംചൂടേറ്റ് പൊള്ളുന്ന നേരങ്ങളിൽ, ആ ഓർമകൾ മഞ്ഞുതുള്ളി പോലെ നമ്മെ തൊടുന്നു.
എത്രമേൽ ആർദ്രമീ സ്പർശമെന്ന് അപ്പോൾ നമുക്ക് തോന്നുന്നു.
വിവരങ്ങൾക്ക് കടപ്പാട്: സി.ടി റഫീഖ്, അബ്ദുറഹ്‌മാൻ പെരിങ്കന്നൂർ
ഫോട്ടോ: കെ. ശശി
https://m.facebook.com/story.php?story_fbid=6912873045449650&id=100001810709228
Leave A Comment