ഇബ്നു ബാജ്ജ അഥവാ അവിംപെസ്

സ്പെയിനിലെ മുസ്‌ലിം തത്വചിന്തകരില്‍ പ്രധാനിയാണ് ഇബ്നു ബാജ്ജ. യൂറോപ്പില്‍ ഇബ്നു ബാജ്ജ അറിയപ്പെടുന്നത് അവിംപെയ്സ് എന്ന പേരിലാണ്. അബൂബക്കര്‍ മഹമ്മദ് ബ്നു യഹിയ ഇബ്നു ബാജ്ജ എന്ന് പൂര്‍ണനാമം. ക്രിസ്തബ്ദം1080 കളില്‍ സ്പെയിനിലെ സരഗോസയിലായിരുന്നു ജനനം. 1139 ല്‍ ഫെസില്‍ വെച്ചായിരുന്നു അന്ത്യം. തത്വചിന്തക്ക് പുറമെ ഗണിതശാസ്ത്രം, ഗോളശാസ്ത്രം, അറബിഭാഷാ വ്യാകരണം, വൈദ്യശാസ്ത്രം എന്നിവയിലും അതുല്യനായിരുന്നു. ഗ്രാനഡയില്‍ നിന്നാണ് വിദ്യ അഭ്യസിച്ചത്. ശേഷം അദ്ദേഹം ശാസ്ത്രലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. പിന്നീട് വൈദ്യശാസ്ത്രം പഠിക്കുന്നതിന് വേണ്ടി ഗ്രാനഡയിലും പടിഞ്ഞാറന് ആഫ്രിക്കയിലും സഞ്ചരിക്കുകയുണ്ടായി. ശാസ്ത്രജ്ഞന് ‍എന്നതിന് പുറമെ ഇബ്നു ബാജ്ജ ഒരു കവിയും സാഹിത്യകാരനും കൂടെയായിരുന്നു. അറബിയില്‍ അദ്ദേഹം രചിച്ച ദീവാന് ഈയുടത്ത കാലത്താണ് കണ്ടെടുക്കപ്പെട്ടത്. പില്‍ക്കാലത്ത് മുസ്‌ലിം സ്പെയിനില്‍ പച്ച പിടിച്ച ഗോളശാസ്ത്രശാഖകളുടെ പുരോഗതിയില്‍ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. ഗ്രീക്ക ഗോളശാസ്ത്രജ്ഞനായിരുന്ന ടോളമിക്ക് പിണഞ്ഞ പല അബദ്ധങ്ങളും അദ്ദേഹം ലോകത്തിന് മുന്നില്‍ തിരുത്തിക്കാണിച്ചു.

ഒരു പക്ഷെ ബാജ്ജയെ തുടര്‍ന്നാണ് ഇബ്നുറുഷ്ദും ഇബ്നു തുഫൈലും സ്പെയിനിലെ ഗോളശാസത്രത്തെ പുതിയ വഴിത്താരയിലേക്ക് തിരിച്ചത്. തത്വചിന്തയില്‍ ഫാറാബിയുടെയും അരിസ്റ്റോട്ടിലിന്‍റെയും രചനകള് ‍അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചു. ദൈവശാസ്ത്രത്തിലും ബാജ്ജക്ക് രചനകളുണ്ട്. രിസാലത്തുല്‍ വിദാഅ് അതിലെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ്. തദ്ബീറുല്‍ മുതവഹ്ഹിദ്, അഖലാഖ്, കിതാബുന്നബാത്ത്, കിതാബുന്നഫ്സ്, രസാലതു ഗായതില്‍ഇന്‍സാനിയ്യ തുടങ്ങിയവയാണ് മറ്റു കൃതികള്‍. സസ്യശാസ്ത്രത്തില്‍ വിരചിതമായ അദ്ദേഹത്തിന്‍റെ കിത്താബുന്നബാത്ത് സസ്യങ്ങളിലെ ലിംഗവ്യത്യാസങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. തര്‍തായി എന്ന ഒരു ഗീതവും അദ്ദേഹത്തിന്‍റെ രചനയായി വിഖ്യാതമായിട്ടുണ്ട്. ഇവയില്‍പല ഗ്രന്ഥങ്ങളും പില്‍ക്കാലത്ത് കണ്ടെത്തി പ്രസിദ്ധീകൃതമായിട്ടുണ്ട്.

അറബിഭാഷയിലും അദ്ദേഹം തികഞ്ഞ ഒരു പണ്ഡിതനായിരുന്നു. ഒരു യാത്രക്കിടെ വിശ്രമിക്കാനായി ഒരു മസ്ജിദില് കയറിയിരുന്ന അദ്ദേഹത്തെ അവിടത്തെ ദര്‍സില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ പരിഹസിച്ചതും അവരെ അറബിയിലെ തന്‍റെ പാടവം കൊണ്ട് കൈയിലെടുത്തതുമായ ഒരു കഥ ഈയിനത്തില്‍ ഏറെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്‍റെ അഗാധ പാണ്ഡിത്യം ചില ശത്രുക്കളെ കൂടി ഉണ്ടാക്കി എന്ന് പറയുന്നതാവും ശരി. അദ്ദേഹത്തെ അക്കാലത്ത് സ്പെയിനിലെ മറ്റൊരു മുസ്‌ലിം ശാസ്ത്രജ്ഞാനായിരുന്ന അബുല്‍ അഅലാ സുഹര്‍ വിഷം കൊടുത്ത് കൊല്ലിച്ചതാണെന്ന് വരെ ചരിത്രത്തിന് ഒരു ഭാഷ്യമുണ്ട്.

മുസ്ഥഫ തെയ്യാല (ദാറുല്‍ഹുദാ ഡിഗ്രി വിദ്യാര്‍ഥി)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter