വിശേഷങ്ങളുടെ ഖുർആൻ: (14)  മലയാളത്തിലെ വ്യാഖ്യാന ഗ്രന്ഥങ്ങൾ

മലയാളത്തിലെ വ്യാഖ്യാന ഗ്രന്ഥങ്ങൾ

ഇരുപതാം നൂറ്റാണ്ടിൻ്റെ ഉത്തരാർധത്തോടെയാണ് മാപ്പിള മുസ് ലിംകൾ മലയാള ഭാഷയുമായി സജീവമായി ഇടപെടുന്നതെന്ന് പറയാം. അതിന് മുമ്പും മലയാള പുസ്തകങ്ങളും പത്രങ്ങളും വരെ മുസ് ലിംകളുടേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഭാഷയ്ക്ക് അവർക്കിടയിൽ അത്ര വ്യാപകവും ജനകീയവുമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. 

അതിൻ്റെ കാര്യകാരണങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയല്ലാത്തത് കൊണ്ട് നമുക്ക് വിഷയത്തിലേക്ക് തന്നെ വരാം. അറബി-മലയാളമായിരുന്നു, അക്കാലത്ത് മാപ്പിള മുസ് ലിംകളുടെ പ്രധാന സംവേദന ഭാഷ. കഥയും കവിതയും പാട്ടും സബീനയും മാലയും നേർച്ചപ്പാട്ടും ഇരവും ഇശലും തൊങ്കലുമായി അവർ ആത്മീയ -കലാ-സാംസ്കാരിക രംഗങ്ങൾ കൊഴുപ്പിച്ചു. അന്ന് മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന മിക്ക സാഹിത്യ ശാഖകളിലേക്കും അറബി മലയാളവുമായി അവർ കടന്നു ചെന്നിട്ടുണ്ട്. 

എന്നാൽ ഖുർആൻ പരിഭാഷയുമായി ബന്ധപ്പെട്ട നീക്കങ്ങൾ അക്കാലത്ത് കാണാൻ കഴിയുന്നത് തലശ്ശേരിയിലെ അബ്ദുൽ ഖാദിർ കേയിയുടെ മകൻ മുഹ് യിദ്ദീൻ എന്ന മായൻ കുട്ടി എളയയിൽ നിന്നാണ്. അതും ഹിജ്‌റ വർഷം 1272 ൽ. ക്രിസ്തബ്ധം ഏതാണ്ട് 1852.  അറക്കൽ കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചു അവരുടെ എളയയായപ്പോൾ അദ്ദേഹം എല്ലാവരുടെയും എളയായായി മാറി. തഫ്സീർ ജലാലൈനി യുടെ പരിഭാഷയായി അറബി മലയാളത്തിൽ അദ്ദേഹം തയ്യാറാക്കിയ 'തർജമതു തഫ്സീറിൽ ഖുർആൻ' എന്ന കൃതിക്ക് ജനങ്ങൾക്കിടയിൽ വേണ്ടത്ര സ്വീകരണം ലഭിച്ചില്ല. മാത്രമല്ല, കോപ്പികൾ കടലിൽ ഒഴുക്കി നശിപ്പിക്കാനുള്ള ശ്രമങ്ങൾ വരെ നടന്നതായി പറയപ്പെടുന്നു. വലിയ കുടുംബത്തിൽ നിന്നുള്ള, അറക്കൽ കൊട്ടാരവുമായി ബന്ധമുള്ള ഒരാളുടെ അനുഭവം ഇതാണെങ്കിൽ പിന്നെ കൂടുതൽ ശ്രമങ്ങൾ ഈ വിഷയത്തിൽ കാണാത്തതിന് കാരണം തിരയണമെന്നില്ല. ജനം അത് ഉൾക്കൊള്ളാൻ പാകമായിരുന്നില്ലെന്നർത്ഥം.

പിന്നേയും പതിറ്റാണ്ടുകൾ കഴിഞ്ഞാണ് മലയാളത്തിൽ ഖുർആൻ വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിക്കാൻ ഗൗരവപൂർവമായ നീക്കങ്ങൾ നടക്കുന്നത്. 1918 ൽ വക്കം അബ്ദുൽ ഖാദിർ മൗലവിയാണ് ഖുർആൻ പരിഭാഷയും വ്യാഖ്യാനവും ആദ്യമായി മലയാളത്തിൽ പുറത്തിറക്കാൻ മുതിരുന്നത്. തുടക്കത്തിൽ കുറച്ചു ഭാഗം പ്രസിദ്ധീകരിച്ചെങ്കിലും സർക്കാർ വിരുദ്ധ നീക്കങ്ങളുടെ പേരിൽ ഗവർമെൻറ് പ്രസ് കണ്ടു കെട്ടുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ പദ്ധതി പാതിവഴിയിൽ മുടങ്ങി. പിന്നീട് തൻ്റെ ശിഷ്യൻ മുഹമ്മദ് മുഹ് യിദ്ദീൻ ഇത് പൂർത്തിയാക്കിയെങ്കിലും മുഴുവൻ ഭാഗങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടില്ല.

ഇവിടെ മലയാളികൾ ഖുർആൻ വ്യാഖ്യാനരംഗത്ത് നടത്തിയ സേവനങ്ങൾ അനുസ്മരിക്കുമ്പോൾ മലയാളത്തിലെ സേവനങ്ങളേക്കാൾ പ്രഥമ പരിഗണനയിൽ ഓർത്തെടുക്കേണ്ട രണ്ട് അപൂർവ വ്യക്തിത്വങ്ങളുണ്ട്. അവരുടെ നിസ്തുല സംഭാവനകൾ മലയാളികൾക്കാകെ അഭിമാനവും ആവേശവും ഉയർത്തിവിടാൻ പര്യാപ്തമാണ്. ഒരാൾ ശൈഖ് ബശീർ അഹ് മദ് മുഹ് യിദ്ദീനാ(1937- 2005)ണ്. പ്രമുഖ പണ്ഡിതനും സമസ്ത ജനറൽ സെക്രട്ടറിയുമായിരുന്ന പറവണ്ണ മുഹ് യിദ്ദീൻ മുസ് ലിയാരുടെ പുത്രനായ ഇദ്ദേഹം ജാമിഉൽ അസ്ഹറിലെ പഠനത്തിന് ശേഷം സൗദിയിൽ ദാറുൽ ഇഫ്തായിൽ സേവനം നടത്തവേ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പ്രബോധകനായി നിയോഗിക്കപ്പെടുകയായിരുന്നു. അതിൻ്റെ ഭാഗമായി നൈജീരിയയിൽ കഴിയവേ മൂന്ന് ആഫ്രിക്കൻ ഭാഷകളിലേക്ക് (Hausa, Yoruba, Ibo) അദ്ദേഹം ഖുർആൻ ആശയങ്ങൾ മൊഴി മാറ്റം നടത്തി. അതിനിടയിൽ തന്നെ Qur'an the Lliving Truth എന്ന പേരിൽ ഇംഗ്ലീഷ് പരിഭാഷയും തയ്യാറാക്കി.

അത് പോലെ അറബിയിൽ പ്രശസ്ത വ്യാഖ്യാന ഗ്രന്ഥമായ തഫ്സീർ ജലാലൈനിക്ക് വിപുലീകരണമായി 'അലാ ഹാമിശിത്തഫാസീർ ' രചിച്ച് അറബ് നാടുകളിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടാൻ മാത്രം പ്രാഗൽഭ്യം തെളിയിച്ച സയ്യിദ് ഇസ്മായീൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങളാണ് മറ്റൊരാൾ. കണ്ണൂരിലെ പാനൂർ സ്വദേശിയായ ഇദ്ദേഹം വേറെയും നിരവധി അറബിഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പാനൂരിലെ സഹ്റാ കോളേജ് സ്ഥാപകൻ കൂടിയായ അദ്ദേഹത്തെ കൂടി അനുസ്മരിക്കാതെ കേരളീയരുടെ ഖുർആൻ സേവന ചരിത്രം പൂർണമാവില്ല.

Also Read:വിശേഷങ്ങളുടെ ഖുർആൻ: (13) ഖുർആൻ ഇന്ത്യൻ ഭാഷകളിൽ

പൂർണ രൂപത്തിൽ മലയാളത്തിൽ ഖുർആൻ വ്യാഖ്യാനം ഇറക്കുന്നത് സി എൻ അഹ്മദ് മൗലവിയാണെന്ന് പറയാം. 1951ൽ ആരംഭിച്ചു 1963ൽ പുറത്തിറങ്ങിയ ഈ കൃതി തഫ്സീറുൽ ഖുർആനിൽ ഹക്കീം എന്ന പേരിൽ കേന്ദ്ര ഗവർമെൻ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് എൻബിഎസാണ് പ്രസിദ്ധീകരിച്ചത്. ഇത് പക്ഷെ, സി എൻ മൗലവിയുടെ ഏകപക്ഷീയവും  മുഖ്യധാരാ മുസ് ലിം പണ്ഡിതരുടെ നിലപാടുകൾക്ക് വിരുദ്ധവുമായ വ്യാഖ്യാനങ്ങൾ കാരണം മുസ് ലിംകൾക്കിടയിൽ വലിയ പ്രചാരം നേടിയില്ല. 

തുടർന്നു 1960 ൽ മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയുടെ വ്യാഖ്യാനം പുറത്തിറങ്ങി. അതിന് ശേഷം കേരളത്തിലെ പ്രബല വിഭാഗങ്ങളായ സുന്നി / മുജാഹിദ് / ജമാ അത് വിഭാഗങ്ങളിൽ നിന്നായി നിരവധി വ്യാഖ്യാനങ്ങൾ പുറത്തുവന്നു. 

1960 ൽ ആരംഭിച്ചു 77 ൽ പൂർത്തിയാക്കിയ മുഹമ്മദ് അമാനിയുടെ പരിഭാഷ 'തഫ്സീറിൽ ഖുർആനിൽ കരീം' നാല് വാള്യങ്ങളിൽ കേരള നദ്വതുൽ മുജാഹിദീനാണ് പ്രസിദ്ധീകരിച്ചത്. 1959ൽ വെളിയങ്കോട് കെ ഉമർ മൗലവി ആറ് വാള്യങ്ങളിൽ തയ്യാറാക്കിയ ഗ്രന്ഥം.കെ കെ മുഹമ്മദ് മദനി സംഗ്രഹിച്ച് 1970 ൽ ഒറ്റ വാള്യത്തിൽ പ്രസിദ്ധീകരിച്ചു. ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂർ എന്നിവർ ചേർന്നു 1990 ൽ പുറത്തിറക്കിയ 'വിശുദ്ധ ഖുർആൻ സമ്പൂർണ പരിഭാഷ' പ്രധാനമായും അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ചുള്ളതാണ്. സഊദിയിലെ ഫഹദ് ഖുർആൻ കോംപ്ലക്സ് സൗജന്യമായി അച്ചടിച്ചിറക്കിയതിനാൽ ധാരാളം കോപ്പികൾ പ്രചരിച്ചു. 

എ.അബ്ദുസ്സലാം സുല്ലമിയുടെ അൻവാറുൽ ഖുർആനും ഈ ഗണത്തിൽ പെടുന്നതാണ്. 
1987 ൽ സി എൻ മൗലവി ഉപദേശകനായി പി എ കരീം, കെ അബ്ദുർ റഹ്മാൻ, കെ എ റഊഫ് എന്നിവർ ചേർന്നു തയ്യാറാക്കിയ പരിഭാഷ അറബി മൂലം ഇല്ലാതെ സ്വതന്ത്രമായി ഡിസി ബുക്സ് വിശ്വസാഹിത്യ മാലയുടെ ഭാഗമായി പുറത്തിറക്കി. 1996 ൽ ഇത് ഒറ്റവാള്യമായി പ്രസിദ്ധീകരിച്ചു.  

ഇനി ജമാഅത്തെ ഇസ് ലാമി വിഭാഗത്തിൻ്റേതെടുത്താൽ മൗദൂദി സാഹിബിൻ്റെ തഫ്ഹീമുൽ ഖുർആൻ ടി കെ അബ്ദുല്ല, ടി ഇസ്ഹാഖലി, ടി കെ ഉബൈദ്, വി കെ അലി എന്നിവർ വിവർത്തനം ചെയ്തു പുറത്തിറക്കി. ഐ പിച്ച് ഇറക്കിയ ഈ കൃതിയുടെ ഒന്നാം വാള്യം 1972 ലും ആറാം വാള്യം 1998ലും പുറത്തിറങ്ങി. മൗദൂദി സാഹിബിൻ്റെ ഉർദു പരിഭാഷ അവലംബിച്ചു ടി കെ ഉബൈദ് ഖുർആൻ ഭാഷ്യം എന്ന പേരിൽ ഒറ്റ വാള്യം 1988ൽ പുറത്തിറക്കി.

ടി കെ ഉബൈദിൻ്റെ പ്രബോധനം വാരിക പ്രസിദ്ധീകരിച്ച  ഖുർആൻ ബോധനം ഐപിഎച്ച് പുസ്തകമായി പുറത്തിറക്കി. കുഞ്ഞിമുഹമ്മദ് പുവലത്തും വി എസ് സലീമും കൂടി ഖുർആൻ സാരം എന്ന പേരിൽ അറബി മൂലമോ ബ്രാക്കറ്റോ ഇല്ലാതെ തയ്യാറാക്കിയ കൃതി ആലുവ മനാസ് ഫൗണ്ടേഷൻ  പ്രസിദ്ധീകരിച്ചു. സയ്യിദ് ഖുതുബിൻ്റെ 'ഫീ ളിലാലിൽ ഖുർആൻ' എന്ന അറബി വ്യാഖ്യാന ഗ്രന്ഥം ഇവർ രണ്ട് പേരും പരിഭാഷപ്പെടുത്തി ഡോ.മുഹ് യിദ്ദീൻ ആലുവായ് എഡിറ്റ് ചെയ്തു 1995 ൽ പ്രസിദ്ധീകരിച്ചു തുടങ്ങി. 20 വാള്യങ്ങളുള്ള കൃതിയും മനാസ് ഫൗണ്ടേഷനാണ് പ്രസിദ്ധീകരിക്കുന്നത്. 

സുന്നി വിഭാഗത്തിൽ നിന്ന് ആദ്യമായി പുറത്ത് വന്ന ഖുർആൻ വ്യാഖ്യാനം ടി.കെ അബ്ദുല്ല മുസ് ലിയാരുടേതാണ്. സമസ്ത വിദ്യാഭ്യാസ ബോർഡ് ചെയർമാനും അൽബയാൻ, മുഅല്ലിം മാസികകളുടെ പത്രാധിപരുമായിരുന്ന അദ്ദേഹം 1974ലാണ് തഫ്സീർ ജലാലൈനിയുടെ സ്വതന്ത്ര പരിഭാഷയായ ഈ കൃതി ഒറ്റ വാള്യമായി പുറത്തിറക്കുന്നത്. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (12) ഖുർആൻ ലോക ഭാഷകളിൽ

1980 ൽ സമസ്ത ജോ.സെക്രട്ടറിയായിരുന്ന കെ വി മുഹമ്മദ് മുസ് ലിയാർ കൂറ്റനാട് ഫത്ഹുൽ റഹ്മാൻ ഫീ തഫ്സീറിൽ ഖുർആൻ എന്ന പേരിൽ അഞ്ച് വാള്യങ്ങളിൽ പുറത്തിറക്കി. കോഴിക്കോട് വലിയ ഖാസി സയ്യിദ് അഹ്മദ് ശിഹാബുദ്ദീൻ ഇമ്പിച്ചി കോയ തങ്ങൾ തയ്യാറാക്കിയ അൽബയാൻ ഫീ മആനിൽ ഖുർആൻ 2001 ൽ പ്രസിദ്ധീകൃതമായി.  മഖ്ദൂം കുടുംബത്തിലെ പണ്ഡിതൻ അബ്ദുർ റഹ്മാൻ മഖ്ദൂമിയുടെ ഫത്ഹുൽ അലീം ഫീ തഫ്സീറിൽ ഖുർആനിൽ അളിം എന്ന ഗ്രന്ഥം രണ്ട് വാള്യങ്ങളായി 1995 ൽ പുറത്ത് വന്നു. 

പ്രമുഖ കവിയും എഴുത്തുകാരനുമായ കെ വി എം പന്താവൂർ ഇബ്നു അറബിയുടെ അത്ത ഫ്സീറുൽ കബീർ വിവർത്തനം ചെയ്തു വിശുദ്ധ ഖുർആൻ ഉൾസാര വ്യാഖ്യാനം എന്ന പേരിൽ 1991-92 വർഷങ്ങളിലായി നാല് വാള്യങ്ങളിൽ പ്രസിദ്ധീകരിച്ചു. കേരള വഖ്ഫ് ബോർഡ് ചെയർമാനായിരുന്ന ഹാഫിള് അബ്ദുൽ ഗഫ് ഫാർ മൗലവിയുടെ 'അൽ ഖുർആൻ' ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു.

ദാറുൽ ഹുദാ വി സി യും സമസ്ത മുശാവറ അംഗവുമായ ഡോ.ബഹാഉദ്ദീൻ നദ് വിയുടെ ഖുർആൻ വിവർത്തനം 2005ൽ ദാറുൽ ഹുദാ ഒറ്റ വാള്യത്തിൽ പുറത്തിറക്കി. അധികം വൈകാതെ അതിന് വീണ്ടും പതിപ്പുകൾ ഇറങ്ങി. പ്രമുഖ പ്രഭാഷകനായ റഹ് മത്തുല്ലാഹ് ഖാസിമി മുത്തേടത്തിൻ്റെ ഖുർആൻ പരിഭാഷയും 2016ൽ വെളിച്ചം കണ്ടു. 

സമസ്ത മുശാവറയിലെ മറ്റൊരംഗമായ മുസ്ഥഫൽ ഫൈസിയുടെ 'വിശുദ്ധ ഖുർആൻ വ്യാഖാനം ' 1994 ൽ ഫാതിഹയുടെ വ്യാഖ്യാനമായി ഒന്നാം വാള്യം ഇറങ്ങി. കഴിഞ്ഞ മാസം 12 വാള്യങ്ങളിലായി അത് പൂർത്തിയാക്കി. അബ്ദു ശകൂർ അൽ ഖാസിമി ഉർദു വിൽ നിന്ന് മുഹമ്മദ് യൂനുസ് പാലമ്പൂരിയുടെ രിയാസുൽ ഖുർആൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. യൂസഫ് ഫൈസി കാഞ്ഞിരപ്പുഴ, ഹാഫിള് അബൂബക്കർ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, ഒ എം തരുവണ എന്നിവർ എഡിറ്റർമാരായി വിശുദ്ധ ഖുർആൻ ആശയ വിവർത്തനം ഒന്നിലധികം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. 

ഇത് വരെ ഇറങ്ങിയ ഖുർആൻ മുഴുവൻ ഭാഗങ്ങളുടെ വ്യാഖ്യാനങ്ങൾ സംബന്ധിച്ച ഒരേകദേശ വിവരണമാണിത്. ദൈർഘ്യം ഭയന്ന് വിശദാംശങ്ങൾ അപ്പാടെ ഒഴിവാക്കി. ഇനി ഭാഗികമായി അന്നൂർ, യാസീൻ തുടങ്ങിയ അധ്യായങ്ങൾ, അമ്മ ജുസൂ' തുടങ്ങിയവ പ്രത്യേകം വ്യാഖ്യാനിച്ച് തയ്യാറാക്കിയ കൃതികൾ വേറെയും ഇറങ്ങിയിട്ടുണ്ട്. അത് പോലെ മുഖ്യധാരാ വീക്ഷണങ്ങളിൽ നിന്ന് തെറിച്ച ചില മോഡേൺ പരിഭാഷകളും ഇറങ്ങിയതായി കാണാം. ഡോ. പി മുഹമ്മദലി, ഇരുമ്പഴി സ്വദേശി മുഹ് യിദീൻ മുഹമ്മദ് എന്നിവരുടെ പരിഭാഷകൾ ഉദാഹരണം. ഖാദിയാനി പ്രബോധകൻ മൗലവി മുഹമ്മദ് അബുൽ വഫായുടെ വിശുദ്ധ ഖുർആൻ മലയാള പരിഭാഷ എന്ന പേരിലുള്ള ഖാദിയാനി ഭാഷ്യം ഇംഗ്ലണ്ടിലെ ഇസ് ലാം ഇൻറർനാഷനൽ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കടപ്പാട്:ചന്ദ്രിക ദിനപത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter