ടിപ്പുസുല്‍ത്താന്‍: മതസഹിഷ്ണുതയുടെ അപ്രകാശിത ഏടുകള്‍

1750 നവംബറിലാണ് ശഹീദെ മില്ലത്ത് ടിപ്പുസുല്‍ത്താന്‍ ജനിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മിദനം കൃത്യമായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. നവംബര്‍10 നാണെന്നും 11 നാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. 48 വര്‍ഷത്തെ ജീവിതത്തില്‍ ടിപ്പു സാധിച്ചെടുത്തു നേട്ടങ്ങള്‍ അസാധ്യങ്ങളാണ്. ടിപ്പുസുല്‍ത്താന്‍റെ മതസഹിഷ്ണുതയാണ് ചരിത്രം ഏറെ വക്രീകരിച്ചവതരിപ്പിച്ചിട്ടുള്ളത്. അത് സംബന്ധമായി മാത്രമാണ് ഈ കുറിപ്പ് അന്വേഷിക്കുന്നത്. 1799 മെയ് നാല്, നാലാം മൈസൂര്‍ യുദ്ധത്തിന്റെ അവസാന ദിവസം. മഗ്രിബിനോടടുത്ത് ടിപ്പുസുല്‍ത്താന്‍ ശഹീദായി ഭൂമിയില്‍ വീണു. ജനറല്‍ ഹാരിസ് ടിപ്പുവിന്‍റെ ഭൌതികശരീരത്തിനടുത്ത വന്ന് ഉറക്കെ അട്ടഹസിച്ചു: ‘ഇന്ന് ഇന്ത്യ നമ്മുടെതായി.’ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു സുവര്‍ണകാലഘട്ടത്തിന് അതോടെ അന്ത്യമായി. മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും വര്‍ഗീയമനസ്സുള്ള ഹിന്ദു എഴുത്തുകാരും ടിപ്പു ഒരു വര്‍ഗീയവാദിയാണെന്ന് ആരോപിക്കാറുണ്ട്. തന്റെ ഭരണകാലത്ത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അടിച്ചമര്‍ത്തി, ക്ഷേത്രങ്ങള്‍ തകര്‍ത്തു, അവയുടെ ഭൂമി കണ്ടു കെട്ടി തുടങ്ങി വിവിധതരം ആരോപണങ്ങളാണ് അവരിതിന് ഉന്നയിക്കുന്നത്. മതഭ്രാന്തില്‍ നാദിര്‍ഷാ, മഹ്മൂദ് ഗസ്നി, അലാവുദ്ദീന്‍ ഖില്‍ജി, എന്നിവര്‍ക്കൊപ്പമാണ് ടിപ്പുവെന്ന് പ്രശസ്ത ചരിത്രകാരന്‍ ലിയോണ്‍ ബി ബോറിങ്ങ് എഴുതുന്നുണ്ട്. കിര്‍ക്പാട്രിക് ടിപ്പുവിനെ അസഹിഷ്ണുവായി കാണുന്നു. വില്‍ക്സ് തന്റെ ഹിസ്റ്ററി ഓഫ് മൈസൂര്‍ എന്ന ഗ്രന്ഥത്തില്‍ കടുംപിടുത്തക്കാരനായ മതഭ്രാന്തന്‍ എന്നാണ് ടിപ്പുവിനെ വിളിക്കുന്നത്. ഇത്തരം ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നതിന് ഒരുദാഹരണം പറയാം. ഒരു ഇംഗ്ലീഷുകാരന്‍ എഴുതുന്നു: കൂര്‍ഗ് പട്ടണത്തില്‍ മാത്രം സുല്‍ത്താന്‍ 70,000 പേരെ ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ ടിപ്പുവിന്റെ ഭരണകാലത്തെ കൂര്‍ഗിലെ ജനസംഖ്യ അതിന്‍റെ പകുതി പോലുമുണ്ടായിരുന്നില്ലെന്നത് ഏറെ വ്യക്തമാണ്. രാമചന്ദ്രറാവു പാന്‍ഗ്നൂരി പറയുന്നത് ടിപ്പു കുര്‍ഗ് കീഴടക്കിയ ശേഷം 500 പേര്‍ ഇസ്ലാം ആശ്ളേഷിച്ചു എന്നാണ്. ഹിന്ദുമതത്തില്‍ മനം മടുത്ത് അവരെല്ലാം ക്രിസ്ത്യാനിസത്തിലേക്ക് മതം മാറാനിരിക്കുന്ന കാലമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. ടിപ്പു അവരോട് സ്വമതത്തില്‍ തന്നെ തുടരാനാണ് ആവശ്യപ്പെട്ടതെന്നും നിവൃത്തിയില്ലാതെ അവര്‍ സ്വേഷ്ടപ്രകാരം മതം മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ടിപ്പുവിന് അശേഷം വര്‍ഗീയതയുണ്ടായിരുന്നില്ലെന്ന് സുരേന്ദ്രനാഥ് സെന്‍ പറയുന്നു. അക്കാലത്ത് നടന്ന മതപരിവര്‍ത്തനങ്ങള്‍ മതപരം എന്നതിലുപരി രാഷ്ട്രീയപരമായിരുന്നുവെന്നും അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ വക്താവായിരുന്നു ടിപ്പു എന്നാണ് മഹാത്മാഗാന്ധിയും അഭിപ്രായപ്പെട്ടത്. ചില ഹിന്ദുക്കളോട് അദ്ദേഹം കണിശമായി പെരുമാറിയെന്നത് നേരാണ്. കൃഷ്ണറാവുവിനെയും സഹോദരന്മാരെയും ശിക്ഷിച്ചത് ഉദാഹരണം. എന്നാല്‍ അത് അവര്‍ ഹിന്ദുക്കളായതിന്റെ പേരിലല്ല. മറിച്ച് രാഷ്ട്രീയമായ ചതി നടത്തിയതിനാലാണ്. അതെ കാരണത്തിന് നിരവധി മുസ്‌ലിംകളെയും ടിപ്പുസുല്‍ത്താന്‍ കടുത്ത ശിക്ഷകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. മുഹമ്മദ് ഖാസിം, ഉസ്മാന് ഖാന്‍ കാശ്മീരി എന്നിവരെ ഇക്കാരണത്താല്‍ അദ്ദേഹം ശിക്ഷിച്ചിട്ടുണ്ട്. മറാഠകള്‍ക്കും തിരുവിതാം കൂറിലെ ഹിന്ദുരാജാക്കള്‍ക്കുമെതിരെ മാത്രമല്ല, മുസ്‌ലിം രാജാക്കന്മാര്‍ക്ക് നെരെയും അദ്ദേഹം പട നയിച്ചിട്ടുണ്ട്.

പല ഉന്നത പദവികളിലും ഹിന്ദുക്കള്‍

ടിപ്പുവിന്റെ മരണം വരെ ഭരണകൂടത്തിലെ ധനകാര്യമന്ത്രി ഹിന്ദുബ്രാഹ്മണനായ പൂര്‍ണയ്യ ആയിരുന്നു. പ്രധാനമന്ത്രി മീര്‍സാദിഖ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അധികാരമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രൈവറ്റ് സെക്രട്ടറിയും ഒരു ബ്രഹ്മണനായിരുന്നു. ഉര്‍ദു, പേര്‍ഷ്യന്‍ കവിതകള്‍ക്ക് പ്രശസ്തനായ ലാലാ സദാ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു, യുദ്ധങ്ങളില്‍പോലും. മൈസൂര്‍പടയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ഹരിസിംഗ്. അദ്ദേഹത്തിന്റെ സഹോദരന്‍ നരസിംഹറാവുവും ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. കൂര്‍ഗിലെ കമാന്ററും ഒരു ബ്രാഹ്മണനായിരുന്നുവെന്ന് ചരിത്രം. മലബാറിലെ നായര്‍ കലാപം അടിച്ചമര്‍ത്താന്‍ ടിപ്പു അയച്ചതും ശ്രീപദ് റാവു എന്ന ഹിന്ദുവിനെയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന 300 ഭടന്മാരടങ്ങിയ സൈന്യത്തിന്റെ നേതാവും സെവാജി എന്ന മറാഠക്കാരനായിരുന്നു. ടിപ്പുവിന്റെ കൊട്ടാരത്തിലെ ഔദ്യോഗിക കത്തുകള്‍ തയ്യാറാക്കിയിരുന്ന മുന്‍ഷിമാരില്‍ പോലും നരസിയ്യ എന്ന പേരുള്ള ഒരു ഹിന്ദു ഉണ്ടായിരുന്നു. ദസറ പോലുള്ള ഹിന്ദു ഉത്സവങ്ങളില്‍ ടിപ്പു രാജകീയമായി തന്നെ പങ്കെടുത്തതിനും അതിനായി പ്രത്യേക ഫണ്ട് അനുവദിച്ചതിനുമെല്ലാം തെളിവുകള്‍ ചരിത്രത്തില്‍ സുലഭം. മതമോ ജാതിയോ നോക്കാതെ തന്‍റെ ഉദ്യോഗസ്ഥരില്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചിരുന്നുവെന്നതിനും ഒരു മതസഹിഷ്ണുതാവാദി ആയിരുന്നുവെന്നതിനും ഇതിലേറെ വലിയ തെളിവ് എന്ത് വേണം.

ക്ഷേത്രങ്ങള്‍ക്ക് ടിപ്പുവിന്റെ സംഭാവന

നഞ്ചന്‍ഗോഡ് താലൂക്കിലെ ലക്ഷ്മികാന്ത് ക്ഷേത്രത്തിനു ടിപ്പു ദാനം ചെയ്ത നാലു വെള്ളിപ്പാത്രങ്ങള്‍, പ്ലേറ്റ്, കോളാമ്പി എന്നിവ ഇപ്പോഴും അവിടെ കാണാം. തൊട്ടടുത്തുള്ള ശ്രീകാനേശ്വര ക്ഷേത്രത്തിനും ടിപ്പു മനോഹരമായ പാത്രം സമ്മാനിക്കുകയുണ്ടായി. മേല്‍ക്കോട്ടിലെ നരയന്‍സ്വാമി ക്ഷേത്രത്തിനു ടിപ്പു രത്നം പതിച്ച പാത്രങ്ങളും ചെണ്ടയും ഒരു ഡസന്‍ ആനകളും സംഭാവന ചെയ്തിട്ടുണ്ട്. ശ്രീരംഗ പട്ടണത്തിലെ രംഗനാഥക്ഷേത്രത്തിലും കാണാം സുല്‍ത്താന്‍ സംഭാവന ചെയ്ത വെള്ളിപ്പാത്രങ്ങള്‍. ദിണ്ടുഗല്‍ ആക്രമിക്കാന്‍ പോയ സേനയോട് അവിടെ മുന്നില്‍ ക്ഷേത്രമുണ്ടായതിനാല് പിന്നില്‍ നിന്നേ ആക്രമിക്കാവൂ എന്ന് പറയുന്നുണ്ട് രാജാവ്. മലബാറിലെ അക്രമങ്ങള്‍ക്കിടെ ചില അമ്പലങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട് ടിപ്പുവിന്‍റെ പട്ടാളം. അതിനദ്ദേഹം അവരെ ശിക്ഷിക്കുകയും ഉടനെ തന്നെ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. 1780 ല്‍ കാഞ്ചീപുരത്ത് നവാബ് ഹൈദരലി ഒരു ക്ഷേത്രത്തിന് ശിലയിട്ടിരുന്നു. എന്നാല്‍ അതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. പില്‍ക്കാലത്ത് അവിടം സന്ദര്‍ശിച്ച ടിപ്പു സംഭവാനയായി പതിനായിരം രൂപ നല്കിയതിനും ചരിത്രത്തില്‍ തെളിവുകളുണ്ട്. 1789 ല്‍ ടിപ്പു തിരുവിതാം കൂര്‍ സന്ദര്‍ശിച്ചപ്പോള്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് സൈനികരുടെ ആവശ്യങ്ങള്‍ക്കായി കുറച്ച് പാത്രങ്ങള്‍ വാങ്ങിയിരുന്നു. അവിടെ നിന്ന് തിരിച്ചുപോരുമ്പോള്‍ അതിഗംഭീരമായ ഒരു വിളക്കുകാല്‍ അദ്ദേഹം ക്ഷേത്രത്തിനായി സമ്മാനിച്ചു. ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി മൈല്‍ക്കോട്ടിലെ രണ്ടു വിഭാഗം ഹിന്ദുക്കള്‍ പരസ്പരം കലഹിച്ചപ്പോള്‍ അവര്‍ക്കിടയില്‍ മധ്യസ്ഥം വഹിച്ചതും ടിപ്പുവായിരുന്നുവത്രെ. ദക്ഷിണകേരളത്തിലെ 60 ക്ഷേത്രങ്ങള്‍ക്ക് പണം നല്‍കിയതായി ഡോ.സി.കെ കരീമിന്റെ കേരളം ടിപ്പുവിന് കീഴില്‍ എന്ന പുസ്തകത്തെ ഉദ്ധരിച്ച് അബ്ദല്ലാ ബംഗ്ലൂരി പറയുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന് മാത്രം 625 ഏക്കര്‍ സ്ഥലം അദ്ദേഹം ദാനം ചെയ്തിട്ടുണ്ടത്രെ. മലബാറിലെ ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്ക്കും കരമൊഴിവാക്കി ടിപ്പൂ ഭൂമി നല്കിയതിന്റെ വിശദവിവരങ്ങള്‍ മുഹിബ്ബുല്‍ ഹസന്‍ തന്റെ താരീഖെ ടിപ്പുസുല്‍ത്താനില്‍ പറയുന്നുണ്ട്. അവ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.

  1. കോഴിക്കോട് തൃക്കണ്ഠേശ്വര ക്ഷേത്രം- 195 ഏക്ര ഭമി
  2. പൊന്നാനി ഗുരൂവായൂര് ക്ഷേത്രം- 504 ഏക്ര ഭൂമി
  3.  ചേലും പട്ടണത്തിലെ മന്‍വാര്‍ ക്ഷേത്രം- 73 ഏക്ര ഭൂമി
  4. പൊന്നാനി തൃവഞ്ചുകുസുലം ക്ഷേത്രം- 213 ഏക്ര ഭൂമി
  5. പൊന്നാനി നമ്പൂതിരിപ്പാട് ക്ഷേത്രം- 135 ഏക്ര ഭൂമി

ക്ഷേത്രങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്റായി വലിയ ഒരു സംഖ്യ ടിപ്പു നല്‍കിയിരുന്നതായി ധനമന്ത്രിയായിരുന്ന പര്‍ണയ്യ വെളിപ്പെടുത്തുന്നുണ്ട്, പലപ്പോഴും മുസ്‌ലിം പള്ളികള്‍ക്ക് നല്‍കുന്ന ഗ്രാന്റിനേക്കാള്‍ ഇത് എത്രയോ കൂടുതലായിരുന്നുവെന്നും. മസ്ജിദെ അഅലയോട് ചേര്‍ന്ന് രംഗനാഥ ക്ഷേത്രത്തിനു പുറമേ രണ്ടു കോവിലുകള്‍ കൂടിയുണ്ട്. നരസിംഹയുടെയും ഗംഗധരേഷശ്വയുടെയും പേരിലുള്ളവ. ഈ ക്ഷേത്രങ്ങളിലെ മണിനാദം ടിപ്പുവിന്റെ അരമന വരെ കേള്ക്കുമായിരുന്നു. അതിനെ അദ്ദേഹം എതിര്‍ത്തില്ലെന്ന് മാത്രമല്ല ക്ഷേത്രം വികസിപ്പിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു. ടിപ്പുവിന്റെ ബാംഗ്ലൂരിലെ കൊട്ടാരത്തോട് ചേര്ന്നും ഒരു ക്ഷേത്രമുണ്ടായിരുന്നു പോലും. 1799ന് ടിപ്പു അന്ത്യം വരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിന് ചുറ്റും കുട്ടികളും സ്ത്രീകളടക്കമുള്ള നിരവധി ഹിന്ദുക്കളുടെയും മൃതശരീരങ്ങളുണ്ടായിരുന്നു. മുസ്‌ലിമായ ഒരു രാജാവിന്‍റെ രാജ്യം സംരക്ഷിക്കുന്നതിന് ഹിന്ദുക്കള്‍ കാണിച്ച ഈ ത്യാഗം കണ്ട് ബ്രിട്ടീഷുകാര് പോലും അത്ഭുതപ്പെട്ടു പോയെന്ന് ചരിത്രം. ഹിന്ദുക്കള്‍ ടിപ്പുവിനോളം മറ്റൊരു മുസ്‌ലിം രാജാവിനെയും സ്നേഹിച്ചതിന് ഉദാഹരണങ്ങളില്ല. ഹിന്ദുക്കളുമായി നല്ല രീതിയിലല്ലായിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്ക്ക് അവരില്‍ വര്‍ഗീയ ബോധം പകര്‍ന്ന് ടിപ്പുവിനെതിരെ തിരിക്കാമായിരുന്നു. അതിന് അവസരം സത്യത്തിലില്ലാതിരുന്നത് കൊണ്ടാണ് ബ്രിട്ടീഷ് സൈന്യം അത്തരമൊരു ശ്രമത്തിന് മുതിരാതിരുന്നത്. 1757 ല്‍ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തില്‍ പ്ലാസിയില്‍ വെച്ചു സിറാജുദ്ദൌലയെ ബ്രിട്ടീഷ് പട അടിയറവ് പറയിച്ചതു മുതല്‍ 1857 ല്‍ ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ സ്ഥാനഭ്രഷ്ടനാക്കുന്നതു വരെയുള്ള ഒരു നൂറ്റാണ്ട് ഇന്ത്യയില്‍ ബ്രിട്ടീഷ് ശക്തി നങ്കൂരമുറപ്പിക്കുന്ന തിക്തയുഗമായിരുന്നു. സങ്കീര്‍ണമായ ഈ കാലയിളവിലാണ് (1750-1799) ടിപ്പു ബ്രിട്ടീഷുകാരെ എതിര്‍ത്ത് ഒറ്റയാള് പോരാട്ടം നടത്തുന്നതെന്നും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. എന്തുകൊണ്ടും മുസ്‌ലിം വിരുദ്ധ വികാരം ഇളക്കി വിട്ട് ഹിന്ദുക്കളെ അവര്‍ക്ക് ചൂഷണം ചെയ്യാമായിരുന്നു. എന്നിട്ടും അങ്ങനെ ഒരു ശ്രമം നടക്കാതെ പോയത് ടിപ്പുവിന്റെ മതസഹിഷ്ണുത കാരണം തന്നെയാണ്.

അവലംബം: ടിപ്പുസുല്‍ത്താന്‍/ മുഹമ്മദ് ഇല്‍യാസ് നദവി, വിവ: എ.കെ അബ്ദുല്‍ മജീദ്  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter