അശ്വിന്‍ വിരാതുവിന്‍റെ അറസ്റ്റ്: ഓങ്സാന്‍ സൂചിയെ വിമര്‍ശിക്കല്‍ 280 പേരുടെ ജീവനെടുത്ത കലാപത്തേക്കാള്‍ ഗുരുതരമാണ്
മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്ലിംകളെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച 969 എന്ന സംഘനയുടെ ഉപജ്ഞാതാവായ ബുദ്ധ സന്യാസി അശ്വിന്‍ വിരാതുവിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് അന്താരാഷട്ര തലത്തില്‍ ഏറെ വാര്‍ത്തയായിരിക്കുകയാണ്. രാജ്യത്തെ പരമോന്നത നേതാവായ ആങ്സാന്‍ സൂചിക്കെതിരെയുള്ള പരാമര്‍ശം കാരണമാണ് അറസ്റ്റ് വാറന്‍റ് പുറവെടുവിച്ചിരിക്കുന്നത്. സൂചിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുന്നുവെന്ന പരാമര്‍ശമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
969
മുസ്ലിംകളുടെ 786 എന്ന സംഖ്യക്ക് ബദലായി ബുദ്ധമതക്കാരെ സൂചിപ്പിക്കുന്ന സംഖ്യയാണ് 969 എന്നത്. മുസ്ലിംകളെ വംശീയ ഉന്മൂലനം ചെയ്യാനായി 969 എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചത് വഴിയാണ് അശ്വിന്‍ വാര്‍ത്തകളില്‍ വരുന്നത്. മുസ്ലിംകള്‍ക്കെതിരെ അതിശക്തമായ പ്രചാരണങ്ങളും അത് വഴി ആക്രമണങ്ങളും നടത്തിയ സംഘടനക്ക് വളരെ പെട്ടെന്ന് തന്നെ ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ വന്‍ പിന്തുണ ലഭിച്ചു. ബുദ്ധമതക്കാരുടെ കടകളില്‍ 969 സ്റ്റിക്കര്‍ പതിക്കുകയും ബുദ്ധമതവിശ്വാസികളെല്ലാം ഈ കടകളില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാവൂ എന്ന തിട്ടൂരം ഇറക്കുകയും ചെയ്തു കൊണ്ടാണ് ഇവരുടെ വിദ്വേഷ പ്രചാരണം ആരംഭിക്കുന്നത്. മുസ്ലിംകള്‍ മ്യാന്‍മറിനെ മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പിന്നീടുള്ള പ്രചാരണം.
കലാപം
2012 ല്‍ റോഹിങ്ക്യന്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ രാഖൈനില്‍ ഒരു ബുദ്ധ സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടതോടെയാണ് കലാപത്തിന് തുടക്കം കുറിക്കപ്പെട്ടത്. ആരാണ് അക്രമികള്‍ എന്നത് അജ്ഞാതമായിരുന്നു. എന്നാല്‍ ഇത് വലിയ അവസരമായി 969 ഏറ്റെടുത്തു. മുസ്ലിം യുവാക്കളാണ് ഇതിന് പിന്നിലെന്ന് ശക്തമായ പ്രചാരണം അവര്‍ നടത്തി.
തുടര്‍ന്ന് റാഖൈന്‍ പ്രവിശ്യയില്‍ മുസ്ലിംകള്‍ കൂട്ടമായി ആക്രമിക്കപ്പെടുകയായിരുന്നു. പോലീസും പട്ടാളവും അക്രമികളെ തടഞ്ഞില്ല എന്ന് മാത്രമല്ല, കലാപത്തില്‍ പങ്ക് ചേര്‍ന്ന് മേഖലയില്‍ അഴിഞ്ഞാടുക തന്നെ ചെയ്തു. 280 ലധികം പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. വീടുകളും പള്ളികളും പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു. പല ഗ്രാമങ്ങളും പൂര്‍ണ്ണമായും അക്രമികള്‍ കത്തിച്ചു കളഞ്ഞു.
കലാപത്തെത്തുടര്‍ന്ന് പ്രവിശ്യയില്‍ നിന്ന് മുസ്ലിംകള്‍ പാലായനം ചെയ്തു. ബംഗ്ലാദേശിലേക്കായിരുന്നു കൂടുതല്‍ പാലായനവും. ബോട്ടുകളില്‍ അയല്‍ രാജ്യങ്ങളുടെ കരുണ പ്രതീക്ഷിച്ച് അഭയാര്‍ഥി സംഘങ്ങള്‍ പുറപ്പെട്ടെങ്കിലും പല രാജ്യങ്ങളും കയ്യൊഴിയുകയാണ് ചെയ്തത്. 13 ലക്ഷത്തിലധികമുള്ള റോഹിങ്ക്യന്‍ മുസ്ലിംകളാണ് ലോകത്ത് ഏറ്റവും കടുത്ത പീഢനങ്ങള്‍ക്ക് ഇരയാവുന്നതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്.
കലാപത്തില്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ്, വിമര്‍ശനത്തിന്‍റെ പേരില്‍ അറസ്റ്റ്
മുസ്ലിംകള്‍ക്കെതിരെ നടന്ന വംശീയ കലാപത്തിന്‍റെ സൂത്രധാരനെന്നും ബുദ്ധതീവ്രവാദത്തിന്‍റെ മുഖമെന്നും ഇയാളെ വിശേഷിപ്പിച്ചത് ടൈം മാഗസിനാണ്. ഇയാളുടെ ഫോട്ടോ കവര്‍ ചിത്രമായി നല്‍കി കലാപത്തിന് പിന്നിലെ ഇയാളുടെ പങ്ക് ടൈം മാഗസിന്‍ കൃത്യമായി വിവരിച്ചിരുന്നു. ലോകമെമ്പാടും ഇയാളെ തുറങ്കിലടക്കാനായി മുറവിളി ഉയര്‍ന്നിരുന്നെങ്കിലും യാതൊരു തരത്തിലുള്ള നടപടിയും ഭരണകൂടത്തില്‍ നിന്നുണ്ടായില്ല. കലാപകാരികള്‍ക്കെതിരെ പ്രതികരിക്കാത്തതിന്‍റെ പേരില്‍ നോബേല്‍ സമ്മാന ജേതാവായ സൂചിക്കെതിരെയും ശക്തമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. അന്ന് കലാപത്തിന്‍റെ സൂത്രധാരനെതിരെ ഒരക്ഷരം ഉരിയാടാതിരുന്ന സൂചി തനിക്കെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത് അവരുടെ കടുത്ത സ്വേഛാധിപത്യ മനസ്സ് കൊണ്ടാണെന്ന് പറയാതെ വയ്യ. തന്‍റെ രാജ്യത്തെ 280 ജീവനുകള്‍ അപഹരിക്കപ്പെട്ടതും പതിനായിരങ്ങള്‍ പാലായനം ചെയ്യേണ്ടിവന്നതുമൊന്നും ഒരു വിഷയമേ അല്ലാതിരുന്ന 'സമാധാന നോബേല്‍ ജേത്രിക്ക്' തനിക്കെതിരെയുള്ള ഒരു പരാമര്‍ശം പോലും ഗുരുതരമായ കേസിന് കാരണമാകുന്നത് തീര്‍ത്തും പരിഹാസ്യമാണ്.
Leave A Comment