പള്ളിയലങ്കാരം പരിധി ലംഘിക്കുന്നോ?

മനുഷ്യന്‍ ബന്ധപ്പെടുന്ന ഓരോ മേഖലയിലും 'ആര്‍ട്ടി'ന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒരു കാലമാണ് ഇന്ന്. ഓരോ കാര്യവും ഏറ്റവും പൂര്‍ണതയിലും ഭംഗിയിലും ആകര്‍ഷണീയതയിലും ചെയ്യലാണ് ആര്‍ട്ട്. എല്ലാം നിറങ്ങളും വാരിത്തേച്ച പഴയ ഡിസൈനുകളില്‍ നിന്നും വളരെ ലളിതമായ ആകര്‍ഷണീയ ശൈലിയിലേക്ക് നമ്മുടെ പോസ്റ്ററുകള്‍ പോലും മാറിയത് ഇതിന്റെ നേര്‍സാക്ഷ്യമാണ്.

ഈ അര്‍ത്ഥത്തില്‍ ആര്‍ട്ടിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യം നിസ്തുല്യമാണ്. ദീനിന്റെ മര്‍മ നിയമങ്ങളില്‍പെട്ട ഹദീസായി ഇമാം നവവി, ഇബ്‌നു റഖീഖ് തുടങ്ങിയര്‍ വിശേഷിപ്പിച്ച നബി വചനത്തില്‍ ഇങ്ങനെ കാണാം. ''ഓരോ മതകാര്യവും ഏറ്റവും പൂര്‍ണതയിലും ഭംഗിയിലുമാവല്‍ അല്ലാഹു നിര്‍ബന്ധമാക്കി, നിങ്ങള്‍ മതവിധി പ്രകാരം കൊല്ലുകയാണെങ്കില്‍ ജീവന്‍ പെട്ടെന്ന് വേര്‍പെടുന്ന എറ്റവും മൃതുലമായ രീതിയില്‍ കൊല്ലുക (വിവാഹിത വ്യഭിചാരിയുടേയും വഴികൊള്ളക്കാരന്റെയും വിധിയില്‍ ഒഴികെ) നിങ്ങള്‍ ഭക്ഷ്യയോഗ്യജീവികളെ അറക്കുകയാണെങ്കില്‍ വളരെ മയപ്പെടുത്തി മൂര്‍ച്ചയുള്ള കത്തി കൊണ്ട് അറുക്കുക'(സ്വഹീഹ് മുസ്ലിം). തീര്‍ത്തും നാശം സംഭവിക്കുന്ന രണ്ടു കാര്യങ്ങളള്‍ തന്നെ പ്രത്യേകം ഹദീസില്‍ ഉദ്ദരിച്ചതില്‍ നിന്ന് നിലനില്‍ക്കുന്ന കാര്യങ്ങള്‍ എത്രത്തോളം ഭംഗിയാക്കേണ്ടതുണ്ട് എന്ന് ഗ്രഹിക്കാവുന്നതേ ഉള്ളൂ.

മനുഷ്യന്‍ ജനിച്ചു മരിക്കുന്നതിനിടയില്‍ അവന്‍ ബന്ധപ്പെടുന്ന ഓരോ മേഖലയിലേയും ഓരോ കാര്യങ്ങളും ഏറ്റവും ഉചിതമായി എങ്ങനെ ചെയ്യാം എന്ന് അവയെ ഏറ്റവും അറിയുന്ന പടച്ചവന്‍ പറഞ്ഞു തന്ന  വിധിവിലക്കുകളാണ് ഇസ്ലാം. അതിനാല്‍ മതവിധി സ്പര്‍ശിക്കാത്ത മേഘലയില്ല, ഇവിടെയാണ് ആര്‍ട്ട് ഓരോ കാര്യത്തിലും പ്രധാനമാവുന്നത്.

നല്ല വസ്ത്രവും നല്ല ചെരിപ്പും ധരിക്കുന്നതിലെ വിധി ചോദിച്ച സ്വഹാബിയോട് നബി (സ) പറഞ്ഞത് ''അല്ലാഹു ഭംഗിയുടെ പരമകോടി പുല്‍കിയവനാണ്, ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്'' എന്നാണ്(സ്വഹീഹ് മുസ്ലിം). മിഅറാജിന്റെ ചരിത്രം പറയുന്നിടത്ത് നജ്മ് സൂറത്തില്‍ സ്വര്‍ഗവും അതിന്റെ അത്യാലങ്കാരം പോലും  കണ്ട നബിയുടെ കണ്ണ്  തള്ളിയോ ഇല്ലയോ എന്ന് എടുത്ത് പറയും വിധം സിദറത്തുല്‍ മുന്‍തഹ അല്ലാഹുവിന്റെ പ്രകാശം കൊണ്ടും മലക്കുകള്‍ ഒന്നാകെ ഒറ്റ പക്ഷിയുടെ ആകൃതിയില്‍ വലയം ചെയ്തും വിവരണാതീതവും എണ്ണി കണക്കാക്കാനാവാത്തതുമായ വൈവിദ്യ നിറങ്ങളാലും അലകൃതമായത് അലങ്കാരം അല്ലാഹുവിന് എത്രകണ്ട് ഇഷ്ടമാണ് എന്ന് വരച്ചുകാട്ടുന്നു. നിങ്ങള്‍ പള്ളിയിലെ നിസ്‌കാര സമയങ്ങളില്‍ ഭംഗിയാവുക എന്ന ആയത്ത് ഇബാദത്തില്‍ വെരെ അതിന്റെ മഹത്വം പറഞ്ഞ് തരുന്നു.

നബികാലത്തെ പള്ളിയലങ്കാരം

അല്ലാഹുവിന് ഭൂമിയില്‍ ഏറ്റവും ഇഷ്ടമുള്ള ഭവനമാണ് പള്ളി. അത് നിര്‍മിക്കുന്നവന് സ്വര്‍ഗ ഭവനം വാഗ്ദ്ധാനനമുണ്ട്. നബി തങ്ങളുടെ കാലം മുതലേ സഹാബത്തും പില്‍കാലത്ത്  താബിഇകളും മദീനാപള്ളി ആവശ്യാനുസരണം രൂപഭേദം വരുത്തിയതും അലങ്കാരപ്പെടുത്തിയതും കാണാം.

ഹിജ്‌റ ഒമ്പത് വെരെ മദീനാ പള്ളിയില്‍ വിളക്ക് ഉപയോഗിച്ചിട്ടില്ല. ഈത്തപ്പന പട്ട ചൂട്ടാക്കി തീ കൊളത്തുകയായിരുന്നു. ഹിജ്‌റ ഒമ്പതിനാണ് ഫലസ്തീനിലെ ബത് ലഹേമില്‍ പാതിരിയായിരുന്നു തമീമുദ്ദാരി (റ) ഇസ്ലാം ആശ്ലേഷിക്കുന്നത്. ലോകവും അതിലെ പുതിയ സൗകര്യങ്ങളും ചുറ്റികണ്ട പരിചയം അവര്‍ക്കുണ്ടായിരുന്നു. അവര്‍ തന്റെ അഞ്ചു ദൃത്ത്യരെ ചുമതലപ്പെടുത്തി, ലഭ്യമായിടത്ത്  നിന്നും വിളക്ക് കൊണ്ട് വന്ന് ആദ്യമായി മദീനാപ്പള്ളി മുമ്പുള്ളതിനേക്കാള്‍ അലങ്കരിച്ചു. അല്പം കഴിഞ്ഞെത്തിയ തിരുനബി ഇതുകണ്ട് ആശ്ചര്യപൂര്‍വ്വം ഈ പുണ്യ പ്രവൃത്തി ചെയ്ത വെരെ തിരക്കി, തന്റെ ഭൃത്യരാണെന്ന് തമീമുദാരി.. പളളി പ്രകാശിപ്പിച്ചത് പോലെ നിങ്ങളുടെ പരലോകം അല്ലാഹു പ്രകാശിപ്പിക്കട്ടെ എന്ന് ദുആ ചെയ്തു. സന്തോഷത്താല്‍ തിരുനബി കൂട്ടത്തില്‍ ഫത്ഹ് എന്ന് പേരുള്ള ഭൃത്യന്റെ പേരുമാറ്റി വിളക്ക് എന്ന അര്‍ത്ഥമുള്ള സിറാജ് എന്ന് മാറ്റി വിളിച്ചു.

ചുരുക്കത്തില്‍ ഈത്തപ്പന പട്ടകള്‍ ചൂട്ടാക്കി കത്തിച്ച വെളിച്ചത്തിനു പകരം മനോഹരതയില്‍ ആളുന്ന വിളക്ക് കൊണ്ടുവന്നപ്പോള്‍ നബിയുടെ അതിരില്ലാത്ത സന്തോഷം പള്ളിയെ എത്രകണ്ട് പ്രകാശപൂരിതമാക്കണം എന്ന് പഠിപ്പിക്കുന്നു. അതിനനുസരിച്ചായിരിക്കുമത്രേ സ്വര്‍ഗ്ഗത്തില്‍ പകരം ലഭിക്കുന്ന വീടിന്റെ അലങ്കാരം.

മറ്റൊരവസരത്തില്‍ നബിക്ക് അവസാന കാലത്ത് ക്ഷീണം കൂടുതലായി അനുഭവപ്പെട്ടപ്പോള്‍ അതുവരെയുണ്ടായിരുന്ന ചാരുപലകയില്ലാത്ത മിമ്പര്‍ മാറ്റി പുറംഭാഗം ചാരാന്‍ പാകാതിലുള്ളത് പണിയാന്‍ തമീമുദ്ദാരിക്ക് തന്നെ നബി തങ്ങള്‍ സമ്മതം നല്‍കിയതും കാണാം. കാല സാഹചര്യത്തിനൊത്ത്  ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ പള്ളികളില്‍ വെരുത്താവുന്നതാണ്  എന്ന് ഈ ചരിത്രം പറഞ്ഞു തരുന്നു. ഒരുപക്ഷേ, അക്കാലത്ത് എയര്‍ കണ്ടീഷന്‍  ഉണ്ടായിരുന്നെങ്കില്‍ അറേബ്യയിലെ അതിയുശ്ണത്തില്‍   അതും കൊണ്ട്വരപ്പെട്ടാല്‍ അംഗീകരിക്കുമായിരുന്നോ എന്ന് നമുക്ക് അനുമാനിക്കാം.

സ്വഹാബ, താബിഇകളുടെ കാലം

നബിക്ക് ശേഷം വന്ന ഖലീഫമാരില്‍ ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരും മദീനാ പള്ളി കാലോചിത ശൈലിയിലേക്ക് മാറ്റിയത് കാണാം. ഈത്തപ്പന മടല്‍ കൊണ്ട് നിര്‍മ്മിച്ചിരുന്ന പള്ളി ചോര്‍ന്നൊലിച്ചപ്പോള്‍ ഉമര്‍ (റ) തൂണുകള്‍ മരത്തില്‍ തന്നെ നിലനിര്‍ത്തി മേല്‍ക്കൂര ഈത്തപ്പനകൊണ്ടും ഇഷ്ടികകൊണ്ടും പുതുക്കിപ്പണിതു.

അവര്‍ക്ക് ശേഷം ഉസ്മാന്‍ (റ) അതി വിപുലമായ രീതിയില്‍ തന്നെ പള്ളി വിപുലീകരിച്ചു. ജിപ്‌സം കൊണ്ടും കൊത്തുപണികളാല്‍ അലംകൃതവുമായ ചുമരുകള്‍, കൊത്തുപണികള്‍കൊണ്ട് മനോഹരമാക്കപ്പെട്ട കല്‍ തൂണുകള്‍, തേക്ക് കൊണ്ടുള്ള മേല്‍ക്കൂര.. ഇതെല്ലാം ബുഖാരി(റ) സ്വഹീഹില്‍ തലകെട്ടിട്ട് തന്നെ രേഖപ്പെടുത്തുന്നുണ്ട്.

അറേബ്യയില്‍ അക്കാലത്ത് ലഭ്യമല്ലാത്ത ഇറക്കുമതി ചെയ്യുന്ന അമൂല്യമായ തടിയായിരുന്നു തേക്ക്. യാത്ര ചരക്ക് മാര്‍ഗ്ഗങ്ങള്‍ ദുസ്സഹമായ കാലത്ത് തേക്ക് കൊണ്ട് നിര്‍മ്മിച്ചുവെങ്കില്‍ ഇന്നത്തേതിലും എത്രയോ സമ്പന്നമല്ലേ ആ അലങ്കാരം. ഇന്നും മുഴുവന്‍ മേല്‍ക്കൂരയും തേക്കില്‍ നിര്‍മ്മിക്കല്‍ കോണ്‍ക്രീറ്റിനേക്കാള്‍ ചെലവ് കൂടുതലാണെന്നത് ഇവിടെ കൂട്ടി വായിക്കണം.

അനുകരണീയ മാതൃകായോഗ്യര്‍ എന്ന് നബി തന്നെ അംഗീകാരം നല്‍കിയ ഖലീഫമാര്‍ മദീന പള്ളി നബി കാലത്തുള്ളതിനേക്കാള്‍ കാലോചിതമായി വസ്തു ലഭ്യതക്കനുസരിച്ച് അലങ്കരിച്ച വിധമാണ് ഇവിടെ സൂചിപ്പിച്ചത്. പില്‍ക്കാലത്ത് വന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഇതിലേറെ കൊത്തുപണികളാലും മറ്റും അലങ്കാരിച്ചത് അക്കാലത്തെ പണ്ഡിതര്‍ ആരും തെറ്റായി തടഞ്ഞില്ല എന്ന് ഗ്രന്ഥങ്ങളില്‍ എടുത്ത് പറയുന്നത് കാണാം.

ഇപ്രകാരം മസ്ജിദുല്‍ അഖ്‌സയും രണ്ടാം ഉമര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ അലങ്കാര പെടുത്തിയത് ചരിത്രത്തിലുണ്ട്. എന്നല്ല ഖുദുസിന്റെ ആദ്യ നിര്‍മ്മാതാക്കളില്‍ ഒരാളായ സുലൈമാന്‍ നബി കൊത്ത്പണികളാല്‍ അലങ്കരിച്ചെന്നും ഇന്നും രസവാദവിദ്യയില്‍(ആല്‍ക്കെമി) നിഗൂഢരഹസ്യമായി തുടരുന്ന ലോഹത്തെ സ്വര്‍ണമാക്കുന്ന റെഡ് സള്‍ഫര്‍ (കിബ്ല്‍രീത്തുല്‍ അഹ്മര്‍) ജിന്നുകള്‍ ആഴിക്കടല്‍ തട്ടില്‍ നിന്നും കൊണ്ട് നല്‍കിയപ്പോള്‍ മസ്ജിദുല്‍  അഖ്‌സയുടെ ഉയര്‍ന്ന ഭാഗത്ത് സ്ഥാപിച്ച് കിലോമീറ്ററുകളകേലേക്ക്  വെട്ടിത്തിളങ്ങിയിരുന്നു എന്നും ചരിത്രത്തില്‍ കാണാം.

പരിധിയും നിയന്ത്രണവും

എന്നാല്‍ ഏത് കാര്യത്തിലുമെന്ന പോലെ അലങ്കാര കാര്യത്തിലും മതം പരിധി വെച്ചിട്ടുണ്ട്. വിശിഷ്യാ ആരാധനാ കര്‍മങ്ങള്‍ക്ക് ഏറ്റവും അനുയോജ്യ സ്ഥലമായ പള്ളി എന്ന നിലയില്‍.

നിസ്‌കാരത്തിന്റെ ശ്രദ്ധ തെറ്റുന്ന വിധത്തിലുള്ള അലങ്കാരങ്ങള്‍ ആണെങ്കില്‍ അത് കറാഹത്താണെന്ന് ഇമാം നവവിയും അക്കരണത്താല്‍ തന്നെ പാടില്ലാത്തതാണെന്ന് അസ്‌കലാനിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഓരോ കാലത്തും കാലോചിതമായിരിക്കും അലങ്കാരത്തിലെ കൗതുകം. യാത്രാസൗകര്യങ്ങളും ടെലിമീഡിയകളും ഇത്ര സജീവമല്ലാതിരുന്ന കാലത്ത് കൗതുകമായിരുന്ന പല കാഴ്ചകളും അത്തരം കാഴ്ച്ചകള്‍ക്ക് മാത്രമായി ചാനലുകള്‍  ഉള്ള ഇക്കാലത്ത് കൗതുകമല്ലാതായിരിക്കുന്നു. ഒരുകാലത്ത് കൗതുകമായി കണ്ടിരുന്ന പള്ളിയിലെ കാര്‍പ്പറ്റുകളുടെ ഭംഗിയില്‍ ഇപ്പോള്‍ നമ്മള്‍ ആശ്ചര്യപെടാറില്ല. ചില കാര്യങ്ങളില്‍ വിധികള്‍ നിര്‍ണയിക്കുന്നത് കാരണ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്(ഇല്ലത്ത്). കാരണ സാഹചര്യമില്ലെങ്കില്‍ ആ വിധിയും നിലനില്‍ക്കില്ലെന്ന കര്‍മ്മ ശാസ്ത്രത്തിലെ അടിസ്ഥാന തത്വം ഇവിടെ കൂട്ടിവായിക്കണം.

ഇസ്ലാം സര്‍വ്വ സ്ഥലകാലങ്ങളേയും ഉള്‍കൊണ്ട പ്രകൃതിയോട് ഇണങ്ങുന്ന ശൈലിയാണ്. അതു കൊണ്ട് തന്നെ സ്ഥലകാലങ്ങളെ പരിഗണിക്കുന്ന ഉര്‍ഫിന് (നാട്ടുനടപ്പ്) ദീനില്‍ പരിഗണനയുണ്ട്. പക്ഷേ ഒരിക്കലും അത് ശറഇന് എതിരാവാരുതെന്ന നിബന്ധന കണിഷമാണ്.

രണ്ടാമതായി യഹൂദി നസ്രാണികള്‍ അവരുടെ ദേവാലയങ്ങള്‍ അലങ്കരിച്ചത് പോലെ അലങ്കരിക്കല്‍  നബി ഗൗരവ്വമായി നിശിദ്ധമാക്കിയതാണ്. ഇവിടെ അവരുടെ അലങ്കാരം എന്തായിരുന്നുവെന്ന് ചരിത്രത്തില്‍ തേടേണ്ടതുണ്ട്.

നിരുപാതികം വിളക്ക് കത്തിക്കുന്നതാണ് അവരുടെ അലങ്കാരമെങ്കില്‍ ആദ്യകാലത്ത് ക്രിസ്ത്യന്‍ പാതിരിയായിരുന്ന തമീമുദ്ദാരി(റ)വിനെ സ്വര്‍ഗ്ഗ ലബ്ദി പ്രാര്‍ത്ഥനയുമായി പ്രോത്സാഹിപ്പിക്കില്ലായിരുന്നു.

ക്രിസ്ത്യന്‍ ദേവാലയാലങ്കാരം

ക്രിസ്തീയ ചരിത്രത്തില്‍ കാണാം, ക്രൈസ്തവ ചരിത്രത്തിലെ ആദ്യ 1600 വര്‍ഷം സഭകള്‍ക്ക് കീഴിലുള്ള വിശ്വാസികള്‍ അധികവും നിരക്ഷരരായിരുന്നു.

അവര്‍ക്ക് മതകാര്യങ്ങളും ചരിത്രങ്ങളും വിഷ്വല്‍ ആയി പഠിക്കുന്നതിനും പിന്നീട് ഓര്‍ത്തെടുക്കുന്നതിന്നും  മുന്‍കാല മഹാന്മാരും ദൈവദാസന്മാരുമായി വിശേഷിക്കപ്പെട്ടവരുടെ ഓരോ ചരിത്രത്തിലെയും വ്യത്യസ്ത ഭാവങ്ങള്‍ ചിത്രങ്ങളായി ചര്‍ച്ചുകളുടെ ചുമരുകളിലും മേല്‍ക്കൂരകളിലും വരച്ചുവെച്ചിരിന്നു. ചിത്രപ്പണിക്കായി മെറ്റാലിക് സാള്‍ട്ട് കൂട്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ചില്ലുകള്‍ കൊണ്ട് അലങ്കരിച്ച ജനലുകളായിരുന്നു അധിക പള്ളികളിലും. . ഒന്നാമത്തെ അലങ്കാര ലക്ഷ്യം ഇതായിരുന്നു.

ഇത്തരത്തിലുള്ള ചില്ലു ആര്‍ട്ടുകള്‍ ഇന്നും ലണ്ടനിലേയും വത്തിക്കാനിലേയും നമ്മുടെ നാടുകളിലെ പഴയ ദേവാലയങ്ങളിലും കാണാവുന്നതാണ്. കൂടാതെ അവരുടെ സ്മരണാര്‍ത്ഥം അവരുടെ ചിത്രങ്ങള്‍ കൊത്തിവെക്കുകയും പ്രതിമകള്‍ നിര്‍മിക്കപ്പെടുകയും ചെയ്തു ഇത്തരത്തിലുള്ള എത്രയോ പ്രതിമകളും ഇന്നും കാണാവുന്നതാണ്.

എസി1250ല്‍ ലൂയിസ് ഒമ്പതാമന്റെ നേതൃത്വത്തില്‍ നയിക്കപ്പെട്ട കുരിശുയുദ്ധത്തില്‍ ഈജിപ്തിലെ അല്‍ മന്‍സൂറയില്‍ നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ട, ക്രിസ്ത്യാനികള്‍ ധീരരക്തസാക്ഷിയായി വാഴ്ത്തുന്ന വില്യം ലോഗസ്പി രണ്ടാമന്റെ വാളേന്തി നില്‍ക്കുന്ന പ്രതിമ ഇന്നും ഇംഗ്ലണ്ടിലെ സാലിസ്ബറി കത്തീഡ്രല്‍ ചര്‍ച്ചില്‍ ചരിത്രം പറഞ്ഞ് നില്‍ക്കുന്നുണ്ട്.

രണ്ടാമതായി ചില സഭകളുടെ ഒരു പ്രത്യേക വിശ്വാസത്തിന്റെ ഭാഗമായിരുന്നു അവരുടെ പള്ളികളില്‍ അലങ്കാരമായി ഉണ്ടായിരുന്ന കൊത്തുപണികളും വ്യക്തി പ്രതിമകളും.

മനുഷ്യന്‍ അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ മുഴുവനും ആരാധനയില്‍ ലയിക്കണം- അതാണ് അവരുടെ വിശ്വാസം. ഗ്രിഗേറിയന്‍ ചാന്റ്‌സ്  (Gregorian chants) എന്ന പേരില്‍ അറിയപ്പെടുന്ന രാഗാകംമ്പടിയോടെയുള്ള സ്തുതിഗീതം ശ്രവിക്കുന്നതിലൂടെ കേഴ്വിയും തിരുവത്താഴ കൂദാശയും അപ്പവും വീനും സേവിക്കുന്നതിലൂടെ രുചിയും കുന്തിരിക്കത്തിലൂടെ വാസനയും ആരാധനയില്‍ ദൈവത്തില്‍ ലയിക്കുമ്പോള്‍ കാഴ്ച്ചയുടേയും പ്രായംചെന്നവര്‍ക്ക് സ്പര്‍ശനത്തിന്റേയും അനുഭവത്തിനാണ് ശില്‍പങ്ങളും കൊത്തുപണികളും അവരുടെ ചര്‍ച്ചകളില്‍ സ്ഥാപിക്കുന്നത്. ചിലയിടത്ത് ഇന്ന് ഇത് ഡിജിറ്റല്‍ വല്‍ക്കരിക്കപെടുന്നുമുണ്ട്. അക്കാലത്തെ ആ അലങ്കാരങ്ങള്‍ ഇക്കാലത്തും പശ്ചാത്ത ചര്‍ച്ചകളില്‍ ഏറെ കാണാവുന്നതാണ്. വിശുദ്ധ ഹദീസില്‍ അവര്‍ അലങ്കരിച്ചത് പോലെ എന്ന് ഉപമിക്കുമ്പോള്‍ മേല്‍ പറഞ്ഞ ചരിത്രത്തില്‍ നിന്ന് പലതും മനസ്സിലാക്കേണ്ടതുണ്ട്.

അവസാന നാളിന്റെ ലക്ഷണമായി ചില ഹദീസുകളില്‍ നസ്രാണി യഹൂദികള്‍ അവരുടെ ദേവാലയങ്ങള്‍ മോഡി പിടിപ്പിച്ചത് പോലെ നിങ്ങള്‍ പള്ളികള്‍ മോഡി പിടിപ്പിക്കുമെന്ന് കാണുന്നത്, മുന്‍ഗാമികളായ പ്രവാചകന്‍മാരുടേയും മഹത്തുക്കളുടേയും ജീവിതാവിശ്കാരങ്ങള്‍ കാര്‍ട്ടൂണായും മറ്റും മുസ്ലിങ്ങള്‍ തന്നെ ഇന്ന് നിര്‍മിക്കുന്നത് ഇന്നത്തെ നമ്മുടെ പള്ളിയിലെ ഗ്ലാസ് എച്ചിങ്ങിലേക്കും ഡീപ്പിങ്ങിലേക്കും ചിത്രങ്ങളായി പടരുമോ എന്ന്  ഭയപ്പെടണം.

നിഷിദ്ധമാക്കിയ മറ്റൊരു കാര്യം പള്ളികളുടെ നിര്‍മിതിയുടെ വലിപ്പവും ഭൗതിക മികവും പറഞ്ഞ് അഹങ്കരിക്കലാണ്. ഇബാദത്തിന്റെ പൂര്‍ണ്ണത പരമമായ വിനയത്തിലാണ്. അഹങ്കാരം സ്വയം കഴിവുണ്ടെവന്ന മിത്യയെ കൊണ്ട് നടക്കലും.  അങ്ങനെ പ്രകടമായാല്‍ കാലാവസാന ലക്ഷണമായി ഹദീസുകളില്‍ രേഖപ്പെടുത്തിയത് കാണാം. ഈ രണ്ട് ഹദീസുകളുടേയും ഗൗരവമാണ് അലങ്കാരത്തെ തന്നെ പാടേ ഒരു കൂട്ടം പണ്ഡിതര്‍  എതിര്‍ക്കുവാന്‍ കാരണം. 

കാലോചിത മാറ്റങ്ങള്‍

ഇതിനെല്ലാമപ്പുറത്ത് അലങ്കാരം ചര്‍ച്ച ചെയ്യുമ്പോള്‍ മുസ്ലിം ജീവിക്കുന്ന കാലപരിസരങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. അനുവദനീയമല്ലാത്ത പട്ട് യുദ്ധത്തില്‍ മേല്‍വസ്ത്രത്തിലും ആയുധങ്ങളില്‍ വെള്ളിയും  എതിരാളികളെ ഭയപ്പെടുത്തുന്നതിന്  ഉപയോഗിക്കാവുന്നതാണ് എന്ന കര്‍മശാസ്ത്ര പണ്ഡിത വീക്ഷണത്തില്‍ ചിലത് ചിന്തിക്കാനുണ്ട്. വിശിഷ്യാ സമുദയാത്തിന്റെ ശക്തി അക്രമത്തിലൂടെ അല്ലാതെ പ്രകടിപ്പിക്കല്‍ അനിവാര്യമായ ഈ കാലത്ത്.

ചെരിപ്പ് ധരിക്കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു കാലത്തുനിന്നും, നമ്പൂതിരിയും നായരും പാടവരമ്പിലൂടെ വരുമ്പോള്‍ പാടത്തേക്ക് ഇറങ്ങി നാലടി വിട്ടുനില്‍ക്കേണ്ട ഗതിയില്‍ നിന്നും അന്തസിന്റെ ആത്മധൈര്യം ഈ ഉമ്മത്ത് ആര്‍ജിച്ചെടുത്തതില്‍ അവരുടെ സമ്പത്തിനും എടുപ്പുകളുടെ കാലോചിതമായ അലങ്കാരത്തിനും വലിയൊരു പങ്ക് തന്നെ ഉണ്ട്.

ഈ ഒരു മാതൃകയാണ് മമ്പുറം തങ്ങളുടെ ചരിത്രത്തിലും കാണുന്നത്. നൂറ്റാണ്ട് കണ്ട പരിത്യാഗിയായിട്ടും വിലപിടിച്ച വസ്ത്രങ്ങള്‍ ധരിച്ച് മുന്തിയ കുതിരപ്പുറത്തായിരുന്നു  സഞ്ചാരം. കൂടെ ആയുധമേന്തിയ മുന്നൂര്‍ പടയാളികളും(നഫഹാത്ത്). ബ്രിട്ടീഷ് ജന്മി കിരാത കാലത്ത് സമുദായ നേതാവും മത പ്രബോധകനുമെന്ന  നിലയില്‍ സാമൂതിരിയെ പോലെയുള്ള ഭരണകര്‍ത്താക്കളോട് സംവദിക്കാന്‍ ആ ഭാവം അനിവാര്യമായിരുന്നു. അതിനാല്‍ ഇന്ന് നൂര്‍ സൂറത്തിന്റെ ചിവൃല വ്യാഖ്യാനങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടത് പോലെ പള്ളികള്‍ അനുവദീയ രീഥിയില്‍ എത്രയും ഉയര്‍ന്നും അലങ്കാരത്തിലും തന്നെ നില്‍ക്കേണ്ടതുണ്ട്.

വീടുകളുടെ ഓലതടുക്ക് മാറി വാര്‍പ്പുകളായി, മണ്‍ നിലങ്ങള്‍ മാറി ടൈല്‍ തിളക്കങ്ങളായി, മുള്‍വേലികള്‍ മാറി കല്‍ മതിലുകളായി, ഒന്നും രണ്ടും പത്തും നിലകളായി. ലഭ്യമായ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് വീടുകള്‍ക്ക് അലങ്കാരമുണ്ടാവുമ്പോള്‍ പള്ളി മാത്രം ഈ നിലവാരത്തിലേക്ക് ഉയരാതെ പഴയതില്‍ മങ്ങി നില്‍ക്കുന്നത് അതിനെ നിന്ദിക്കലല്ലേ. ഈ ശക്തമായ കാഴ്ച്ചപ്പാട് കൊണ്ട് തന്നെയാണ് പള്ളി അലങ്കിരിക്കണം എന്ന് പല പണ്ഡിതരും രേഖപ്പെടുത്തിയിട്ടുണ്ട് (ഇഹ്.യ, ഫത്ഹുല്‍ബാരി). 

റബീഉല്‍ അവ്വലില്‍ പ്രത്യേകമായുള്ള ലൈറ്റുകളുടെ മിന്നിത്തിളക്കങ്ങള്‍ ചിലരുടെ കണ്ണുകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത് കൊണ്ടാണ് പള്ളി അലങ്കാരം ചര്‍ച്ചയാകുന്നതെങ്കില്‍ മനസ്സിലാക്കേണ്ടത് ആ അലങ്കാരങ്ങള്‍ പള്ളി എന്ന ഉദ്ദേശത്തിലല്ല, നബി ജന്മദിനം സ്മരണീയമായി ആധരിക്കപെടുന്നതിന്റെയും മൗലീദ് ഓതപ്പെടുന്ന ഇടം എന്ന നിലയിലുമാണ്. അത്തരം സദസ്സ് ഒരുക്കുന്നവന്‍ അത്ത്യുന്നത സ്വര്‍ഗ സ്ഥാനീയരായിരുക്കുമെന്ന്  പണ്ഡിതര്‍ രേഖപ്പെടുത്തുന്നുണ്ട്.  അത്തരത്തിലല്ല ഇതെന്ന് ധരിച്ചാലും അതിന്റെ അനുവദനീയ വശങ്ങള്‍ നാം വിസ്തരിച്ചല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter