ശംസുല്‍ ഉലമാ  ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍

ഇരുപതാം നൂറ്റാണ്ടില്‍ കേരളം ദര്‍ശിച്ച അതുല്യനായ പണ്ഡിതപ്രതിഭയായിരുന്നു ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ കേരള മണ്ണില്‍ അജയ്യമായ സംഘ ശക്തിയായി വളര്‍ത്തിയതില്‍ മഹാനുഭാവന്റെ പങ്ക് ചെറുതല്ല. സംവാദ വേദികളിലും കോടതി മുറികളിലും സ്‌റ്റേജിലും പേജിലും പ്രത്യക്ഷപ്പെട്ട് ആദര്‍ശ സംരക്ഷണത്തിലും അവകാശ പോരാട്ടത്തിലും വൈജ്ഞാനിക പ്രസരണത്തിലും മാതൃക തീര്‍ത്ത അദ്ദേഹത്തിന് സമുദായം അര്‍പ്പിച്ച അപരനമാമമാണ് ശംസുല്‍ ഉലമാ (പണ്ഡിതരിലെ സൂര്യന്‍).

യമനില്‍ നിന്നും മലബാറില്‍ കുടിയേറിപ്പാര്‍ത്ത പണ്ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായി 1914/1333ല്‍ കോഴിക്കോട് ജില്ലയിലെ പറമ്പില്‍കടവിലെ എഴുത്തഛന്‍കണ്ടി വീട്ടിലാണ് ജനനം. പിതാവില്‍ നിന്നു തന്നെയാണ് വിദ്യാഭ്യാസവും ആത്മീയശിക്ഷണവും നേടിയത്. കോഴിക്കോട് ഹിമായത്ത് ഹൈസ്‌ക്കൂളില്‍ നിന്നും ഭൗതിക വിദ്യാഭ്യാസവും കരസ്ഥമാക്കി. പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം മടവൂര്‍ കുഞ്ഞായിന്‍ കോയ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേരുകയും അബ്ദുല്‍ ഖാദര്‍ ഫള്ഫരിയായിരുന്നു പ്രധാന ഗുരുനാഥന്‍. അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, അയനിക്കാട് ഇബ്‌റാഹീം മുസ്‌ലിയാര്‍ എന്നിവരുടെ ദര്‍സിലും പഠിച്ചിട്ടുണ്ട്. അഹ്മദ്‌കോയ ശാലിയാത്തി, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുമായി ബന്ധപ്പെട്ട് ഇജാസത്തുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

1937-ലാണ് ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് തിരിച്ചത്. ശൈഖ് അബ്ദുറഹീം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് അബ്ദുല്‍ അലി ഹസ്‌റത്ത്, ശൈഖ് പട്ട് ഹസ്‌റത്ത് എന്നീ ഗുരുപ്രമുഖരുടെ കീഴിലായിരുന്നു പഠനം. ബാഖിയാത്തിലെ വിദ്യാര്‍ത്ഥികള്‍ വിജ്ഞാന സമ്പാദനത്തിനായി അദ്ദേഹത്തിനു ചുറ്റും വട്ടമിട്ടിരുന്നു. ശിഷ്യന്റെ കഴിവു മനസ്സിലാക്കിയ ഗുരുനാഥന്‍മാര്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അധ്യാപകനായി നിയമിക്കുകയും ചെയ്തു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ച പ്രമുഖരാണ്. ബാഖിയാത്തില്‍ നിന്നും പൂര്‍ണ്ണ മാര്‍ക്കോടെ ബിരുദം നേടിയപ്പോള്‍ ബിരുദദാനം നടത്തിയ ശൈഖ് സിയാഉദ്ദീന്‍ ഹസ്‌റത്ത് അദ്ദേഹത്തിന്റെ മുഖത്തു നോക്കി അഭിമാനപൂര്‍വ്വം പറഞ്ഞു: ''താങ്കള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേരുന്നു. താങ്കള്‍ സ്ഥാപനത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കുക.'' ഇതടിസ്ഥാനത്തില്‍ 1940 മുതല്‍ 1948 വരെ വെല്ലൂരില്‍ തന്നെ മുദരിസായി സേവനം ചെയ്തു. ശാഫിഈ ഫിഖ്ഹിലും അനന്തരാവകാശ നിയമത്തിലും മുഫ്തിയായും നിയമിക്കപ്പെട്ടു.

അനാരോഗ്യം കാരണമാണ് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വെല്ലൂര്‍ വിട്ടത്. കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, പാറക്കടവ് ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. 1957 മുതല്‍ 1963 വരെ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂമില്‍ സ്വദര്‍ മുദരിസായി സേവനം ചെയ്തു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ സ്ഥാപക സെക്രട്ടറിയായ അദ്ദേഹം 1963 മുതല്‍ 1977 വരെ ജാമിഅയില്‍ പ്രിന്‍സിപ്പാള്‍ പദവിയും വഹിച്ചു. ജാമിഅയില്‍ നിന്നും പിരിഞ്ഞ ശേഷം കാസര്‍ഗോഡ് ജില്ലയിലെ പൂച്ചക്കാടായിരുന്നു ദര്‍സ്. പിന്നീട് നന്തി ദാറുസ്സലാമില്‍ പ്രിന്‍സിപ്പളാവുകയും മരണം വരെ തുടരുകയും ചെയ്തു. പന്ത്രണ്ടായിരത്തോളം ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി തങ്ങള്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്, മടവൂര്‍ സി.എം മുഹമ്മദ് അബൂബക്കര്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യ പ്രമുഖരാണ്.

1950-ലെ വളാഞ്ചേരി സമ്മേളനത്തോടെയാണ് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃരംഗത്ത് ശ്രദ്ധേയനാവുന്നത്. 1957-ല്‍ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ഒഴിവില്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ക്രിസ്ത്യന്‍ മിഷ്യനറി, ഖാദിയാനി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കെതിരെ സംവാദങ്ങളും പ്രസംഗങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1980-കളിലെ ശരീഅത്ത് വിഷയത്തിലും 1990-കളിലെ ബാബരി വിഷയത്തിലും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രായോഗിക നിലപാടുകള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രഭാഷണ രംഗത്തും സാഹിത്യ മേഖലയിലും നിരവധി സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. അറബി, ഉര്‍ദു, പാഴ്‌സി, ഇംഗ്ലീഷ്, സുറിയാനി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ഖാദിയാനി ഖണ്ഡനം, രിസാലത്തുല്‍ മാറദീനി വ്യാഖ്യാനം, സ്വഹീഹുല്‍ ബുഖാരി കിതാബുല്‍ ഇല്‍മിന്റെ വ്യാഖ്യാനം, ശൈഖ് അലാഉദ്ദീന്‍ ഹിംസി മൗലിദ്, അജ്മീര്‍ മൗലിദ്, അയിലക്കാട് മൗലിദ്, ഖുതുബത്തുല്‍ ജുമുഅ തുടങ്ങിയവ പ്രധാന രചനകളാണ്. സുന്നി ടൈംസ് മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെള്ളിമാട്കുന്നിലെ ഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. 1996 അഗസ്റ്റ് 19/ 1417 റബീഉല്‍ ആഖര്‍ 4-ന് തിങ്കളാഴ്ചയായിരുന്നു വിയോഗം. കോഴിക്കോട് വരക്കല്‍ മഖാമില്‍ അന്ത്യവിശ്രമംകൊള്ളുന്നു.

സി.പി ബാസിത് ഹുദവി തിരൂർ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter