തൗഹീദ്‌

മനുഷ്യസൃഷ്ടിപ്പ് മുതല്‍ അല്ലാഹു ഈ ലോകത്തേക്ക് അനേകായിരം പ്രവാചകന്‍മാരെ നിയോഗിച്ചത് അവന്റെ ‘തൗഹീദ്’ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വേണ്ടിയായിരുന്നു. വ്യത്യസ്ത ഭാഷ-ദേശങ്ങളില്‍ അവന്റെ ദൂതന്‍മാര്‍ വന്നു പറഞ്ഞതും കാണിച്ചുകൊടുത്തതും ഓരേ അടിസ്ഥാന ആശയമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാവരും പഠിപ്പിച്ചതും ക്ഷണിച്ചതും ഒരേ തൗഹീദിലേക്കാണെങ്കില്‍ ആ ഒന്ന് തന്നെയാവണം നാമും മനസ്സിലാക്കേണ്ടത്. അതില്‍ അല്‍പം കൂട്ടാനോ മാറ്റാനോ ആര്‍ക്കും അധികാരമില്ല. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ലോകത്തെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് കേരളത്തില്‍ പ്രസ്തുത വിഷയം മനസ്സിലാക്കുന്നതില്‍ ചിലയാളുകള്‍ക്ക് അബദ്ധം സംഭവിക്കുകയും തെറ്റായി മനസ്സിലാക്കിയ തന്റെ വിവരക്കേട് പ്രചരിപ്പിക്കാന്‍ സംഘടനകളും മറ്റു മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
പല ദുര്‍ബല മനസ്സും അവരുടെ വാക്കുകള്‍ക്ക് സമ്മതംമൂളി യഥാര്‍ത്ഥ തൗഹീദില്‍നിന്ന് വ്യതിചലിക്കുന്ന ഇക്കാലത്ത് പ്രവാചകര്‍ പഠിപ്പിച്ച തൗഹീദ്, മഹാന്മാരായ പണ്ഡിതന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ കുറിച്ചുവെച്ചത് അവയൊക്കെ എന്താണെന്ന് മനസിലാക്കിയാല്‍ അബദ്ധങ്ങളില്ലാതെ നമുക്ക് ഉള്‍കൊള്ളാന്‍ സാധിക്കും. സ്വന്തമായ ഗവേഷണങ്ങള്‍ ദീനീവിഷയത്തില്‍ പലപ്പോഴും തെറ്റിലേക്ക് നയിക്കാറുണ്ട്. പ്രവാചകരുടെ  അനന്തരക്കാരായ ഇമാമുകളുടെ ഗ്രന്ഥങ്ങളാണ് നമുക്ക് ആശ്രയം. അതിലൂടെയാണ് നാം യഥാര്‍ത്ഥ വഴി കാണേണ്ടത്.
എന്താണ് തൗഹീദ്?
എല്ലാ പ്രവാചകരും പഠിപ്പിച്ചതും ലോക മുസ്‌ലിംകള്‍ തൗഹീദിന്റെ കലിമയായി ഏകോപിച്ചതുമായ ഒരു വാചകമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’. തുഹഫ് 1/8-ല്‍ ഇബ്‌നുഹജറും മുഖ്തസറുല്‍ മആനി 71ല്‍ ഇമാം സഅ്ദൂദിനും തുടങ്ങിയ പല പണ്ഡിതന്മാരും ഇക്കാര്യം വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. അപ്രകാരം കേരളത്തിലെ എല്ലാ ഇസ്‌ലാം മത പണ്ഡിതസഭകളും സംഘടനകളും അവരവരുടെ പുസ്തകങ്ങളില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിനെ തൗഹീദിന്റെ കലിമയായി പരിചയപ്പെടുത്തുന്നു. ജമാഅത്തിന്റെ പുസ്തകമായ ‘ഇസ്തിഗാസ ഇസ്‌ലാമിക വീക്ഷണത്തില്‍’ പേജ് 19ഉം മുജാഹിദിന്റെ അഞ്ചാം തരത്തിലെ പാഠപുസ്തകം (സംസ്‌കാരം) പേജ് 11, സലാം സുല്ലമിയുടെ തൗഹീദ് പുസ്തകത്തിന്റെ പേജ് 39ഉും നാം പരിശോധിക്കുമ്പോള്‍ തൗഹീദിന്റെ കലിമ എന്താണെന്നതില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നു മനസിലാകും.
പ്രസ്തുത കലിമയില്‍നിന്ന് എന്താണോ മനസിലാവുന്നത് അതായിരിക്കും യഥാര്‍ത്ഥ തൗഹീദ് എന്ന് വളരെ വേഗത്തില്‍ ഗ്രഹിക്കാവുന്നതാണ്.
നമുക്ക് തൗഹീദിന്റെ കലിമയെ ഒന്ന് പരിചയപ്പെടാം. നഫ്‌യും (നിഷേധം) ഇസ്ബാതും (സ്ഥിരീകരണം) സംയോജിച്ച് ‘ഖസ്‌റ്’ (ഹ്രസ്വം) ഉള്ള ഒരു വാചകമാണല്ലോ പ്രസ്തുത വാക്ക്. അഥവാ അല്ലാഹു അല്ലാത്തവര്‍ ഇലാഹ് അല്ല എന്ന നഫ്‌യുടെ അര്‍ത്ഥവും അല്ലാഹു ഇലാഹ് ആണെന്ന ഇസ്ബാത്തിന്റെ അര്‍ത്ഥവും സംയോജിച്ച് ഒരു വാചകം. അറബി സാഹിത്യശാസ്ത്രം ഇതിന് പറയുന്ന പേര് ഖസ്‌റു സ്വിഫത്തി അലല്‍ മൗസൂഫി (വിശേഷണത്തെ വിശേഷിപ്പിക്കപ്പെടുന്നതില്‍ പരിമിതമാക്കുക) എന്നാണ്.
കാലങ്ങളായി വന്ന പ്രവാചകര്‍ ജനങ്ങളെ ക്ഷണിച്ചതിന്റെ ആകെതുക ‘ഇലാഹ്’ എന്ന ഒരു ഗുണം പ്രപഞ്ച നാഥനാവുന്ന അല്ലാഹുവിന് മാത്രമേ സമ്മതിച്ചുകൊടുക്കാവൂ അത് മറ്റൊരു ശക്തിക്കും ഉള്ളതായി ആരും മനസിലാക്കരുത് എന്നാണ്.
അപ്പോള്‍ മാറ്റാരിലേക്കും ചേര്‍ക്കാന്‍ പറ്റാത്തതും അല്ലാഹുവിലേക്ക് ചേര്‍ക്കേണ്ടതുമായി എല്ലാ പ്രവാചകരും പഠിപ്പിച്ച ‘ഇലാഹ്’ എന്നതിനെ കുറിച്ച് നാം നന്നായി തന്നെ ഗ്രഹിക്കേണ്ടതാണ്.
ഭാഷാര്‍ത്ഥം മഅ്ബൂദ് എന്നാണെങ്കിലും ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ‘മഅ്ബൂദുന്‍ ബി ഹഖിന്‍’ യഥാര്‍ത്ഥത്തില്‍ ഇബാദത്ത് ചെയ്യപ്പെടേണ്ടവന്‍ എന്നാണ് ഇലാഹ് എന്ന പദത്തിന് ലോക മുസ്‌ലിം പണ്ഡിതന്മാര്‍ അര്‍ത്ഥം നല്കിയിരിക്കുന്നത്. ഈ അര്‍ത്ഥത്തിലും ഒരു സംഘടനകള്‍ക്കിടയിലും അഭിപ്രായ വ്യത്യാസമില്ല എന്ന് ഒരോര്‍ത്തരുടെയും ഗ്രന്ഥങ്ങള്‍ പരതുമ്പോള്‍ ബോദ്ധ്യപ്പെടും.
അപ്പോള്‍ തൗഹീദിന്റെ കലിമ ഏതാെണന്ന വിഷയത്തിലും അതിലുള്ള ‘ഇലാഹ്’ എന്ന പദത്തിന്റെ ആശയത്തിലും ലോകത്ത് ജീവിച്ച് പോയതും ഇപ്പോള്‍ ഉള്ളവരുമായ ഒരു പണ്ഡിതനുമിടയില്‍ അഭിപ്രായ വ്യത്യാസമില്ല എന്ന കാര്യം തീര്‍ച്ചയാണ്. തൗഹീദ് മനസിലാകുമ്പോള്‍ നേര്‍ വിപരീതമായ ശിര്‍ക്ക് വേഗത്തില്‍ ഗ്രഹിക്കാനാകും. അഥവാ യഥാര്‍ത്ഥത്തില്‍ ഇബാദത്ത് ചെയ്യപ്പെടേണ്ടവന്‍ എന്ന ഗുണം അല്ലാഹു അല്ലാത്ത വല്ല ശക്തിക്കും ഉള്ളതായി അംഗീകരിക്കുക. ഈ അംഗീകാരമാണ് ശിര്‍ക്ക്. ഈ ശിര്‍ക്ക് ഉണ്ടായിരുന്ന ജനങ്ങളായിരുന്നു പല പ്രവാചകരുടെയും പ്രബോധിതര്‍.
മുകളില്‍ പറഞ്ഞ പ്രകാരമാണ് തൗഹീദും ശിര്‍ക്കുമെന്ന് ലോകത്തെ പ്രത്യേകിച്ച് കേരളത്തിലെ എല്ലാ ഇസ്‌ലാമിക പണ്ഡിതരും ഏകോപിച്ചതായത് കൊണ്ട് തദ്‌വിഷയം കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.
തൗഹീദിന്റെ വാചകം അംഗീകരിക്കുന്നവന്‍ മുവഹിദാണെങ്കിലും മുസ്‌ലിമായി, മുഅ്മിനായി പരിഗണിക്കാന്‍ പ്രവാചകരെ അംഗീകരിക്കുന്ന ഒരു വാചകം കൂടി മനസില്‍ ഉള്‍കൊള്ളേണ്ടതാണെന്ന് മനസിലാക്കുമ്പോള്‍ തൗഹീദ് അംഗീകരിക്കല്‍ കൊണ്ട് മാത്രം മതവിഷയങ്ങള്‍ ബാധകമാവുന്ന ഒരു വ്യക്തിയായി അവനെ കണക്കാക്കുകയില്ല. അഥവാ തൗഹീദ് ഉള്‍ക്കൊണ്ടാല്‍ തന്നെ അവനെ പരിഗണിക്കണമെങ്കില്‍ ദീനില്‍ ഇനിയും ചില മാനദണ്ഡങ്ങള്‍ ഉള്ളതായി പ്രത്യേകം മനസിലാക്കണം. അതുകൊണ്ടാണ് ലോകത്ത് പല ഉന്നത വ്യക്തിത്വങ്ങളും മുവഹ്ഹിദീങ്ങളാണെങ്കിലും മുസ്‌ലിമായി പരിഗണിക്കാത്തത്. ഇബാദത്ത് ചെയ്യപ്പെടേണ്ടവന്‍ എന്ന ആശയം ഉള്‍കൊള്ളാന്‍ ഇബാദത്ത് എന്താണെന്ന് മനസിലാക്കണം. പല പ്രസ്ഥാനങ്ങള്‍ക്കും തൗഹീദ് വിഷയത്തില്‍ അബദ്ധം സംഭവിച്ചത് ഇബാദത്തിനെ വിശദീകരിച്ചതില്‍ നിന്നാണ്. 23 വര്‍ഷത്തെ നബി(സ)യുടെ ജീവിതത്തില്‍നിന്നും ശേഷം വന്ന പണ്ഡിതരുടെ വിശദീകരണങ്ങളില്‍ നിന്നും ‘ഇബാദത്ത്’ നമുക്ക് ഗ്രഹഹിക്കാന്‍ കഴിയും. അതിലൂടെ തൗഹീദിനെ, അബദ്ധങ്ങളില്ലാത്ത തൗഹീദിനെ ഉള്‍കൊണ്ട് യഥാര്‍ത്ഥ പന്ഥാവിലൂടെ നമുക്ക് മുന്നേറാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter