ന്യൂസിലൻഡിലെ മുസ്ലിം ചരിത്രം
മൊത്തം ജനസംഖ്യയുടെ 1.2 ശതമാനം മുസ്‌ലിംകൾ മാത്രമുള്ള ന്യൂസിലൻഡ് ഇയ്യിടെയായി മാധ്യമങ്ങളില്‍ ഏറെ ഇടം പിടിക്കുകയും ഭരണകര്‍ത്താക്കളുടെ നിലപാടുകളിലൂടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തതാണ്.
ലഭ്യമായ ചരിത്ര രേഖകള്‍ പ്രകാരം, രണ്ട് ഇന്ത്യൻ മുസ്‌ലിംകളിലൂടെയാണത്രെ, 1769 ല്‍ ഇസ്‍ലാം ആദ്യമായി ന്യൂസിലൻഡിലെത്തുന്നത്. 1850 കളിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഒരു ഇന്ത്യൻ കുടുംബം ക്രൈസ്റ്റ്ചർച്ചിൽ സ്ഥിരതാമസമാക്കുന്നതോടെയാണ് മുസ്‌ലിം സാന്നിധ്യം ആരംഭിച്ചതെന്നും ചരിത്രത്തിൽ കാണാം. 1874 ലെ ഒരു സെൻസസ് പ്രകാരം 17 മുസ്‌ലിംകളാണ് രാജ്യത്ത് താമസിച്ചിരുന്നത്.
ന്യൂസിലാന്റിലേക്കുള്ള മുസ്‍ലിം കുടിയേറ്റത്തിന്റെ ആദ്യ തരംഗം 1900 കളുടെ തുടക്കത്തിലാണ്. പല ഇന്ത്യൻ വ്യാപാരികളും കുടുംബത്തോടൊപ്പം ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കാൻ തുടങ്ങി.
മുസ്‌ലിം കുടിയേറ്റത്തിന്റെ രണ്ടാമത്തെ പ്രധാന തരംഗം 1950 കളിലും 1960 കളിലുമാണ്. ബോസ്നിയ, കൊസോവോ, അൽബേനിയ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾക്ക് അവരുടെ രാജ്യങ്ങൾ ഉപേക്ഷിക്കേണ്ടിവന്നതോടെ ദ്വീപിലെത്തി. 1950 നും 1960 നും 1970 നും ഇടയിൽ കിഴക്കൻ യൂറോപ്പിൽ നിന്നും മുസ്‌ലിം അഭയാർഥികൾ എത്തിയിട്ടുണ്ട്. ന്യൂസിലാന്റിലെത്തിയവരിൽ ഏഷ്യയിൽ നിന്നുള്ള കുടിയേറ്റക്കാരും പഠനാവശ്യാര്‍ത്ഥമെത്തിയ മുസ്‍ലിം വിദ്യാർത്ഥികളും ഉൾപ്പെടും.
1962 ൽ വെല്ലിംഗ്ടൺ ആസ്ഥാനമായുള്ള “ഇന്റർനാഷണൽ മുസ്‌ലിം അസോസിയേഷൻ ഓഫ് ന്യൂസിലൻഡ്”, 1977 ൽ “മുസ്‌ലിം അസോസിയേഷൻ ഓഫ് കാന്റർബറി” എന്നീ സംഘടനകൾ രൂപീകരിക്കപ്പെട്ടു. 1979 ആയപ്പോഴേക്കും 2000 ഓളം മുസ്‌ലിംകൾ രാജ്യത്തുണ്ടായിരുന്നു. മൂന്ന് പ്രധാന മുസ്‌ലിം അസോസിയേഷനുകളുടെ പ്രതിനിധികൾ ഏപ്രിലിൽ “ഫെഡറേഷൻ ഓഫ് ഇസ്‍ലാമിക് അസോസിയേഷൻസ് ഓഫ് ന്യൂസിലാന്റ്” രൂപീകരിക്കാനും ശ്രമം ആരംഭിച്ചിരുന്നു.
Also Read:ഉത്തര ഛാഡിലെ മുസ്‌ലിംകള്‍
1982 ൽ മധ്യ ഇന്ത്യയിൽ നിന്നും എത്തിയ ശൈഖ് ഖാലിദ് കമൽ അബ്ദുൽ ഹാഫിസ് (1938-1999) വെല്ലിംഗ്ടണിൽ ഇമാമായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇസ്‌ലാമിക് ഫെഡറേഷന്റെ മുതിർന്ന ആത്മീയ ഉപദേശകനായി അദ്ദേഹം മാറി. 1984 മുതൽ 1985 വരെ ഡോ. ഹജ്ജ് അഷ്‌റഫ് ചൗധരി ഇസ്‌ലാമിക് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. ശേഷം 2002 ൽ അദ്ദേഹം പാർലമെന്റിലെത്തുകയും ചെയ്തു.
1980 മുതൽ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ധാരാളം മുസ്‌ലിം കുടിയേറ്റക്കാർ, അഭയാർഥികൾ, വിദ്യാർത്ഥികൾ രാജ്യത്തേക്ക് പ്രവേശിച്ചു. മുസ്‌ലിം സംഘടനകളും അനുബന്ധമായി വളർന്നു. 1990 ൽ സ്ഥാപിതമായ, ഓക്ലാൻഡിലെ മംഗേരെയിൽ അൽ മദീന സ്കൂളും അൽ സയാദ് ഗേൾസ് കോളേജും നടത്തുന്ന ഇസ്ലാമിക് എജ്യുക്കേഷൻ ആന്റ് ദഅവ ട്രസ്റ്റ് ഇതില്‍ പ്രധാനമാണ്.
1990കളിൽ ന്യൂസിലൻഡ് കുടിയേറ്റ നയത്തിൽ വരുത്തിയ സുപ്രധാന മാറ്റങ്ങളുടെ ഫലമായി മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി കുടിയേറ്റക്കാർ രാജ്യത്തേക്ക് വന്നു. ഈ കുടിയേറ്റങ്ങൾക്ക് ശേഷം മുസ്‌ലിം ജനസംഖ്യ വർധിച്ചു. ന്യൂസിലൻഡ് കുടിയേറ്റ രാജ്യമായതിനാൽ അവിടെയുള്ള മുസ്‌ലിംകളിൽ 25% മാത്രമാണ് രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ജനിച്ചത്. ദക്ഷിണേഷ്യൻ വംശജരായ മുസ്‌ലിംകൾ (ഇന്ത്യൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിജി-ഇന്ത്യൻ) ഇറാഖികൾ, അഫ്ഗാനികൾ, സൊമാലികൾ എന്നിവരുൾപ്പെടെ 40 വ്യത്യസ്ത വംശീയ പശ്ചാത്തലങ്ങളുള്ളവരാണ് മുസ്‌ലിം ജനസംഖ്യയിൽ ഭൂരിപക്ഷവും. കൂടാതെ, മലേഷ്യ, ഇന്തോനേഷ്യ, ബാൽക്കൺ, തുർക്കി, ഈജിപ്ത്, ഇറാൻ എന്നിവിടങ്ങളിൽ നിന്നും രാജ്യത്തേക്ക് കുടിയേറ്റം നടന്നിട്ടുണ്ട്.
ന്യൂസിലാന്റ് മുസ്‌ലിംകളില്‍ മൂന്നിൽ രണ്ട് ഭാഗവും ഓക്ക്‌ലാൻഡിലാണ് താമസിക്കുന്നത്. കൂടാതെ, ഹാമിൽട്ടൺ, വെല്ലിംഗ്ടൺ, ക്രൈസ്റ്റ്ചർച്ച് എന്നിവയും മുസ്‍ലിംകൾ കൂടുതലായി താമസിക്കുന്ന നഗരങ്ങളാണ്. 5 മില്യണ്‍ ജനസംഖ്യയുള്ള ന്യൂസിലാന്റില്‍ ഇന്ന് അറുപതിനായിരത്തിലധികം മുസ്‌ലിംകളാണ് ഉള്ളത്.
Leave A Comment