വീണ്ടും ഒരു ആഗസ്റ്റ് 15.
വീണ്ടും ഒരു ആഗസ്റ്റ് 15. നമ്മുടെ മാതൃരാജ്യം വിദേശാധിപത്യത്തില്‍നിന്ന് മോചിതമായതിന്റെ വാര്‍ഷിക ഓര്‍മ്മകള്‍ രാഷ്ട്രം അയവിറക്കുകയാണ്.
ഒത്തിരി മോഹങ്ങളുമായാണ്, ജീവനടക്കം സര്‍വ്വസ്വവും ത്യജിച്ച് നമ്മുടെ പൂര്‍വ്വീകര്‍ സ്വാതന്ത്ര്യം നേടിയെടുത്തത്. എന്നാല്‍ രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന സമരപോരാട്ടങ്ങളിലൂടെ അവര്‍ നമുക്കായി സ്വതന്ത്ര മണ്ണ് സമ്മാനിച്ചിട്ട് 73 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവരുടെ ത്യാഗങ്ങളെയും ആ ചിന്തിയ നിണകണങ്ങളെയും വ്യര്‍ത്ഥമാക്കി, നാം തിരിഞ്ഞുനടക്കുകയാണോ എന്ന് ആശങ്കിച്ചുപോവുകയാണ്.
മതേതരജനാധിപത്യരാഷ്ട്രമെന്നതാണ് ഭരണ ഘടന തന്നെ ഉറപ്പിച്ചുപറയുന്ന സ്വതന്ത്രഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഇന്ന് ആ രണ്ട് മൂല്യങ്ങളും കീഴ്മേല്‍ മറിക്കപ്പെട്ട്, ഏകാധിപത്യമതരാജ്യമായി നമ്മുടെ ഭാരതം മാറുന്നുവോ എന്ന് ആശങ്കിക്കുന്നിടത്താണ് കാര്യങ്ങളെത്തി നില്‍ക്കുന്നത്.
പണക്കൊഴുപ്പിലൂടെയും അധികാരഗര്‍വ്വിലൂടെയും ഉദ്യോഗസ്ഥ വൃന്ദത്തെ മാത്രമല്ല, നീതിന്യായ വ്യവസ്ഥയെയും ജനാധിപത്യത്തിന്റെ ആധാരശിലയായ തെരഞ്ഞെടുപ്പ് രീതിയെ പോലും അട്ടിമറിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
മതന്യൂനപക്ഷങ്ങള്‍ നിഷ്കരുണം വേട്ടയായപ്പെടുകയും തെരുവകളില്‍ ക്രമസമാധാനപാലകരുടെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ തന്നെ ആള്‍കൂട്ട കൊലകള്‍ക്ക് വിധേയമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. സ്ത്രീകളുടെ സുരക്ഷ വലിയ ചോദ്യചിഹ്നമായി മാറുന്നു, തൊഴിലില്ലായ്മയുംപട്ടിണിയും പൂര്‍വ്വോപരി പിടിമുറുക്കുന്നു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കോടിക്കണക്കിന് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍, വര്‍ഗ്ഗീയതയും മതഭ്രാന്തും പറഞ്ഞ് പൊതു ജനശ്രദ്ധ വഴി തിരിച്ചുവിടുകയും അതിലൂടെ തങ്ങളുടെ അധികാരകസേരകള്‍ ഭദ്രമാക്കാനുള്ള ഹീനശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. വിദേശികള്‍ തുന്നിച്ചേര്‍ത്ത ചരിത്രത്തിന്റെ വിഷലിപ്തമായ ഏടുകള്‍ തന്നെയാണ് ഇതിനായി ഉപയോഗിക്കപ്പെടുന്നതും എന്നത് അതിലേറെ ലജ്ജാവഹം തന്നെ.
എല്ലാത്തിനുമിടയിലും, സ്വാതന്ത്ര്യദിനത്തില്‍ നാം സന്തോഷിക്കുക തന്നെയാണ്. വിദേശാധിപത്യം എന്നത് നമുക്കൊരിക്കലും സഹിക്കാവതല്ലല്ലോ. അതേ സമയം, വലിയമോഹങ്ങളോടെ ഇതിനായി ഏറെ സഹിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ ആത്മാക്കള്‍ പരലോകത്തിരുന്ന് വേദനിക്കുന്നുണ്ടാവും, സ്വാതന്ത്ര്യത്തിന്റെ വില അറിയാത്ത ഒരു സമൂഹത്തിന്റെ കൈയ്യിലാണല്ലോ ഈ രാജ്യം എത്തിപ്പെട്ടത് എന്നോര്‍ത്ത്.
അതൊരിക്കലും സംഭവിച്ചുകൂടാ. ഈ സ്വാതന്ത്ര്യദിനത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാം, ഇന്ത്യയുടെ വീണ്ടെടുപ്പിനായി, ലോകത്തെ ഏറ്റവും വലിയ മതേതര-ജനാധിപത്യരാഷ്ട്രത്തിന്റെ അന്തസ്സാര്‍ന്ന നിലനില്‍പ്പിനായി.
Leave A Comment