തൗഹീദും ശിര്‍ക്കും: ചില സൂചനകള്‍

ഇസ്‌ലാമിന്റെ അടിത്തറയാണല്ലോ തൗഹീദ്. തൗഹീദെന്നാല്‍ ഏകദൈവവിശ്വാസം. തൗഹീദിന്റെ നേര്‍വിപരീതം ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസം. ഒന്നു മനസ്സിലാക്കിയാല്‍ മറ്റേതും മനസ്സിലാകുമെന്നവിധം പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നവയാണ് തൗഹീദും ശിര്‍ക്കും.
അല്ലാഹുവല്ലാതെ ഇലാഹ് ഇല്ലെന്ന് വിശ്വസിക്കുമ്പോള്‍ തന്നെ മറ്റുള്ളതൊന്നും ഇലാഹ് അല്ലെന്നും വിശ്വാസമുണ്ടാകുന്നു. മറ്റു ചിലതു ഇലാഹാണെന്ന വിശ്വാസത്തില്‍ അല്ലാഹു മാത്രമേ ഇലാഹുള്ളൂ എന്ന വിശ്വാസത്തിന്റെ നിരാകരണവും സംഭവിക്കുന്നു. എന്നിരിക്കെ, ഒരു മുവഹ്ഹിദ് ഒരിക്കലും മുശ്‌രിക്കാകുന്നില്ല. മുശ്‌രിക്ക് ഒരിക്കലും മുവഹ്ഹിദുമാകുന്നില്ല. ഒരേസമയം ഒരു വ്യക്തിയില്‍ ഒരുമിച്ചുകൂടാനാവാത്ത വിരുദ്ധ വിശ്വാസങ്ങളാണ് അവ രണ്ടും.
അല്ലാഹു നിയോഗിച്ച ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ മുഴുവനും ആദ്യമായും അടിസ്ഥാനപരമായും പ്രബോധനം ചെയ്തത് ശിര്‍ക് നിരാകരിച്ച് തൗഹീദ് നിലനിര്‍ത്താനായിരുന്നു. തൗഹീദിന്റെ വചനമായി അവരഖിലവും സമര്‍പ്പിച്ചത് ലാഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യമാണ്. കലിമതുത്തൗഹീദ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആണെന്നതില്‍ മുസ്‌ലിം ലോകം ഐക്യപ്പെട്ടിരിക്കുന്നു. (അത്വാര്‍ ഹാശിയത്തു ജംഇല്‍ ജവാമിഅ് -പേ 2/50)
നബി(സ)യുടെ പ്രഥമ പ്രബോധിത സമൂഹം മുശ്‌രിക്കുകളായിരുന്നുവല്ലോ. അവര്‍ക്ക് ‘ലാഇലാഹ ഇല്ലല്ലാഹ്’യോടുണ്ടായിരുന്ന തീക്ഷ്ണമായ വൈകാരിക പ്രതിഷേധം ഖുര്‍ആന്‍ പലയിടത്തും വരച്ചു കാണിക്കുന്നുണ്ട്. ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നത് അവരോട് പറയപ്പെടുമ്പോള്‍ നിശ്ചയമായും അവര്‍ അഹംഭാവം നടിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു ഭ്രാന്തന്‍ കവിക്കുവേണ്ടി നമ്മുടെ ഇലാഹുകളെ ഉപേക്ഷിക്കുന്നവര്‍ തന്നെയാണോ നാം എന്ന് അവര്‍ പറയുകയും ചെയ്തിരുന്നു. (ഖുര്‍ആന്‍ 37: 35,36) മുശ്‌രിക്കുകളുടെ ഈ പ്രതികരണം ലാഇലാഹ ഇല്ലല്ലാഹുവിനെതിരെയുള്ള അവരുടെ രൂക്ഷമായ അമര്‍ഷമാണ് ചൂണ്ടിക്കാണിക്കുന്നത്. അപ്പോള്‍ ഒരു നിലയ്ക്കും കലിമത്തുത്തൗഹീദിനോടു സമരസപ്പെടുവാന്‍ മക്കയിലെന്നല്ല ലോകത്തെ ഒരു മുശ്‌രിക്കിനും സാധിക്കില്ല. അത്രമാത്രം ശിര്‍ക്കിനെ നിഷേധിക്കുകയും നിരാകരിക്കുകയുമാണ് ലാ ഇലാഹ ഇല്ലല്ലാഹ്.
അല്ലാഹുവല്ലാത്തതൊന്നും ഇലാഹ് അല്ല എന്നുള്ള വാച്യാര്‍ത്ഥവും (മന്‍ത്വൂഖ്) അല്ലാഹുവാണ് ഇലാഹ് എന്ന ഗ്രാഹ്യാര്‍ത്ഥവും (മഫ്ഹൂം) സമ്മേളിച്ച ലാഇലാഹ ഇല്ലല്ലാഹുവില്‍ സ്ഥിരീകൃത ഗ്രാഹ്യാര്‍ത്ഥത്തെക്കാള്‍ നിഷേധിത വാച്യാര്‍ത്ഥത്തിനു മുന്‍ഗണന നല്‍കിയതു തന്നെ ശിര്‍ക്കിനെ നിഷേധിക്കുന്നതിനാണു കലിമയില്‍ പ്രഥമ പരിഗണന കൊടുക്കുന്നതെന്നു തെളിയിക്കുന്നു.
വിശ്വാസത്തിന്റെ തലത്തിലാണു തൗഹീദും ശിര്‍ക്കും സംഭവിക്കുന്നത്. അതുകൊണ്ടാണ് രണ്ടിനും ഏകദൈവ വിശ്വാസം, ബഹുദൈവ വിശ്വാസം എന്നു പരിഭാഷപ്പെടുത്തുന്നത്. വിശ്വാസം വന്നുചേരാതെ വെറും കര്‍മം കൊണ്ടോ വചനം കൊണ്ടോ അവ രണ്ടുമുണ്ടാകില്ലെന്നു വ്യക്തമാണ്.
ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ളവന്‍ (അല്‍ മഅ്ബൂദ് ബില്‍ ഹഖ് അല്‍ മുസ്തഹിഖു ലില്‍ ഇബാദ) എന്നാണ് കലിമത്തു തൗഹീദില്‍ അല്ലാഹുവിനു മാത്രമായി സ്ഥിരപ്പെടുത്തുന്നതും അല്ലാത്തവര്‍ക്കു നിഷേധിക്കുകയും ചെയ്യുന്ന ഇലാഹ് കൊണ്ടുള്ള വിവക്ഷ. (ജംഉല്‍ ജവാമിഅ് 1:255, റാസി 156/14) കേവലം ആരാധിക്കപ്പെടുന്നവന്‍ എന്നല്ല, കേവലം ആരാധിക്കപ്പെടുന്നവന്‍ അല്ലാഹു മാത്രമേയുള്ളൂ എന്നാര്‍ണര്‍ത്ഥമെങ്കില്‍ തൗഹീദിന്റെ വചനം അവാസ്തവമാകും. കാരണം, അനേകമായിരം ആരാധ്യവസ്തുക്കളെ പരശ്ശതം ജനങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. അപ്പോള്‍ അക്കാര്യം നിഷേധിക്കുന്നതിനര്‍ത്ഥമില്ല. ചുരുക്കത്തില്‍, ആരാധിക്കപ്പെടേണ്ടുന്നവന്‍ ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നാണ് കലിമയുടെ ആശയം.
എന്താണു ഇബാദത്ത് അഥവാ ആരാധന? ”അഖ്‌സാഗായത്തില്‍ ഖുള്വൂഇ വത്തദല്ലുലി” -വിനയത്തിന്റെയും താഴ്മയുടെയും അങ്ങേയറ്റം എന്ന് ഇബാദത്ത് നിര്‍വചിക്കപ്പെട്ടതായി കാണാം. വിധേയപ്പെടുന്ന വസ്തുവിന്റെ മുമ്പില്‍ സാധ്യമായതില്‍ വെച്ചേറ്റവും താഴ്ന്ന വിതാനത്തില്‍ നില്‍ക്കുമ്പോള്‍ ആ വസ്തുവിനു ചെയ്യുന്ന വിനയവും താഴ്മയുമാണ് ഏറ്റവും പരമമായതാകുക. താന്‍ വന്ദിക്കുന്ന വസ്തു ദൈവവമാണെന്ന് സാക്ഷാല്‍ വിശ്വസിക്കുകയോ അങ്ങനെ സങ്കല്‍പ്പിക്കുകയോ പ്രതിഷ്ഠിക്കുകയോ ഗണിച്ചുപോരുകയോ ചെയ്യുമ്പോഴാണ് ആ വസ്തുവിനു ചെയ്യുന്ന വിനയാദരവുകള്‍ ആരാധന(ഇബാദത്ത്)യാകുന്നത്. ദൈവമെന്നാല്‍ സമ്പൂര്‍ണ്ണതയുടെ സവിശേഷതകള്‍ സമൂര്‍ത്തമായി സമ്മേളിച്ച സത്ത. ഒന്നുകില്‍ യഥാര്‍ത്ഥത്തില്‍ തന്നെ അതു ദൈവമാണെന്ന് സാക്ഷാല്‍ വിശ്വസിക്കണം. അതല്ലെങ്കില്‍ അങ്ങനെ സങ്കല്‍പ്പിക്കുകയോ പ്രതിഷ്ഠിക്കുകയോ വേണം. ദൈവമാണെന്ന് വെറും അറിഞ്ഞുകൊണ്ടായില്ല. മറിച്ച് അക്കാര്യം വിശ്വാസപരമായോ സങ്കല്‍പ്പ പ്രതിഷ്ഠിക്കല്‍ കൊണ്ടോ അംഗീകരിച്ചിരിക്കണം.
ഈ അംഗീകാരം മാനസിക തലത്തില്‍ വരുന്ന ഒന്നാണ്. അതു വെറും വാചികമോ അവചനങ്ങള്‍കൊണ്ടുള്ള കര്‍മമോ അല്ല. ദൈവമാണെന്ന് മനസ്സ് കൊണ്ടംഗീകരിച്ച ഒരു വസ്തുവിനോട് ചെയ്യുന്ന ഏതു വന്ദനവും ഇബാദത്താണ്. അടിമ ദൈവത്തിനു മുന്നില്‍ തന്റെ അടിമത്തവും എളിമത്വവും പ്രകടിപ്പിക്കുന്ന വിശ്വാസപരവും കര്‍മപരവുമായ മുഴുസംഗതികളും ഇബാദത്താണ്. ലാഇലാഹ ഇല്ലല്ലാഹ് എന്നു വിശ്വസിക്കല്‍ വിശ്വാസപരമായ ഇബാദത്താണ്. തദടിസ്ഥാനത്തില്‍ അത് നാവുകൊണ്ട് ദിക്ര്‍ ചൊല്ലല്‍ കര്‍മപരമായ ഇബാദത്തുമാണ്. ദൈവമാണെന്ന് കരുതിപ്പോരുന്ന ശക്തിക്കോ വ്യക്തിക്കോ പ്രതിഷ്ഠക്കോ മുന്നില്‍ ഒന്നു കൈ കൂപ്പി നിന്നാലതുപോലും കര്‍മണായുള്ള ഇബാദത്താകും.
ഇബാദത്തെന്നത് ഏതെങ്കിലും വിഷയത്തില്‍ ഏറ്റവും വലുതെന്ന് വിശ്വസിക്കുന്ന വസ്തുവിനോടുണ്ടാകുന്ന മനസ്സിന്റെ സ്വാഭാവിക നിലപാടു മാത്രമാണെന്നും കര്‍മപരമായ ചെയ്തികളൊന്നും ഇബാദത്തല്ലെന്നും, ഫിഖ്ഹില്‍ പ്രതിപാദിക്കുന്ന ഇബാദത്തുകള്‍ തൗഹീദില്‍ ലാഇലാഹ ഇല്ലല്ലാഹു ഉദ്ദേശിക്കുന്ന ഇബാദത്തല്ലെന്നുമുള്ള വിശദീകരണം സ്വയംകൃതവും പ്രാമാണികരാരും പറയാത്തതുമാണ്. ഫുഖഹാഅ് ഇബാദത്തിനെ നിര്‍വചിച്ചിടത്തും തദല്ലുലും ഖുളൂഉം (വിനയവും താഴ്മയും) തന്നെയാണു പറഞ്ഞിട്ടുള്ളത്. ശീറാസി(റ) പറഞ്ഞു: ഇബാദത്ത്, തഅബ്ബുദ്, നുസുക് ഇവയൊക്കെ താഴ്മ ചെയ്യുക, വിനയപ്പെടുക എന്ന അര്‍ത്ഥത്തിലാണ്. അപ്പോള്‍ അല്ലാഹുവിനു വഴിപ്പെടുകയും സാമീപ്യപ്പെടുകയും ചെയ്യുന്ന നിലയ്ക്ക് നമ്മോട് ആരാധനയര്‍പ്പിക്കാന്‍ കല്‍പ്പിക്കപ്പെട്ട കാര്യം എന്നാണു ഇബാദത്തിന്റെ നിര്‍വചനം. ഇമാമുല്‍ ഹറമൈനി(റ) തന്റെ അല്‍ അസാലീബ് ഫീ മസാഇലില്‍ ഖിലാഫ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: കല്‍പ്പിക്കപ്പെട്ട കാര്യം അനുഷ്ഠിക്കല്‍ മുഖേന മഅ്ബൂദിലേക്ക് അടുക്കല്‍ കൊണ്ട് താഴ്മയും വണക്കവും കാണിക്കലാണ് ഇബാദത്ത്. മുതവല്ലി(റ) തന്റെ അല്‍കലാം എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: അടിമകളുടെ പ്രകൃതത്തിന്റെ താല്പര്യത്തിനു വിരുദ്ധമായി അല്ലാഹു പരീക്ഷണാര്‍ത്ഥം അവരോട് കീര്‍ത്തിച്ചവ അനുഷ്ഠിക്കലാണു ഇബാദത്ത്. മാവര്‍ദി(റ) ഹാവിയില്‍ പറഞ്ഞു: അല്ലാഹുവിലേക്കടുക്കുവാന്‍ വേണ്ടി ആരാധനയായി വന്ന കാര്യമാണ് ഇബാദത്ത്. (ശര്‍ഹുല്‍ മുഹദ്ദബ് 1:373)

ഫിഖ്ഹില്‍ പ്രതിപാദിക്കുന്ന ഇബാദത്തുകളൊക്കെയും വിനയവും വണക്കവും തന്നെയാണെന്നും അതു മനസ്സിന്റെ സ്വാഭാവിക പ്രതികരണം മാത്രമല്ലെന്നും ഇബാദത്ത് അനുഷ്ഠാനപരം കൂടിയാണെന്നുമാണ് ഉപര്യുക്ത നിര്‍വചനങ്ങള്‍ സംയോജിപ്പിക്കുമ്പോള്‍ സ്പഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ ഇമാം റാസി(റ) ഇപ്രകാരം രേഖപ്പെടുത്തി: ”അങ്ങേയറ്റത്തെ ആദരവ് ഉള്‍കൊള്ളുന്ന അനുഷ്ഠാനമാണ് ഇബാദത്ത്.” (റാസി 20:321). സ്വീകരിക്കല്‍ നിര്‍ബന്ധമാകുന്ന അതിമഹത്തായ കല്‍പ്പനയാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന വാക്ക്, പ്രവൃത്തി, അവ രണ്ടിന്റെയും ഉപേക്ഷ -അതാണ് ഇബാദത്ത്. (റാസി 26:239) മറ്റൊരു സ്ഥലത്ത് റാസി രേഖപ്പെടുത്തി: ”തൗഹീദ് അടിസ്ഥാനശാസ്ത്രത്തില്‍ പെട്ടതും ഇബാദത്ത് ശാഖാപരമായ ശാസ്ത്രത്തില്‍ പെട്ടതുമാണ്.” (22:19)
ഈ ഉദ്ധരണികളൊക്കെയും അറിയിക്കുന്നത് ലാഇലാഹ ഇല്ലല്ലാഹുവിനെ കെട്ടഴിക്കുമ്പോള്‍ ചര്‍ച്ചയില്‍വരുന്ന ഇബാദത്ത് ഫിഖ്ഹിലെ ഇബാദത്തിനന്യമല്ലെന്നു തന്നെയാണ്.
ദൈവമായി ഗണിച്ചുപോരുന്ന ബിംബം, അചേതനമാണെന്നറിഞ്ഞിട്ടുപോലും ചിലര്‍ ബഹുദൈവാരാധകരായത്, അവര്‍ അതിനെ ദൈവമായി പരിഗണിച്ചു എന്നതു മൂലമാണ്. ദൈവികതയുടേത് പോയിട്ട്, ചൈതന്യത്തിന്റേതായ യാതൊരു ഗുണവും ഇല്ലാത്ത വെറും ഒരു കല്ലാണീ വിഗ്രഹം എന്നറിയാമായിരുന്നിട്ടുപോലും ആ അറിവിനു (മഅ്‌രിഫത്ത്) വിരുദ്ധമായ പരിഗണന (ഇഅ്തിമ്മാര്‍) ബിംബത്തിനു അവര്‍ നല്‍കുകയാണുണ്ടായത്. എന്നാലിപ്പറഞ്ഞതില്‍ ഇപ്രകാരമൊരു സംശയം വരാം: മഅ്‌രിഫത്തിനു വിരുദ്ധമായ ശങ്കല്‍പ്പം ഒരു വസ്തുവില്‍ വെച്ചുപുലര്‍ത്തുകയെന്നത് സംഭവിക്കുമോ? അതു സംഭവിക്കാം എന്നുതന്നെയാണ് മറുപടി. നബി(സ)യുടെ കാലത്തെ അവിശ്വാസികള്‍ക്ക് നബിയെ അവരുടെ മക്കളെ അറിയുംപോലെ അറിയാമായിരുന്നു. നബി(സ) റസൂലുല്ലാഹിയാണെന്നും അവര്‍ക്ക് ദൃഢജ്ഞാനമുണ്ടായിരുന്നു. എന്നിട്ടും നബി(സ)യെ റസൂലാണെന്നവര്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല നബിയെക്കുറിച്ച് വ്യാജ പ്രവാചകനാണെന്ന വിശ്വാസം കൈകൊള്ളുകയായിരുന്നു അവര്‍. സത്യം തിരിച്ചറിഞ്ഞിട്ടും അതിനെതിരിലുള്ള വിശ്വാസം വച്ചുപുലര്‍ത്തുകയാണിവിടെ സംഭവിക്കുന്നത്.
പലപ്പോഴും നമുക്കിടയില്‍ തന്നെ അത്തരം വിശ്വാസങ്ങള്‍ കൈകൊള്ളപ്പെടാറുണ്ട്. ഉദാ: തബന്നി (ദത്തുപുത്രനെയാക്കല്‍) ദത്തുപുത്രന്‍/പുത്രി തന്റേതല്ലെന്നറിഞ്ഞിട്ടും പുത്രനായി / പുത്രിയായി സങ്കില്‍പ്പിച്ചു പോരുന്നതാണ്. മുഖ്യമന്ത്രി യോഗ്യനല്ലെന്നറിഞ്ഞിട്ടും അതംഗീകരിക്കാതെ മഹായോഗ്യനായി കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാരെ കാണാറില്ലേ? സ്വവര്‍ഗദമ്പതികള്‍ക്കറിയാം, തങ്ങള്‍ സാക്ഷാല്‍ ദമ്പതികളല്ലെന്ന്. എന്നാലും ദമ്പതികളായി രജിസ്റ്റര്‍ ചെയ്ത് അവര്‍ ജീവിക്കുന്നു. കളിപ്പാവ തന്റെ കുഞ്ഞല്ലെന്നറിഞ്ഞിട്ടും അതിനെ ഓമനിക്കുകയും പാല്‍ചുരത്തുകയും ചെയ്യുന്ന കുട്ടിയുടെ ചെയ്തിയിലും സംഭവിക്കുന്നത് പാവയെ തന്റെ കുഞ്ഞായി സങ്കല്‍പ്പിക്കുകയും പ്രതിഷ്ഠിക്കലുമാണ്.
മനുഷ്യനെക്കാള്‍ താഴ്ന്നതാണെന്ന് ധരിക്കപ്പെടുന്ന മൃഗം ഉള്ഹിയ്യത്തിനു വേണ്ടി നിജപ്പെടുത്തലോടെ ഒരു സുപ്രഭാതത്തില്‍ അതിനോടു ബഹുമാനം തോന്നുന്നതും ആദരവു കാണിക്കുന്നതുമൊക്കെ ഈയൊരു മാനദണ്ഡത്തിലാണ്. അപ്രകാരം, ഒരു വസ്തുവിനെ ദൈവമായി (ഇലാഹായി) പ്രതിഷ്ഠിക്കുമ്പോള്‍ അതിനു മുന്നില്‍ കാണിക്കുന്ന വിനയാദരവുകള്‍ അതിനുള്ള ഇബാദത്തായി മാറുന്നു.
തങ്ങളുടെ ദൈവങ്ങള്‍ ആരാധിക്കുന്നതിനു മുശ്‌രിക്കുകള്‍ പറഞ്ഞിരുന്ന ഒരു ന്യായം, അല്ലാഹുവിങ്കല്‍ തങ്ങള്‍ക്കുവേണ്ടി ദൈവങ്ങള്‍ ശഫാഅത്തു ചെയ്യുമെന്നാണ്; അവനിലേക്ക് തങ്ങളെ അവ അടുപ്പിക്കുമെന്നും. അല്ലാഹുവിനോടു ശഫാഅത്തു ചെയ്യലും അവനിലേക്കടുപ്പിക്കലുമെന്ന ലക്ഷ്യം മഹത്തായതാണ്. പക്ഷേ, അതിനുള്ള മാര്‍ഗം പിഴച്ചുപോയതാണ് മുശ്‌രിക്കുകള്‍ക്ക് വിനയായത്. ശഫാഅത്തും അടുപ്പിക്കലും പ്രോത്സാഹനാജനകമായതും പലപ്പോഴും നിര്‍ബന്ധവുമാണ്. ഉദാ: മയ്യിത്തു നിസ്‌കാരം. മരണപ്പെട്ടവനു വേണ്ടിയുള്ള ശഫാഅത്തും അവനെ അല്ലാഹുവിലേക്കടുപ്പിക്കലുമാണത്. മുശ്‌രിക്കുകള്‍ ശഫാഅത്ത് കിട്ടാന്‍ അവലംബിച്ച മാര്‍ഗം പക്ഷേ ശുപാര്‍ശകരെ ദൈവങ്ങളായി പരിഗണിക്കലും അവയെ ആരാധിക്കലുമായിരുന്നു. അതു ശിര്‍ക്കും കുഫ്‌റുമാണ്. ശിര്‍ക്ക് അനുവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി ശഫാഅത്ത് ചെയ്യാന്‍ അല്ലാഹുവിന്റെ അനുമതിയില്ല. നബി(സ)യ്ക്കു പോലും അതിനനുമതിയില്ല.
ഇനി, പ്രതിഷ്ഠിത ദൈവങ്ങള്‍ക്ക് തങ്ങളുടെ പൂജകള്‍ക്കുവേണ്ടി ശഫാഅത്തു ചെയ്യാന്‍ അനുമതിയുണ്ടെന്നു തന്നെ വയ്ക്കുക- അല്ലാഹുവിനങ്ങനെ അനുവാദം കൊടുക്കുന്നതിനു വിരോധമൊന്നുമില്ലല്ലോ. പ്രസ്തുത അനുമതി പ്രകാരം ശഫാഅത്തു ചെയ്യാന്‍ വേണ്ടിയാണ് തങ്ങള്‍ ദൈവങ്ങളെ പൂജിക്കുന്നതെന്ന് ബഹുദൈവാരാധകര്‍ വാദിച്ചാലും ആ പൂജ ശിര്‍ക്കിന്റെ പൂജ തന്നെയാണ്. ഏറിവന്നാല്‍ ശഫാഅത്തിനു പുറമെ ശിര്‍ക്കും അല്ലാഹു അനുവദിച്ചതാണെന്നു വരുമെന്നല്ലാതെ, അല്ലാഹുവിനു പുറമെ ദൈവത്തെ പ്രതിഷ്ഠിക്കുന്നത് ശിര്‍ക്കല്ലാതെയാകുന്നില്ല.
‘അല്ലാഹുവിന്റെ അനുമതിയില്ലാത്ത ശഫാഅത്ത്’ ആണ് ബഹുദൈവങ്ങളുടേതെന്ന് നാം മനസ്സിലാക്കി. എന്നാല്‍, പ്രവാചകന്മാരോ ഔലിയാക്കളോ മുവഹ്ഹിദുകള്‍ക്കു വേണ്ടി നടത്തുന്ന ശഫാഅത്ത് അല്ലാഹുവിന്റെ അനുമതിയോടെയുള്ള ശഫാഅത്താണ്. കാരണം, സത്യവിശ്വാസി  പ്രവാചകന്മാരെയോ ഔലിയാഇനെയോ ഇലാഹുകളായി സ്വീകരിക്കുന്നില്ല. ഇവിടെ ദൈവികത ചാര്‍ത്തുന്നുണ്ടോ ഇല്ലെയോ എന്നതിലാണു ശഫാഅത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും വേര്‍തിരിയുന്നത്.
ചില മുശ്‌രിക്കുകള്‍ അവരുടെ ആരാധ്യവസ്തുക്കള്‍ ശഫാഅത്തില്‍ മാത്രം പരമാധികാരികളാണെന്നു വിശ്വസിച്ചു ബാക്കി സര്‍വ്വത്തിലും അചേതനമെന്നും വിശ്വസിച്ചു. എന്നിങ്ങനെ വിശദീകരിക്കുന്നത് ശരിയല്ല. ഒരു കാഫിറിനു വേണ്ടി ശഫാഅത്തു ചെയ്യാന്‍ അല്ലാഹുവിന്റെ അനുമതിയില്ലെന്നു വെച്ച് കാഫിറിനെ സ്വര്‍ഗത്തില്‍ കടത്തണേ എന്നാരെങ്കിലും അല്ലാഹുവിനോട് ശഫാഅത്തു ചെയ്താലതു അയാളുടെ സ്വയം കഴിവാണെന്നു മനസ്സിലാക്കാനാകുമോ?
ബഹുദൈവങ്ങള്‍ക്ക് ശഫാഅത്തില്‍ മാത്രം സ്വയം കഴിവുണ്ടെന്നു പറയുന്ന പക്ഷം, അതു ശിര്‍ക്കാണെന്നു വരുത്താന്‍ അപ്പോളിങ്ങനെ പറയേണ്ടിവരും: അല്ലാഹുവിനു മാത്രം പരമാധികാരമുള്ള ശഫാഅത്തില്‍ ദൈവങ്ങളെ അവര്‍ പങ്കുചേര്‍ത്തിയെന്ന് ശഫാഅത്തില്‍ പരമാധികാരിയായ അല്ലാഹു എന്നിട്ടാരോടാണ് ആ പരമാധികാരം ഉപയോഗിച്ച് ശുപാര്‍ശ ചെയ്യുന്നത്? വാസ്തവത്തില്‍ ശഫാഅത്തില്‍ മാത്രം പരമാധികാരം എന്നൊന്നില്ലെന്നതാണു നേര്. സമ്പൂര്‍ണ്ണതയുടെ സവിശേഷതകള്‍ സമൂലം സമ്മേളിച്ച ദൈവങ്ങളായി ബിംബങ്ങളെ അവരോധിക്കുക തന്നെയായിരുന്നു മുശ്‌രിക്കുകള്‍ ചെയ്തത്. ശഫാഅത്തെന്ന മധ്യവര്‍ത്തിത്വത്തില്‍ മാത്രം പരമാധികാരികളാക്കുകയല്ല അത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter