ഹസ്റത്ത് ഉമറുബ്നു അബ്ദില് അസീസ്
അമവീ ഖിലാഫത്തിലെ ഏറെ പ്രധാനിയായ ഭരണാധികാരിയാണ് ഹസ്റത്ത് ഉമറുബ്നു അബ്ദില് അസീസ്. പൊതുജനക്ഷേമം, നാഗരിക പുരോഗതി, യുദ്ധവിജയങ്ങള്‍ തുടങ്ങിയ കാര്യത്തില്‍ വലീദിന്‍റെ ഭരണകാലം നിസ്തുലമായിരുന്നുവെങ്കിലും അമവി ഭരണകൂടത്തിലെ ഒരു മഹാത്മാവായി ചരിത്രം വിശദീകരിക്കുന്നത് ഹസ്റത്ത് ഉമറുബ്നു അബ്ദില്‍ അസീസിനെയാണ്. രണ്ടു വര്‍ഷവും അഞ്ചു മാസവും മാത്രമെ അദ്ദേഹം ഭരണം നടത്തിയിട്ടുള്ളൂ. ഹിജ്റ വര്‍ഷം 99 മുതല്‍ 101 വരെ. എന്നാല് കുറഞ്ഞ ഇക്കാലം കൊണ്ട് ഖുലഫാഉ റാഷിദയുടെതിന് സമാനമായ ഒരു ഭരണം പുനസ്ഥാപിക്കാന്‍ അദ്ദേഹത്തിനായെന്ന് ചരിത്രസാക്ഷ്യം. അതു കൊണ്ട് തന്നെ അഞ്ചാം ഖലീഫ എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്.
അമവിയ്യാ ഭരണകാലം. ഖിലാഫത്ത് സത്യത്തില്‍ രാജവാഴചയായി മാറിയിരുന്നു. ശക്തിയുപയോഗിച്ച് ഖിലാഫത്ത് കൈയടക്കിയ ഉമയ്യ കുടുംബം ഭരണം തങ്ങളുടെ തറവാട്ടുകാര്യമാക്കി മാറ്റിയിരുന്നു. പൊതുധനം പോലും സ്വകാര്യ സ്വത്തെന്ന പോലൊയയിരുന്ന വിനിമയം ചെയ്തിരുന്നത്. ഇത്തരം അനീതികള്‍ക്ക് അറുതി വരുത്തിയെന്നതായിരുന്നു ഹസ്റത്ത് ഉമറുബ്നു അബ്ദില്‍ അസീസിനെ ഈ ഭരണാധികാരികളുടെ കൂട്ടിത്തില്‍ നിന്ന് അതുല്യനാക്കിയ പ്രധാനപ്പെട്ട ഘടകം.
വലീദിന്റെ സഹോദരനായ അദ്ദേഹത്തിന്റ പിതാവ് അബ്ദുല്‍ അസീസ് ഈജിപ്തിലെ ഗവര്‍ണറായിരുന്നു. പിതാവിന്‍റെ ശിക്ഷണമാവാം ഹസ്റത്ത് ഉമറുബ്നു അബ്ദില് അസീസില്‍ നന്മയോടുള്ള ഒരു ആഭിമുഖ്യം ചെറുപ്പം മുതലേ ശേഷിപ്പിച്ചത്. വെറും ഭരണാധികാരി എന്നതിലുപരി, തന്‍റെ കാലത്തെ പ്രധാനപ്പെട്ട ഒരു പണ്ഡിതന് കൂടിയായിരുന്നു ഹസ്റത്ത് ഉമറുബ്നു അബ്ദില് അസീസ്.
ഖലീഫയാകും മുമ്പ് പൂര്‍ണ സുഖാഡംബരങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. മുന്തിയ ഇനം വസ്ത്രങ്ങള്‍ മാത്രമെ ധരിച്ചിരുന്നുള്ളൂവെന്നും ഒരിക്കല് ധരിച്ച വസ്ത്രം പിന്നെ ഉപയോഗിക്കുമായിരുന്നില്ല എന്നുമെല്ലാം അദ്ദേഹത്തെ കുറിച്ച് ചരിത്രരേഖകള്‍ കാണുന്നു. എന്നാല്‍ ഖലീഫയായതോടെ പിന്നെ രാജകീയതയും ആഡംബരവും സമൂലമായി അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഖലീഫ പദവിയിലേക്ക്
അമവിയ്യാ ഭരണകൂടത്തിലെ നടപ്പനുസരിച്ച് അതുവരെ ഖലീഫയായിരുന്ന സുലൈമാന്‍ അദ്ദേഹത്തെ ഖലീഫയായി നിയമിക്കുകയായിരുന്നു. ജനങ്ങള്‍ ഖലീഫയെ തെരഞ്ഞെടുക്കുന്ന രീതിയായിരുന്നില്ല അമവീഖിലാഫത്തിലുണ്ടായിരുന്നത്. എന്നാല്‍ പ്രസ്തുത ഖിലാഫത്ത് ഏറ്റെടുക്കാന്‍ ഹസ്റത്ത് ഉമറുബ്നു അബ്ദില് അസീസ് തയ്യാറായില്ല. അദ്ദേഹം സ്ഥാനമൊഴിയുകയാണെന്നും ഇഷ്ടമുള്ള ആളുകളെ ജനങ്ങള്‍ക്ക് തെരഞ്ഞെടുത്ത് ഖലീഫയാക്കാമെന്നും പരസ്യപ്രസ്താവന നടത്തി. ജനങ്ങള്‍ പക്ഷേ അദ്ദേഹത്തെ സ്ഥാനമൊഴിയാന്‍ സമ്മതിച്ചില്ലെന്ന് ചരിത്രം. അവരൊറ്റക്കെട്ടായി അദ്ദേഹത്തെ ഖലീഫയായി തെരഞ്ഞെടുത്തു. ആര്‍ക്കും വിയോജിപ്പില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് ഖിലാഫത്ത് ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായത്.
ഭരണരംഗത്തെ പരിഷ്കാരങ്ങള്‍
ഖിലാഫത്ത് എറ്റെടുത്ത ഉടനെ. അഴിമതിക്കാരും മര്ദകരുമായ ഉദ്യോഗസ്ഥരെ അദ്ദേഹം പിരിച്ചുവിട്ടു. പൊതുഖജനാവിനെ ജനങ്ങളുടെ സ്വത്താക്കി മാറ്റി. പൊതുജനാവശ്യത്തിന് വേണ്ടി മാത്രം അതിലുള്ള സമ്പത്ത് ചെലവഴിച്ചു.
പൊതുമുതലിന്റെ അവിഹിത ഉപയോഗം തടഞ്ഞുവെന്ന് മാത്രമല്ല. രാജകുടുംബത്തില്‍ പെട്ടവര്‍ക്ക് അവിഹിതമായ ലഭിച്ച സ്വത്തുവകകള്‍ തിരിച്ചുവാങ്ങുകയും അവ യഥാര്‍ഥ അവകാശികള്‍ക്കു നല്‍കുകയും ചെയ്തു. മുന്‍രാജകുടുംബങ്ങള്‍ക്ക് നല്‍കിവന്നിരുന്ന അമിത പെന്‍ഷന് സാധാരണക്കാരന് തുല്യമാക്കി പുതുക്കി നിശ്ചയിക്കുകയും ചെയ്തു അദ്ദേഹം. പല രാജകുടുംബങ്ങള്‍ക്കും ഇതുള്‍ക്കൊള്ളാനായില്ല. അതു കൊണ്ട് തന്നെ പലരും അദ്ദേഹത്തിന്‍റെ ശത്രുക്കളായി മാറുകയുണ്ടായി.
ഭരണകാര്യങ്ങള്‍ക്ക് വരെ പൊതുസ്വത്ത് ഉപയോഗിക്കുമ്പോള്‍ അദ്ദേഹം ഏറെ സൂക്ഷമത പുലര്‍ത്തി. നീതിയിലധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്‍റെ ഭരണം. ഹജ്ജാജുബ്നു യൂസുഫിന്‍റെ ഭരണസമ്പ്രദായത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഹജ്ജാജ് നിയമിച്ചിരുന്ന പല ഗവര്‍ണര്‍മാരെയും അദ്ദേഹം മാറ്റുന്നുണ്ട്. ഭരണത്തിന്‍റെ അടിസ്ഥാനം കൈയൂക്ക് ആയിക്കൂടെന്നും നീതിയും ന്യായവും നടമാടണമെന്നും അദ്ദേഹം ശഠിച്ചു. നേരിയ സംശയത്തിന് പോലും ശിക്ഷിക്കുന്ന കഠിനരീതി അമവീ ഭരണ കാലത്ത് ഉണ്ടായിരുന്നു. അദ്ദേഹം അതിനെ പോലും ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നുണ്ട്. ശരീഅത്തു പ്രകാരം കുറ്റം സ്ഥിരീക്കപ്പെടാതെ ശിക്ഷ നടപ്പാക്കരുതെന്ന് ഒരു പ്രസംഗത്തില്‍ തന്‍റെ ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം ഉപദേശം നല്‍കുന്നുണ്ട്.
നീതിനിര്‍വഹണത്തിന്‍റെ കാര്യത്തില്‍ അമുസ്‌ലിംകള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ അദ്ദേഹം വ്യത്യാസം കാണിച്ചില്ല. രാജകുടുംബത്തിലെ അവിഹിത സ്വത്ത് മടക്കിക്കൊടുത്ത കൂട്ടത്തില്‍ പ്രദേശത്തെ ക്രൈസ്തവരുടെ സ്വത്തും മടക്കിക്കൊടുത്തതായി ചരിത്രത്തില് കാണുന്നുണ്ട്. വലീദിന്‍റെ പുത്രനായ അബ്ബാസിന്‍റെ കൈവശം ഉണ്ടായിരുന്ന ഭൂമി ക്രിസ്ത്യാനിയുടെതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത് അയാള്‍ക്ക് തിരിച്ചു കൊടുക്കാന്‍ ഹസ്റത്ത് ഉമറുബ്നു അബ്ദില് അസീസ് ഉത്തരവിട്ടു. അബ്ബാസ് അതിന് തയ്യാറാകാതിരുന്നപ്പോള്‍ അദ്ദേഹം ശക്തിയുപയോഗിച്ച് പിടിച്ചു വാങ്ങി തിരിച്ചു നല്‍കിയത്രെ.
ക്ഷേമപ്രവര്‍ത്തനങ്ങള്‍
ഒന്ന്, വലീദിന്റെ കാലത്ത് നടപ്പാക്കിയിരുന്ന പൊതുക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉമറുബ്നു അബ്ദില് അസീസ് വിപുലീകരിച്ചു. ഖുറാസാന്‍, തുര്‍ക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ പാതകളില്‍ വഴിയമ്പലങ്ങള് സ്ഥാപിച്ചു. ഇവയില് സാധാരണയാത്രക്കാര്‍ക്ക് ഒരുദിവസവും രോഗികള്‍ക്ക് രണ്ടു ദിവസവും സൌജന്യതാമസം അനുവദിച്ചിരുന്നു.
രണ്ട്, രാജ്യത്തെ, അവശതയനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഹസ്റത്ത് ഉമറുബ്നുല്‍ ഖത്വാബിനെ പോലെ മുലകുടിക്കുന്ന കുട്ടികള്‍ക്ക് പോലും അദ്ദേഹം പെന്‍ഷന്‍ നല്‍കിയിരുന്നു.
മൂന്ന്, നിര്‍ധനര്‍ക്ക് കടം വീട്ടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.
നാല്, രാജവാഴ്ച അവസാനിപ്പിച്ച് ഖിലാഫത്ത് സ്ഥാപിച്ചുവെന്നത് തന്നെയാണ് അദ്ദേഹം ചെയ്ത മഹത്തമേറിയ കാര്യം. അതു കൊണ്ട് മാത്രമാണ് ഇത്തരം കാര്യങ്ങളെല്ലാം നടപ്പാക്കുക സാധ്യമായത്. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി സുസ്ഥിരത കളിയാടി. ദാനദര്‌മങ്ങള്‍ വരെ സ്വീകരിക്കാന്‍ അര്‍ഹരായി ആളുകള്‍ ഇല്ലാതായി. വെറും രണ്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും പരിവര്‍ത്തനം നടത്താനായത് എന്നത് ഇതോട് കൂട്ടിവായിക്കണം.
മരണം
അദ്ദേഹത്തിന്‍റെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ കാരണം രാജകുടുംബത്തില്‍ അദ്ദേഹത്തിന് നിരവധി ശത്രുക്കളുണ്ടായി. സച്ചരിതമായ ഖിലാഫത്ത് പുനസ്ഥാപിക്കപ്പെടുന്നത് അവര്‍ ഭയന്നു. അവസാനം ചിലര്‍ ചേര്‍ന്ന് അദ്ദേഹത്തെ വിഷം കൊടുത്തു കൊലപ്പെടുത്തി. അന്ന് 39 വയസ്സ് മാത്രമായിരുന്നു ഹസ്റത്ത് ഉമറുബ്നു അബ്ദില് അസീസിന്‍റെ പ്രായം.
Leave A Comment