ഇമാം മാലിക് ബ്‌നു അനസ് (റ)

അബൂ അബ്ദില്ല മാലിക് ബിന്‍ അനസ് ബിന്‍ മാലിക് ബിന്‍ അബീ ആമിര്‍ എന്ന് പൂര്‍ണ നാമം. ഹിജ്‌റ വര്‍ഷം 93 ന് മദീനയില്‍ ജനിച്ചു. അനസ് ബ്‌നു മാലിക് (റ) വഫാത്തായ വര്‍ഷമായിരുന്നു ഇത്. ദാറുല്‍ ഹിജ്‌റയിലെ ഇമാം എന്ന അപര നാമത്തില്‍ അറിയപ്പെട്ടു. വിഖ്യാത പണ്ഡിതനും ജ്ഞാനിയുമായിരുന്നു പിതാവ് അനസ് (റ). ഇമാം സുഹ്‌രിയടക്കം പലരും അദ്ദേഹത്തില്‍നിന്നും ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പിതാവിന്റെ പ്രേരണയോടുകൂടിയാണ് മാലിക് (റ) പഠനമേഖലയിലേക്ക് തിരിയുന്നത്. തുടര്‍ന്നു ഏഴു വര്‍ഷക്കാലം പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നു ഹര്‍മുഷിന്റെ ശിഷ്യത്വത്തില്‍ കഴിഞ്ഞുകൂടി. വിജ്ഞാനീയങ്ങളുടെ വിവിധ മേഖലകള്‍ സ്വന്തമാക്കി.

ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ അഗാധമായ കഴിവ് നേടുകയും അതിലൊരു വഴിത്തിരിവായി മാറുകയും ചെയ്തു. ഹദീസിലും ആഴത്തിലുള്ള പരിജ്ഞാനം നേടി. അദ്ദേഹം ക്രോഡീകരിച്ച കര്‍മശാസ്ത്ര വഴികള്‍ മാലികി മദ്ഹബ് എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ടു. ദാര്‍ശനിക വീക്ഷണത്തോടെ ഖുര്‍ആനിലും ഹദീസിലും അദ്ദേഹം നടത്തിയ അഗാധ ഗവേഷണ ഫലമായി രൂപം കൊണ്ടവയായിരുന്നു ഈ മദ്ഹബ്. വിശ്വപ്രസിദ്ധി നേടിയ മദ്ഹബുകളില്‍ രണ്ടാം സ്ഥാനത്ത് ഇന്നിത് നിലകൊള്ളുന്നു.

പതിനാറാം വയസ്സില്‍ വൈജ്ഞാനിക സേവനം ആരംഭിച്ചു. അനവധി പണ്ഡിതന്മാരില്‍നിന്നും വിദ്യ നുകര്‍ന്നു. ആറു ദശകക്കാലം മദീനയിലെ മുഹദ്ദിസും മുഫ്തിയുമായിരുന്നു. താനിതിന് അര്‍ഹനാണെന്ന് എഴുപത് പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തുന്നതുവരെ താനൊരു ഫത്‌വയും നല്‍കിയിരുന്നില്ലായെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയുണ്ടായി. മദീനയിലെ കര്‍മശാസ്ത്ര വിശാരദന്‍ റബീഅത്തു ബ്‌നു അബ്ദിര്‍റഹ്മാന്‍, യഹ്‌യ ബ്‌നു സഈദില്‍ അന്‍സാരി, മൂസ ബ്‌നു ഉഖ്ബ തുടങ്ങി ധാരാളം ജ്ഞാന പടുക്കള്‍ അദ്ദേഹത്തില്‍നിന്നും ഹദീസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അതേസമയം, ഇവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാര്‍ കൂടിയായിരുന്നു.

ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും ഹദീസ് വിജ്ഞാന ശാഖയിലും തുല്യതയില്ലാത്ത പണ്ഡിതനായിരുന്നു മാലിക് (റ). ലക്ഷക്കണക്കിന് ഹദീസ് അറിയാവുന്ന അദ്ദേഹം ഒരു ലക്ഷം ഹദീസുകള്‍ സ്വന്തം കൈപടയില്‍ രേഖപ്പെടുത്തി വെച്ചിരുന്നു. തന്റെ ഗുരുജനങ്ങളായ ഇമാം സുഹ്‌രി, യഹ്‌യ ബ്‌നു സഈദില്‍ അന്‍സാരി തുടങ്ങിയ അന്നത്തെ പണ്ഡിതരില്‍നിന്നും മറ്റുമായി അദ്ദേഹം സമാഹരിച്ചതായിരുന്നു ഈ ഹദീസുകള്‍. ഹദീസ് വിജ്ഞാനം ആഗ്രഹിക്കുന്നവര്‍ ഇമാം മാലികിനെ ആശ്രയിച്ചേ തീരൂ എന്ന് ഇമാം ശാഫിഈ (റ) പറഞ്ഞിട്ടുണ്ട്.

ഉത്തമ നൂറ്റാണ്ടിലെ ജ്ഞാനോപാസകരായ അനവധി ഹദീസ് പണ്ഡിതന്മാര്‍ മാലിക് (റ) വിന്റെ ശിഷ്യന്മാരായിരുന്നു. അതില്‍ ഏറ്റവും പ്രധാനിയാണ് ഇമാം ശാഫിഈ (റ). അദ്ദേഹത്തിലൂടെ പുതിയൊരു ജ്ഞാന ചക്രവാളം തന്നെ അവതരിക്കുകയുണ്ടായി. മാലിക് (റ) കൈമാറിയ ജ്ഞാന നിര്‍ധരിയായിരുന്നു ഇതിന് കാരണം. ഇക്കാര്യം ശാഫിഈ ഇമാം അനുസ്മരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: അദ്ദേഹത്തില്‍നിന്നു ലഭിച്ച ഹദീസ് വിജ്ഞാനമായിരുന്നു എനിക്ക് ഏറ്റം നിര്‍വൃതി നല്‍കിയിരുന്നത്. അതിലൂടെ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ അതിര്‍വരമ്പുകള്‍ ഞാന്‍ കണ്ടെത്തി. കര്‍മശാസ്ത്ര സംബന്ധമായ ഹദീസുകളില്‍ മുപ്പതെണ്ണമൊഴികെയുള്ളതെല്ലാം അദ്ദേഹത്തില്‍നിന്നാണ് ഞാന്‍ കരസ്ഥമാക്കിയത്.

വിജ്ഞാനത്തെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മാലിക് (റ). കുളിച്ചു വൃത്തിയായി മുന്തിയ വസ്ത്രം ധരിച്ച് സുഗന്ധം ഉപയോഗിച്ചതിനു ശേഷം മാത്രമേ അദ്ദേഹം  ഹദീസ് വായിച്ചിരുന്നുള്ളൂ. അശ്രദ്ധമായി ഹദീസ് കൈകാര്യം ചെയ്യുന്ന അവസ്ഥയേ ഉണ്ടായിരുന്നില്ല. അത്  പ്രവാചകരെ അനാദരിക്കലാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരിക്കല്‍ ഹദീസ് ക്ലാസ് എടുത്തുകൊണ്ടിരിക്കെ   അദ്ദേഹത്തിന്റെ കാലില്‍ ഒരു തേള്‍ പതിനാറു തവണ കുത്തി. വിഷം സിരകളില്‍ കയറുകയും അദ്ദേഹത്തിന്റെ ശരീരം മഞ്ഞപ്പു ബാധിക്കുകയും ചെയ്തു. പക്ഷെ, ഇടക്ക് വെച്ച് ക്ലാസ് നിര്‍ത്തുന്നത് ഹദീസിനോടുള്ള അനാദരവായിരിക്കുമെന്ന് ചിന്തിച്ച അദ്ദേഹം എല്ലാം അവസാനിച്ചതിനു ശേഷം മാത്രമാണ് അതിനെ ഗൗനിച്ചിരുന്നത്. പ്രവാചകന്‍ ഇഅ്തികാഫ് ഇരുന്ന സ്ഥലത്താണ് മസ്ജിദുന്നബവിയില്‍ മാലിക് ഇമാം ഇരുന്നിരുന്നത്. എല്ലാറ്റിലും പരമാവധി പ്രവാചകരുടെ സുന്നത്ത് അദ്ദേഹം മുറുകെ പിടിച്ചിരുന്നു.

അദ്ദേഹത്തിന്റെ വിഖ്യാതമായ ഹദീസ് സമാഹാരമാണ് മുവത്വ. ആദ്യ ഘട്ടത്തില്‍ പതിനായിരം ഹദീസുകളുടെ സമാഹാരമായിരുന്നു ഇത്. ശേഷം അദ്ദേഹം തന്നെ വിചിന്തനം നടത്തുകയും ചുരുക്കി 1714 ഹദീസുകളിലാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. കര്‍മശാസ്ത്ര വിധികളോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആഖ്യാന ശൈലിയാണ് മുവത്വ സ്വകരിച്ചിരുന്നത്. ഹദീസുകളോട് അനുബന്ധിച്ചുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട സ്വഹാബത്തിന്റെ പ്രസ്താവങ്ങളും അതില്‍ ഉള്‍കൊള്ളിക്കപ്പെട്ടിരുന്നു. ഇമാം മാലിക് മുഖേന ലഭിച്ച ഹദീസുകള്‍ക്കായിരുന്നു ഇമാം ബുഖാരി കൂടുതല്‍ പരിഗണന നല്‍കിയിരുന്നത്.

ഹിജ്‌റ വര്‍ഷം 179 റബീഉല്‍ അവ്വലില്‍ മാലിക് (റ) വഫാത്തായി. അന്നദ്ദേഹത്തിന് 84 വയസ്സുണ്ടായിരുന്നു. മദീനയില്‍ ജന്നത്തുല്‍ ബഖീഇലാണ് ഖബറ്.

Leave A Comment

4 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter