സ്പെയ്ന്‍ തകര്‍ന്നപ്പോള്‍ ഉസ്മാനി രാജാക്കന്മാര്‍ എന്തെടുക്കുകയായിരുന്നു
മുസ്‍ലിം സ്പെയിനിലെ അവസാനത്തെ രാജാവായ അബൂ അബ്ദുല്ല മുഹമ്മദ് പന്ത്രണ്ടാമനും കാസ്റ്റിലിയൻ പ്രഭുവും തമ്മിലെ ചരിത്ര പ്രസിദ്ധമായ ഒരു കരാർ ഒപ്പിട്ടതിന്റെ വാർഷിക ദിനങ്ങളാണിത്. അന്തലുസിലെ തന്റെ അധികാരവും സ്വത്തുക്കളുമെല്ലാം വിറ്റ് 1492 ആഗസ്റ്റ് 7-ന്, ഏകദേശം 8 നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഇസ്‍ലാമിക ഭരണ പൈതൃകത്തെ എന്നെന്നേക്കുമായി തീറെഴുതി കൊണ്ടാണ് അവിടുന്നദ്ദേഹം തിരിഞ്ഞു നടന്നത്.
മുസ്‍ലിം സ്പെയിനിന്റെ പതനത്തെ പ്രതിനിധീകരിക്കുന്ന ഇസ്‍ലാമിക ചരിത്രത്തിന്റ മുറിവുണങ്ങാത്ത ഓർമ്മയിലേക്ക് തലയുയർത്തുമ്പോൾ, ഇവിടെ ഒരു ചോദ്യം ഉയർന്നുവരുന്നതായി കാണാം: ഒരു ഇസ്‍ലാമിക രാഷ്ട്രം മരണത്തോട് മല്ലിടുമ്പോൾ ഉസ്മാനികൾ എവിടെയായിരുന്നു? അന്തലൂസിനെയും മുസ്‍ലിം ലോകത്തിന്റെ അഭിമാനവും സംരക്ഷിക്കാന്‍ എന്തേ അവര്‍ രംഗത്ത് വരാതിരുന്നത്?
ഭീഷണികളുടെ ഘട്ടം
എഡി 1477-ൽ ഗ്രാനഡയിലെ ജനങ്ങൾ സുൽത്താൻ മെഹമ്മദ് ഫാത്തിഹിന് ഒരു ദുരിത സന്ദേശം അയച്ചു, സമീപത്തെ ക്രിസ്ത്യന്‍ ഭരണാധികാരികളില്‍നിന്നും കുരിശുസഖ്യസേനയില്‍ നിന്നും അനുഭവിക്കേണ്ടിവരുന്ന ക്രൂരതകളില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന ആവശ്യമായിരുന്നു അതില്‍. പോപ്പ് സിസ്ഡ് നാലാമനും, വെനീസ് റിപ്പബ്ലിക്, നേപ്പിൾസ്, ഹംഗറി, ട്രാൻസിൽവാനിയ എന്നിവയുടെ ഭരണാധികാരികളും, റോഡ്‌സ് ദ്വീപിലെ പോരാളികളും മറ്റു നിരവധി അൽബേനിയൻ നേതാക്കളും ഈ സഖ്യത്തിൽ ഉൾപ്പെട്ടിരുന്നതായും ഇസ്മിർ പിടിച്ചടക്കുന്നതിൽ സഖ്യസേന വിജയിച്ചതായും ഡോക്ടർ. ഫത്ഹി സുഗ്രൂത്ത് തന്റെ "ഉസ്മാനികളും അന്തലുസ് സഹായ ശ്രമങ്ങളും" എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. പക്ഷേ, വിവിധ സംഘര്‍ഷങ്ങള്‍ക്ക് മധ്യേയായിരുന്ന ഉസ്മാനിയാ സുൽത്താന്‍, ഈ അഭ്യർത്ഥനക്ക് ഉത്തരം നൽകാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല.
ശേഷം, അന്തലുസിലെ മുസ്‍ലിംകൾ ഫാത്തിഹിന്റെ പിൻഗാമിയായി അധികാരമേറ്റ പുത്രൻ സുൽത്താൻ ബയേസിദിനും കത്തെഴുതി. ശിഹാബുദ്ദിൻ അഹമ്മദ് ബിൻ മുഹമ്മദുൽ മുഖ്‌രി താല്മസാനി എഴുതിയ "അസ്ഹാറു റിയാൾ ഫീ അഖ്ബാരി ഇയാള്" എന്ന പുസ്തകത്തിൽ ഈ സ്വാധീനകരമായ സന്ദേശത്തിന്റെ വാചകം വിവരിക്കുന്നുണ്ട്. അതിന്റെ മറുപടിയെന്നോണം അന്തലുസിലെ മുസ്‍ലിംകൾക്ക് വേണ്ടി സുൽത്താൻ ബായസീദ് നടത്തിയ ഇടപെടലുകൾ സൂചിപ്പിക്കുന്നതിന് മുമ്പ്, ഈ സമയത്ത് ഓട്ടോമൻ സാമ്രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ ഹ്രസ്വമായി അവലോകനം ചെയ്യാം.
ഓട്ടോമൻ സാമ്രാജ്യം മംലൂക്കുകളുമായി സംഘർഷത്തിലായിരുന്നു. ഓട്ടോമൻ ഭരണ പ്രദേശമായ "ജോഗുർ ഓ" എന്ന ദേശത്തെ മംലൂക്കുകളുടെ ഉടമസ്ഥതയിലുള്ള സിറിയൻ ഭൂമികയിലേക്ക് കൂട്ടിച്ചേർക്കാനുള്ള മംലൂക്ക് സുൽത്താന്റെ ആശയായിരുന്നു ഇതിന് ഹേതുവായത്. അതിന് പുറമെ, ചുറ്റും സദാസമയവും തുറന്ന കണ്ണുകളുമായി അവസരം പാര്‍ത്തിരിക്കുന്ന സ്വഫാവിദുകളുമുണ്ടായിരുന്നു. സൗദി അറേബ്യയിലെ ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റി പുറത്തിറക്കിയ "അന്തലുസിന്റെ രക്ഷക്കായുള്ള ഓട്ടോമൻ ശ്രമങ്ങളും പുതിയ യുഗ വീണ്ടെടുപ്പും"എന്ന തീസിസിൽ ഡോ. നബീൽ അബ്ദുൽ ഹയ്യ് റിദ്‍വാൻ പറയുന്നത് ഇങ്ങനെയാണ്: "ഭരണകൂട മുന്നേറ്റങ്ങൾ കിഴക്കും പടിഞ്ഞാറും തത്തുല്യമായതിനാൽ കിഴക്കില്‍ സഫാവിദുകളുടെ ആവിർഭാവം പശ്ചിമേഷ്യയിലെ ഓട്ടോമൻസിന്റെ പുരോഗതികൾക്ക് തടസ്സം സൃഷ്ടിച്ചിരുന്നു, മധ്യ യൂറോപ്പിലെ ആക്രമണങ്ങളുടെ വ്യാപ്തിയെയും ശക്തിയെയും ഇത് ക്ഷയിപ്പിക്കുകയും ചെയ്തിരുന്നു.
സിംഹാസനത്തെച്ചൊല്ലി സഹോദരൻ ഖും രാജകുമാരനുമായുള്ള സംഘട്ടനത്തിലൂടെ സുൽത്താൻ ബായസിദ് അഭിമുഖീകരിച്ച ആഭ്യന്തര പ്രശ്‌നത്തിനും തുടർന്ന് വിമത രാജകുമാരനുമായി ചേര്‍ന്ന മംലൂക്കുകളുമായുള്ള കൂടുതൽ പിരിമുറുക്കങ്ങൾക്കും പുറമേ, ജൂൾസ് രണ്ടാമൻ മാർപാപ്പയുടെ ഫ്രാൻസ്, ഹംഗറി, വെനീസ് എന്നിവ അടങ്ങുന്ന ഒരു പുതിയ കുരിശുയുദ്ധ സഖ്യത്തെയും ബായസീദിന് ഒരേ സമയം അഭിമുഖീകരിക്കേണ്ടിവന്നു.
വെല്ലു വിളികൾക്ക് മദ്ദ്യേ
ഈ സന്നിഗ്ദ സാഹചര്യത്തിലും അന്തലൂസിലെ മുസ്‍ലിംകളെ സഹായിക്കുന്നതിൽ നിന്ന് ബായസീദിനെ ഒന്നും തന്നെ തടഞ്ഞിരുന്നില്ല. 1487ൽ കമൽ റൈസിന്റെ നേതൃത്വത്തിൽ അദ്ദേഹം സ്പാനിഷ് തീരത്തേക്ക് ഒരു നാവിക കപ്പല്‍ തന്നെ അയച്ചു. ക്രിസ്ത്യൻ രാജ്യങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമായാണ് യൂറോപ്പില്‍ ഇത് കണക്കാക്കപ്പെട്ടത്. സുഖസൗകര്യങ്ങളും ആഢംബര ജീവിതവും കൊണ്ട് തൃപ്തിപ്പെട്ടിരുന്ന ശാമിലെയും ഈജിപ്തിലെയും മംലൂക്ക് ഭരണകൂടവും ടുണീഷ്യയിലെ ഹഫ്സിദ് ഭരണകൂടവും മൊറോക്കോയിലെ വത്ത്വാസിദ് ഭരണകൂടവുമെല്ലാം ഉണ്ടായിട്ടും, വിവിധ പ്രതിസന്ധികളുടെ മധ്യത്തിലായിരുന്നിട്ടും അന്തലൂസിലേക്ക് നീങ്ങിയ ഒരേയൊരു ഭരണ കൂടം ഓട്ടോമൻ സാമ്രാജ്യമായിരുന്നു എന്നര്‍ത്ഥം.
ഗാർബ, മാൾട്ട, സിസിലി, സാർഡോണിയ, കോസിക്ക എന്നീ ദ്വീപുകളുടെയും സ്പെയിനിന്റെയും തീരങ്ങളിൽ കമാൽ റൈസ് ആക്രമണം നടത്തി. ഈ തീരങ്ങളിൽ കടലിനഭിമുഖമായുള്ള നിരവധി കോട്ടകളും കൊട്ടാരങ്ങളും തകർത്തെറിഞ്ഞു. പക്ഷേ, നാവിക സേന ആയത് കൊണ്ട് തന്നെ, നഗരങ്ങള്‍ പിടിച്ചെടുക്കാനോ കരയിലുള്ള ശത്രുക്കളെ തുരത്താനോ അവര്‍ക്ക് സാധിക്കുമായിരുന്നില്ല.അന്തലൂസിലെ പീഡിപ്പിക്കപ്പെട്ട മുസ്‍ലിംകളിലെ വലിയൊരു വിഭാഗത്തെയും കമാൽ റൈസ് രക്ഷപ്പെടുത്തുകയും അനറ്റോലിയയിലേക്ക് കൊണ്ട് പോയി അവിടെ കുടിയിരുത്തുകയും ചെയ്തു. അന്തലൂസിലെ പീഡിതരായ യഹൂദന്മാരെയും അവരോടൊപ്പം അദ്ദേഹം രക്ഷിച്ച് കൊണ്ടുപോയിരുന്നു.
സുൽത്താൻ ബായസീദ് തന്റെ നാവികസേനയെ അയയ്ക്കുക മാത്രമല്ല, അന്തലുസിലെ മുസ്‍ലിംകളുടെ സഹായത്തിനായി നീങ്ങാന്‍ ഓട്ടോമൻ നാവികരെയും അയല്‍ രാജാക്കന്മാരെയുമെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഉത്തരാഫ്രിക്കയിലെ ഭരണാധികാരി ഖൈറുദ്ദിൻ ബാർബറോസയെ കൂടെനിര്‍ത്തി ഓട്ടോമൻ പരമാധികാരത്തിന് കീഴിൽ കൊണ്ടു വരുകയും "ബെയ്ലർ ബെയ്" എന്ന പദവിയും സൈനികരും പീരങ്കികളും നൽകി അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്ത സുൽത്താൻ സലീം ഒന്നാമന് അന്തലുസിലെ മുസ്‍ലിംകൾ മറ്റൊരു ദുരിത സന്ദേശം കൂടി അയച്ചു. ബാർബറോസയും സഹോദരൻ ഉറൂജും അന്തലുസിലെ മുസ്‍ലിംകളെ ഏറെ പിന്തുണച്ചത് ഈ നയതന്ത്രത്തിന്റെ ഫലമായിരുന്നു.
ഓട്ടോമൻ സാമ്രാജ്യത്തിന്റെ പിന്തുണയോടെ ബാർബറോസ സ്പെയിനില്‍ ധാരാളം രക്ഷാപ്രവർത്തനങ്ങൾ നടത്തി. തന്റെ ആദ്യ രക്ഷാപ്രവർത്തന ദൗത്യത്തെക്കുറിച്ച് അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നത് ഇങ്ങനെയാണ്: "ക്രിസ്ത്യാനികള്‍ സ്പെയിനിലെ പള്ളികളെല്ലാം നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. നോമ്പുകാരനോ നിസ്കരിക്കുന്നവനോ ആയ വല്ല മുസ്‍ലിമിനെയും കണ്ടെത്തുമ്പോഴെല്ലാം അവർ അവനെയും അവന്റെ മക്കളെയും പീഢിപ്പിക്കാനും അഗ്നിക്കിരയാക്കാനും തുനിഞ്ഞിരുന്നു. ഈ സമയത്ത് ധാരാളം മുസ്‍ലിംകളെ കപ്പലുകളിൽ കയറ്റി അവിശ്വാസികളുടെ കരാള ഹസ്തങ്ങളിൽ നിന്ന് രക്ഷിച്ച് അൾജീരിയയിലേക്കും ടുണീഷ്യയിലേക്കും രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ക്കായി.
സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിഷ്യന്റ കൊടിക്കീഴിൽ സ്പാനിഷ് തീരങ്ങൾക്ക് ശക്തമായ പ്രഹരമേൽപ്പിക്കാൻ ബാർബറോസയ്ക്ക് കഴിഞ്ഞു, അന്തലൂസിലെ മുസ്‍ലിംകൾക്കായി ഡസൻ കണക്കിന് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും എഴുപതിനായിരത്തോളം വരുന്ന മുസ്‍ലിംകളെ കൊണ്ടുപോകുന്നതിനായി സ്പാനിഷ് തീരത്തേക്ക് മുപ്പത്തിയാറു കപ്പലുകൾ അദ്ദേഹം നിയോഗിക്കുകയും ചെയ്തു.
അന്തലുസിലെ മുസ്‍ലിംകളെ പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഓട്ടോമൻ താൽപ്പര്യങ്ങള്‍ അൾജീരിയയിലെ അവരുടെ ഗവർണർമാരും തുടർന്നു. സിയൂട്ട കടലിടുക്കിലൂടെ (ജിബ്രാൾട്ടർ കടലിടുക്ക്) നുഴഞ്ഞുകയറി സ്പാനിഷ് തീരങ്ങൾ പിടിച്ചടക്കാനും അൻഡലൂഷ്യയിൽ നിന്ന് കഴിയുന്നത്ര മുസ്‍ലിംകളെ തിരികെ കൊണ്ടുവരാനും ഖൈറുദ്ദീൻ തന്റെ സഹായിയായ അയ്‌ഡിനെ മേധാവിയായി അയച്ചു. ഓട്ടോമൻ പടക്കപ്പലുകളുടെ തുടർച്ചയായ വിജയങ്ങൾ സ്പെയിനിലെ ശേഷിച്ച മുസ്‍ലിംകളുടെ കാതുകളിൽ എത്തിയതോടെ, ക്രിസ്തീയ സൈന്യത്തിനെതിരെ ശക്തമായ വിപ്ലവങ്ങൾ അവരും സംഘടിപ്പിച്ചു. സ്പാനിഷ് അക്രമണങ്ങളെ ഭയന്ന് ഉയർന്ന പർവത നിരകളിൽ അഭയം തേടിയിരുന്ന എമ്പതിനായിരത്തോളം പേർ ഇറങ്ങിവന്ന് സ്പാനിഷ് സേനക്കെതിരെ ചെറുത്തുനിൽക്കാൻ തുടങ്ങി. സ്പാനിഷ് തീരങ്ങളിൽ വിപ്ലവകാരികൾക്ക് സഹായവുമായി മുപ്പത്തിയാറോളം കപ്പലുകളിലായി ഓട്ടോമൻ ക്യാപ്റ്റൻ മുഹമ്മദ് റെയ്സുമെത്തി.
എഡി 1582-ൽ അൾജീരിയയിലെ ഒരു ഓട്ടോമൻ ഗവർണർ സ്പെയിൻകാരോട് യുദ്ധം ചെയ്യാനും അൻഡലൂഷ്യയിലെ മുസ്‍ലിംകളെ സഹായിക്കാനുമായി ഒരു കപ്പൽ വ്യൂഹത്തെത്തന്നെ വിന്യസിക്കുകയും അവർ ബാഴ്സലോണയിലൂടെ, ജിബ്രാൾട്ടർ കടലിടുക്കും കടന്ന് സ്പാനിഷ് കാനറി ദ്വീപുകൾ ആക്രമിക്കുകയും ചെയ്തു.
എഡി 1584-ൽ, ഓട്ടോമൻ കമാൻഡർ ഹസ്സൻ വെനിസിയാനോ തന്റെ കപ്പലുകളുമായി വലൻസിയയുടെ അതിർത്തികൾ വളയുകയും സ്പാനിഷ് അടിച്ചമർത്തലിൽ നിന്ന് ധാരാളം മുസ്‍ലിംകളെ രക്ഷപ്പെടുത്തി മടങ്ങുകയും ചെയ്തു. അടുത്ത വർഷം തന്നെ, കാലൂസയെന്ന സ്പാനിഷ് ദ്വീപിൽ നിന്ന് എല്ലാ മുസ്‍ലിംകളെയും അൽജീരിയയിലേക്ക് കടത്താനും അദ്ദേഹത്തിനായി.
അന്തലുസിലെ മുസ്‍ലിംകളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും വളരെയധികം പരിശ്രമിച്ച ഒട്ടോമൻ നേതാക്കളിൽ അതിപ്രമുഖനായ നേതാവായിരുന്നു, ഹസ്സൻ ബിൻ ഖൈറുദ്ദീന്‍ എന്ന കില്‍ജ് അലി. ബാർബറോസയുടെ പിൻഗാമിയായി സുൽത്താൻ സലീം രണ്ടാമൻ അൾജീരിയയിലെ അമീറായി നിയമിച്ചത് അദ്ദേഹത്തെയായിരുന്നു. അന്തലൂസിലെ മുസ്‍ലിംകളോടുള്ള തികഞ്ഞ അർപ്പണ ബോധം അദ്ദേഹത്തിന്നുണ്ടായിരുന്നു. വടക്കേ ആഫ്രിക്ക മുഴുവനും സ്പാനിഷ്, പോർച്ചുഗീസ് വാഴ്ചയിൽ നിന്ന് മുക്തമാക്കുകയും തുടർന്ന് അന്തലൂസിനെ മോചിപ്പിച്ച് ഇസ്‍ലാമിക രാഷ്ട്രത്തിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യാനുള്ള പദ്ധതിയായിരുന്നു അദ്ദേഹത്തിന്റേത്.
ക്രിസ്തീയ സൈന്യത്തിനെതിരെ അന്തലൂസില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, മുസ്‍ലിംകളെ പിന്തുണയ്ക്കാനായി കിൽജ് അലി തന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിപ്ലവ നേതാക്കളുമായി സ്ഥിരമായ ആശയവിനിമയം നടത്തുകയും അൾജീരിയൻ പട്ടണങ്ങളായ മോസ്തഗാനിം, മസ്ഗ്രാൻ എന്നീ ഇടങ്ങളെ, അന്തലൂസിയയിലേക്ക് വേണ്ടിയുള്ള സന്നദ്ധപ്രവർത്തകരെ സംഘടപ്പിക്കാനുള്ള തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. അന്തലൂസിലേക്ക് അയച്ച തന്റെ കപ്പൽസേന മുഴുവനായി നശിച്ചിട്ടും, അൻഡലൂഷ്യൻ സേനയ്‌ക്കൊപ്പം പോരാളികളായി അദ്ദേഹം തന്റെ നാലായിരം സൈനികരെ വീണ്ടും ഇറക്കിക്കൊടുത്തു.
ഓട്ടോമൻ സാമ്രാജ്യം, ആഭ്യന്തരവും വൈദേശികവുമായ അനേകം വെല്ലുവിളികളും പാശ്ചാത്യൻ അക്രമണങ്ങളും നേരിടുന്ന വേളയിലായിട്ട് പോലും, അന്തലൂസിന്റെ പതനത്തിന് മുമ്പും പിമ്പും മുസ്‍ലിംകളെ പിന്തുണയ്ക്കുന്നതിൽ ആവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. പക്ഷെ, സമുദായത്തിനകത്തെ ഭിന്നതകളും സ്പെയിന്‍ ഭരണകര്‍ത്താക്കളുടെ കാലങ്ങളായുള്ള കെടുകാര്യസ്ഥതയും കാരണം, ചരിത്രത്തിന്റെ ഗതിയും നാഥന്റെ വിധിയും മുസ്‍ലിം സമൂഹത്തിന് അനുകൂലമായില്ലെന്ന് മാത്രം.
Leave A Comment