വിശേഷങ്ങളുടെ ഖുർആൻ: 19

ഖദ്റിൻ്റെ രാവ് ഖുർആനിൽ

ഖുർആൻ അവതരണത്തിൻ്റെ സമയ നിർണയവുമായി ബന്ധപ്പെട്ട് ഖുർആനിൽ മൂന്ന് സ്ഥലങ്ങളിൽ പരാമർശമുണ്ട്. ഒന്ന് അൽ ബഖറ അധ്യായത്തിൽ റമദാൻ,  ഖുർആൻ അവതീർണമായ മാസമെന്ന് പരിചയപ്പെടുത്തുന്നു. അതിലൂടെ ഏത് മാസമാണ് ഖുർആൻ ഇറങ്ങിയതെന്ന് വ്യക്തമാകുന്നു.

എന്നാൽ അദ്ദുഖാൻ, അൽ ഖദ്ർ അധ്യായങ്ങളിലും ഖുർആൻ ഇറക്കിയ കാലം രേഖപ്പെടുത്തുന്നുണ്ട്. ഇതിൽ അൽ ഖദ്ർ അധ്യായത്തിൻ്റെ തുടക്കത്തിൽ 'നാം നിശ്ചയം ആ ഖുർആനെ ഖദ്റിൻ്റെ രാവിൽ ഇറക്കി 'യെന്ന് പറയുമ്പോൾ അദ്ദുഖാൻ അധ്യായത്തിൽ അനുഗൃഹീത രാവിൽ ഖുർആനെ നാം ഇറക്കിയെന്ന് വ്യക്കമാക്കുന്നു. 

ഇവിടെ നാമെല്ലാം മനസ്സിലാക്കിയ കാര്യമാണ് ഖുർആൻ ഒറ്റയടിക്ക് അവതീർണമായതല്ലെന്ന്. 23 വർഷത്തെ പ്രവാചക ജീവിതത്തിൽ വ്യത്യസ്ത സ്ഥലത്തും സമയത്തുമാണ് ഖുർആൻ ഇറങ്ങിയത്. പിന്നെ റമദാൻ മാസത്തിൽ ഇറക്കിയെന്ന് അൽ ബഖറയിൽ പറഞ്ഞതും ഖദ്റിൻ്റെ രാവിലും അനുഗൃഹീത രാവിലും ഇറക്കിയെന്ന് യഥാക്രമം ദുഖാൻ, ഖദ്ർ അധ്യായങളിൽ പറഞ്ഞതും തമ്മിൽ വൈരുധ്യം ഉണ്ടായിക്കൂടല്ലോ. ഇവ്വിഷയകമായി പണ്ഡിതരും ഖുർആൻ വ്യാഖ്യാതാക്കളും കാര്യങ്ങൾ വിശദീകരിക്കുകയും പരസ്പരം സമന്വയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇമാം ഖുർതുബി അടക്കമുള്ള വ്യാഖ്യാതാക്കൾ വിശദമായി തന്നെ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അതിലൂടെ വ്യക്തമാകുന്ന കാര്യം ഖുർആൻ ലൗഹുൽ മഹ്ഫൂളിൽ (സൈഫ് ബോർഡ്) നിന്ന് ഒന്നാം ആകാശത്തെ ബൈതുൽ ഇസ്സയിലേക്ക് റമദാൻ മാസത്തിലെ ഖദ്റിൻ്റെ രാവ് ഒറ്റയടിക്ക് ഇറക്കിക്കൊടുത്തു. തുടർന്നു സന്ദർഭാനുസൃതം കുറേശ്ശേയായി ജിബ്രീൽ മാലാഖ മുഖേന അന്ത്യപ്രവാചകന് എത്തിച്ചു കൊടുത്തു. അല്ല, അവതരണത്തിൻ്റെ ആരംഭം കുറിക്കപ്പെട്ടത് റമദാനിലെ ഖദ്റിൻ്റെ രാവിലാണെന്നും പിന്നീട് ആവശ്യാനുസരണം വചനങ്ങൾ ഇറങ്ങി കൊണ്ടിരുന്നതാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഏതായാലും വിശുദ്ധ റമദാനിനും ഖദ്റിൻ്റെ രാവിനും അതിൽ പ്രത്യേക സ്ഥാനമുണ്ടെന്ന കാര്യം ഖുർആനിൽ നിന്ന് വ്യക്തമാണ്. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: 18 'ഗ്രന്ഥം ചുമക്കുന്ന കഴുത'

മറ്റൊരു വിഷയം ദുഖാൻ അധ്യായത്തിൽ പറഞ്ഞ അനുഗൃഹീത രാവും ഖദ്ർ അധ്യായത്തിലെ ഖദ്റിൻ്റെ രാവും രണ്ടും ഒന്നാണോ എന്നതാണ്. ചില പണ്ഡിതർ ദുഖാനിലെ വചനത്തിൽ പറഞ്ഞ അനുഗൃഹീതരാവ് ശഅബാൻ 15 ൻ്റെ രാവ്, അഥവാ ബറാഅത് രാവാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ ഭൂരിഭാഗം വ്യാഖ്യാതാക്കളും ഇത് രണ്ടും ഒന്നാണെന്ന പക്ഷക്കാരാണ്. ദുഖാൻ അധ്യായത്തിൻ്റെ തുടക്കത്തിൽ പറഞ്ഞത് ഇങ്ങനെയാണ്: " വ്യക്തമായ ഈ വേദം തന്നെ സത്യം,നിശ്ചയം ഒരനുഗൃഹീത രാവിലാണ് നാം അതവതരിപ്പിച്ചത്; നാം മുന്നറിയിപ്പ് നൽകുന്നവരാണ്. ആ രാത്രിയിലാണ് തത്വാധിഷ്ഠിതമായ എല്ലാ വിഷയങ്ങളും - നമ്മുടെ പക്കൽ നിന്നുള്ള ഉത്തരവെന്ന നിലയ്ക്ക് - വേർതിരിക്കപ്പെടുന്നത്. നാഥനിൽ നിന്നുള്ള കാരുണ്യമായി നാം ദൂതരെ നിയോഗിച്ചുകൊണ്ടിരിക്കുന്നവരാകുന്നു. നിശ്ചയം അവൻ നന്നായി കേൾക്കുന്നവനും സർവജ്ഞനുമാണ്."

ഇവിടെ എല്ലാ തത്വാധിഷ്ഠിത വിഷയങ്ങളും വേർതിരിക്കപ്പെടുന്നതെന്നതിൻ്റെ വിവക്ഷ മനുഷ്യൻ്റെ ജീവിതത്തിലെ ലൗകിക - പാരത്രിക കാര്യങ്ങളിൽ വർഷാടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കപ്പെടുന്നത് ഈ ഖദ്റിൻ്റെ രാവിലാണെന്നാണ് പ്രാമാണികവ്യാഖ്യാന ഗ്രന്ഥങ്ങളുടെ നിലപാട്. അത് ബറാഅത് രാവാണെന്നഭിപ്രായപ്പെട്ടവർ പൊതുവായി ആ രാവും പിന്നീട് പ്രത്യേകമായി ഓരോ വിഷയങ്ങളും തീരുമാനിക്കപ്പെടുന്നത് റമദാനിലെ ഖദ്റിൻ്റെ രാവിലും എന്ന് തന്നെ സമന്വയിപ്പിക്കുന്നു.

ഇനി ഖദ്ർ എന്ന വാക്കിൻ്റെ അർത്ഥം നോക്കാം. സ്ഥാനം, പദവി തുടങ്ങിയ അർത്ഥം ഈ വാക്കിനുണ്ട്. അത് പോലെ കണക്ക്,നിശ്ചയം, തീർപ്പ് തുടങ്ങിയ അർത്ഥവും ഉണ്ട്. ഈ രാവ് വലിയ സ്ഥാനവും പദവിയും ഉള്ള രാവാണെന്ന് അതിൻ്റെ തൊട്ടടുത്ത വചനം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഖദ്റിൻ്റെ രാവെന്ന് പറഞ്ഞാൽ എന്താണെന്ന് നിങ്ങൾക്കറിയാമോ? എന്നാണ് അടുത്ത വചനം ചോദിക്കുന്നത്. തുടർന്നു അത് ആയിരം മാസങ്ങളേക്കാൾ മഹത്വപൂർണമാണെന്ന് പ്രസ്താവിക്കുന്നു. 

ശേഷം ആ മഹത്വത്തിന് നിദാനമായ കാര്യങ്ങൾ കൂടി വിവരിക്കുന്നുണ്ട്. മാലാഖമാരും ജിബ് രീൽ മാലാഖയും അവരുടെ നാഥൻ്റെ കൽപ്പനയുമായി ഇറങ്ങി വരുമെന്നും ആ രാത്രി പ്രഭാതോദയം വരെ ശാന്തിയാണെന്നും അധ്യായം പറഞ്ഞു വയ്ക്കുന്നു. 

ഇനി ഇവിടെ മനസിലാക്കാനുള്ളത് ആ രാവ് റമദാനിൽ എപ്പോൾ എന്നാണ്. വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇക്കാര്യത്തിൽ വ്യാഖ്യാതാക്കൾ നൽകുന്നത്. ചിലർ പതിനേഴാം രാവെന്ന് സൂചിപ്പിക്കുമ്പോൾ അല്ല, 20 ന് ശേഷമുള്ള ഒറ്റയിട്ട രാവുകളിലൊന്നാണെന്ന് പൊതുവായി അഭിപ്രായം ഉയരുന്നു. അത് 21 ഓ 23 ഓ 25 ഓ 27 ഓ 29 ഓ ആകാം. എന്നാൽ അബ്ദുല്ലാഹിബ് നി അബ്ബാസ്(റ) അടക്കമുള്ള പ്രമുഖർ അത് റമദാൻ 27 ആണെന്ന് ഉറപ്പിക്കുന്നു. ഒറ്റയിട്ട രാവുകൾ എന്ന് അഭിപ്രായപ്പെട്ടവർ 29 ആകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇമാം ശാഫിഈ ഖദ്റിൻ്റെ രാവ് 27 ൻ്റെ രാവാണെന്ന പക്ഷത്താണ്.

ഖദ്റിൻ്റെ രാവ് എപ്പോഴാണെന്ന് തിരുനബി(സ)യോട് ചിലർ ആരാഞ്ഞെങ്കിലും അവിടന്ന് അത് വിശദീകരിച്ചിട്ടില്ല. 83 വർഷത്തിലധികം ആരാധിച്ചാൽ കിട്ടാവുന്നതിലധികം പ്രതിഫലം ലഭിക്കുന്ന രാവ് ഏതാണെന്ന് അറിഞ്ഞാൽ ചുളുവിൽ അതിൽ മാത്രം നമസ്കരിച്ച് മാറി നിൽക്കുന്ന വിരുതൻമാരും ഉണ്ടാകാമല്ലോ. 

ഒരിക്കൽ പത്നി ആയിശ(റ) തിരുനബിയോട് ചോദിച്ചു - ഖദ്റിൻ്റെ രാവ് ഉറപ്പായാൽ എന്താണ് ചെയ്യേണ്ടത്? തിരുനബി നൽകിയ മറുപടി അല്ലാഹുമ്മ ഇന്നക അഫുവുൻ കരീം തുഹിബ്ബുൽ അഫ് വ ഫ അ' ഫു അന്നീ (നാഥാ, നീ പൊറുത്തു തരുന്നവനും അതിനെ ഇഷ്ടപ്പെടുന്നവനുമായ ഉദാരനാണ്. അത് കൊണ്ട് എനിക്ക് പൊറുത്തുതരണേ! ) എന്ന ദിക്റ് വർധിപ്പിക്കാനാണ്. മറ്റൊരു നബി വചനത്തിൽ ഖദ്റിൻ്റെ രാവിൽ ഒരാൾ വിശ്വസിച്ചും പ്രതിഫലം കാംക്ഷിച്ചും നിന്ന് നമസ്കരിച്ചാൽ അയാളുടെ കഴിഞ്ഞതും വരുന്നതുമായ ദോഷങ്ങൾ പൊറുക്കപ്പെടും.(ബുഖാരി, മുസ് ലിം)

കടപ്പാട് ചന്ദ്രികദിന പത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter