ഈ കുത്തിനിറക്കപ്പെടുന്ന വിദ്വേഷങ്ങളെല്ലാം എവിടെയെത്തുമോ ആവോ
ഹലാല്‍ എന്നത്, ആഗോള മാര്‍കറ്റില്‍തന്നെ, സുരക്ഷിതമായ ഭക്ഷ്യരീതിയെ സൂചിപ്പിക്കുന്ന ഒരു അറബി പദമാണ്. മൃഗങ്ങളെ ഭക്ഷ്യ ആവശ്യത്തിനായി കശാപ്പ് ചെയ്യുന്നിടത്തെല്ലാം, ഏറ്റവും കുറ്റമറ്റ രീതിയാണ് ഹലാല്‍ രീതിയെന്ന് എല്ലാവരും അംഗീകരിക്കുന്നതുമാണ്.
അതിന്റെ നേര്‍വിപരീതമാണ് ഹറാം, അഥവാ, മനുഷ്യാരോഗ്യത്തിന് ഹാനികരമായത് എന്നര്‍ത്ഥം. ചത്തും കൊന്നതും മൃഗങ്ങള്‍ പിടച്ചതുമായ മൃഗങ്ങളും മനുഷ്യ ആരോഗ്യത്തെ ബാധിക്കുന്ന വിവിധ തരം ചേരുവകള്‍ അടങ്ങിയതുമെല്ലാം അതിന്റെ പരിധിയിലാണ് വരുന്നത്.
എന്നാല്‍ ഈ പദം പോലും ഇന്ന് ഇന്ത്യയില്‍ വെറുപ്പിന്റെ പര്യായമാക്കി മാറ്റപ്പെട്ടിരിക്കുന്നു എന്ന് കാണുമ്പോള്‍, വിദ്വേഷത്തിന്റെ വക്താക്കള്‍ എത്രമേല്‍ പിടിമുറുക്കിയിരിക്കുന്നു എന്ന് ഓര്‍ത്തുപോവുകയാണ്. മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയായിരുന്നു എന്ന് പറയുന്നിടത്താണ് കാര്യങ്ങളെത്തി നില്‍ക്കുന്നത്. ഞങ്ങളുടെ ആരോഗ്യത്തെ ബാധിച്ചാലും കുഴപ്പമില്ല, ഞങ്ങള്‍ ഹറാമേ വിളമ്പൂ എന്ന് പറയുന്നത് അതേക്കാള്‍ ഗുരുതരമാണ്.
അതിലുപരി, പരസ്പര സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലും സ്വസ്ഥമായി ജനങ്ങളെല്ലാം ജീവിതം നയിച്ച്, ലോകശക്തിയായി വളരേണ്ട നമ്മുടെ ഭാരതമാണ് ഈ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളനിലമായി മാറുന്നതും അതിലൂടെ ലോകത്തിന് മുന്നില്‍ തന്നെ നാണം കെടേണ്ടിവരുന്നതും. ഈ ശാസ്ത്രീയമുന്നേറ്റത്തിന്റെ യുഗത്തിലും ഇത്തരം മൂഢത്തരങ്ങളിലും വേണ്ടാത്തരങ്ങളിലും ജീവിതം ഹോമിക്കാനാണല്ലോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ അധികാരികളടക്കം താല്‍പര്യം കാണിക്കുന്നത് എന്നത് ഏറെ ലജ്ജാകരമാണ്.
അതിലെല്ലാമുപരി, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ അപകടകരമായ തീവ്ര നിലപാടുകളുടെ പേരിലോ ഇങ്ങനെ കുത്തി നിറക്കപ്പെടുന്ന ഈ വിദ്വേഷമെല്ലാം ചേര്‍ന്ന് ഭാരതമെന്ന മഹാരാജ്യത്തെത്തന്നെ അധികം താമസിയാതെ ഒരു ചുടലക്കളമാക്കി മാറ്റിക്കൂടായ്കയുമില്ല. അതോടെ, അവിടെ ജീവിതം തന്നെ ദുസ്സഹമാവും, അത് ഒരു വിഭാഗത്തിന് മാത്രമായിരിക്കില്ല. കലാപങ്ങള്‍ അരങ്ങേറിയ നാടുകളുടെയെല്ലാം ചരിത്രം അത് തന്നെയാണ് നമുക്ക് പറഞ്ഞുതരുന്നത്. ചരിത്രം പാഠം പഠിക്കാനുള്ളതാണ്, അല്ലെങ്കില്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ശേഷം വരുന്നവര്‍ക്ക് അതിന് കാരണക്കാരയവരെ പഴിച്ചിരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗങ്ങളുണ്ടാവുകയുമില്ല.
Leave A Comment