ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-9 ദീവാനുൽ ഹിക്മയിൽ നിന്നും....
ഇറാഖിലൂടെ തുർക്കിയിലേക്കുള്ള യാത്രാമധ്യേ, ചരിത്രത്തിന്റെ ഒട്ടേറെ അധ്യായങ്ങള്‍ അറിയാതെ ഓര്‍മ്മകളില്‍ ഓളം തള്ളുകയാണ്. തുര്‍ക്കിയെയും ഹിജാസിനെയും ബന്ധിപ്പിക്കാനായി, സുല്‍താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തുടക്കം കുറിച്ച ഹിജാസ് റെയിൽവേയോട് ചേര്‍ന്ന് നടന്നപ്പോള്‍, അറിയാതെ കടന്നുവന്നത് ഖ്വാജ അഹ്മദ് യസവി എന്ന സ്വൂഫിയുടെ ഓര്‍മ്മകള്‍ കൂടിയാണ്. തുര്‍കി-അറബ് ഭൂമികയെ ബന്ധിപ്പിച്ചത് റെയില്‍വെ ആയിരുന്നുവെങ്കില്‍, അറബി ലിപിയോട് സാമ്യത പുലർത്തിയ പഴയ തുര്‍ക്കി ഭാഷക്ക് ഏറെ സ്വീകാര്യത നല്‍കി, ആ ബന്ധം നിലനിര്‍ത്തിയത് ഖ്വാജയുടെ സ്വൂഫി കവിതകളായിരുന്നു എന്നത് തന്നെ കാരണം.
അർസലാൻ ബാബക്ക് കീഴിൽ വളർന്ന അഹ്മദ് യസവിയുടെ കവിതകളിലെ സ്വൂഫിസത്തിന് മാധുര്യം ഏറെയായിരുന്നു. സൂഫിസത്തിലൂടെ അദ്ദേഹം തുർക്കി ഭാഷയെപ്പോലും സൗന്ദര്യവൽക്കരിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
ഖ്വാജാ അഹ്മദ് യസവി തികഞ്ഞൊരു സ്വൂഫിയായിരുന്നു, അതോടൊപ്പം സഹൃദയനായ നല്ലൊരു തുർക്കിഷ് കവിയും. അദ്ദേഹത്തിൽ നിന്നാണ് യസവിയ്യ ത്വരീഖത്ത് തുടക്കം കുറിക്കപ്പെടുന്നത്. പ്രമുഖ സ്വൂഫി വര്യനായ യൂസുഫ് ഹമദാനി (റ) ആയിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ഗുരു.
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സയ്റാമിലാണ് അഹ്മദ് ജനിക്കുന്നത്. ഏഴാം വയസ്സിൽ പിതാവ് വഫാത്തായതിന് ശേഷം, അദ്ദേഹത്തത്തെ വളർത്തിയത് അർസലാൻ ബാബയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച സൂഫി തത്ത്വങ്ങളാണ് അഹ്മദിനെ പക്വത നിറഞ്ഞ യുവാവാക്കി വളര്‍ത്തിയത്. അസാധാരണ സിദ്ധികള്‍ പ്രകടിപ്പിച്ചിരുന്ന പിതാവ് ഇബ്രാഹീമും നാട്ടുകാര്‍ക്കിടയില്‍ പ്രശസ്തനായിരുന്നു. പിതാവിനോടൊപ്പം കഴിയാന്‍ വിധി അനുവദിച്ചില്ലെങ്കിലും, പിതാവിനെ അടുത്തറിഞ്ഞ സഹോദരിയുടെ ശിഷ്യണം അദ്ദേഹത്തെ പിതാവിനെപ്പോലെ ആക്കുകയായിരുന്നു എന്ന് തന്നെ പറയാം.
Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-8 ഖ്വാജ യുസുഫ് അൽ-ഹമദാനി: ബാഗ്ദാദിൽ നിന്നും മർവിലേക്ക് സഞ്ചരിച്ച ഒരു സൂഫി
അഹ്മദ് യസവി ബുഖാറയിൽ വെച്ചാണ് യൂസുഫ് ഹമദാനി (റ) യുടെ ഗുരുത്വം സ്വീകരിക്കുന്നത്. ഇമാം ഹമദാനിയുടെ മരണത്തിന് ശേഷവും അതേ സൂഫി മടയിൽ തന്നെ കഴിച്ച് കൂട്ടിയ അദ്ദേഹം ആദ്യം അബ്ദുല്ല ബർഖിയുടെയും പിന്നീട്, ഹസൻ അന്താകിക്ക് കീഴിലുമായിരുന്നു കഴിഞ്ഞിരുന്നത്. 1160ല്‍ ഹസൻ അന്താക്കിയുടെ മരണത്തിന് ശേഷം നഖ്ഷബന്ദി ത്വരീഖത്തിന്റെ ശൈഖ് ആവുകയും ചെയ്തു. കുറച്ചു കാലത്തിന് ശേഷം, അബ്ദുൽ ഹാലിഖ് ഗജ്ദവാനിക്ക് തന്റെ മുർഷിദ് പട്ടം കൈമാറി ത്വരീഖത്തിന്റെ പ്രചാരണാർത്ഥം തുർക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചു.
മധ്യേഷ്യൻ പ്രദേശങ്ങളിലെ ഇസ്‍ലാമിക പ്രചാരണത്തില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് യസവി. അദ്ദേഹം പ്രധാനമായും പ്രബോധനം നടത്തിയിരുന്നത് വടക്ക് കസാഖിസ്ഥാനിലെ പ്രദേശങ്ങളിലായിരുന്നു. ആറുപത്തിമൂന്നാം വയസ്സില്‍, ബാഹ്യലോകത്തെ ആത്മീയ ജീവിതത്തിൽ നിന്ന് വിരമിച്ച്, ശിഷ്ടകാലം ഭൂഗർഭ അറയിലാണ് ജീവിതം കഴിച്ചുക്കൂട്ടിയത്. ജലാലുദ്ധീൻ റൂമിക്ക് മുമ്പ് വന്ന ഒരു തികഞ്ഞ റൂമി തന്നെയായിരുന്നു അഹ്മദ് യസവി.
അഹ്മദ് യസവിയുടെ മഖ്ബറ നിർമിച്ചത് തിമൂറാണ്. അതിന് പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ തിമൂറിന്റെ സ്വപ്നത്തിൽ അഹ്മദ് യസവി കടന്നുവരികയും, ബുഖാറ കീഴടക്കും എന്ന സന്തോഷ വാർത്ത നല്കുകയും ചെയ്തു. ഈ അടിസ്ഥാനത്തിൽ ബുഖാറയിലേക്ക് മാർച്ച് നടത്തിയ തിമൂര്‍ അനായാസം വിജയം വരിച്ചു. ശേഷം, അദ്ദേഹം യസവിയുടെ ഖബ്റ് സന്ദർശിക്കാൻ തീരുമാനിക്കുകയും, അവിടെ പ്രൌഢമായ ഒരു മഖ്ബറ പണിയാൻ ഉത്തരവിടുകയും ചെയ്തു.
അദ്ദേഹം രചിച്ച കാവ്യ സമാഹാരമാണ് ദീവാനെ ഹിക്മത് (ديوان حكمت). കിതാബുൽ കിതാബിൽ അവരുടെ പരമ്പരയെ സംബന്ധിച്ച് നഖ്ഷബന്ദി ഇദ്‌രീസ് ഷാ ഉദ്ധരിക്കുന്നുണ്ട്.
Leave A Comment