ജലാലുദ്ധീൻ അൽ മഹല്ലി: കരകവിഞ്ഞൊഴുകിയ ജ്ഞാന സാഗരം
തലമുറകളായി കൈമാറി വരുന്ന, പഠിതാക്കൾക്കിടയിൽ പരക്കെ സ്വീകര്യമായ അനവധി അമൂല്യ ഗ്രന്ഥങ്ങളുടെ കർത്താവെന്ന നിലയിൽ പ്രസിദ്ധനാണ് ഇമാം മഹല്ലി (റ). ജലാലുദ്ധീൻ മുഹമ്മദ് ബ്നു അഹ്മദ് അൽ മഹല്ലി എന്നാണ് പൂർണ്ണ നാമം. അപാരമായ ബുദ്ധിസാമർത്ഥ്യവും എല്ലാം മനസ്സിലാക്കിയെടുക്കാനുള്ള ഗ്രാഹ്യശക്തിയും ഇമാമിന്റെ പ്രധാന സവിശേഷതകളായിരുന്നു. "അശ്ശാരിഹ് അൽ മുഹഖിഖ് ", "അറബികളിലെ തഫ്താസാനി" എന്നീ പേരുകളിലാണ് പണ്ഡിതർക്കിടയിൽ അദ്ദേഹം പ്രസിദ്ധനായത്. ഏഴ് പതിറ്റാണ്ട് നീണ്ട അർത്ഥപൂർണ്ണമായ ജീവിതത്തിനിടയിൽ ആ കാലത്തെ നിരവധി പണ്ഡിതപ്രമുഖരുമായി സന്ധിക്കാനും പ്രതിഭാധനരായ ശിഷ്യരെ വാർത്തെടുക്കാനും അദ്ദേഹത്തിനായി.
ജനനം, വളർച്ച, ജീവിതം
ഹിജ്റ 791 ശവ്വാൽ ആദ്യത്തിൽ ഈജിപ്തിലെ കൈറോയിൽ മഹല്ലത്തുൽ കുബ്റ എന്ന സ്ഥലത്താണ് ഇമാം മഹല്ലിയുടെ ജനനം. നാട്ടിൽ തന്നെയായിരുന്നു പ്രാഥമിക പഠനം. ഖുർആൻ കൊണ്ട് തുടങ്ങി മറ്റിതര വിജ്ഞാന ശാഖകളിലേക്ക് കൂടി ആ ജ്ഞാന ദാഹം പരന്നു. ശേഷം കൈറോയിലെ വിവിധ പ്രദേശങ്ങളിലായി പ്രസിദ്ധരായ പണ്ഡിത പ്രമുഖരെയെല്ലാം സമീപിച്ച് അറിവ് നുകർന്നു.
ഹ്രസ്വമായ കാലയളവിനകം ഖുർആൻ വ്യാഖ്യാനം, ഹദീസ്, കർമ്മ ശാസ്ത്രം, നിദാന ശാസത്രം, ഭാഷ - സാഹിത്യം, വിശ്വാസ ശാസ്ത്രം, ആത്മജ്ഞാനം തുടങ്ങി നിരവധി വിജ്ഞാന ശാഖകളിൽ പ്രാവീണ്യം നേടി. അക്കാലത്തെ പകരംവെക്കാനില്ലാത്ത ജ്ഞാന കേസരികളായിരുന്ന ഇബ്നു ഹജർ അസ്ഖലാനി, ശംസുദ്ധീനുൽ ബർമാവിയടക്കം നിരവധി പണ്ഡിതരുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പഠന യാത്ര വീണ്ടും തുടർന്നു.
പരന്ന ജ്ഞാനവും അതീവ ബുദ്ധിശക്തിയും കൈമുതലായുള്ളതിനാൽ അന്ന് നടന്നിരുന്ന പണ്ഡിത ചർച്ചകളിലൊക്കെയും ശ്രദ്ധാകേന്ദ്രമായിരുന്നു അദ്ദേഹം. ഇമാം സഖാവി(റ) പറയുന്നു: "വിജ്ഞാന സദസ്സ് ആരംഭിച്ചാൽ ഇമാം മഹല്ലിയുടെ മുന്നിൽ മറ്റു പണ്ഡിതരെല്ലാം കൊച്ചു കുട്ടികളെ പോലെ ഇരിക്കുമായിരുന്നു." വജ്രത്തെ പോലും മുറിക്കാൻ പാകമായിരുന്നു ആ ബുദ്ധിശക്തിയെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. തന്റെ ചിന്തകളിൽ തെറ്റ് വരില്ലെന്ന ആത്മവിശ്വാസം ഇമാം മഹല്ലിയും പ്രകടിപ്പിക്കുമായിരുന്നു.
വസ്ത്രം, വാഹനം, ഭക്ഷണം തുടങ്ങിയവയെല്ലാം അതിലളിതമായിരുന്നു. സേവകരുണ്ടായിട്ടു കൂടി സ്വന്തം ആവശ്യങ്ങളെല്ലാം സ്വകരങ്ങൾ കൊണ്ട് ചെയ്തുതീർക്കാൻ താത്പര്യപ്പെട്ട വിനയാന്വിതനായിരുന്നു ഇമാമെന്ന് അല്ലാമ സ്വാവി പറയുന്നത് കാണാം. ജീവിതോപാധി കണ്ടെത്താൻ വസ്ത്രവ്യാപാരവും നടത്തിയിരുന്നു അദ്ദേഹം. വൈജ്ഞാനിക ജീവിതത്തിന് തടസ്സമാകേണ്ടെന്ന് കരുതി പിന്നീടത് മറ്റൊരാളെ ഏൽപിക്കുകയായിരുന്നു.
Also Read:സകരിയ്യ അൽ അൻസ്വാരി: സാത്വികനായ പണ്ഡിത പ്രതിഭ
ഏത് കൊലകൊമ്പന്റെ മുന്നിലും സത്യം വെട്ടിത്തുറന്ന് പറയാൻ ആർജ്ജവം കാണിച്ച അദ്ദേഹം അതിക്രമം പ്രവർത്തിക്കുന്ന അധികാരികളെ തന്റെ സദസ്സിൽ നിന്ന് വരെ തടഞ്ഞിരുന്നു. നന്മ കൽപിക്കാനും തിന്മ നിരോധിക്കാനും ഇമാം മഹല്ലി മുൻപന്തിയിലുണ്ടായിരുന്നു. ആരാധന കാര്യങ്ങളിൽ അതീവ കണിശത പുലർത്തിയിരുന്ന അദ്ദേഹത്തിന് അതൊരു വലിയ അനുഭൂതിയായിരുന്നു. ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുക്കാൻ ഭരണാധികാരി നിർബന്ധിച്ചപ്പോൾ നീതി പുലർത്താനാകുമോയെന്ന് ഭയന്ന് വിട്ട്നിന്നു. പിന്നീട് അതേ കുറിച്ച് ശിഷ്യരോട് പറഞ്ഞത് ഇപ്രകാരമാണ്: " അനീതി സംഭവിച്ച് നരകത്തിൽ ചെന്നു ചാടാൻ എനിക്ക് കഴിയില്ല". ആ സൂക്ഷ്മ ജീവിതം വിവരിക്കാൻ ഈ വാക്കുകൾ തന്നെ ധാരാളം.
ഇമാം ശിഹാബുദ്ധീൻ കൂറാനിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന് ശേഷം "മദ്രസത്തുൽ ബർഖൂഖിയ്യ"യിൽ ദർസ് ആരംഭിക്കുകയും ചെയ്തത് ഇമാം മഹല്ലിയുടെ ജീവിത യാത്രയിലെ നാഴികക്കല്ലായിരുന്നു. ഇമാം സുബ്കിയുടെ ജംഉൽ ജവാമിഇന് അൽ ബദ്റു ത്വാലിഅ എന്ന വിശദീകരണ ഗ്രന്ഥം രചിക്കാൻ പ്രേരകം ആ ദർസായിരുന്നു. ഇബ്നു ഹജർ അസ്ഖലാനിക്ക് ശേഷം അൽ മദ്രസത്തുൽ മുഅയ്യിദിയ്യയിലെ അധ്യാപനം ഏറ്റെടുത്തതോടെ അദ്ദേഹം ലോക പ്രശസ്തനായി മാറി.
ഫത് വ തേടിയും ബറകത്ത് ആഗ്രഹിച്ചും പ്രമുഖരടക്കം അങ്ങോട്ടേക്കൊഴുകി.
പ്രധാന ഉസ്താദുമാരും ശിഷ്യരും
ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച ഉന്നതശീർഷരായ പണ്ഡിതന്മാരിൽ നിന്നെല്ലാം ഇമാം മഹല്ലി അറിവ് നുകർന്നിട്ടുണ്ട്. അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി, ശംസുദ്ധീൻ അൽ ബർമാവി, ബുർഹാനുദ്ധീൻ അൽ ബൈജൂരി, ഇസ്സുദ്ധീൻ അബ്ദുൽ അസീസ്, ശിഹാബുദ്ധീൻ അൽ ഉജൈമി, ബദ്റുദ്ധീൻ മഹ്മൂദ് അഖ്സ്വറായി എന്നിവർ വ്യത്യസ്ത ജ്ഞാന ശാഖകളിൽ അറിവ് പകർന്നുനൽകിയ ചില ഉസ്താദുമാരാണ്.
ഭുവന പ്രശസ്തരായ പണ്ഡിതന്മാരടങ്ങുന്ന വലിയൊരു ശിഷ്യ സമ്പത്തും ഇമാം മഹല്ലിക്കുണ്ട്. താൻ തുടങ്ങിവെച്ച ഖുർആൻ വ്യാഖ്യാനം അതേ ശൈലി സ്വീകരിച്ച് പൂർത്തീകരിച്ച ഇമാം ജലാലുദ്ധീൻ സുയൂത്വി അവരിൽ പ്രമുഖനാണ്. ഇമാം നൂറുദ്ധീൻ അബുൽ ഹസൻ സുംഹൂദി, ശൈഖ് ബുർഹാനുദ്ധീൻ ഇബ്രാഹിം, ശൈഖ് കമാലുദ്ദീൻ അബുൽ ഫള് ൽ,ശൈഖ് ശംസുദ്ധീൻ അബുൽ ബറകാത്ത്, ശൈഖ് ശിഹാബുദ്ധീൻ അഹ്മദ് എന്നിവരും അദ്ദേഹത്തിന്റെ ശിഷ്യപ്രമുഖരിൽ ചിലരാണ്.
രചനകൾ:
മതപാഠ ശാലകളിൽ ഇന്നും സജീവമായി പഠിപ്പിക്കപ്പെടുന്ന, പല വിഷയങ്ങളിലും അവലംബിക്കപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ ഇമാം മഹല്ലി (റ) രചിച്ചിട്ടുണ്ട്. അദ്ദേഹം പകുതി എഴുതുകയും പിന്നീട് ശിഷ്യൻ സുയൂത്വി(റ) പൂർത്തീരിക്കുകയും ചെയ്ത തഫ്സീറുൽ ജലാലൈൻ എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് അതിലൊന്ന്. മഹല്ലി എന്ന പേരിൽ പ്രസിദ്ധമായ കൻസു റാഗിബീൻ എന്ന നവവി(റ)യുടെ മിൻഹാജിന്റെ വിശദീകരണ ഗ്രന്ഥം ശാഫിഈ കർമ്മശാസ്ത്ര സരണിയിലെ തന്നെ പ്രധാന രചനയാണ്.
ഇമാം സുയൂത്വിയുടെ ജംഉൽ ജവാമിഇന് ബദ്റു ത്വാലിഅ എന്ന പേരിൽ എഴുതിയ ശറഹ് ഉസ്വൂലുൽ ഫിഖ്ഹിലെ കനപ്പെട്ട രചനയാണ്. കൂടാതെ, ശറഹുൽ വറഖാത്ത്, അൽ അൻവാറുൽ മുളീഅ, ശറഹ് മുഖ്തസ്വർ ലിൽ ബുർദ തുടങ്ങി നിരവധി രചനകൾ വേറെയുമുണ്ട്.
ഹി.864 റമദാൻ പകുതിയോടെ മഹാനായ ഇമാം മഹല്ലി (റ) ഈ ലോകത്തോട് വിടചൊല്ലി. കൈറോയിലെ ബാബുന്ന്വസ്റിലാണ് മറമാടിയത്. ആ വിയോഗത്തിൽ അനുശോചനമറിയിച്ചും പ്രാർത്ഥനയ്ക്കും ആയിരങ്ങൾ സംഘടിച്ചിരുന്നതായി ചരിത്രത്തിൽ കാണാം.
Leave A Comment