അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 187-194) പ്രപഞ്ച സൃഷ്ടിപ്പ് മഹാത്ഭുതം തന്നെ
വേദം നല്കപ്പെട്ടവര്, മുശ്രിക്കുകള്‍ തുടങ്ങി പലരുടെ ഭാഗത്തുനിന്നും പലവിധ ബുദ്ധിമുട്ടുകളും പരിഹാസങ്ങളും സത്യവിശ്വാസികള്‍ക്ക് ഏല്ക്കേണ്ടിവരുമെന്നും എല്ലാം ക്ഷമിച്ച് സൂക്ഷ്മതയോടെ ജീവിക്കണമെന്നുമാണല്ലോ കഴിഞ്ഞ ആയത്തില്‍ അവസാനമായി പറഞ്ഞുവെച്ചത്. ഇനി, വേദക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശമായ സ്വഭാവങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കിത്തരികയാണ്.
അവരുടെ കൈയിലുള്ള വേദഗ്രന്ഥങ്ങളില്‍, തിരുനബി صلى الله عليه وسلم യെ സംബന്ധിച്ച് സ്പഷ്ടമായ രേഖകളും തെളിവുകളുമുണ്ടായിരുന്നല്ലോ. അത് ജനങ്ങള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുമെന്ന് അവരുടെ പ്രവാചകന്മാര് മുഖേന അല്ലാഹുവിനോടവര്‍ കരാറും ചെയ്തിരുന്നു.
പക്ഷേ, സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും തുച്ഛമായ ഭൗതിക ലാഭത്തിനുംവേണ്ടി അല്ലാഹുവിനോട് ചെയ്ത ആ കരാര്‍ ലംഘിക്കുകയും, വേദഗ്രന്ഥം പുറകോട്ട് വലിച്ചെറിയുകയുമാണവര് ചെയ്തത്. വിശേഷിച്ച്, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വം സ്ഥിരീകരിക്കുന്ന, തങ്ങളുടെ ആചാരങ്ങള്‍ക്ക് നിരക്കാത്ത പലതും അവര്‍ ഒഴിവാക്കി. പലതും പുറത്തു പറയാതെ മറച്ചുവെച്ചു. പറഞ്ഞതുതന്നെ തെറ്റായി വ്യാഖ്യാനിച്ചും, മാറ്റി മറിച്ചും യാഥാര്‍ത്ഥ്യം മൂടിവെച്ചു.
രക്ഷക്കും മോക്ഷത്തിനുമുള്ള മാര്‍ഗങ്ങള്‍ കൊട്ടി അടക്കുകയും, പകരം താല്കാലികവും നശ്വരവുമായ തുച്ഛം നേട്ടങ്ങള്‍ കൊണ്ട് തൃപ്തി അടയുകയും ചെയ്തു. ഈ കച്ചവടം മോശം തന്നെ, അതില്‍ നിന്നുള്ള ലാഭവും മോശപ്പെട്ടത് തന്നെ!
وَإِذْ أَخَذَ اللَّهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ فَنَبَذُوهُ وَرَاءَ ظُهُورِهِمْ وَاشْتَرَوْا بِهِ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ(187)
വേദം നല്‍കപ്പെട്ടവരോട്, നിങ്ങളത് ആളുകള്‍ക്ക് വിവരിച്ചുകൊടുക്കുകയും മറച്ചുവെക്കാതിരിക്കുകയും ചെയ്യണമെന്നു അല്ലാഹു ഉടമ്പടി ചെയ്തതനുസ്മരിക്കുക. എന്നിട്ട് അവരതഗണ്യ കോടിയില്‍ തള്ളുകയും തുച്ഛ വിലക്കു വില്ക്കുകയുമുണ്ടായി. അവര്‍ വാങ്ങിയത് എത്ര ഹീനം!
വേദഗ്രന്ഥത്തിന്റെ ഉള്ളടക്കങ്ങളൊന്നും മറച്ചുവെക്കാതെ യഥാര്‍ത്ഥരൂപത്തില്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേദക്കാര്‍ പൊതുവിലും, അവരുടെ കൂട്ടത്തിലെ പണ്ഡിതര്‍ പ്രത്യേകിച്ചും ബാധ്യസ്ഥരാണ്. അവരുടെ പ്രവാചകന്മാര് മുഖേന അതവരെ ചുമതലപ്പെടുത്തുകയും, അവരത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതാണ് അവരുടെ ഉറപ്പ് (കരാര്‍) അല്ലാഹു മേടിച്ചു എന്ന് പറഞ്ഞത്.
ഈ ഉടമ്പടിയെപ്പറ്റി ബൈബിളില്‍തന്നെ പലേടത്തും പരാമര്‍ശങ്ങളുണ്ട്. ഒരുദാഹരണം: ‘യിസ്രായേലേ കേള്‍ക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്ന് ഞാന്‍ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്റെ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴിനടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കയും വേണം... എല്ലായ്പോഴും നമുക്ക് നന്നായിരിക്കേണ്ടതിനും ഇന്നത്തെപ്പോലെ അവന് നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോട് കല്പിച്ചു’ (ആവര്‍ത്തനപുസ്തകം, അധ്യായം 6).
അടുത്ത ആയത്തുകള്‍ 188, 189
ജൂതന്മാരുടെയും മുനാഫിഖുകളുടെയും മറ്റൊരു മോശം സ്വഭാവത്തെക്കുറിച്ചാണിനി പറയുന്നത്.
തിരുനബി صلى الله عليه وسلم യഹൂദികളോട്, അവരുടെ വേദത്തിലുള്ള ഒരു വിഷയത്തെക്കുറിച്ച് ചോദിച്ചു. അവര്‍ സത്യം മറച്ചുവെക്കുകയും ഗ്രന്ഥത്തിലുള്ളതിന്റെ വിപരീതം പറയുകയും ചെയ്തു. തങ്ങളുടെ സൂത്രം ഫലിച്ചതിലവര് സന്തോഷിച്ചു. മാത്രമല്ല, സത്യമാണ് തങ്ങള്‍ പറഞ്ഞതെന്ന് ആളുകള്‍ വിചാരിക്കട്ടെ എന്നും അതിന്റെ പേരില്‍ ഞങ്ങളെ പ്രശംസിക്കട്ടെയെന്നും ആഗ്രഹിച്ച് അവര്‍ തിരുനബി صلى الله عليه وسلم യുടെ സദസ്സില്‍ നിന്ന് പോവുകയും ചെയ്തു (ബുഖാരി).
അതുപോലെ, മുനാഫിഖുകള്‍ യുദ്ധത്തിനുപോകാതെ ഒഴിഞ്ഞുമാറും. തിരുനബി صلى الله عليه وسلم മടങ്ങിവന്നാല്‍ വ്യാജമായി ചില കാരണങ്ങള്‍ ബോധിപ്പിക്കുകയും ചെയ്യും. അവിടന്ന് അതംഗീകരിക്കുകയും ചെയ്യും. അപ്പോഴവര്‍ സന്തോഷിക്കും. തങ്ങളെക്കുറിച്ച് ജനങ്ങള്‍ നല്ലതുപറയണമെന്ന് അവരും ആഗ്രഹിച്ചിരുന്നു.
ജൂതന്മാരുടെയും കപടവിശ്വാസികളുടെയും മുഖമുദ്രയായിരുന്നു ഇത്. ഈ സ്വഭാവമുള്ളവര്ക്കെല്ലാം ഈ ആയത്ത് ബാധകമാണ്. സത്യം മറച്ചുവെച്ചും അസത്യം പ്രചരിപ്പിച്ചും ചിലര്‍ ജനങ്ങളെ കബളിപ്പിക്കും. അതില്‍ ആത്മനിര്‍വൃതിയും അഭിമാനവും സന്തോഷവും കണ്ടെത്തും; ജനങ്ങളുടെ അനുമോദനങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങും.
കഠിന ശിക്ഷയാണവര്ക്കുള്ളതെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ലോകത്തിന്റെ മുഴുവന്‍ ആധിപത്യവും അല്ലാഹുവിനായിരിക്കയാല് അവന്റെ ശിക്ഷയില്‍ നിന്ന് കുതറിച്ചാടുവാന് അവര്‍ക്ക് കഴിയുന്നതല്ല.
لَا تَحْسَبَنَّ الَّذِينَ يَفْرَحُونَ بِمَا أَتَوْا وَيُحِبُّونَ أَنْ يُحْمَدُوا بِمَا لَمْ يَفْعَلُوا فَلَا تَحْسَبَنَّهُمْ بِمَفَازَةٍ مِنَ الْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ (188)
തങ്ങള്‍ ചെയ്തതില്‍ സന്തോഷിക്കുകയും അനുവര്ത്തിക്കാത്തതിന്റെ പേരില്‍ അനുമോദിക്കപ്പെടാനിഷ്ടപ്പെടുകയും ചെയ്യുന്നവരെപ്പറ്റി, ശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടവരാണവരെന്ന് താങ്കള്‍ ഒട്ടുമേ വിചാരിക്കേണ്ട; വേദനയുറ്റ ശിക്ഷയുണ്ടവര്‍ക്ക്.
وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (189)
ഭുവന-വാനങ്ങളുടെ ആധിപത്യം അല്ലാഹുവിനാണ്. എല്ലാ കാര്യത്തിനും കഴിവുറ്റവനത്രേ അവന്.
സത്യനിഷ്ഠയും ഹൃദയവിശുദ്ധിയുമുള്ള ആളുകള്‍ പൊങ്ങച്ചം ഇഷ്ടപ്പെടുകയോ അവനവന് ചെയ്തിട്ടില്ലാത്ത കാര്യങ്ങളുടെ പേരില്‍ അനുമോദിക്കപ്പെടാനും പ്രകീര്‍ത്തിക്കപ്പെടാനും ആഗ്രഹിക്കുകയോ ചെയ്യില്ല.
പലരും നമ്മെ പുകഴ്ത്തിപ്പറയുമ്പോള്‍, കേട്ടിരുന്ന് സുഖിക്കേണ്ട. ഇല്ലാത്തതാണെങ്കില്‍ തിരുത്തിക്കൊടുക്കണം. ഓവറാക്കി സ്തുതിപാടുകയും ചെയ്യരുത്. മനുഷ്യനെ വഴിതെറ്റിക്കാന്‍ അതു മതിയല്ലോ. സ്തുതിപാടകര് ശ്രദ്ധിക്കുക; കേട്ട് രസിക്കുന്നവരും.
അടുത്ത ആയത്ത് 190
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമാണെന്ന് പറഞ്ഞതിനു ശേഷം, അവ സൃഷ്ടിച്ചതിലും മറ്റും ചിന്തിക്കുന്ന ബുദ്ധിമാന്മാര്ക്ക് അല്ലാഹുവിന്റെ ഏകത്വത്തിനും മഹത്ത്വത്തിനും ധാരാളം തെളിവുകളുണ്ടെന്ന് പറയുകയാണ്. അങ്ങനെ ചിന്തിക്കുന്നതുമൂലമുണ്ടാകുന്ന സ്വഭാവ വിശേഷങ്ങള്‍ വിവരിക്കുകയും ചെയ്യുന്നു.
ഏതാനും സൂക്തങ്ങളോടുകൂടി ഈ അധ്യായം അവസാനിക്കാന്‍ പോവുകയാണ്. തൗഹീദിന്റെയും ഉലൂഹിയ്യത്തിന്റെയും പ്രവാചകത്വത്തിന്റെയുമൊക്കെ ദൃഷ്ടാന്തങ്ങളുമായിട്ടായിരുന്നല്ലോ അധ്യായം ആരംഭിച്ചത്. ആ ഏകദൈവവിശ്വാസത്തിലേക്ക് ചിന്താശീലനായ മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്ന സൂക്തങ്ങളോടെ അവസാനിക്കാന്‍ പോവുകയാണ്.
പ്രപഞ്ചമെന്ന തുറന്ന പുസ്തകം, ഖുര്‍ആനെന്ന മഹത്തായൊരു ഗ്രന്ഥം – ഇതു രണ്ടും മുന്നില്‍വെച്ച് ഏകദൈവവിശ്വാസവും സന്മാര്ഗവും പ്രാപിക്കാന്‍ മനുഷ്യന് അല്ലാഹു വഴിതെളിച്ചുകൊടുത്തിരിക്കുകയാണ്.
പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഖുര്‍ആനില്‍ പലേടത്തും ശക്തമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും അതിന്റെ അനുയായികളായ നമ്മള് തന്നെ ആ വസ്തുത വേണ്ടവിധം പരഗിണിക്കാറുണ്ടോ എന്ന് ചിന്തിക്കണം. അതെല്ലാം എന്നും കാണുന്ന ഓരോ പ്രകൃതിപരമായ കാര്യങ്ങളല്ലേ എന്ന് പറഞ്ഞൊഴിയുകയാണ് പലരും ചെയ്യുക.
അനന്തവിശാലമായ പ്രപഞ്ചം, ആകാശം, എണ്ണമറ്റ നക്ഷത്ര മഹാഗോളങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, അവയുടെ വ്യവസ്ഥാപിതവും വ്യത്യസ്തവുമായ കറക്കങ്ങള്‍, ഭ്രമണപഥങ്ങള്‍, അങ്ങനെ പലതും. നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പ് അടുത്തിടെ പകര്‍ത്തിയ പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങളുടെ ഫോട്ടോകള്‍, വീഡിയോകള്‍ എല്ലാം ശ്രദ്ധിച്ചിരുന്നില്ലേ.
അതുപോലെ ഈ ഭൂമി, സമുദ്രങ്ങള്‍, വന്‍കരകള്‍, ദ്വീപുകള്‍, പര്‍വ്വതങ്ങള്‍, മരുഭൂമികള്‍, കാടുകള്‍, നാടുകള്‍ പക്ഷി മൃഗാദി ജീവജാലങ്ങള്‍, ഉല്പന്നങ്ങള് ഖനനങ്ങള്‍.... തുടങ്ങി പലതും.
രാവും പകലും ഒന്നിനൊന്ന് പിറകിലായി മാറിവരുന്നത്, ഒന്ന് കുറയുമ്പോള്‍ മറ്റേത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്, സൂര്യന്റെയും ഭൂമിയുടെയും ചലന ഗതിയും ഈ രാപകലുകളും തമ്മിലുള്ള ബന്ധം.... ഇതിനെപ്പറ്റിയെല്ലാം ചിന്തിക്കുന്നവര്‍ക്ക് സ്രഷ്ടാവും സര്വനിയന്താവുമായ അല്ലാഹുവിന്റെ ഏകത്വം, സര്‍വ്വജ്ഞത, സര്‍വ്വശക്തി, സൃഷ്ടിവൈഭവം തുടങ്ങിയ അത്യുല്കൃഷ്ടങ്ങളായ മഹല്‍ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് തീര്‍ച്ച.
إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ (190)
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട്.
ആകാശഭൂമികളെ അത്യത്ഭുതകരവും വ്യവസ്ഥാപിതവുമായാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. സൂര്യന്, ചന്ദ്രന്, ഭൂമി ഇവക്കെല്ലാം സുസ്ഥിരവും നിര്‍ണിതവുമായ പരിധി നിശ്ചയിച്ചിരിക്കുന്നു. അതോടൊപ്പം പരസ്പരം ബന്ധപ്പെടുത്തിയിട്ടുമുണ്ട്.
ഭൂമിയിലുള്ള കോടാനുകോടി ചരാചരങ്ങള്‍ക്ക് ഊര്‍ജ്ജവും വെളിച്ചവും നല്കാന് സൂര്യനുണ്ട്. വിശ്രമത്തിനായി രാവ് സൃഷ്ടിച്ചിട്ടുണ്ട്; അധ്വാനിക്കാന്‍ പകലും. ആഹരിക്കാനായി പലതരം വിഭവങ്ങള്‍. ഒരേതരം വിഭവങ്ങള്‍ തന്നെ ഉപയോഗിച്ച് മടുപ്പ് വരാതിരിക്കാന്‍, വ്യത്യസ്ത വിഭവങ്ങള്‍, കാലദേശങ്ങള്‍ക്കനുസരിച്ച വൈവിധ്യങ്ങള്‍....
ഇത്രയും വ്യവസ്ഥിതമായ നിലയില്‍ ഭുവന-വാനങ്ങളെയും അതിലെ എണ്ണമറ്റ വസ്തുക്കളെയും സൃഷ്ടിച്ച് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ശരിക്ക് ചിന്തിക്കുന്ന ഒരാള്‍, ദൈവനിഷേധിയോ ബഹുദൈവവിശ്വാസിയോ ആകില്ലതന്നെ. ഇതിന്റെയെല്ലാം സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ മഹത്ത്വം സദാസമയവും പ്രകീര്‍ത്തിക്കുകയും അവന്റെ ശിക്ഷയെക്കുറിച്ച് അഭയം തേടുകയുമാണയാള് ചെയ്യുക.
ആകാശഭൂമികളില്‍ ഗവേഷണം നടത്തുകയും പലതും കണ്ടുപിടിക്കുകയും ചെയ്തിട്ട് റബ്ബിനെക്കുറിച്ചറിയാനോ വിശ്വസിക്കാനോ തയ്യാറാകാത്തവരുണ്ടെങ്കില്‍ അതിനുപിന്നില്‍ മറ്റെന്തെങ്കിലും താല്പര്യങ്ങളുണ്ടാകാം, കാരണങ്ങളുണ്ടാകാം. ശാസ്ത്രജ്ഞരടക്കം അത്തരം പലരെയും ഇന്നും കാണാം.
മഹാനായ ഇബ്നുഅബ്ബാസ് (رضي الله عنهما) പറയുന്നു: ഞാന്‍ ഒരു ദിവസം എന്റെ മാതൃസഹോദരി മൈമൂന (തിരുനബി صلى الله عليه وسلمയുടെ സഹധര്‍മിണി) യുടെ വീട്ടില്‍ രാത്രി താമസിച്ചു. തിരുനബി صلى الله عليه وسلم ഭാര്യയോടൊന്നിച്ച് ഏതാനും സമയം സംസാരിച്ചിരുന്ന ശേഷം ഉറങ്ങി. അങ്ങനെ രാവിന്റെ രണ്ടു ഭാഗം കഴിഞ്ഞ ശേഷം അവിടന്ന് എഴുന്നേറ്റിരുന്നു ആകാശത്തേക്ക് നോക്കി. എന്നിട്ട് إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ എന്ന് തുടങ്ങുന്ന ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ സൂറത്തിന്റെ അവസാനം വരെ ഓതി. പിന്നീട് എഴുന്നേറ്റ് വുളൂഅ് എടുത്ത് പതിനൊന്ന് റക്അത്ത് നമസ്കരിച്ചു. അപ്പോഴേക്കും ബിലാല്‍ (رضي الله عنه) ബാങ്കു വിളിച്ചു. അപ്പോള്‍ തിരുനബി صلى الله عليه وسلم രണ്ട് റക്അത്ത് നമസ്കരിച്ചു. ശേഷം പള്ളിയില്‍ പോയി ജനങ്ങളെയും കൂട്ടി സ്വുബ്ഹ് നമസ്കാരം നിര്‍വഹിച്ചു (ബുഖാരി, മുസ്ലിം).
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും മറ്റും ചിന്തിക്കാനുള്ള ശക്തമായ പ്രേരണയാണീ ആയത്തുകള്‍. പല ഹദീസുകളും ഇവ്വിഷയകമായുണ്ട്.
അഥാഅ്, ഇബ്നു ഉമര്‍, ഉബൈദുബ്നു ഉമൈര്‍(رضي الله عنهم) എന്നീ സ്വഹാബീവര്യര്‍ ആഇശ ബീവി(رضي الله عنها)യുടെ സന്നിധിയില്‍ പോയി. നിങ്ങള്‍ക്ക് തിരുനബി صلى الله عليه وسلم യില്‍ നിന്നനുഭവപ്പെട്ട ഏറ്റവും അത്ഭുതകരമായ കാര്യമെന്തായിരുന്നു എന്നാണവര്‍ ചോദിച്ചത്. ചോദ്യം കേട്ട് ബീവി കരഞ്ഞു. എന്നിട്ടിങ്ങനെ പ്രതികരിച്ചു: തിരുനബി صلى الله عليه وسلم യുടെ മുഴുവന്‍ കാര്യങ്ങളും അത്ഭുതകരമായിരുന്നു.
ഒരു രാത്രി അവിടന്ന് എന്റെയടുത്ത് വരികയുണ്ടായി. കുറച്ചുകഴിഞ്ഞ് എന്നോട് പറഞ്ഞു: ഞാന്‍ പോയി ഇബാദത്ത് ചെയ്യട്ടെ. ഞാന്‍ പ്രതികരിച്ചു: അങ്ങയുടെ സാമീപ്യം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്, അതേസമയം അങ്ങ് അല്ലാഹുവിനെ ആരാധിക്കുന്നതും എനിക്ക് പ്രിയങ്കരമാണ്. അങ്ങനെ തിരുനബി صلى الله عليه وسلم പോയി വുളൂഅ് ചെയ്ത് നമസ്കരിക്കാന്‍ തുടങ്ങി. താടി നനയുവോളം അവിടന്ന് കരഞ്ഞു. സുജൂദില്‍ കിടന്ന് നിലം നനയുന്നതുവരെ പിന്നെയും കണ്ണീര് തൂകി. ശേഷം കിടന്ന് പിന്നെയും കരയുകതന്നെയാണ്.
അങ്ങനെ സ്വുബ്ഹ് നമസ്കാര സമയമായെന്നറിയിക്കാന്‍ ബിലാല്‍(رضي الله عنه) വന്നപ്പോള്‍ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങ് എന്തിനാണ് കരയുന്നത്; കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും അല്ലാഹു അങ്ങേക്ക് പൊറുത്തുതന്നിട്ടുണ്ടല്ലോ? അവിടന്ന് പ്രതികരിച്ചു: 'ബിലാല്‍, കഷ്ടം തന്നെ, ഞാന്‍ കരയുന്നതിനെന്താണ് കുഴപ്പം? إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ എന്ന സൂക്തം ഈ രാത്രിയിലാണ് അല്ലാഹു അവതരിപ്പിച്ചത്.' എന്നിട്ട് തിരുനബി صلى الله عليه وسلم പറഞ്ഞു: وَيْلٌ لِمَنْ قَرَأهَا وَلَمْ يَتَفَكَّرْ فِيهَا
(ഈ ആയത്ത് ഓതുകയും അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവനാണ് മഹാനാശം!) - (തഫ്സീര്‍ ഇബ്നുകസീര്‍ 1:440)
ഇത്തരം പ്രാപഞ്ചിക ദൃഷ്യാന്തങ്ങളെക്കുറിച്ചെല്ലാം നമ്മളും ചിന്തിക്കണം, പഠിക്കണം. അത്തരം ചിന്തകളും ഇബാദത്താണ്. സത്യവിശ്വാസികളുടെ ലക്ഷണമാണതെന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്.. അടുത്ത ആയത്തില്‍ (191) അതാണ് പറയുന്നത്. നിരവധി സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഇത്തരം വിഷയങ്ങള്‍ പറഞ്ഞിട്ടുണ്ട്, എല്ലാറ്റിന്റെയും കൂടെ ചിന്തിക്കാനും പറഞ്ഞിട്ടുണ്ട്.
إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ
സൃഷ്ടിയെക്കുറിച്ച് ചിന്തിക്കാനാണിവിടെ നിര്‍ദ്ദേശമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കാനല്ല. കാരണം വ്യക്തമാണ്: സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കാന്‍ ദുര്‍ബലനും അല്പജ്ഞനുമായ മനുഷ്യന് കഴിയില്ല. മാത്രമല്ല, സൃഷ്ടികളെക്കുറിച്ച് ചിന്തിക്കുന്നത്, സ്രഷ്ടാവിനെ മനസ്സിലാക്കുന്നതിലേക്ക് മനുഷ്യനെ നയിക്കുകയും ചെയ്യും.
അടുത്ത ആയത്തുകള്‍ 191-194
നേരത്തെ പറഞ്ഞതുപോലെ, വിവിധ ദൃഷ്ടാന്തങ്ങളെക്കുറിച്ച്, ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുന്ന ആ ബുദ്ധിമാന്മാര് ആരാണ്, എന്താണവരുടെ സ്വഭാവ വിശേഷങ്ങള്‍, എല്ലാം ചിന്തിച്ച് മനസ്സിലാക്കുമ്പോള്‍ അവര്‍ പറയുന്നതെന്താണ്, അല്ലാഹുവിനോട് ദുആ ചെയ്യുന്നതെന്താണ് എന്നൊക്കെയാണിനി പറയുന്നത്.
الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ (191)
നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുവിനെ സ്മരിക്കുന്നവരാണവര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റിയവര്‍ ചിന്തിച്ചുകൊണ്ടിരിക്കും-നാഥാ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു. നരക ശിക്ഷയില്‍ നിന്നു ഞങ്ങളെ കാക്കേണമേ.
رَبَّنَا إِنَّكَ مَنْ تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ (192)
നീയൊരാളെ നരകത്തില്‍ പ്രവേശിപ്പിച്ചുവെങ്കില്‍ അയാളെ നിന്ദിക്കുക തന്നെ ചെയ്തു. അക്രമികള്‍ക്കു സഹായികളായി ആരും ഇല്ല തന്നെ.
رَبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ (193)
റബ്ബേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരാളുടെ വിളി, നിങ്ങള്‍ വിശ്വസിക്കൂ എന്ന ക്ഷണം ഞങ്ങള്‍ ശ്രവിച്ചു. തത്സമയം ഞങ്ങള്‍ വിശ്വാസം കൈക്കൊണ്ടു. അതിനാല്‍ നാഥാ, ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും തിന്മകള് മാപ്പാക്കിത്തരികയും പുണ്യാത്മാക്കളില്‍ ചേര്‍ത്തു മരിപ്പിക്കുകയും ചെയ്യേണമേ.
സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ആള് എന്ന് പറഞ്ഞത് റസൂലിനെ ഉദ്ദേശിച്ചാണ്.
رَبَّنَا وَآتِنَا مَا وَعَدْتَنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ (194)
ഞങ്ങളുടെ നാഥാ, നിന്റെ ദൂതന്മാര് മുഖേന ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് നീ നല്കേണമേ! പുനരുത്ഥാനദിനം ഞങ്ങളെ അപമാനിക്കരുതേ. നീ വാഗ്ദാനം ലംഘിക്കുകയില്ല തന്നെ. (ഇങ്ങനെയെല്ലാം പ്രാര്ഥിക്കുന്നവരാണ് ബുദ്ധിമാന്മാര്).
റസൂലുകളിലൂടെ വാഗ്ദാനം ചെയ്തകാര്യം എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, സജ്ജനങ്ങള്‍ക്ക് പരലോകത്ത് ലഭിക്കുമെന്ന്, വേദഗ്രന്ഥങ്ങള്‍ വഴിയോ ഉപദേശങ്ങള്‍ വഴിയോ അവര്‍ അറിയിച്ച പ്രതിഫലങ്ങളും അനുഗ്രഹങ്ങളുമാണ്.
ഈ പ്രാര്‍ത്ഥനകളെ അല്ലാഹു വിലയിരുത്തുന്നത് എങ്ങനെയാണെന്ന് അടുത്ത ആയത്തില്‍ പറയുന്നുണ്ട്.
إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ
ആകാശത്തിന്റെ സൃഷ്ടിപ്പ് - മേല്തട്ടുപോലെ കാണാന്‍ ചന്തമുള്ള രൂപത്തിലാണ്. ബലിഷ്ടങ്ങളായ ആകാശങ്ങള്‍! ഭൂമിയില്‍ നിന്ന് എത്രയോ ദൂരെയായിട്ടും ഒരു വീടിന്റെ മേല്തട്ടെന്ന പോലെ നോക്കിക്കണ്ട് സൗന്ദര്യം ആസ്വദിക്കാനും, വഴി അറിയാനും ചിന്തിക്കാനുമായി വിവിധങ്ങളായ നിരവധി വിളക്കുകളാല്‍ അലങ്കരിക്കപ്പെട്ട ആകാശം.
ഏഴ് ആകാശങ്ങളുണ്ട്. ഓരോന്നിനും ഇടയില്‍ 500 വര്‍ഷത്തെ വഴിദൂരമുണ്ടെന്ന് തിരുനബി صلى الله عليه وسلم.
ഭൂമിക്കു മുകളിലോ, മറ്റു ഗോളങ്ങള്‍, നക്ഷത്രസമൂഹങ്ങള്‍ ഇവക്കൊന്നും മുകളിലോ വീഴാതെ കൃത്യമായി പൊക്കിനിറുത്തപ്പെട്ടിരിക്കുന്ന ആകാശങ്ങള്‍...
ഭൂമിയുടെ സൃഷ്ടിപ്പും വലിയ അത്ഭുതം തന്നെ.
ഭൂമിയെ വിരിപ്പാക്കി എന്ന് പലയിടത്തും പരാമര്‍ശിച്ചിട്ടുണ്ട്. അതായത് നമുക്ക് ഇരിക്കുവാനും കിടക്കുവാനും ഓടുവാനും ചാടുവാനും മറ്റും എല്ലാ സൗകര്യവുമുള്ള ഒരു വിരിപ്പുപോലെയാക്കി.
നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും വഴങ്ങിത്തരുന്ന ഭൂമി. ഇഷ്ടമുള്ളതുപോലെ പെരുമാറാന്‍ പറ്റുന്നതാക്കി. കിളക്കാനും മറിക്കാനും ഉഴുതാനും കൃഷിയിറക്കാനും കെട്ടിട്ടങ്ങളുണ്ടാക്കാനും...
കനാലുകളും തോടുകളും ചാലുകളുമൊക്കെ കീറാനും.
ഭൂമി ഉറപ്പുള്ളതാണ്... പക്ഷേ, വിസര്‍ജ്യങ്ങളൊന്നും അവിടെത്തന്നെ അവശേഷിപ്പിക്കുന്നില്ല.. വിഴുങ്ങുകയാണ്.
എന്ത് ചെയ്താലും ഭൂമിക്കേല്ക്കില്ല എന്ന അവസ്ഥയായിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി?! ചിന്തിക്കേണ്ട വിഷയമല്ലേ.
നമ്മളത് ചിന്തിക്കാത്തത്, അതിപ്പോ എന്നും കാണുന്നതല്ലേ, നമ്മള് കാണാന്‍ തുടങ്ങിയേടം മുതല്‍ ഇങ്ങനെത്തന്നെ... പക്ഷേ, ഇത് വലിയ നിഅ്മത്താണ്. ഭൂമി ഇങ്ങനെയായിരുന്നില്ലെങ്കില്‍... അപ്പഴേ ആ നിഅ്മത്ത് മനസ്സിലാകൂ... കണ്ണ് പോയാലല്ലേ അതിന്റെ വിലയറിയൂ.
സൂറത്തുല്‍ മുല്കില് എടുത്തുപറഞ്ഞത് ഈ നിഅ്മത്ത് ആലോചിച്ച് ചിന്തിക്കാനാണ്. ഇങ്ങനെ പരത്തിയതും, ഭൂമിയെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാന്‍ പാകപ്പെടുത്തിയതുമൊക്കെ കൃത്യമായി അവിടെ പറഞ്ഞിട്ടുണ്ടല്ലോ..
هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ ۖ وَإِلَيْهِ النُّشُورُ (15)
(ഭൂമി നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്, കീഴ്പെടുത്തിത്തന്നത്, നടക്കാന്‍ പാകമാക്കിത്തന്നത് അവനാണ് - ഉപരിതലങ്ങളില്‍ നടന്നോളൂ..)
قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ
(അവനാണ് ഭൂമിയില്‍ നിങ്ങളെ സൃഷ്ടിച്ച് വ്യാപിപ്പിച്ചവന്‍. നിങ്ങളെല്ലാവരും അവനിലേക്ക് ഒരുമിച്ചു കൂട്ടപ്പെടും).
സത്യത്തിലിത് വലിയൊരു അത്ഭുതമല്ലേ. എല്ലാ ഭാഗത്തും ആളുകള്‍, വിവിധ ഭാഗങ്ങള്‍, വിവിധ വര്‍ണങ്ങള്‍, ഭാഷകള്‍. ഓരോ വിഭാഗക്കാരെയും തിരിച്ചറിയാന്‍ അടയാളങ്ങള്‍, ശരീര പ്രകൃതികള്‍, സ്വഭാവ വൈചാത്യങ്ങള്‍...
ഓരോ നാട്ടുകാര്‍ക്കും അനുയോജ്യമായ ഭക്ഷണവിഭവങ്ങള്‍...
ഓരോ സ്ഥലത്തെയും മണ്ണിനും കാലാവസ്ഥക്കും ശരീരപ്രകൃതിക്കും അനുയോജ്യായവ.. സുബ്ഹാനല്ലാഹ്..
വൃത്താകൃതിയാണെങ്കിലും ഭൂമിയെ പരത്തി വിരിപ്പാക്കിത്തന്നു.
ഗോളാകൃതിയിലാണെന്ന് പറയുന്നതിന് ഇത് എതിരല്ല. മാത്രമല്ല, കുറേക്കൂടി വിശാലമായി ചിന്തിച്ചാല്‍ ഭൂമി ഗോളാകൃതിയിലുള്ളതാണെന്നതിന് തെളിവാണ് ഈ പരാമര്‍ശമെന്ന് മനസ്സിലാക്കാം. കാരണം, പരന്ന ഒരു സാധനം നീളമുള്ളതോ ചതുരാകൃതിയിലുള്ളതോ ത്രികോണ രൂപത്തിലുള്ളതോ സാമാന്തരികമോ ആയിരിക്കും.
അപ്പോള്‍ ഭൂമി പരന്നതാണെങ്കില്‍, ആ പരന്ന ഭൂമിയിലൂടെ ഒരാള്‍ ദീര്‍ഘമായി സഞ്ചരിക്കുകയാണെങ്കില്‍ ഒരിക്കല്‍ ഒരു തെല്ലില്‍ എത്തിയേ തീരൂ; പിന്നെയും മുന്നോട്ടു നടന്നാല്‍ ഗര്‍ത്തത്തില്‍ നിപതിക്കും. പരന്ന സാധനത്തിന് അത്തരത്തിലുള്ള ഒരഗ്രം അല്ലെങ്കില്‍ തെല്ല് ഉണ്ടാവല് അനിവാര്യമാണല്ലോ.
പക്ഷേ, അങ്ങനെയൊരു തെല്ല് ഭൂമിയിലെവിടെയുമില്ല. മറിച്ച് എവിടെച്ചെന്നു നോക്കിയാലും-ഭൂമധ്യരേഖയിലോ ഉത്തരധ്രുവത്തിലോ ദക്ഷിണ ധ്രുവത്തിലോ എവിടെയുമാകട്ടെ-അത് പരന്നതായേ അനുഭവപ്പെടൂ. ഈ അനുഭവത്തെക്കുറിച്ചാണ് ഭൂമിയെ വിരിപ്പാക്കി എന്ന് അല്ലാഹു പറയുന്നത്.
ഒരു സാധനം എല്ലാ ഭാഗത്തും പരന്നതായിക്കാണണമെങ്കില് നിര്‍ബന്ധമായും ഉരുണ്ടതായിരിക്കണം. അത്യന്തം ഭീമാകാരമായ ഒരു പന്ത് സങ്കല്പിച്ചാല് ഏറെക്കുറെ ഇത് മനസ്സിലാകും. ആ പന്തിന്റെ ഉപരിതലത്തില്‍ അനുഭവപ്പെട്ടേക്കാവുന്ന ചെറിയ ചെരിവാകട്ടെ ഭൂമിയില്‍ നമുക്ക് അനുഭവപ്പെടാന്‍ മാത്രമുണ്ടാകില്ല. അത്രക്ക് വലിപ്പമുണ്ടതിന്.
ഭൂകേന്ദ്രത്തില്‍ നിന്ന് ഭൂമധ്യരേഖയിലേക്കുള്ള ദൂരം 6378 കിലോമീറ്ററാണ്. ഭൂകേന്ദ്രത്തില്‍ നിന്ന് ധ്രുവങ്ങളിലേക്കുള്ള ദൂരമാകട്ടെ (polar radius) 6357 കിലോമീറ്ററും. ഭൂമധ്യരേഖയിലെ വ്യാസമാകട്ടെ 12756 കിലോമീറ്ററാണ്.
കരയും കടലുമെല്ലാം കൂടിയുള്ള ഉപരിതല വിസ്തീര്‍ണ്ണം അമ്പത്തൊന്നുകോടി അറുപത്തൊന്നായിരത്തി ഒരുനൂറ് ചതുരശ്ര കിലോമീറ്റര്‍ വരും. മേല്‍സൂചിപ്പിച്ച ചെരിവ് ഇത്ര വലിയൊരു ഗോളത്തിന്മേല് എങ്ങനെ അനുഭവപ്പെടാന്‍?
ഭൂമി 1600 km/hour, 460 meter / second സ്പീഡില്‍ സ്വയം കറങ്ങിയിട്ടും നമ്മളെയറിക്കാതെ തൊട്ടില് പോലെ സംവിധാനിച്ചിരിക്കുന്നു (സൂറത്തുസ്സുഖ്റുഫ് 10, നബഅ് 6). ഇത് സ്വയം കറക്കം, 24 മണിക്കൂര്‍.
അതോടൊപ്പം ഇതിനേക്കാള്‍ ശക്തമായി സൂര്യനെ ചുറ്റുന്നു, 365 ദിവസം ഒരു ചുറ്റ്. 107,000 km/hour, 30 km/second – Orbital speed എന്നാണിതിന് പറയുക. എന്നിട്ടും നമ്മളൊന്നും അറിയുന്നില്ല.
ഇങ്ങനെ എന്തെല്ലാം ചിന്തിക്കാനും പഠിക്കാനുമുണ്ട്! എണ്ണിയാലൊടുങ്ങാത്ത അനുഗ്രങ്ങളല്ലേ സ്രഷ്ടാവ് നമുക്ക് സംവിധാനിച്ചുതന്നിരിക്കുന്നത്? നന്ദി ചെയ്യാന്‍ ബാധ്യസ്ഥരല്ലേ നമ്മള്? നന്ദിയുള്ളവരില്‍ റബ്ബ് നമ്മെയും ചേര്‍ക്കട്ടെ-ആമീന്‍.
---------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment