അധ്യായം 3. സൂറ ആലു ഇംറാന്‍- (Ayath 149-153) അല്ലാഹുവാണ് യജമാനൻ
പ്രവാചകന്‍മാരുടെ കാല്‍പാടുകളില്‍ ഉറച്ചുനിന്ന സത്യവിശ്വാസികളെ മാതൃകയാക്കണമെന്നാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി ഉപദേശിച്ചത്.
ഉഹ്ദില്‍ മുസ്‌ലിംകള്‍ക്ക് സംഭവിച്ച പരാജയം ചൂഷണം ചെയ്ത് അവിശ്വാസികളും യഹൂദികളും കപടവിശ്വാസികളും മുസ്‍ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. വിശുദ്ധ ദീനില്‍ നിന്നവരെ പുറത്തുചാടിക്കാന്‍ വരെ ശ്രമമുണ്ടായി. അവരെ അനുസരിക്കരുതെന്ന് താക്കീത് ചെയ്യുകയാണിനി.
അവരെ അനുസരിച്ചാല്‍ നിങ്ങളെയവര്‍ ശിര്‍ക്കിലേക്കുതന്നെ മടക്കുകയും നിങ്ങള്‍ സര്‍വ്വവും നഷ്ടപ്പെട്ടവരായി മാറുകയും ചെയ്യും. നിങ്ങളുടെ യജമാനന്‍ അല്ലാഹുവാണ്. അവനാണ് നിങ്ങളുടെ ഏറ്റവും നല്ല സഹായി. അവനെ അനുസരിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.
يَا أَيُّهَا الَّذِينَ آمَنُوا إِنْ تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَىٰ أَعْقَابِكُمْ فَتَنْقَلِبُوا خَاسِرِينَ (149)
സത്യവിശ്വാസികളേ, നിഷേധം വരിച്ചവരെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങളെയവര്‍ പുറകോട്ടു കൊണ്ടുപോവുകയും അങ്ങനെ നിങ്ങള്‍ പരാജിതരായിത്തീരുകയും ചെയ്യുന്നതാണ്.
بَلِ اللَّهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ (150)
അതല്ല വേണ്ടത്: അല്ലാഹുവാണ് നിങ്ങളുടെ രക്ഷകന്‍; സഹായികളില്‍ ഉദാത്തന്‍ അവനത്രേ.
സത്യനിഷേധികളെ അനുസരിക്കരുതെന്നാണ് ഉദ്‌ബോധിപ്പിക്കുന്നത്.
وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ (سورة البقرة 120)
('ജൂത-ക്രിസ്ത്യാനികള്‍ നിങ്ങളെക്കുറിച്ച് സംതൃപ്തരാവുകയില്ല; നിങ്ങള്‍ അവരുടെ മതം പിന്‍പറ്റുന്നതുവരെ) എന്ന് പറഞ്ഞതും ഇവിടെ ചേര്‍ത്തുവായിക്കാം.
അവരെ അനുസരിക്കുകയാണെങ്കില്‍ സംഭവിക്കാനിരിക്കുന്ന വലിയ പരാജയങ്ങളും സൂചിപ്പിച്ചിരിക്കുന്നു. നിങ്ങളെ കീഴ്‌മേല്‍ മറിച്ചുകളയുന്ന പദ്ധതികളാണവര്‍ ആവിഷ്‌കരിക്കുക. അവിശ്വാസത്തിനു ശേഷം സത്യവിശ്വാസം പുല്‍കി സന്മാര്‍ഗത്തിലെത്തിയ നിങ്ങളെ അവിശ്വാസത്തിലേക്ക് വീണ്ടുമവര്‍ മടക്കും. അങ്ങനെ ഈമാന്‍ നഷ്ടപ്പെട്ട് നിങ്ങള്‍ പരാജിതരുമായിത്തീരും.
بَلِ اللَّهُ مَوْلَاكُم
നിങ്ങളവരെ അനുസരിക്കേണ്ട കാര്യമെന്ത്?! അല്ലാഹുവല്ലേ നിങ്ങളുടെ രക്ഷാധികാരി? അവന്‍ നിങ്ങളുടെ കൂടെത്തന്നെയില്ലേ? അവന്‍ നിങ്ങളെ സഹായിക്കുമല്ലോ.
അടുത്ത ആയത്ത് 151
സത്യവിശ്വാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത നല്‍കുകയാണിനി. തല്‍ക്കാലം ഈ അവിശ്വാസികള്‍ക്ക് ദുരഭിമാനത്തിന് ഒരവസരം ലഭിച്ചെങ്കിലും അത് സ്ഥിരമല്ല. അടുത്ത ഭാവിയില്‍തന്നെ സ്ഥിതിഗതികള്‍ മാറിമറിയും. അവരുടെ ഹൃദയങ്ങള്‍ പേടി കൊണ്ട് നിറയുന്ന അവസ്ഥ സംജാതമാകും.
അല്ലാഹുവല്ലാത്ത വിവിധ വസ്തുക്കളെ, ഒരു ന്യായവുമില്ലാത ആരാധിച്ചുവരുന്ന അവരെ ആ വസ്തുക്കളൊന്നും സഹായിക്കുകയില്ല. അല്ലാഹുവിന്‍റെ സഹായം അവര്‍ക്കൊട്ട് ലഭിക്കുകയുമില്ല. നരകമായിരിക്കും ലഭിക്കുക. അതുകൊണ്ട് സത്യവിശ്വാസികളായ നിങ്ങള്‍ അവരെ പേടിക്കുകയേ വേണ്ട.
سَنُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ بِمَا أَشْرَكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا ۖ وَمَأْوَاهُمُ النَّارُ ۚ وَبِئْسَ مَثْوَى الظَّالِمِينَ (151)
(തന്‍റെ പങ്കാളികളാണെന്നതിന്) അല്ലാഹു യാതൊരു തെളിവും നല്‍കിയിട്ടില്ലാത്തവയെ അവന്‍റെ പങ്കാളികളാക്കിയതുമൂലം സത്യനിഷേധികളുടെ മനസ്സില്‍ നാം ഭയം നിക്ഷേപിക്കും. നരകമാണവരുടെ സങ്കേതം. അതിക്രമികളുടെ ആവാസകേന്ദ്രം എത്ര ഹീനം!
ബഹുദൈവവിശ്വാസികള്‍ ശിര്‍ക്കെന്ന കടുത്ത അപരാധം ചെയ്തവരാണ്. യാതൊരു തെളിവുമില്ലാതെ, അല്ലാഹു അല്ലാത്ത പലതിനെയും ദൈവങ്ങളാക്കി വെച്ചു. ഈ മഹാപാതകം കാരണം അല്ലാഹു അവരെ പരാജയപ്പെടുത്തും.
അങ്ങനെ പരാജയപ്പെടുത്താന്‍ ചെയ്യുന്ന ഒരു മാര്‍ഗമാണിവിടെ പറയുന്നത്: അവരുടെ ഹൃദയങ്ങളില്‍ ഭീതിയും ഭയവും ആശങ്കയുമൊക്കെ നിറക്കും. മുസ്‌ലിംകളെയും അവരുടെ സൈന്യങ്ങളെയും കുറിച്ച് എപ്പോഴുമവര്‍ക്ക് ഭീതിയായിരിക്കും.
യുദ്ധത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ വിശ്വാസികള്‍ മഹത്തായ പ്രതിഫലം പ്രതീക്ഷിക്കുന്നവരുമാണ്. വല്ല പരിക്കുകളും ഏല്‍ക്കുകയോ കൊല്ലപ്പെടുക തന്നെയോ ചെയ്താലും, യാതൊരു പരിക്കും പോറലും ഏല്‍ക്കാതിരുന്നാലും വിശ്വാസിക്ക് പുണ്യം ലഭിക്കുകതന്നെ ചെയ്യും.
അവിശ്വാസികളങ്ങനെയല്ലല്ലോ. മരണം വല്ലാതെ ഭയപ്പെടുന്നവരാണവര്‍. അവരുടെ ഈ ഭയം സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്വാസകരമാണ്. 'ശത്രുവിന് നല്‍കപ്പെടുന്ന ഭീതികൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടിരിക്കുന്നു' എന്ന് തിരുനബി (صلى الله عليه وسلم) പറഞ്ഞതിന്‍റെ ഉദ്ദേശ്യവും ഇതുതന്നെയാണ്. (മുസ്‌ലിം).
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘എന്‍റെ മുമ്പുള്ള പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെടാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു:
- ഒരു മാസത്തെ യാത്രാദൂരം വരെയുള്ള ശത്രുക്കള്‍ക്ക് എന്നെക്കുറിച്ചുണ്ടാകുന്ന ഭീതി.
- ഭൂമി (എല്ലായിടവും) എനിക്ക് നിസ്കാര സ്ഥലവും ശുദ്ധീകരണ വസ്തുവുമാക്കിയത്.
- ‘ഗനീമത്ത്’ സ്വത്തുക്കള്‍ അനുവദിക്കപ്പെട്ടത്.
- ‘ശഫാഅത്ത്’ (പരലോകത്തുവെച്ച് ശുപാര്‍ശ ചെയ്യുവാനുള്ള അനുമതി).
(5) മറ്റുള്ള നബിമാരുടെ നിയോഗം അവരുടെ ജനതയിലേക്ക് മാത്രമായിരുന്നു. ഞാന്‍ എല്ലാ മനുഷ്യരിലേക്കും നിയോഗിക്കപ്പെട്ടവനാണ്. (ബുഖാരി, മുസ്‍ലിം)
അടുത്ത ആയത്ത് 152
ഉഹുദ് യുദ്ധം കഴിഞ്ഞ് തിരുനബി صلى الله عليه وسلم യും സ്വഹാബികളും മദീനയിലേക്ക് മടങ്ങുകയാണ്. വഴിയില്‍ വെച്ച് യുദ്ധത്തെക്കുറിച്ച വിലയിരുത്തലും അഭിപ്രായപ്രകടനങ്ങളും സജീവമായി നടക്കുമല്ലോ. ചിലരിങ്ങനെ പറഞ്ഞു: എങ്ങനെയാണ് നമുക്കീ പരാജയം സംഭവിച്ചത്? നമ്മെ സഹായിക്കാമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരുന്നതാണല്ലോ. അപ്പോഴാണ് ഈ സൂക്തം അവതരിച്ചത് (അസ്ബാബുന്നുസൂല്‍ 72).
وَلَقَدْ صَدَقَكُمُ اللَّهُ وَعْدَهُ إِذْ تَحُسُّونَهُمْ بِإِذْنِهِ ۖ حَتَّىٰ إِذَا فَشِلْتُمْ وَتَنَازَعْتُمْ فِي الْأَمْرِ وَعَصَيْتُمْ مِنْ بَعْدِ مَا أَرَاكُمْ مَا تُحِبُّونَ ۚ مِنْكُمْ مَنْ يُرِيدُ الدُّنْيَا وَمِنْكُمْ مَنْ يُرِيدُ الْآخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنْكُمْ ۗ وَاللَّهُ ذُو فَضْلٍ عَلَى الْمُؤْمِنِينَ (152)
അല്ലാഹുവിന്‍റെ അനുമതിയോടെ ശത്രുക്കളെ വധിച്ചു കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള വാഗ്ദാനം അവന്‍ സത്യസന്ധമായി പാലിക്കുകയുണ്ടായി. എന്നാല്‍, പ്രിയംകരമായ വിജയം കാണിച്ചു തന്ന ശേഷം നിങ്ങള്‍ അനുസരണക്കേടു കാട്ടുകയും ഭീരുക്കളാവുകയും യുദ്ധ കാര്യത്തില്‍ ഭിന്നപക്ഷക്കാരാവുകയും ചെയ്തപ്പോള്‍ സ്ഥിതി മാറി-ദുന്‍യാവിനെ ലക്ഷ്യമാക്കുന്നവരും പരലോക മോക്ഷമുദ്ദേശിക്കുന്നവരും നിങ്ങളിലുണ്ട്-പിന്നീട് നിങ്ങളെ പരീക്ഷണാര്‍ത്ഥം അവന്‍ ശത്രുക്കളില്‍ നിന്നു പിന്തിരിപ്പിച്ചു. അവന്‍ നിങ്ങള്‍ക്കു മാപ്പരുളിയിരിക്കുന്നു. സത്യവിശ്വാസികളോട് ഉദാരനത്രേ അവന്‍.
ഉഹുദില്‍ സത്യവും അസത്യവുമായി ഏറ്റുമുട്ടിയപ്പോള്‍ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്കായിരുന്നു വിജയമെന്ന് മുമ്പ് നാം പറഞ്ഞിരുന്നല്ലോ. ശത്രുക്കളില്‍ പലരും വധിക്കപ്പെട്ടുകൊണ്ടേയിരുന്നു. അവര്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. മുസ്‌ലിംകള്‍ മുന്നേറുകയും ഗനീമത്ത് ശേഖരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഈ അവസ്ഥയാണിവിടെ സൂചിപ്പിക്കുന്നത് - അല്ലാഹു നിങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റി എന്ന്. ഉര്‍വ(رضي الله عنه)വില്‍ നിന്ന് ഇമാം ബൈഹഖി(رحمه الله) ഉദ്ധരിക്കുന്നു: ക്ഷമയും തഖ്‌വയുമുണ്ടെങ്കില്‍ പ്രത്യേകാടയാളമുള്ള 5000 മലക്കുകളെ അയച്ച് സഹായിക്കാമെന്നായിരുന്നു അല്ലാഹുവിന്‍റെ വാഗ്ദാനം. അത് അങ്ങനെതന്നെ സംഭവിച്ചിട്ടുമുണ്ട്.
പിന്നീട്, നിശ്ചിത സ്ഥലം വിടരുതെന്ന തിരുനബി صلى الله عليه وسلم യുടെ കല്‍പന ലംഘിക്കുകയും ദുന്‍യാവ് ആഗ്രഹിച്ച് ഗനീമത്ത് ശേഖരിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ മലക്കുകളുടെ സഹായം അല്ലാഹു പിന്‍വലിച്ചു.
حَتَّىٰ إِذَا فَشِلْتُمْ وَتَنَازَعْتُمْ فِي الْأَمْرِ وَعَصَيْتُمْ مِنْ بَعْدِ مَا أَرَاكُمْ مَا تُحِبُّونَ
ഭിന്നിച്ചു എന്നും അനുസരണക്കേട് കാണിച്ചു എന്നും പറഞ്ഞത് അമ്പൈത്തുകാരെക്കുറിച്ചാണ്. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കല്‍പനയും, അവരുടെ നേതാവിന്‍റെ കല്‍പനയും ധിക്കരിക്കുകയാണല്ലോ അവര്‍ ചെയ്തത്.
അവരുടെ നേതൃത്വം ഏല്‍പിക്കപ്പെട്ടിരുന്ന അബ്ദുല്ലാഹിബ്‌നു ജുബൈര്‍(رضي الله عنه) അവരെ ഗുണദോഷിച്ചെങ്കിലും അവരത് ചെവിക്കൊണ്ടില്ലെന്നുമാത്രമല്ല, ഇനിയെന്തിന് ഇവിടെ നില്‍ക്കണമെന്നും മറ്റും പറഞ്ഞ് തര്‍ക്കിക്കുകയും ചെയ്തു.
അമ്പെയ്ത്തുകാര്‍ സ്ഥലം വിട്ടത് ഗനീമത്ത് സ്വത്ത് ശേഖരിക്കാന്‍ വേണ്ടിയായിരുന്നല്ലോ. യുദ്ധക്കളത്തിലുണ്ടായിരുന്ന പലരും അതില്‍ വ്യാപൃതരായി. പക്ഷേ, ചില സ്വഹാബികള്‍ അതില്‍ നിന്ന് മാറിനിന്നു. യുദ്ധമുഖത്ത് സജീവമായി നിലയുറപ്പിക്കുകയാണവര്‍ ചെയ്തത്. അതാണ്, നിങ്ങളില്‍ ഇഹലോകം ഉദ്ദേശിക്കുന്നവരും പരലോകം ഉദ്ദേശിക്കുന്നവരും ഉണ്ട് എന്ന് അല്ലാഹു പറഞ്ഞത്.
ഗനീമത്ത് ശേഖരിക്കുന്നതില്‍ വ്യാപൃതരായവരെ സൂചിപ്പിച്ചാണ് 'ഇഹലോകം ഉദ്ദേശിക്കുന്നവര്‍' എന്നു പറഞ്ഞത്. തിരുനബി صلى الله عليه وسلم യുടെ കല്‍പന മാനിച്ച് സ്ഥലം വിടാതെ നിന്ന വില്ലാളികളും യുദ്ധമുഖത്തുതന്നെ ഉറച്ചുനിന്ന് പോരാടിയ സ്വഹാബികളും പരലോകം ഉദ്ദേശിച്ചവരാണ്.
ഇബ്‌നു മസ്ഊദ് (رضي الله عنه) പറയുന്നു: ‘തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വഹാബികളില്‍, ഇഹലോകം ഉദ്ദേശിക്കുന്നവരുമുണ്ടെന്ന്, ഈ വചനം അവതരിക്കുന്നതുവരേക്കും ഞാന്‍ വിചാരിച്ചിരുന്നില്ല.
ഏതായാലും, ഇത്തരം പല പാകപ്പിഴവുകളും സ്വഹാബികളില്‍ നിന്ന് ഈ യുദ്ധത്തിനിടയില്‍ സംഭവിച്ചുപോയി. അതുകാരണം, വളരെയേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തു.
രണ്ടാം അക്രമണത്തില്‍ ശത്രുക്കള്‍ക്ക് മുസ്‌ലിംകളെ മുച്ചൂടും നശിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും, അത് ഉപയോഗപ്പെടുത്താതെ വേഗം വിജയഭേരി മുഴുക്കി സ്ഥലം വിടുകയാണവര്‍ ചെയ്തത്. ഇത് അല്ലാഹു മുസ്‌ലിംകള്‍ക്ക് ചെയ്തുകൊടുത്ത വലിയൊരു അനുഗ്രഹമാണ്. ‘പിന്നീട് നിങ്ങളെ അവന്‍ ശത്രുക്കളില്‍ നിന്നു പിന്തിരിപ്പിച്ചു’ (ثُمَّ صَرَفَكُمْ عَنْهُمْ) എന്ന് പറഞ്ഞത് അതിനെക്കുറിച്ചാണ്.
لِيَبْتَلِيَكُم
ഇതെല്ലാം നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്. ഈ സംഭവത്തില്‍ നിന്ന് നിങ്ങള്‍ പാഠം പഠിക്കണം.
وَلَقَدْ عَفَا عَنْكُم
ഇപ്രാവശ്യം സംഭവിച്ചത് അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. മേലില്‍ ഇതാവര്‍ത്തിക്കരുത്.
وَاللَّهُ ذُو فَضْلٍ عَلَى الْمُؤْمِنِين
നിങ്ങള്‍ സത്യവിശ്വാസികളാണല്ലോ,.സത്യവിശ്വാസികള്‍ക്ക് വളരെ ഔദാര്യം ചെയ്യുന്നവനാണ് അല്ലാഹു. അതുകൊണ്ടാണ് നിങ്ങള്‍ക്കവന്‍ മാപ്പ് നല്‍കുന്നതും ശിക്ഷാ നടപടിയൊന്നും എടുക്കാതിരിക്കുന്നതും.
അടുത്ത ആയത്ത് 153
അമ്പെയ്ത്തുകാര്‍ നിര്‍ദിഷ്ട സ്ഥാനം വിട്ടതിനെത്തുടര്‍ന്ന് യുദ്ധത്തിന്‍റെ ഗതി മാറിയ ഘട്ടത്തെക്കുറിച്ചാണിനി പറയുന്നത്.
അപ്രതീക്ഷിതമായ ശത്രുക്കളുടെ തിരിച്ചുവരവും ആക്രമണവും കണ്ടതോടെ മുസ്‌ലിംകള്‍ ഭയവിഹ്വലരായി, പലരും പതറിച്ചിതറിയോടി. മുന്നില്‍ നിന്നും പിന്നില്‍ നിന്നും ആക്രമണം! എന്ത് ചെയ്യണമെന്നറിയുന്നില്ല. ചിലര്‍ നേരെ മദീനയിലേക്കോടി. ചിലര്‍ മലമുകളിലേക്ക് കയറിയോടി. പലരും എങ്ങോട്ടെന്നില്ലാതെ പിന്തിരിഞ്ഞോടി.
ഇതേ സമയം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തല്‍സ്ഥാനത്തുതന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. 'അല്ലാഹുവിന്‍റെ അടിമകളേ, ഇങ്ങോട്ടുവരൂ, എന്‍റെയടുത്തേക്ക് വരൂ!’ (‘ഇലയ്യ ഇബാദല്ലാഹ്) (إِلَى عِبَادُ للهِ)’ എന്ന് അവിടന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ജീവനും കൊണ്ടോടുന്ന അവര്‍ തിരിഞ്ഞുനോക്കാതെ ഓടുക തന്നെയാണ്.
ഇതിനിടെയാണ് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊല്ലപ്പെട്ടുവെന്ന കിംവദന്തി കൂടി പരന്നത്! ഇനിയെന്തും സഭവിക്കാം! ശത്രുക്കള്‍ മദീനയിലേക്ക് ഇരച്ചുകയറി വീടുകളും കുടുംബവുമെല്ലാം നശിപ്പിച്ചേക്കാം! ആകപ്പാടെയൊരു വെപ്രാളം, ആശയക്കുഴപ്പം! ദുരിതത്തിനുമേല്‍ ദുരിതം!
ഇതെല്ലാം സംഭവിച്ചത് സ്വന്തം പ്രവൃത്തിമൂലം തന്നെയാണെന്നാണ് അല്ലാഹു പറയുന്നത്.
إِذْ تُصْعِدُونَ وَلَا تَلْوُونَ عَلَىٰ أَحَدٍ وَالرَّسُولُ يَدْعُوكُمْ فِي أُخْرَاكُمْ فَأَثَابَكُمْ غَمًّا بِغَمٍّ لِكَيْلَا تَحْزَنُوا عَلَىٰ مَا فَاتَكُمْ وَلَا مَا أَصَابَكُمْ ۗ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ (153)
തിരുമേനി പുറകില്‍ നിന്നു വിളിക്കവെ, ആരെയും തിരിഞ്ഞുനോക്കാതെ യുദ്ധമുഖത്തു നിന്നു നിങ്ങള്‍ ഓടിപ്പോയ സന്ദര്‍ഭം സ്മരിക്കുക. അങ്ങനെ മേല്‍ക്കുമേല്‍ ദുഃഖം അല്ലാഹു നിങ്ങള്‍ക്കു പ്രതിഫലം തന്നു. വിജയം കൈവിട്ടതിലും വിപത്തേറ്റതിലും നിങ്ങള്‍ ഇനിയും ദുഃഖിക്കാതിരിക്കാനാണ് മാപ്പരുളിയത്. നിങ്ങളുടെ ചെയ്തികളെപ്പറ്റി സൂക്ഷ്മജ്ഞനാണ് അല്ലാഹു.
ചിലരുടെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കലംഘനത്തിന്‍റെയും അക്ഷമയുടെയും ഭീരുത്വത്തിന്‍റെയും ദുഷ്ഫലം എല്ലാവരും അനുഭവിക്കേണ്ടിവന്നു. മേല്‍ക്കുമേല്‍ ദുഖം!
ജയം കണ്ണില്‍ കണ്ട ശേഷം പരാജയം സംഭവിച്ചത്, പലരും കൊല്ലപ്പെട്ടത്, പലര്‍ക്കും മുറിവുകളേറ്റത്, തിരുനബി صلى الله عليه وسلم വധിക്കപ്പെട്ടുവെന്ന് കേട്ടത്, ഗനീമത്ത് നഷ്ടപ്പെട്ടത്... ഇങ്ങനെ പല പല ദുഖങ്ങള്‍.
فَأَثَابَكُمْ غَمًّا بِغَمٍّ എന്ന് പറഞ്ഞതിന്, തിരുനബി صلى الله عليه وسلمയെ നിങ്ങള്‍ വിഷമിപ്പിച്ച കാരണത്താല്‍ അല്ലാഹു നിങ്ങള്‍ക്ക് ദുഃഖം പ്രതിഫലം നല്‍കി എന്നും അര്‍ഥമാകാം.
ഏതായാലും സത്യവിശ്വാസികളായതുകൊണ്ട്, സംഭവിച്ചുപോയ മനുഷ്യസഹജമായ തെറ്റ് അല്ലാഹു പൊറുത്തുകൊടുത്തു.
ആപത്തുസമയത്ത് ക്ഷമയും സഹനവും മുറുകെപ്പിടിക്കാന്‍ സത്യവിശ്വാസികളെ പരിശീലിപ്പിക്കുകയാണ് അല്ലാഹു.
لِكَيْلَا تَحْزَنُوا عَلَىٰ مَا فَاتَكُمْ وَلَا مَا أَصَابَكُمْ
എന്ത് സംഭവിച്ചാലും നഷ്ടപ്പെട്ടാലും മേലില്‍ അതിലൊന്നും വ്യസനിക്കുകയോ വേദനിക്കുകയോ ചെയ്യരുത്. വിശ്വാസം സുദൃഢമാകുകയും മനക്കരുത്ത് വര്‍ധിക്കുകയുമാണ് വേണ്ടത്.
എല്ലാവരുടെയും എല്ലാ പ്രവൃത്തികളും, അതിന് പ്രേരകമാകുന്ന ചേതോവികാരങ്ങളുമെല്ലാം സസൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. (وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ)
-------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
 
 


 
             
            
                     
           
            
                     
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment