തഖ് വയുടെ പാത
നാം സാധാരണ  കേള്‍ക്കാറുള്ള ഒരു പദമാണ് 'തഖ്‌വ'. സൂക്ഷ്മത, ധര്‍മ്മനിഷ്ഠ, ഭക്തി, സദാചാരബോധം എന്നൊക്കെയാണതിന്റെ അര്‍ത്ഥം. അല്ലാഹുവിന്റെ കല്‍പനകള്‍ മനസാവാചാ കര്‍മ്മണാ അനുസരിക്കുകയും അവന്‍ വിലക്കിയതെല്ലാം വെടിയുകയും ചെയ്യുന്നതിനാണ് സാങ്കേതിക ഭാഷയില്‍ തഖ്‌വ എന്നു പറയുന്നത്. ഐഹികവും പാരത്രികവുമായ ജീവിതവിജയത്തിന്റെ അടിത്തറ തഖ്‌വയാണ്. നബി(സ) അരുളി: ''ആളുകളെ അധികം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതെന്താണെന്നറിയാമോ? അത് അല്ലാഹുവോടുള്ള ഭയഭക്തിയും സല്‍സ്വഭാവവുമത്രെ. ആളുകളെ അധികം നരകത്തിലേക്ക് തള്ളുന്നതെന്താണെന്നറിയാമോ? ഉള്ള് പൊള്ളയായ രണ്ടു വസ്തുക്കള്‍. അഥവാ  ലിംഗവും വായയും.''(തിര്‍മുദി) സത്യവിശ്വാസിയുടെ ജീവിതത്തില്‍ തഖ്‌വയുടെ സജീവ സാന്നിദ്ധ്യം കൂടിയേതീരൂ.
കല്ലും മുള്ളും മൂര്‍ഖന്‍പാമ്പും നിറഞ്ഞ വഴിയിലൂടെ നടക്കുന്നവന്‍ അപകടംപറ്റാതിരിക്കാന്‍ ഓരോ കാലടിയും ശ്രദ്ധിച്ചും സൂക്ഷിച്ചും മുന്നോട്ടുവെക്കണം. എന്നാലേ അപകടത്തില്‍നിന്ന് ഒഴിവാകൂ. ഇതാണ് 'സൂക്ഷ്മത'. അക്രമങ്ങളും അധര്‍മ്മങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ ലോകത്ത് അവയില്‍നിന്നെല്ലാം രക്ഷ വേണമെങ്കില്‍ സൂക്ഷ്മത കൂടിയേതീരൂ. അല്ലാത്തപക്ഷം അപകടത്തില്‍ ചാടും. ഓരോ സത്യവിശ്വാസിയും ജീവിതത്തില്‍ വളര്‍ത്തിയെടുക്കേണ്ട ഒരുത്തമഗുണമാണിത്. മനസ്സാണ് തഖ്‌വയുടെ ഉറവിടം. മനസ്സിനെ മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കണം. നല്ല മനസ്സില്‍നിന്നേ നല്ലത് ചെയ്യുവാന്‍ ഉള്‍പ്രേരണ ലഭിക്കുകയുള്ളൂ. മനസ്സിനെ തഖ്‌വയുടെ പാതയില്‍ ഉറപ്പിച്ചുനിര്‍ത്തണം. അങ്ങനെയല്ലാത്തതെല്ലാം കൃത്രിമവും പൊള്ളയും മാത്രമായിരിക്കും. ജന്‍മനാ എല്ലാ മനുഷ്യരുടെയും മനസ്സ് സംശുദ്ധമാണ്. ഈ വിശുദ്ധിയെ വളര്‍ത്തുമ്പോഴാണ് തഖ്‌വ ഉടലെടുക്കുന്നത്.
ഒരിക്കല്‍ നബി(സ) നെഞ്ചത്ത് കൈവെച്ചു പറഞ്ഞു: ''ഇവിടെയാണ് തഖ്‌വ. ഇവിടെയാണ് തഖ്‌വ.'' തഖ്‌വയുടെ ഉറവിടം ഹൃദയമാണെന്നാണ് ഇതിന്റെ വിവക്ഷ. ഖുര്‍ആനില്‍ പല സ്ഥലത്തും ഊന്നിപ്പറഞ്ഞ കാര്യമാണ് തഖ്‌വ. അല്ലാഹു പറയുന്നു: ''നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്‍മാരിലും വിശ്വസിക്കുകയും സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചവര്‍ക്കും നല്‍കുകയും പ്രാര്‍ത്ഥന(നിസ്‌കാരം) മുറപ്രകാരം നിര്‍വ്വഹിക്കുകയും സകാത്ത് നല്‍കുകയും കരാറിലേര്‍പ്പെട്ടാല്‍ അത് നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈകൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍തന്നെയാകുന്നു 'മുത്തഖി' (ദോഷബാധയെ സൂക്ഷിച്ചവന്‍).''
ആരാധനകള്‍ മാത്രമല്ല, ജീവിതത്തിന്റെ മുഴുവന്‍ വശങ്ങളും ഉള്‍ക്കൊള്ളുന്ന വിശാലമായ അര്‍ത്ഥമാണ് തഖ്‌വക്കുള്ളത്. നിസ്‌കാരവും നോമ്പും മാത്രം അനുഷ്ഠിച്ചാല്‍ മതി, മുത്തഖിയായി എന്നു ധരിക്കുന്നവര്‍ ധാരാളമുണ്ട്. അതുപോരാ, കളവും ചതിയും കൊള്ളയും നടത്തുന്നവര്‍ നിസ്‌കരിച്ചാല്‍ മുത്തഖിയാവുമെന്ന് പറയാന്‍ പറ്റുമോ? ഇല്ല, നിസ്‌കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം വ്യക്തിജീവിതത്തിന്റെ വിശുദ്ധി നിലനിര്‍ത്തുമ്പോഴേ തഖ്‌വ എന്ന ഗുണത്തിനവന്‍ അര്‍ഹനായിത്തീരുകയുള്ളൂ. അല്ലാഹുവിന്റെ അടുത്ത് അവന്‍ മാത്രമേ ആദരണീയനായിത്തീരുകയുള്ളൂ. സത്യവിശ്വാസിയുടെ സവിശേഷ ലക്ഷണമാണ് തഖ്‌വ. അത് തെറ്റില്‍നിന്നും കുറ്റങ്ങളില്‍നിന്നും അവനെ തടയുന്നു. ജീവിതത്തില്‍ സകലതുറയിലും പടച്ചവനെ പേടിച്ചു ജീവിക്കുവാന്‍ അതവനെ പ്രേരിപ്പിക്കുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മുത്തഖികള്‍ക്ക് ഈ ലോകത്തു നിന്നു തന്നെ ലഭിച്ചുകൊണ്ടിരിക്കും. ദാരിദ്ര്യവും പട്ടിണിയും അവര്‍ക്ക് അനുഭവിക്കേണ്ടി വരില്ല. അല്ലാഹു പറയുന്നു: ''ആര് അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നുവോ അവര്‍ക്ക് അല്ലാഹു അവന്‍ നിനച്ചിട്ടില്ലാത്ത മാര്‍ഗത്തിലൂടെ ഭക്ഷണം നല്‍കുന്നതാണ്.'' (അത്തലാഖ്: 2,3) മുത്തഖിയുടെ സ്ഥാനം എത്ര വലുതാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
സ്വഹാബത്തിന്റെ ജീവിതം പരിശോധിച്ചാല്‍ തഖ്‌വയുടെ ഉജ്ജ്വലമതൃകകള്‍ എമ്പാടും കാണാം. ഒരു സംഭവം ഇവിടെ വിവരിക്കാം. അബ്ദുല്ലാഹിബ്‌നു ദീനാര്‍ പറയുകയാണ്: ''ഞാനും ഉമര്‍(റ)വും ഒരു യാത്രയിലായിരുന്നു. ഞങ്ങള്‍ ഒരു മലഞ്ചെരുവിലെത്തി. അവിടെ കുറേ ആടുകളെ കണ്ടു. പരീക്ഷിക്കാന്‍ വേണ്ടി ആട്ടിടയനോടു ഉമര്‍(റ) ചോദിച്ചു: ''മോനേ, ഒരാടിനെ തരൂ, വില തരാം.'' ''ഇത് വില്‍ക്കുന്നതല്ല. ഇത് വില്‍കാന്‍ പറ്റുകയില്ല.'' ആട്ടിടയന്‍ മറുപടിപറഞ്ഞു. ''മുതലാളിയെ ഭയന്നിട്ടാണോ വില്‍ക്കില്ലെന്നു പറഞ്ഞത്? മുതലാളി അകലെയെവിടെയോ അല്ലേ ഉള്ളത്. അയാള്‍ ഇത് കാണുന്നില്ലല്ലോ. എണ്ണത്തില്‍ കുറവു വന്നാല്‍ ചെന്നായ പിടിച്ചെന്ന് പറഞ്ഞേക്കാം. അങ്ങനെ ആടിന്റെ വില നിനക്ക് സ്വന്തമാക്കാമല്ലോ?'' ഉമര്‍(റ) പറഞ്ഞു. ആട്ടിടയന്‍ പെട്ടെന്നു മറുപടി പറഞ്ഞു: ''നിങ്ങള്‍ പറഞ്ഞത് ശരിയാണ്. യജമാനനെ എനിക്ക് പറ്റിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ഇതെല്ലാം കാണുന്ന പടച്ചവനെ പറ്റിക്കാന്‍ പറ്റുമോ?'' ആട്ടിടയന്റെ മറുപടി ഉമറിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം ഏറെ സന്തോഷവാനായി. ആട്ടിടയന്റെ ദൈവഭക്തി എത്ര മഹത്തരമാണെന്ന് നോക്കൂ. ദൈവഭക്തിയില്ലാത്ത മനസ്സാണെങ്കില്‍ ഈ സംഭവം വേറെ വിധത്തിലാവുമായിരുന്നു, തീര്‍ച്ച. ഇതാണ് തഖ്‌വയുടെ പാത. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter