മുഹമ്മദ് ബഹാഉദ്ദീൻ അല്‍ബുഖാരി (റ) – നഖ്ശബന്ദി സരണിയുടെ നായകന്‍
ഇസ്‍ലാമിക ആധ്യാത്മിക ലോകത്തെ അതിപ്രശസ്തമായ സരണികളിലൊന്നാണ് നഖ്ശബന്ദി ത്വരീഖത് (സരണി). ഇമാം നഖ്ശബന്ദി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് ബഹാഉദ്ദീൻ അൽബുഖാരിയാണ് ഇതിന്റെ സ്ഥാപകന്‍. പിതാവിനോടൊപ്പം വസ്ത്രം നിർമ്മിക്കുകയും അതിൽ ചിത്രപ്പണികൾ നടത്തുകയും ചെയ്തിരുന്നതിനാലാണ് "നഖ്ശ്ബൻദ്" (ചിത്രം കൊത്തുന്നയാള്‍) എന്ന പേരിൽ പ്രശസ്തനായതെന്ന് പറയപ്പെടുന്നു. ശേഷം ആ ആധ്യാത്മിക സരണി പോലും ഈ പേരിലാണ് അറിയപ്പെട്ടത്.
ജനനം :
ബുഖാറക്കടുത്തുള്ള ഖസ്ർ ആരിഫാനിൽ ഹിജ്റ 717 (1317 ക്രി) ലാണ് ഇദ്ദേഹത്തിന്റെ ജനനം. ജനിക്കുന്നതിനു മുമ്പുതന്നെ ഇങ്ങനെയുള്ള ഒരു കുട്ടി പിറക്കാനിരിക്കുന്നുവെന്ന്, അക്കാലത്തെ പ്രമുഖ ആത്മീയാചാര്യനായിരുന്ന മുഹമ്മദ് ബാബാ സമാസീയ്യ് തൻറെ ശിഷ്യഗണങ്ങളോട് പ്രവചിച്ചിരുന്നവത്രെ.
ശൈഖ് അമീർ കലാലിന്റെ ശിക്ഷണത്തിലായിരുന്നു നഖ്ശബന്ദിയുടെ ആദ്യകാലം. ഔപചാരിക മതവിദ്യാഭ്യാസം കരസ്ഥമാക്കിയ ശേഷം മുഹമ്മദ് ബാബ സമാസിയ്യോടൊപ്പം കൂടിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ശൈഖ് കലാലിനടുത്തേക്ക് തന്നെ തിരിച്ചുവരികയും ആത്മീയ ഗുരുവായും അദ്ദേഹത്തെ തന്നെ സ്വീകരിക്കുകയും ചെയ്തു.
ശൈഖ് കലാലിന്റെ ശിഷ്യന്മാർ ഒരുമിച്ചിരിക്കുമ്പോൾ ഉറക്കെയും ഒറ്റയ്ക്കിരിക്കുമ്പോൾ പതുക്കെയുമായിരുന്നവത്രെ ദിക്റ് ചൊല്ലിയിരുന്നത്. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി ശൈഖ് ബഹാഉദ്ദീൻ എപ്പോഴും പതുക്കെ തന്നെയായിരുന്നു ദിക്റ് ചൊല്ലാറുണ്ടായിരുന്നത്. മറ്റുു പല ത്വരീഖതുകളില്‍നിന്നും വിഭിന്നമായി, പതുക്കെ ദിക്റ് ചൊല്ലുക എന്നത് പിന്നീട് നഖ്ശബന്ദീ ഥ്വരീഖതിന്റെ പ്രത്യേകതകളിലൊന്നായി ഇടംപിടിച്ചത് ഇങ്ങനെയാണ്.
അഗതികളെ അത്യധികം സ്നേഹിക്കുകയും അവര്‍ക്ക് ഭക്ഷണം നല്കുകയും ചെയ്തിരുന്ന മഹാനവർകളുടെ ഇഷ്ടഭക്ഷണം താൻ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ബാർലിയായിരുന്നുവത്രെ. ആധ്യാത്മിക ലോകത്ത് ഏറെ മുന്നേറിയ അദ്ദേഹത്തിന് ഒട്ടേറെ ശിഷ്യഗണങ്ങള്‍ (മുരീദുമാര്‍) ഉണ്ടായിരുന്നു.
പ്രധാന ഗ്രന്ഥങ്ങൾ :
അൽ ഔറാദുൽ ബഹാഇയ്യ:
ഹദിയ്യതുസ്സാലികീൻ
സിൽകുൽ അൻവാർ
തമ്പീഹുൽ ഗാഫിലീൻ
ചില പ്രസിദ്ധ വചനങ്ങൾ:
1) ജനങ്ങൾ മൂന്നു വിഭാഗമാണ്. ഉമ്മത് ദഅ്‍വത് (പ്രബോധിത സമൂഹം), ഉമ്മത്ത് ഇജാബത്, ഉമ്മത് മുതാബഅത്. വിശുദ്ധ മതം പ്രബോധനം ചെയ്യപ്പെടേണ്ട സമുദായമാണ് ഉമ്മത്ത് ദഅവത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. എല്ലാ മുസ്ലീംകളും അമുസ്ലിംകളും ഈ ഗണത്തിൽ പെടുന്നു. ഇസ്ലാം പ്രബോധനത്തിന് ചെവി കൊടുത്ത സമുദായത്തെ ഉമ്മത്ത് ഇജാബത് എന്ന് വിളിക്കുന്നു. പ്രവാചകരെ പൂർണ്ണമായും പിൻപറ്റിയവരാണ് ഉമ്മത് മുതാബഅത്.
2) നിൻറെ മറ നിന്റെ ഉൺമയാണ്. മനുഷ്യന്റെ ഉൺമയാണ് അല്ലാഹുവിനെ മനസ്സിലാക്കുന്നതിൽ ഏറ്റവും വലിയ തടസ്സമായി മുന്നിലുള്ളത്. (തെരാ ഹിജാബ് തെരാ വുജൂദ് ഹെ ).
3) നമ്മുടെ വഴി മര്യാദ മാത്രമാണ്. സത്യാന്വേഷിക്ക് അത്യാവശ്യമായ ആദ്യ നിബന്ധനയും അദബാണ് (മര്യാദ). അദബ് മൂന്നു വിധമത്രേ, അല്ലാഹുവിനോടുള്ള മര്യാദയും നബിയോടുള്ള മര്യാദയും ഥ്വരീഖതിനോടുള്ള മര്യാദയും.
ശൈഖ് ബഹാഉദ്ദീൻ നഖ്ശബന്ദ് (റ) നോട് ചിലർ അത്ഭുതപ്രവൃത്തി (കറാമത്) കാണിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു "പാപഭാരം വേണ്ടത്രയുണ്ടായിട്ടും ഭൂമിയിൽ നിവർന്ന് നടക്കുന്നുണ്ട് ഞാൻ" ഇതിനേക്കാൾ വലിയ കറാമത്ത് മറ്റെന്താണ്. ഏറെ വിനയം നിറഞ്ഞ മറുപടിയായിരുന്നു അത്.
മരണം :
ഹിജ്റ 791(1388 ക്രി) ൽ റബീഉൽ അവ്വൽ മൂന്നിന് തിങ്കളാഴ്ച മഹാനവർകൾ ഇഹലോകവാസം വെടിഞ്ഞു. അല്ലാഹു നമ്മെയും മഹാനോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ .
Leave A Comment