സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ رَحْمَةُ اللهِ عَلَيْهِ: വിസ്മയിപ്പിച്ച അനുഭവങ്ങൾ !
2000-ൻറെ അവസാനത്തിലാണ് പാലക്കാട് കൊപ്പം പഞ്ചായത്തിലെ തെക്കുമല പഴയ ജുമുഅത് പള്ളിയിൽ മുദർരിസായി ഈയുള്ളവൻ സേവനം തുടങ്ങിയത്.
തൊട്ടടുത്ത വർഷത്തിൽ മഹല്ല് ജുമുഅത് പള്ളിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള പടിഞ്ഞാറെ പ്രദേശത്തുകാരുടെ 'മസ്ജിദ് ബദ്റ്' നിസ്ക്കാര പള്ളിയിൽ വെച്ച് മാസം തോറും സ്വലാത്-ദിക്റ് ഹൽഖയുടെ ഒരു മജ്ലിസ് ഈയുള്ളവനോട് സ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രദേശത്തെ ബദർ മസ്ജിദിൻറേയും തർബിയത്ത് ഔലാദ് മദ്രസ്സയുടേയും ഭാരവാഹികളിലെ പ്രധാനികളായ ജനാബ്: എ.കെ ബാപ്പു മാഷിൻറേയും എടപ്പയിൽ ഫ്ലോറിംഗ്സിൻറെ ഉടമ മർഹൂം: എടപ്പയിൽ സൈതലവി ഹാജി, മർഹൂം: എടയാട്ടിൽ അബൂ ഹാജി غَفَرَ اللهُ لَهُمَا യുടേയും പ്രസ്തുത മസ്ജിദിലെ ഇമാം വാഴയിൽ സൈതാലിക്കുട്ടി ഫൈസിയുടെയും നേതൃത്വത്തിൽ അവരുടെ ജുമുഅത് പള്ളിയിലെ മുദർരിസായ ഈയുള്ളവനെ സമീപിക്കുന്നത്.
പല ഒഴിവുകളും പറഞ്ഞു നോക്കി.മഹത്തായ സ്വലാത്-ദിക്റ് മജ്ലിസുകൾ സ്ഥാപിക്കുന്നതിന്ന് ഈയുള്ളവൻ അർഹനല്ലെന്നും അക്കാര്യങ്ങൾ ഏറ്റവും സൂക്ഷ്മതയുള്ള,മഹത്തുക്കളായ മശായിഖന്മാരിൽ നിന്ന് ഇജാസത്തും (സമ്മതവും) ഖിലാഫത്തും (പിൻഗാമി അവകാശവും) പാരമ്പര്യമായി ലഭിച്ച സാത്വികരും അനുഗ്രഹീതരുമായ മഹത്തുക്കളായ സാദാതീങ്ങളോ,ഉഖ്റവിയായ ആലിമീങ്ങളോ കൊണ്ടു വേണം ഒരു പ്രദേശത്ത് അവരുടെ മസ്ജിദുകൾ പോലെയുള്ള ദീനി സ്ഥാപനങ്ങളിൽ ഇത്തരം മജ്ലിസുകൾ സ്ഥാപിക്കാനെന്നും എങ്കിലെ അതു കൊണ്ട് നാം ലക്ഷ്യം വെക്കുന്ന ബറകത്തും തർബിയത്തും ലഭ്യമാകൂ, അതിന്ന് പറ്റിയ മഹാന്മാരെ നിങ്ങൾ തന്നെ മുൻകയ്യെടുത്ത് കൊണ്ടുവന്ന് സ്ഥാപിച്ചോളൂ എന്നൊക്കെ വന്നവരോട് പരമാവധി പറഞ്ഞു നോക്കി ഈയുള്ളവൻ തടിയൂരാൻ ശ്രമിച്ചെങ്കിലും വന്നവർ വിട്ടു പോകുന്ന അവസ്ഥയിലായിരുന്നില്ല.
മൂന്നോളം പ്രാവശ്യം ഇക്കാര്യവുമായി വീണ്ടും സമീപിച്ചവരെ ഇതേ ന്യായം പിന്നെയും ആവർത്തിച്ചു കൊണ്ട് ഒഴിഞ്ഞു മാറിയെങ്കിലും ഒടുവിൽ പറ്റിയ ഒരാളെ കണ്ടെത്തേണ്ട ധൗത്യം എന്നിൽ നിർബ്ബന്ധപൂർവ്വം ഏൽപ്പിക്കുകയും ആരെ കണ്ടെത്തും എന്ന ആശങ്കയിൽ ഈയുള്ളവൻ വിഷമത്തിലാവുകയും ചെയ്തു.ഒന്നാമതായി ഇത്തരം കാര്യങ്ങളിൽ ഇടപെട്ടുള്ള മുൻ അനുഭവങ്ങളൊന്നുമില്ല.ഈയുള്ളവന്ന് ആകെ അറിയുന്നത് ഞങ്ങളുടെ മുർശിദായ കൊടുമുടി സയ്യിദ് ബാ-ഹുസൈൻ സഖാഫ് പൂക്കോയ തങ്ങൾ قَدَّسَ اللهُ سِرَّهُ الْعَزِيزَ സയ്യിദവർകളെയാണ്.
പൊതുവേദിയിൽ പ്രത്യക്ഷപ്പെടാനോ,പൊതു ജനങ്ങളുമായി കൂടുതൽ സഹവസിക്കാനോ ഒട്ടും ആഗ്രഹിക്കാത്ത,ഇഷ്ട്ടപ്പെടാത്ത കൂടുതലും ഏകാന്തതയിൽ ഇബാദത്തിലും രിയാളകളിലും സിയാറത്തിലുമായി കഴിയുന്ന കൊടുമുടി സയ്യിദവർകളെ ഇക്കാര്യത്തിൽ സമീപിക്കുന്നതിൽ അങ്ങേയറ്റത്തെ ഭയവും ഉൽക്കണ്ഠയും എന്നെ വല്ലാതെ മഥിക്കുന്നുണ്ട് താനും.എന്തായാലും ആ വഴിക്കുള്ള ശ്രമവും വിജയിക്കില്ലായെന്ന് മുൻകൂട്ടി അറിയാവുന്നതു കൊണ്ട് ആ മാർഗത്തിലേക്ക് ആദ്യമേ തുനിയുകയുണ്ടായില്ല.
സുന്നി പ്രാസ്ഥാനിക തലത്തിലൂടെയും അല്ലാതെയും വിവിധ പള്ളികളിലും മഖ്ബറകളിലും ഇത്തരം മജ്ലിസുകൾ നടന്നു വരുന്നതും പുതുതായി സ്ഥാപിക്കപ്പെടുന്നതും അവിടങ്ങളിൽ മജ്ലിസുകളുടെ വാർഷികങ്ങളും ദുആ സമ്മേളനങ്ങളും നടന്നു വരുന്നതും അവയ്ക്ക് നേതൃത്വം കൊടുക്കാൻ വരുന്ന മഹത്വമുള്ള ചില സാദാതീങ്ങളെയും സ്വാലിഹീങ്ങളായ ആലിമീങ്ങളെയും കേട്ടറിവിലൂടെ അറിയാമെങ്കിലും എന്തോ എത്ര ചിന്തിച്ചിട്ടും മനസ്സിന്ന് വേണ്ടത്ര തൃപ്തി ലഭിക്കുന്നില്ല.
കുറ്റം എൻറേതു തന്നെയാണ്.നമ്മൾ ക്ഷണിച്ചു കൊണ്ടുവരുന്നവർ സ്ഥാപിക്കുന്ന അദ്കാറുകൾ അവർക്ക് നൽകിയ മശായിഖന്മാർ ആരാണന്നോ,അവർക്ക് ഇതിന്നുള്ള അധികാരം മശായിഖന്മാർ അനുവദിച്ചു കൊടുത്തിട്ടുണ്ടോ,അത്തരക്കാർ എത്ര മാത്രം സൂഫി ത്വരീഖത്തുകളുമായും മശായിഖന്മാരായ ഔലിയാക്കളുമായും വിശ്വാസപരമായും ആദർശപരമായും കർമ്മപരമായും അഗാധമായ ബന്ധം സ്ഥാപിച്ചവരാണോ എന്നൊന്നും നമുക്ക് പരിശോധിച്ചറിയാൻ പ്രയാസകരമായിരിക്കും.
കഴിയുന്നതും മജ്ലിസുകൾ സ്ഥാപിക്കുന്നതിലും ഖാസി,ഇമാം,ഖഥ്വീബ്,മുദർരിസ്,മുഅല്ലിം എന്നീ മതപരവും കർമ്മപരവുമായ സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിലും വഖഫ് കൈകാര്യം,അനാഥ സ്വത്തുവഹകളിലെ ഇടപെടലുകൾ,അസ്മാഅ്-ഥ്വൽസമാതുകൾ കൊണ്ടുള്ള ചികിൽസ തുടങ്ങിയ പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് കണിശമായ സൂക്ഷ്മതയിലൂടെയായിരിക്കണമെന്ന കർശനമായ നിർദ്ദേശം ഞങ്ങളുടെ അഭിവന്ദ്യരും അഭിമാനവുമായ പിതാവ് കോട്ടപ്പുറത്ത് സയ്യിദ് കെ.പി.എസ് തങ്ങൾ قَدَّسَ اللهُ سِرَّهُ الْعَزِيزَ അവർകളിൽ നിന്നും ഞങ്ങളുടെ പിതൃസഹോദരനും മുർശിദുമായ കൊടുമുടി സയ്യിദ് ബാ-ഹുസൈൻ സഖാഫ് പൂക്കോയ തങ്ങൾ قَدَّسَ اللهُ سِرَّهُ الْعَزِيزَ അവർകളിൽ നിന്നും വേണ്ടുവോളം നിർദ്ദേശമുണ്ടായിരിക്കേ,അത്തരം കാര്യങ്ങളിൽ കൊണ്ടു പോയി തല വെച്ചു കൊടുക്കൽ ബുദ്ധിയല്ലാ എന്നുള്ള ഉറപ്പുമുണ്ട്.
പ്രത്യേകിച്ച്, കേരളത്തിൽ ഇക്കാര്യങ്ങളിലെല്ലാം തന്നെ ശൈഖുനാ ശംസുൽ ഉലമാ قُدِّسَ سِرُّهُ തങ്ങളിലുള്ള യഥാർത്ഥ സ്നേഹവും വിശ്വാസവും കുറ്റമറ്റതായിട്ട് നിലനിർത്തുന്നവരാണോ,അഹ്ലുസ്സുന്നയെ സ്വീകരിക്കുന്നതിൽ ശൈഖുനാൻറെ മൻഹജിനെ അവലംബമാക്കുന്നവരാണോ എന്ന മാറ്റുരക്കല്ലിലാണ് ഈയുള്ളവൻ കൂടുതലും ശ്രദ്ധിക്കുകയും പരിശോധിക്കുകയും ചെയ്യാറുള്ളത്.മാറ്റുരക്കല്ലിൽ കളങ്കമില്ലാത്ത പത്തരമാറ്റ് തങ്കമാണെങ്കിൽ സ്വീകരിക്കുകയും വാരിപ്പുണരുകയും ചെയ്യും. ശൈഖുനയെന്ന മാറ്റുരക്കല്ലിൽ ഉരച്ചു നോക്കിയിട്ട് ഫലം നിരാശയാണെങ്കിൽ അത്തരക്കാരെ
സ്വീകരിക്കുകയുമില്ല,ഭൽസിക്കുകയുമില്ല എന്ന് തന്നെയാണ് നമ്മുടെ നിലപാട്.പക്ഷെ, ശൈഖ് വേഷം കെട്ടി എഴുന്നള്ളിക്കുന്ന ഇത്തരക്കാർ ദയൂബന്ധ് പോലൊത്ത ബിദഈ ചവറ് കൂനകളിൽ നിന്ന് കിളിർത്തതാണെങ്കിൽ സർവ്വാത്മന അവരെ തിരസ്ക്കരിക്കുകയും ഭൽസിക്കുകയും തന്നെ ചെയ്യും.
നേരത്തെ സൂചിപ്പിച്ച തെക്കുമല മഹല്ലിൽ ദർസ് ഖിദ്മത്തുമായി കഴിയുന്ന കാലത്ത് വയസ്സ് ഇരുപത്തിയെട്ട് കഴിഞ്ഞു.വിവാഹം അന്ന് നടന്നിട്ടില്ല.കാര്യമറിയുന്ന എൻറെ അഭിവന്ദ്യ നായകർ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ رَحْمَةُ اللهِ عَلَيْهِ മലപ്പുറത്തു നിന്നും കോട്ടക്കലിൽ നിന്നും രണ്ടു വിവാഹക്കാര്യങ്ങളെ കുറിച്ച് അറിയിക്കുകയും അവർ വീട്ടിൽ വന്ന പ്രകാരം വധു കാണലിന്ന് ഈയുള്ളവൻ പോവുകയും ചെയ്തു.
രണ്ടിടത്തും ശൈഖുനാ ശംസുൽ ഉലമാ قُدِّسَ سِرُّهُ തങ്ങളുടെ മൻഹജിനെ അംഗീകരിക്കാത്ത വീട്ടുകാരാണ് അവരെന്ന് ബോധിപ്പിക്കുന്ന പത്രവും കലണ്ടറും കണ്ടെപ്പോഴേ മാനസികമായി പൊരുത്തപ്പെട്ടു പോകാൻ കഴിയാതെയാകുമോ എന്ന ഭയത്താൽ ബന്ധത്തിന്ന് താൽപര്യം കാണിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.രണ്ടും സയ്യിദവർകളുടെ കുടുംബക്കാർ തന്നെ.
പിന്നീടൊരിക്കൽ സയ്യിദവർകളെ കണ്ടപ്പോൾ എന്തേ ഒഴിവായതെന്ന് ചോദിച്ചപ്പോൾ ഞാനെൻറെ അഭിപ്രായം തുറന്ന് പറയുകയും ചെയ്തു. മഹാനവർകൾ ചിരിച്ചു കൊണ്ട് 'നിങ്ങളിത്രയും സ്ട്രോങ്ങാണന്ന് ഞാനറിഞ്ഞില്ല,നിങ്ങളുടെ ശർത്തുകളൊക്കെ ഒന്നെഴുതി കാട്ടീം,ശർത്തു പ്രകാരമുള്ളത് ഞാനൊന്ന് നോക്കട്ടെ' എന്ന് തമാശയായി പറയുകയും ചെയ്തു.
2003-ൽ ഹൈപ്പർ ടെൻഷൻ ബാധിച്ച് ദർസ് രംഗത്തു നിന്ന് വിട്ടു നിന്ന കാര്യം അറിഞ്ഞപ്പോൾ സയ്യിദവർകൾ വളാഞ്ചേരി മർകസ് തർബിയ്യത്തുൽ ഇസ്‌ലാമിയ്യ അറബിക് കോളേജിൽ മുദർരിസാകാൻ ക്ഷണിക്കുകയും മൂന്ന് കിലോമീറ്റർ മാത്രം ദൂരയുള്ള വീടിനടുത്തുള്ള സ്ഥാപനമല്ലെ,ദിവസവും വീട്ടീൽ നിന്ന് വന്ന് ക്ലാസെടുത്ത് തിരിച്ചു വൈകിട്ട് വീട്ടിലേക്ക് തന്നെ പോകാനുള്ള അനുമതിയും വാങ്ങിത്തരാമെന്ന് പറയുകയും ചെയ്തു.
പക്ഷെ,അവിടുത്തെ മൻഹജിനോടും നേതൃത്വം നൽകുന്ന മാന്യദേഹത്തോടും അവരുടെ ആശയത്തോടും വളരെയധികം എതിർപ്പും അഭിപ്രായ വ്യത്യാസങ്ങളും ഉള്ളതു സയ്യിദവർകളോടു തുറന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു.പറഞ്ഞു വരുന്നത് ശൈഖുനാ ശംസുൽ ഉലമാ قُدِّسَ سِرُّهُ തങ്ങളോടുള്ള നിലപാടെന്ത് എന്നതിലെ ബോധ്യം പോലെയായിരിക്കും പിന്നീടുള്ള ബന്ധങ്ങളിലെ ദൃഢതയും സ്ഥിരതയും സ്വീകരിക്കപ്പെടുന്നത്.
ഒടുവിൽ തെക്കുമല മസ്ജിദു ബദറിൽ സ്ഥാപിക്കേണ്ട സ്വലാത്-ദിക്റ് മജ്ലിസിൻറെ സ്ഥാപക മഹാത്മാവിനെ കണ്ടെത്താൻ 'ഇസ്തിഖാറത്' ചെയ്യാൻ തന്നെ തീരുമാനിച്ചു.ഇസ്തിഖാറത്തിൻറെ നിസ്ക്കാരവും ദുആയും നടത്തിയതിന്ന് ശേഷം മനസ്സിൽ ഉദിച്ചു വന്നത് എൻറെ അഭിവന്ദ്യ നായകർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ رَحْمَةُ اللهِ عَلَيْهِ അവർകളുടെ മുഖമായിരുന്നു.സത്യത്തിൽ ഈയുള്ളവന്ന് വല്ലാത്ത കൗതുകവും ആശ്ചര്യവും ആശങ്കയുമാണ് ഉണ്ടായത്.
അക്കാലത്ത് അറിഞ്ഞിടത്തോളം അദ്ധേഹം വല്ലയിടത്തും ദിക്റ്-സ്വലാത് മജ്ലിസുകൾ സ്ഥാപിച്ചതായി അറിവില്ല.അത്തരം സദസ്സുകളിലെ വാർഷികങ്ങളിൽ ദുആ നേതൃത്വത്തിന്ന് പങ്കെടുക്കുന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യവുമാണ്.പൊതുവിൽ സുന്നി പ്രാസ്ഥാനിക രംഗത്തും സുന്നി സ്ഥാപന മേഖഖലയിലും രാഷ്ട്രീയ-സാംസ്കാരിക രംഗത്തും മഹാനവർകൾ നിറഞ്ഞു നിൽക്കുന്നതും നമുക്കറിയുകയും ചെയ്യും.മുൻകാലങ്ങളിലെ അത്യുന്നതരായ സൂഫിയാക്കളും സാദാതീങ്ങളും ഉഖ്റവിയായ ഉലമാക്കളും പല മഹല്ലുകളിലും ഖുഥുബിയത്തും സ്വലാത്ത്-ദിക്റ് മജ്ലിസുകൾ സ്ഥാപിച്ചതായി നാം ധാരാളം കേട്ടിട്ടുമുണ്ട്.പക്ഷെ,സയ്യിദവർകൾ ഇത്തരം ഒരു മഹാകാര്യം എവിടെയെങ്കിലും സ്ഥാപിച്ചതായിട്ട് ഒരറിവുമില്ല.
ആവശ്യക്കാരോട് ഈയുള്ളവൻ കാര്യം ഉണർത്തി.പാണക്കാട് ചെന്ന് സയ്യിദ് ഹൈദരലി തങ്ങളെ കണ്ട് ഉദ്ദേശം പറഞ്ഞ് ക്ഷണിക്കാൻ അവരോട് ആവശ്യപ്പെട്ടു.എനിക്ക് ഇസ്തിഖാറത്തിൽ അപ്രകാരമാണ് ബോധ്യപ്പെട്ടതെന്ന് വളരെ പ്രയാസപ്പെട്ട് അവരോട് പറയുകയും ദയവ് ചെയ്ത് ഈയുള്ളവനെ ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കിത്തരണമെന്ന് വിനീതമായി ആവശ്യപ്പെടുകയും ചെയ്തു.
പള്ളി-മദ്റസയുടെ ഉത്തരവാദിത്വപ്പെട്ടവരാണങ്കിൽ ഇക്കാര്യവുമായി പാണക്കാട്ടേക്ക് പോകാൻ അങ്ങേയറ്റത്തെ ആശങ്കയും സങ്കോചവും പ്രകടിപ്പിച്ചതിനോടൊപ്പം ഈയുള്ളവനും കൂടി കൂടെ ചെല്ലണമെന്ന നിർദ്ദേശവും വെക്കുകയുണ്ടായി.തങ്ങളുടെ പ്രതികരണം എന്താകും എന്ന ആശങ്കയിൽ നമുക്കും ഭയാശങ്കയുണ്ട് താനും.തങ്ങൾ ഒരു പക്ഷെ ഇക്കാര്യത്തിൽ ആരെങ്കിലും നിയോഗിച്ച് ഒഴിഞ്ഞു മാറുമോ എന്നാണ് എൻറെ ആശങ്കയുടെ കാതൽ.നമ്മുടെ നിർബ്ബന്ധത്തിനും ശാസനയും പ്രകാരം മനസ്സില്ലാമനസ്സോടെയെങ്കിലും ഭാരവാഹികൾ പോകുകയും കാര്യദ്ദേശങ്ങളറിഞ്ഞ തങ്ങൾ സർവ്വാത്മന സ്വീകരിക്കുകയും, 2001 സെപ്റ്റംബർ 28,റജബ് 10-ന്ന് വെള്ളിയാഴ്ച്ച മഗ്രിബിന്ന് ശേഷം ഇൻശാ അല്ലാ നമുക്ക് തുടക്കം കുറിക്കാമെന്നും തങ്ങൾ വാഗ്ദത്വം ചെയ്യുകയുമുണ്ടായി.
സത്യത്തിൽ തങ്ങളെ ക്ഷണിക്കാൻ പോയവർക്കും അവരെ അങ്ങോണ്ടയച്ച എനിക്കും ആശ്ചര്യത്തിന്നും സന്തോഷത്തിന്നും അറ്റമില്ലായിരുന്നു. നമ്മുടെ ഹൃദയാന്തരത്തിലെ ചെറിയ കോണിൽ പോലും സയ്യിദവർകളെ കുറിച്ച് ഇത്തരമൊരു ചിന്തയേയില്ലായിരുന്നു.കൂടാതെ,മുകളിൽ സൂചിപ്പിച്ചതു പോലെ ഭയാശങ്കയും. മുൻവിധികളെ തരിപ്പണമാക്കുന്ന വിധമായിരുന്നു തങ്ങളുടെ പ്രതികരണം ഞങ്ങൾക്കുണ്ടായത്.
നിശ്ചയിച്ച ദിവസം മഗ്രിബിന്ന് ശേഷം തുടങ്ങേണ്ട പ്രസ്തുത മജ്ലിസ് സംസ്ഥാപനത്തിന്നു വേണ്ടി ഒരു മണിക്കൂർ മുമ്പേ ഞങ്ങളെ അൽഭുതപ്പെടുത്തിക്കൊണ്ട് തങ്ങളെത്തിച്ചേർന്നു.കഷ്ടിച്ച് എഴുപതോളം പേർക്ക് നിസ്ക്കരിക്കാൻ സൗകര്യമുള്ള ഒരു ചെറിയ പള്ളിയിലാണ് മഹത്തായ മജ്ലിസ് സ്ഥാപിക്കാനുള്ളത്.അക്കാര്യം തങ്ങളെ നേരത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കൊപ്പം-തെക്കുമല പ്രദേശത്തെ പൗരപ്രമുഖനും മഹല്ല് ജമാഅത്തിൻറെ ജീവനാഡിയുമായ മർഹൂം എടപ്പയിൽ മാനു ഹാജിയുടെ വീട്ടിൽ ഒരു മണിക്കൂറോളം തങ്ങൾ വിശ്രമിച്ച് മഗ്രിബിനോടടുത്ത സമയത്ത് പള്ളിയിലെത്തുകയും മഗ്രിബ് നിസ്ക്കാരനന്തരം കാര്യ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിൻറെ മുമ്പ് ഇവിടെ സ്ഥാപിക്കാൻ പോകുന്ന അദ്കാറുകളുടെ വളീഫ ഈയുള്ളവന്ന് കാണിച്ചു തന്ന്,അവയെ കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ ഉദ്ബോധിപ്പിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു.
മണിക്കൂറുകൾക്കു മുന്നേ വന്ന സയ്യിദവർകളെ ഇരുത്തി അധ്യക്ഷ പ്രസംഗം ദീർഘിപ്പിച്ച് മുഷിപ്പിക്കേണ്ട എന്ന് കരുതി പതിനഞ്ച് മിനിറ്റായപ്പോഴേക്കും പ്രസംഗം ഉപസംഹരിക്കാൻ തുനിഞ്ഞ ഈയുള്ളവനെ വീണ്ടും പ്രസംഗം തുടരാൻ വേണ്ടി നിർദ്ദേശിക്കുകയും പലയാവർത്തി പ്രസംഗം ദീർഘിപ്പിക്കാൻ പറഞ്ഞ സയ്യിദവർകളുടെ നിർബ്ബന്ധ നിർദ്ദേശത്തുടർന്ന് ഒരു മണിക്കൂറോളം പ്രസംഗിപ്പിച്ച്,തങ്ങൾ എല്ലാ ആഴ്ച്ചയിലും തിങ്കളാഴ്ച്ച രാവിൽ ഖിയാമത് നാൾ വരെ ഈ പ്രദേശത്തുകാരുടെ ഖൈറിന്നും നന്മക്കും രക്ഷക്കും വേണ്ടി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ദിക്റ്-സ്വലാത്ത് മജ്ലിസിൻറെ ഉദ്യമത്തിലേക്ക് സയ്യിദവർകൾ പ്രവേശിക്കുകയും ചെയ്തു.
സയ്യിദവർകൾ പ്രസംഗത്തിനൊന്നും മുതിരാതെ, അദ്യവന്ദ്യരും കേരള മുസ്ലീങ്ങളുടെ അജയ്യനായ അമരക്കാരനും ആത്മീയ നേതാവും നിരവധി കറാമത്തുകൾക്കുടമയുമായ തൻറെ മുർശിദും ശൈഖുമായ പിതാവ് 'സയ്യിദുനാ അൽ-ആരിഫു ബില്ലാഹി പുതിയ മാളിയേക്കൽ അസ്സയ്യിദ് അഹ്മദ് പാണക്കാട് പൂക്കോയ തങ്ങൾ' قَدَّسَ اللهُ سِرَّهُ الْعَزِيزَ മഹാനവർകൾ ഉപയോഗിച്ചിരുന്ന ഒരു കറുത്ത ഹാൻഡ് ബാഗിൽ നിന്ന്,പിതാവ് പതിവാക്കിയിരുന്ന ഔറാദിൻറെ കയ്യെഴുത്ത് കിതാബ് മുന്നിൽ നിവർത്തി വെച്ച് മഹാനവർകൾ മുഖദ്ദിമയായി ദിക്റുകളും സ്വലാത്തുകളും ഓരോന്നിൻറേയും എണ്ണം പ്രകാരം ചൊല്ലി കൊടുക്കുകയും ഒടുവിൽ യാസീൻ ഓതി മഹത്തുക്കളുടെ ഹള്റത്തിലേക്ക് ഹദിയ ചെയ്ത് ദൂആയിരന്നതിന്ന് ശേഷം പ്രസ്തുത അദ്കാറുകൾ ദൈനം ദിന ജീവിതത്തിൽ പതിവാക്കാമെന്ന് ഉപദേശിച്ച് പിരിയുകയാണ് ചെയ്തത്.
വളരെ ചെറിയ പ്രദേശത്ത്,തുലോം വിശ്വാസികൾ പങ്കെടുക്കുന്ന ഒരു ചെറിയ പള്ളിയിലാണ് മഹത്തായ ഒരു സൽക്കർമ്മത്തിന്ന് അസ്ഥിവാരമിട്ടത്.കൊട്ടിയാഘോഷിച്ച പ്രചരണങ്ങളില്ല,ജന ബാഹുല്യം കൊണ്ട് നിറഞ്ഞു കവിഞ്ഞ സദസ്സില്ല,നിഷ്കളങ്കരും ഭൂരിഭാഗം കർഷകരുമായ ഏതാനും വിശ്വാസികളുടെ ഇരു ലോക ഉന്നമനം വെച്ചുള്ള, എല്ലാ ആഴ്ച്ചകളിലും തിങ്കളാഴ്ച്ച രാവിൽ തന്നെ പ്രസ്തുത മജ്ലിസ് നടത്തി കൊണ്ടു പോകാനും അവയുടെ പൂർണ്ണ ഉത്തരവാദിത്വം ഇന്നും ആ പള്ളിയിൽ ഇമാമായി തുടരുന്ന സാത്വികനായ വാഴയിൽ സൈതാലിക്കുട്ടി ഫൈസിയെ ഏൽപ്പിക്കുകയും ചെയ്തു.
ഏകദേശം നാലു മണിക്കൂറിലധികം മഹാനവർകൾ വളരെ ആത്മ സംതൃപ്തിയോടെയും തികഞ്ഞ ആത്മാർത്ഥതയോടെയും സന്തോഷത്തോടെയുമാണ് ഈ മഹത്തായ സംരഭത്തിന്ന് സമയം ചെലവഴിച്ചത്.ഒടുവിൽ സ്വകാര്യമായി സയ്യിദവർകൾ ഈയുള്ളവനോട് 'ഇന്ന് ഞാനനുഭവിച്ച സംതൃപ്തിയും സന്തോഷവും ഈയടുത്തൊന്നും ഒരു വേദിയിൽ നിന്നും ലഭിച്ചിട്ടില്ലാ' എന്നും ഉണർത്തുകയുണ്ടായി.എൻറെ പിതാവ് എനിക്ക് ഇജാസത്തായി തന്ന അമലാണിതെന്നും ഇതുവരെ ഈ അമലുകൾ എവിടെയും മജ്ലിസായി സ്ഥാപിച്ചിട്ടില്ലായെന്നും ഇത്തരം ആത്മീയ സദസ്സുകളിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തെയും കുറിച്ച് മഹാനവർകൾ വാചാലനുമായി.
വളരെ ചാരിതാർത്ഥ്യത്തോടെ യാത്ര ചോദിച്ച് തിരിച്ചു പോയ മഹാനവർകൾ 2002-ൽ വളരെ ലളിതമായി സംഘടിപ്പിച്ച വാർഷികത്തിന്നും പങ്കെടുക്കുകയുണ്ടായി.അപ്പോഴേക്കും മഹത്തായ ഈ മജ്ലിസിൻറെ ബറകത്ത് അതിൽ പങ്കെടുത്തവർക്ക് അനുഭവിക്കാൻ തുടങ്ങിയിരുന്നു.അമുസ്ലീം സഹോദരന്മാർ അടക്കം എല്ലാ തിങ്കളാഴ്ച്ച രാവും നടക്കുന്ന മജ്ലിസിലേക്ക് നേർച്ചകൾ നേർന്നു തുടങ്ങിയിരുന്നു.
അധികം താമസിയാതെ തങ്ങൾ സ്ഥാപിച്ച ഔറാദുകൾ,തെക്കുമല മേൽമുറി 'നൂറുൽ ഹിദായ മദ്രസ്സ' സ്വദർ മുഅല്ലിമും നല്ലൊരു കയ്യെഴുത്തുകാരനുമായ എ.കെ അമാനുല്ലാ മുസ്‌ലിയാരെക്കൊണ്ട് എഴുതിപ്പിക്കുകയും ചാർട്ട് പേപ്പറിൽ പ്രിൻറ് ചെയ്ത് മജ്ലിസ് നടത്തുന്ന ദിവസങ്ങളിൽ സയ്യിദരുടെ സമ്മത പ്രകാരം പിന്നീട് പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യാനും തുടങ്ങി.
എല്ലാ വർഷവും വാർഷികം റജബിൽ തന്നെ നടത്താനും അവിടത്തെ മജ്ലിസിൻറെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നിർബ്ബന്ധമായും വാർഷിക വേളയിൽ പങ്കെടുക്കണമെന്നും കാണുബോഴൊക്കെ ഈയുള്ളവനെ ഓർമ്മപ്പെടുത്തി ഉപദേശിക്കാറുമുണ്ട്. മജ്ലിസിൻറെ വാർഷിക ദിനം അടുക്കുബോഴേക്കും ഇന്നും നിലവിലെ ഭാരവാഹികൾ വീട്ടിൽ വന്ന് കാര്യങ്ങൾ ചർച്ച ചെയ്യുബോൾ സയ്യിദവർകളുടെ അടുത്ത് പോയി സമ്മതം വാങ്ങി വരണമെന്ന നിർദ്ദേശം ഞാനുന്നയിക്കുക്കുകയും അപ്രകാരം ആ പ്രദേശത്തുകാർ സയ്യിദവർകളെ സമീപിക്കുകയും ചെയ്യും.അവിചാരിതമായ വന്ന ചില കാരണങ്ങളാൽ രണ്ടു വാർഷികത്തിന്ന് പങ്കെടുക്കാൻ കഴിഞ്ഞില്ലാ എന്നുള്ള അപവാദം ഒഴിച്ച് ,ഇരുപതു വർഷം പിന്നിടുന്ന ഈ മജ്ലിസിൻറെ ഇന്നോളം നടന്ന മിക്ക വാർഷിക ആഘോഷങ്ങളിലും തങ്ങളുടെ നിർദ്ദേശ പ്രകാരം പങ്കെടുക്കാനുള്ള സൗഭാഗ്യവും അനുഗ്രഹവുമുണ്ടായിട്ടുണ്ട്.
കേരളത്തിലെ അഹ്ലുസ്സുന്നയുടെ വക്താക്കൾ ലോകത്തിൻറെ ഏതെല്ലാം കോണിൽ അധിവസിക്കുന്നുണ്ടോ,അവിടെയെല്ലാമുള്ള സുന്നീ കൂട്ടായ്മകളിൽ നടന്നു വരുന്നതും ഉന്നതരായ മഹാത്മാവും അല്ലാഹുവിൻറെ ആരിഫീങ്ങളിൽ മഹോന്നത സ്ഥാനരുമായ 'മലപ്പുറം കോഡൂർ പള്ളിയിൽ മറപ്പെട്ടു കിടക്കുന്ന പാറമ്മൽ മങ്കരത്തൊടി മുഹമ്മദ് മുസ്‌ലിയാർ എന്ന മമ്മു മുസ്ലിയാർ' قَدَّسَ اللهُ سِرَّهُ الْعَزِيزَ തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ വിരചിതമായ 'ബദ്‌രിയ്യത്തുല് മന്ഖൂസിയ്യ:' എന്ന 'ചെറിയ ബദ്റ് ബൈത്തി'നെ മുഖ്യ അവലംബമാക്കി 'മജ്ലിസുന്നൂർ' എന്ന പേരിൽ നടന്നു വരുന്ന മജ്ലിസുകൾ സുന്നി യുവജന സംഘത്തിൻറെ കീഴിൽ നടപ്പിൽ വരുത്തുന്നതിൻറെ ഒരു പതിറ്റാണ്ടു മുമ്പാണ് മഹാനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ رَحْمَةُ اللهِ عَلَيْهِ തെക്കുമല മഹല്ലിൻ കീഴിലുള്ള ഈ നിസ്ക്കാര പള്ളിയിൽ സ്വപിതാവിൽ നിന്ന് താഴ്‌വഴിയായി ലഭിച്ച വളരെ ലളിതവും ചൊല്ലി തീർക്കാൻ പ്രയാസവേതുമില്ലാതെ ദിനചര്യയായി പതിവാക്കാൻ കഴിയുന്ന മഹത്തായ ഈ മജ്ലിസ് സ്ഥാപിക്കപ്പെട്ടതെന്ന് ഓർക്കണം.
ഹിജ്റ 1443 റജബ് 10-ന്നാണ് മലപ്പുറം ജില്ലയിലെ പഞ്ചായത്തുതലങ്ങളിൽ മജ്‌ലിസുന്നൂര് ആത്മീയ സംഗമങ്ങള് ആദ്യമായി തുടക്കം കുറിക്കപ്പെടുന്നത്.ഇതിന്നും പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് ഹിജ്റ 1422 റജബ് 12,കൃസ്തബ്ധം 2001 സെപ്റ്റംബർ 30-ന്നാണ് പ്രസ്തുത മസ്ജിദുൽ ബദ്റിലെ മജ്ലിസിന് മഹാനവർകൾ തുടക്കം കുറിച്ചത്.
തെക്കുമല മഹല്ല് ജുമുഅത് പള്ളിയിൽ മുദർരിസായി സേവനം ചെയ്യുന്ന കാലയളവിലും ശേഷവും തൊട്ടടുത്ത പ്രദേശത്തു വസിക്കുന്നവരും പലപ്പോഴും ആദ്യകാലത്ത് മിക്ക ദിവസങ്ങളിലും പതിവായി വളാഞ്ചേരി-കൊപ്പം സംസ്ഥാന പാതയിലെ നടുവട്ടം ബസ് സ്റ്റോപ്പിൽ ഇരുന്ന് വരയില്ലാത്ത വെള്ള പുസ്തകത്തിൽ പേനകൊണ്ട് ഒരു പ്രത്യേക ശൈലിയിൽ വരച്ചു കൊണ്ടിരുന്ന മജ്ദൂബായ സൂഫിവര്യനും വലിയ പണ്ഡിതനും പഴയകാല ബാഖവിയും വാഗ്മിയും മുദർരിസുമായിരുന്ന 'പാറ മുസ്‌ലിയാർ' എന്ന പേരിൽ അറിയപ്പെടുന്ന 'എടപ്പലം പാറയിൽ മുഹമ്മദ് മുസ്‌ലിയാർ' حَفِظَهُ اللهُ എന്ന ആരിഫീങ്ങളിൽ പെട്ട മഹാത്മാവിനെ കുറിച്ച് മിക്കപ്പോഴും സുഖവിവരങ്ങൾ അന്വേഷിക്കുകയും അദ്ദേഹത്തെ കാണാനും ദുആ ചെയ്യിപ്പിക്കാനും പാണക്കാട്ടെ സയ്യിദവർകൾ എന്നെ ഉപദേശിക്കാറുണ്ടായിരുന്നു.
ഞങ്ങളുടെ മാർഗദർശിയും സർവ്വാവലംബവുമായ കോട്ടപ്പുറത്ത് സയ്യിദുനാ അശൈഖ് ബാ-ഹുസൈൻ സയ്യിദ് മുഹമ്മദ് സഖാഫ് കൊടുമുടി പൂക്കോയ തങ്ങൾ قَدَّسَ اللهُ سِرَّهُ الْعَزِيزَ തങ്ങൾ വഫാതാകുന്നതിൻറെ രണ്ടു വർഷങ്ങൾക്കു മുമ്പ് 2012-ൽ, ഒരിക്കൽ അദ്ധേഹത്തിൻറെ ചെറിയ മകനെ സയ്യിദുൽ ഉലമാ ജിഫ്രി മുത്തുകോയ തങ്ങൾ حَفِظَهُ اللهُ അവർകൾ പ്രിൻസിപ്പളായ മുണ്ടക്കുളം ജലാലിയ്യ അറബിക് കോളേജിൽ പ്രവേശിപ്പിക്കുന്നതിൻറെ രണ്ടു ദിവസം മുമ്പ് മകനേയും കൂട്ടി പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ رَحْمَةُ اللهِ عَلَيْهِ അടുക്കലേക്ക് കൊണ്ടു പോയി ദുആ ചെയ്യിപ്പിക്കാനും മന്ത്രിപ്പിക്കാനും ബറകത്തിന്ന് വല്ലതും ചോദിച്ചു വാങ്ങാനും കൊടുമുടി സയ്യിദവർകൾ എന്നെ ഏൽപ്പിക്കുകയുണ്ടായി.
കൊടുമുടി സയ്യിദവർകളുടെ നിർദ്ദേശാനുസരണം ഒരു ചൊവ്വാഴ്ച്ച കുട്ടിയെയും കൂട്ടി പാണക്കാട് എത്തി.വമ്പിച്ച ആൾത്തിരക്കുകൾക്കിടയിൽ നിന്ന് വേഗം അടുത്തേക്ക് വിളിച്ച് വന്ന കാര്യമെന്തന്ന് അന്വേഷിക്കുകയും ചെയ്തു.കാര്യങ്ങൾ വിവരിച്ചു കൊടുത്തപ്പോൾ മന്ത്രിക്കാനും മറ്റും മഹാനവർകൾ വിസമ്മതം പ്രകടിപ്പിക്കുകയുണ്ടായി.കൊടുമുടി സയ്യിദവർകളെ അദ്ധേഹത്തിന്ന് അറിയാമെന്നും അവരുടെ കുഞ്ഞിനെ ഞാൻ മന്ത്രിക്കൽ അദബ് കേടാണെന്നുമായിരുന്നു സയ്യിദ് ഹൈദരലി തങ്ങൾ رَحْمَةُ اللهِ عَلَيْهِ യുടെ നിലപാട്.പക്ഷെ,സ്നേഹത്തോടെയുള്ള വാശിയിൽ ഉറച്ചു നിന്നതു കൊണ്ട് മന്ത്രിക്കുകയും ദുആ ചെയ്യുകയും പിന്നീട് ഏതാനും ആഴ്ചകൾക്ക് ശേഷം കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളി മഖാം ഉറൂസിൻ്റെ തുടക്ക ദിവസത്തിലെ കൊടിയേറ്റത്തിന്ന് സയ്യിദരെ കണ്ടപ്പോൾ കൊടുമുടി സയ്യിദവർകളുടേയും മകൻറേയും വിശേഷങ്ങൾ ചോദിച്ചറിയുകയും തേൻ മന്ത്രിച്ച് കൊടുക്കാൻ ഉപദേശിക്കുകയും ചെയ്തു.
ഔലിയാക്കളുമായും സൂഫിയാക്കളുമായും ആരിഫീങ്ങളുമായും അഭേദ്യമായ ബന്ധം പുലർത്തുകയും തസവ്വുഫിൻറേയും പിതാവ് വഴിക്ക് ലഭിച്ച ത്വരീഖത്തുകളുടെ അമലുകളും ഖുഥുബിയ്യത്തിൻറെ പ്രത്യേകമായ ഇജാസത്തുകൾ അടക്കം നിരവധി വളീഫകൾ കൃത്യമായി ചെയ്തു വന്നിരുന്ന ആദരണീയരും അനുധാവനം ചെയ്യാൻ മാതൃക യോഗ്യരുമായ,ആലങ്കാരിക പ്രയോഗത്തിൽ വെറുതെ വിശേഷിക്കപ്പെട്ടു പോരുന്ന ആത്മീയ നേതാവ് എന്നതിലുപരി യഥാർത്ഥത്തിൽ സയ്യിദവർകൾ തികഞ്ഞ ആധ്യാത്മിക ഗുരുവര്യർ തന്നെയായിരുന്നു...(തുടരും)
മഹാനായ സയ്യിദരും ആധ്യാത്മിക ഗുരുവര്യരുമായ മഹാനവർകളുടെ ഹഖ്-ജാഹ്-ബറകത്തിനാൽ നമ്മുടെയും നമ്മോടു ബന്ധപ്പെട്ടവരുടേയും ഇരു ലോകങ്ങളും അല്ലാഹു സലാമത്തിലാക്കട്ടെ ആമീൻ.
NB:തെക്കുമല ബദ്റ് മസ്ജിദിൽ സയ്യിദവർകൾ സ്ഥാപിച്ച മജ്ലിസിൽ ചൊല്ലുന്ന അദ്കാറുകളാണ് മുകളിലെ ചിത്രത്തിലുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter