വിശേഷങ്ങളുടെ ഖുർആൻ:( 6)  ഖുർആൻ ക്രോഡീകരണം

ഖുർആൻ ക്രോഡീകരണം

ഖുർആൻ ക്രോഡീകരണം ഇസ് ലാമിൻ്റെ ആരംഭകാലത്ത് നടന്ന ശ്രദ്ധേയവും ചരിത്രപ്രധാനവുമായ ഒരു പ്രക്രിയയായിരുന്നു. മറ്റു വേദഗ്രന്ഥങ്ങൾക്ക് ലഭിക്കാത്ത ആധികാരികതയും ശാസത്രീയതയുമാണ് ഈ ക്രോഡീകരണ യജ്ഞം ഖുർആന് നേടിക്കൊടുത്തത്. 

ഖുർആൻ ക്രോഡീകരണം എപ്പോൾ നടന്നു, ആര് അതിന് നേതൃത്വം നൽകി തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ചരിത്രത്തിലും ഹദീസ് ഗ്രന്ഥങ്ങളിലും കാണാം. എന്നാൽ അവയെല്ലാം സമന്വയിപ്പിച്ച പ്രമുഖ പണ്ഡിതർ ക്രോഡീകരണങ്ങളുടെ മൂന്ന് ഘട്ടങ്ങൾ നടന്നതായി വ്യക്തമാക്കുന്നു. ഒന്ന് പ്രവാചക കാലഘട്ടത്തിൽ തന്നെ. 23 വർഷം കൊണ്ട് അവതീർണമായ ഖുർആനിൻ്റെ ഓരോ വചനങ്ങളും അത് അവതരിച്ച ഉടൻ തന്നെ തിരുനബി മനസിൽ സൂക്ഷിക്കുകയും അനുയായികൾക്ക് പകർന്നു കൊടുക്കുകയും ചെയ്തിരുന്നു. അവർ അത് മന:പാഠമാക്കുന്നതിൽ പ്രത്യേക താൽപ്പര്യവും ശ്രദ്ധയും പുലർത്തി. 

ഒന്നാമതായി നിരക്ഷരത വ്യാപകമായ സമൂഹത്തിൽ ജനങ്ങൾ കാര്യങ്ങൾ ഹൃദിസ്ഥമാക്കുന്നതിൽ പ്രത്യേക മികവ് പ്രകടിപ്പിക്കുമെന്നത് പ്രകൃതിപരമായ വസ്തു തയാണ്. ജാഹിലിയ്യാ കാലത്തെ നൂറുകണക്കിന്  അറബികാവ്യങ്ങൾ അതേപടി കൈമാറി വന്ന് പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ടതിന് ചരിത്രം സാക്ഷിയാണ്. കൂടാതെ അവർ ഏറ്റവും സ്നേഹിക്കുന്ന തിരുനബി(സ) അതിനെ പ്രേരിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. അത് പോലെ അങ്ങനെ പഠിച്ചു വയ്ക്കലും പകർന്നു നൽകലും പ്രതിഫലാർഹമായ പുണ്യമായി അവിടന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. 

Also Read:വിശേഷങ്ങളുടെ ഖുർആൻ:( 5) അകലെ നിന്നുള്ളവരുടെ വാഴ്ത്തു പാട്ടുകൾ

ഇതെല്ലാം കാരണം, കേട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നതിൽ അവർ മൽസരബുദ്ധിയോടെ മുന്നോട്ട് വന്നു. അങ്ങനെ സ്വഹാബികളിൽ പെട്ട ധാരാളം പേർ അത് വരെ ഇറങ്ങിക്കഴിഞ്ഞ വചനങ്ങൾ വള്ളി പുളളി വ്യത്യാസമില്ലാതെ അവർ ഹൃദയത്തിൽ സൂക്ഷിച്ചു. കൂടാതെ അപ്പപ്പോൾ ഇറങ്ങിയ സൂക്തങ്ങൾ രേഖപ്പെടുത്തി വയ്ക്കാൻ തിരുനബി പ്രത്യേകം നിർദേശം നൽകിയിരുന്നു. അതിനായി എഴുത്തും വായനയും അറിയുന്ന പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വഹ് യ് (ദിവ്യസന്ദേശം) എഴുത്തുകാർ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. 

അവരുടെ എണ്ണം 26 എന്നാണ് ചിലർ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റു ചിലർ 42 എന്നും വ്യക്തമാക്കുന്നു. മക്കയിലേയും മദീനയിലേയും എഴുത്തുകാർ അടങ്ങിയതാണ് ഈ സംഖ്യ. ഇതിൽ മക്കയിൽ ഈ രംഗത്ത് പേരെടുത്തവർ അലി (റ), അബൂബക്റ് (റ), ഉമർ(റ), ഉസ്മാൻ(റ), ഖാലിദ് ബ്നി സഈദ് ബ്നിൽ ആസ് (റ), അർഖം ബ് നി ബനിൽ അർഖം (റ), ജാഫർ ബ്നി അബീ ഥാലിബ് (റ), സുബൈർബ് നിൽ അവ്വാം, തൽഹ ബ് നി ഉബൈദില്ലാഹ് തുടങ്ങിയവരായിരുന്നു. 

അക്കാലത്ത് അറബികൾക്കിടയിൽ നിരക്ഷരത വ്യാപകമായിരുന്നുവെന്നത് സത്യമാണ്. എന്ന് വച്ച് എല്ലാവരും അങ്ങനെയായിരുന്നുവെന്ന് ധരിക്കരുത്. പ്രവാചകത്വത്തിൻ്റെ ആരംഭകാലത്ത് മക്കയിൽ ചുരുങ്ങിയത് 17 എഴുത്തറിയുന്നവരുണ്ടായിരുന്നു. നാല് ഖലീഫമാരും അവരിൽ ഉൾപ്പെടുന്നു. കൂടാതെ നബിയും അനുചരരും മദീനയിലെത്തിയ ശേഷം ബദ് റ് യുദ്ധത്തിൽ ബന്ധികളായി പിടിച്ചവരിൽ പലരെയും മോചനദ്രവ്യം നൽകി വിട്ടയച്ചു. എന്നാൽ ധനസ്ഥിതി മോശമായതിനാൽ മോചനദ്രവ്യം നൽകാൻ കഴിയാത്തവരിൽ എഴുത്തറിയുന്നവർ ഉണ്ടെങ്കിൽ അവർ മദീനാ വാസികൾക്ക് എഴുത്തു പഠിപ്പിക്കുകയെന്ന വ്യവസ്ഥയിൽ അവരെ മോചിപ്പിക്കാൻ പ്രവാചകർ നിർദേശം നൽകി. വിദ്യാഭ്യാസത്തിന് ഇസ് ലാം നൽകിയ പ്രാധാന്യം കൂടി ഇതിലൂടെ ഊഹിച്ചെടുക്കാം. അത് മദീനയിൽ സാക്ഷരത വ്യാപകമാകുന്നതിൽ വലിയ പങ്ക് വഹിച്ചു. 

ഇങ്ങനെ അന്ത്യപ്രവാചകൻ പരലോകം പൂകുന്നതിന് മുമ്പേ തന്നെ അവതരിച്ച എല്ലാ ഖുർആനിക വചനങ്ങളും അനുചരരിൽ പലരായി ഹൃദിസ്ഥമാക്കിയിരുന്നു. അവയിൽ മിക്ക വചനങ്ങളും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ, ഇവ ഒരു ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. പ്രത്യേക അധ്യായങ്ങളായി വേർതിരിക്കുന്ന പ്രക്രിയ തിരുനബി തന്നെ ദൈവിക താൽപര്യപ്രകാരം നിർവഹിച്ചിരുന്നു. അന്ന് ഈ വചനങ്ങൾ എഴുതി സൂക്ഷിക്കാൻ ഇന്നത്തെ പോലെ കടലാസുകളോ അച്ചടിക്കാൻ അച്ചുകൂടങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അറിയാമല്ലോ. മിനുസുള്ള കല്ലുകൾ, മരപ്പലകകൾ, മൃഗത്തിൻ്റെ തോലുകൾ, ഈത്തപ്പനയോലകൾ, എല്ലിൻ കഷ്ണങ്ങൾ,  തുടങ്ങിയവയിലാണ് പല സ്ഥലത്തായി അവ എഴുതി സൂക്ഷിച്ചിരുന്നത്. ഇവ ഒരു സ്ഥലത്ത് ക്രോഡീകരിച്ചത് ഒന്നാം ഖലീഫ അബൂബക്റ് സ്വിദ്ദീഖി (റ)ൻ്റെ കാലത്താണ്.

അന്ത്യപ്രവാചകൻ്റെ ജീവിതകാലത്ത് തന്നെ ഖുർആൻ ലിഖിത രൂപത്തിൽ ഉണ്ടായിരുന്നതായി തെളിയിക്കുന്ന ഖുർആൻ സൂക്തങ്ങളും ധാരാളമായുണ്ട്. ദൈർഘ്യ ഭയം കാരണം അവ മാറ്റി വയ്ക്കുന്നു. 

ഒന്നാം ഖലീഫ അധികാരം ഏറ്റെടുത്ത ഉടനെ പല മേഖലകളിലും അസ്വസ്ഥതകൾ മുള പൊട്ടിയിരുന്നല്ലോ. ചിലർ സക്കാത്ത് നൽകാൻ വിസമ്മതിച്ചു. ചില കള്ളനബിമാർ പ്രത്യക്ഷപ്പെട്ടു. രിദ്ദത്ത് (മതപരിത്യാഗം) വലിയ വെല്ലുവിളി ഉയർത്തി. അവർക്കെതിരെ ഖലീഫ ശക്തമായ നിലപാട് സ്വീകരിച്ചു. അതിൻ്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധമാണ് യമാമ യുദ്ധം. ആ യുദ്ധത്തിൽ മുസ് ലിം പക്ഷത്ത് നിന്ന് നിരവധി പേർ രക്തസാക്ഷികളായി. അവരിൽ 70 പേർ ഖുർആൻ മന:പാഠമാക്കിയവരായിരുന്നു. ഇത് സഹാബി പ്രമുഖരെ ഇരുത്തിച്ചിന്തിപ്പിച്ചു. ഹാഫിളുകൾ ഇങ്ങനെ നഷ്ടപ്പെടുന്നത് ഖുർആൻ്റെ നിലനിൽപ്പിന് ഭീഷണിയാണ്. ലിഖിതരൂപം വളർച്ച പ്രാപിക്കാത്ത കാലത്ത് മന:പാഠമുള്ളവരാണല്ലോ പ്രധാന അവലംബം. അത് കൊണ്ട് അടിയന്തര നടപടി വേണം. ഉമർ ബിൻ ഖത്താബ് ചിന്തിച്ചു. 

അദ്ദേഹം ഉടനെ ഖലീഫയുടെ സമീപം വന്നു കാര്യം ഉണർത്തി. ഖുർആൻ ഗ്രന്ഥരൂപത്തിലാക്കി ക്രോഡീകരിക്കണം. 

തിരുനബി (സ) ചെയ്യാത്ത കാര്യം നമ്മൾ എങ്ങനെ ചെയ്യും? അബൂബക്റ് സ്വിദ്ദീഖ് (റ) അങ്ങനെയാണ് ചിന്തിച്ചത്. നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം ഖലീഫയ്ക്കും അത് ആവശ്യമാണെന്ന് തോന്നി. അങ്ങനെ ആ പദ്ധതി യാഥാർത്ഥ്യമാക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ തന്നെ കണ്ടെത്തി - സൈദ് ബിൻ സാബിത് (റ). പ്രവാചകനുമായി വളരെ അടുപ്പമുള്ള ആൾ. അവിടത്തെ വഹ് യ് എഴുത്തുകാരിൽ ഒരാൾ. വഫാത് നടന്ന വർഷം അദ്ദേഹം തൻ്റെ ലിഖിതരൂപം അവലംബിച്ച് രണ്ട് തവണ ഖുർആൻ മുഴുവനായി പ്രവാചകനെ കേൾപ്പിച്ചിരുന്നു.

Also Read:വിശേഷങ്ങളുടെ ഖുർആൻ ഭാഗം( 4): അടുത്തറിത്തവരുടെ നേർ സാക്ഷ്യങ്ങൾ

സൈദ് ആദ്യം ഏറ്റെടുക്കാൻ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതം മൂളി. അദ്ദേഹം തന്നെ പറയുന്നു. 'എന്നോട് ഒരു പർവതം സ്ഥാനം മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടാൽ അത് ഇതിലും എളുപ്പമായിരുന്നു.'

എന്നാലും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അക്കാര്യം കൃത്യമായും ഭംഗിയായും നിർവഹിച്ചു. 12 പേർ അടങ്ങിയ സംഘത്തിൽ അലി(റ), ത്വൽഹ(റ), ഖാലിദ് ബ്നു വലീദ് (റ), ഉബയ്യുബ് നി ക അബ്(റ) തുടങ്ങിയ ഉന്നത സ്ഥാനീയരായ സ്വഹാബികൾ ഉൾപ്പെട്ടിരുന്നു. ഓരോരുത്തരുടെ കയ്യിലുള്ള ഖുർആൻ ലിഖിതങ്ങളെല്ലാം സംഘടിപ്പിച്ചു. ഓരോന്നും സൂക്ഷ്മ പരിശോധന നടത്തി, മന:പാഠമുള്ളവരുടെ പാരായണവുമായി ഒത്തു നോക്കി ഒറ്റ ഗ്രന്ഥരൂപത്തിൽ ഖുർആൻ തയ്യാറാക്കി ഖലീഫയെ ഏൽപ്പിച്ചു. ഖലീഫ അത് ഉമറുൽ ഫാറൂഖിൻ്റെ കയ്യിൽ കൊടുത്തു. അദ്ദേഹം മരണമടയുമ്പോൾ ആ രേഖ തൻ്റെ മകളും പ്രവാചക പത്നിയുമായ ഹഫ്സയുടെ കയ്യിലായിരുന്നു. 

മൂന്നാം ഖലീഫ ഉസ്മാ(റ)ൻ്റെ കാലഘട്ടമായപ്പോൾ ഇസ് ലാമിക സാമ്രാജ്യം കൂടുതൽ വിസ്തൃതമായി. ആഫ്രിക്കൻ രാജ്യങ്ങളും മറ്റും ഇസ് ലാമിക ഭരണത്തിൻ കീഴിൽ വന്നു. അറേബ്യയിൽ നിന്ന് സഹാബികൾ പല പ്രദേശങ്ങളിൽ ചെന്ന് അവർക്ക് ഖുർആൻ പഠിപ്പിച്ചു വന്നു. അർമേനിയ, ആദർ ബൈജാൻ അതിർത്തി പ്രദേശങ്ങളിൽ യുദ്ധത്തിൻ്റെ ഭാഗമായി ഇറാഖികളും സിറിയക്കാരുമായ മുസ് ലിംകൾ ഒത്തുകൂടിയപ്പോൾ അവർക്കിടയിൽ ഖുർആൻ പാരായണത്തിലെ അന്തരം പ്രകടമായി. സഹാബികളിൽ നിന്ന് പഠിച്ചെടുത്ത വചനങ്ങൾ പാരായണം ചെയ്യുമ്പോൾ അവരുടെ പ്രാദേശിക ഉച്ചാരണ വ്യത്യാസങ്ങളുടെയും ഭാഷാ ഭേദങ്ങളുടെയും ഫലമായി വന്ന വ്യതിയാനങ്ങൾ വലിയ പ്രശ്നമായി മാറി. അവർ പരസ്പരം അതിൻ്റെ പേരിൽ കുറ്റപ്പെടുത്താനും ചോദ്യം ചെയ്യാനും കലഹിക്കാനും വരെ തുടങ്ങി. 

ഇതിന് സാക്ഷ്യം വഹിച്ച പ്രമുഖ സഹാബീ വര്യൻ ഹുസൈഫതുൽ യമാൻ (റ) ഉടനെ മൂന്നാം ഖലീഫയുടെ സന്നിധിയിൽ വന്നു പ്രശ്നം അവതരിപ്പിച്ചു. ഉസ്മാൻ(റ) കാര്യത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് ഹഫ്സ (റ) യുടെ കയ്യിലുള്ള കോപ്പി വരുത്തി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം കോപ്പികൾ തയ്യാറാക്കി വിവിധ പ്രദേശങ്ങളിലേക്ക് അയക്കാൻ നിർദേശം നൽകി. നേരത്തേ ക്രോഡീകരണത്തിന് നേതൃത്വം നൽകിയ സൈദുബ്നി സാബിതി (റ)ൻ്റെ നേതൃത്വത്തിൽ അബ്ദുല്ലാഹിബ് നി സുബൈർ (റ), സഈദ് ബിനിൽ ആസ് (റ), അബ്ദുർ റഹ്മാൻ ബിനിൽ ഹാരിസ് ബിൻ ഹിശാം (റ) തുടങ്ങിയവരും അതിൻ്റെ ഭാഗമായി. 

അവർ ഖുറൈശി ഉച്ചാരണപ്രകാരം തയ്യാറാക്കിയ കോപ്പികൾ മക്ക, കൂഫ, ബസ്വറ, സിറിയ,ബഹ്റൈൻ, യമൻ എന്നീ പ്രദേശങ്ങളിലേക്ക് അയച്ചുകൊടുത്തു അതിനനുസരിച്ച് പാരായണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒരു കോപ്പി മദീനയിൽ സൂക്ഷിക്കുകയും ചെയ്തു. ഇവയാണ് പിന്നീട് ഉസ്മാനീ മുസ്ഹഫ് അല്ലെങ്കിൽ അൽ മുസ്ഹഫുൽ ഇമാം എന്ന പേരിൽ അറിയപ്പെടുന്നത്. ഇവയല്ലാതെ വേറെ മുസ്ഹഫ് കോപ്പികൾ ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ അവ കരിച്ചു കളയണമെന്നും നിർദേശിച്ചിരുന്നു. പിന്നീട് കോപ്പികൾ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണിത്.

Also Read:വിശേഷങ്ങളുടെ ഖുർആൻ:( 3) നബിവചനങ്ങളിലൂടെ വിശുദ്ധ ഖുർആൻ 

ഇങ്ങനെ തയ്യാറാക്കിയ കോപ്പികൾ എത്രയെന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. നാല്, അഞ്ച്, ഏഴ് ഇങ്ങനെ ..... എന്നാൽ ആറ് പ്രദേശങ്ങളിലേക്ക് അയച്ചുവെന്നും ഒരു കോപ്പി മദീനയിൽ സൂക്ഷിച്ചുവെന്നും വരുമ്പോൾ ഏഴ് എന്ന അഭിപ്രായത്തിന് പ്രാമുഖ്യം ലഭിക്കുന്നു. ഈ കോപ്പികളിൽ നിന്ന് പകർത്തിയെടുത്ത് ഈജിപ്ത്, ആൾജീരിയ എന്നിവടങ്ങളിലേക്കും അയച്ചതായി ചിലർ വിശദീകരിക്കുന്നു. പിന്നീട് ലോകത്ത് പ്രചരിച്ച മുസ്ഹഫുകൾ മുഴുവൻ ഈ കോപ്പികളിൽ നിന്ന് പകർത്തിയെഴുതിയവയാണ്. 

ഇവിടെ സുനിശ്ചിതമായി അംഗീകരിക്കപ്പെടുന്ന കാര്യം പ്രവാചകൻ്റെ കാലത്ത് തന്നെ ഖുർആൻ എഴുത്തിലും മനസ്സുകളിലുമായി ക്രോഡീകരിക്കപ്പെട്ടു. ഒന്നാം ഖലീഫയുടെ കാലത്ത് നിതാന്ത ശ്രദ്ധയോടെ അവ ഒറ്റ പകർപ്പായി സമാഹരിക്കപ്പെട്ടു. മൂന്നാം ഖലീഫയുടെ കാലത്ത് അതിൻ്റെ യഥാർത്ഥ പകർപ്പുകൾ (Authenticated True Copy) വിവിധ ദേശങ്ങളിലേക്ക് അയക്കപ്പെട്ടു. ഈ മൂന്ന് പ്രക്രിയകളും പ്രമുഖ സ്വഹാബികളുടെ നേതൃത്വത്തിൽ നടന്നുവെന്നതും സ്വഹാബികൾ മുഴുവൻ നിരാക്ഷേപം അത് പൂർണ മനസ്സോടെ അംഗീകരിച്ച് നടപ്പിൽ വരുത്തിയെന്നതും ഇതിൻ്റെ ആധികാരികത ഉറപ്പ് വരുത്തുന്നു. 

അക്കാലത്ത് അറബി ഭാഷയിലെ ലിപികൾക്ക് പുള്ളികൾ ഇട്ട് അക്ഷരങ്ങൾ വേർതിരിക്കുന്ന രീതി ഇല്ലായിരുന്നു. നാലാം ഖലീഫ അലി(റ)യുടെ കാലത്താണ് ഈ സമ്പ്രദായം നിലവിൽ വന്നത്. അത് പോലെ ഫത് ഹ് കസ്റ്, ദമ്മ്, സുകൂൻ തുടങ്ങിയ അടയാളങ്ങളിലൂടെ അറബി വാക്കുകൾ വായിക്കാൻ സഹായിക്കുന്ന രീതിയും ഉമവി ഭരണകാലത്താണ് കണ്ട് പിടിച്ചത്. അറബി ഭാഷയിൽ വ്യാകരണത്തിന് രൂപം നൽകിയതും തുടർന്നു പുള്ളികൾ ഏർപ്പെടുത്തിയതും ശേഷം അടയാളങ്ങളിലൂടെ വായന അനായാസമാക്കിയതും ഹിജ്റ ഒന്നാം നൂറ്റാണ്ടിനിടയിൽ നിലവിൽ വന്ന മാറ്റങ്ങളാണ്. അനറബികൾ ഇസ് ലാമിലേക്ക് വ്യാപകമായി കടന്നു വന്നപ്പോഴാണ് ഈ പരിഷ്കരണങ്ങൾ ആവശ്യമായി വന്നത്. ഇത് വഴി ആർക്കും ഖുർആൻ എളുപ്പത്തിൽ പാരായണം ചെയ്യാനുള്ള സാധ്യാത തെളിഞ്ഞു.

കടപ്പാട്:ചന്ദ്രിക ദിനപത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter