ഡൊണാള്‍ഡ് ട്രംപ്: അമേരിക്കന്‍ ജനതയുടെ ഔദ്യോഗിക ശബ്ദമാണോ?
trumpഅമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിക്കാനുള്ള ഔദ്യോഗിക നോമിനേഷന്‍ ലഭിച്ച ശേഷം ആദ്യമായി ജനങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രംസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു: 'സുഹൃത്തുക്കളെ, അമേരിക്കന്‍ സഹപ്രവര്‍ത്തകരെ, അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിക്കാനുള്ള നിങ്ങളുടെ നോമിനേഷന്‍ ഞാനിതാ വിനയത്തോടെ സ്വീകരിക്കുന്നു.' തുടര്‍ന്നങ്ങോട്ട് ഒരു മണിക്കൂറും 15 മിനിട്ടും നീണ്ടുനിന്ന പ്രസംഗത്തിന്റെ മുഴു ഭാഗവും താന്‍ മാത്രമാണ് ഇന്നത്തെ സര്‍വ്വ പ്രശ്‌നങ്ങളുടെയും ഏക പരിഹാരം എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു. ഞാന്‍ എന്നതാണ് ആ പ്രസംഗത്തിലുടനീളം മുഴങ്ങിക്കേട്ടിരുന്ന ഒരേയൊരു ശബ്ദം. ഞാന്‍ നിങ്ങളുടെ ശബ്ദമാണ് എന്നു പറഞ്ഞതോടെ ഈ അവകാശവാദം അതിന്റെ മൂര്‍ദ്ധന്യത പ്രാപിക്കുകയും ചെയ്തു. ഇവിടെ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്; ട്രംപ് ആരുടെ ശബ്ദത്തെയാണ് പ്രതിനിധീകരിക്കുന്നത്? ആ ശബ്ദം എന്താണ് പറയുന്നത്? അമേരിക്കയുടെ ഭാവിയുമായി ഈ അവകാശവാദങ്ങള്‍ക്ക് വല്ല ബന്ധവുമുണ്ടോ? ട്രംപ് ആരുടെ ശംബ്ദമാണ് എന്ന ചോദ്യത്തിനു നമുക്ക് രണ്ടു ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയും. തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കുവേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത് എന്നതാണ് അതില്‍ ഒന്നാമത്തേത്. വിശിഷ്യാ, വെളുത്ത വര്‍ഗക്കാരായ മധ്യ വര്‍ഗത്തിനു വേണ്ടിയും തൊഴിലാളി വര്‍ഗത്തിനു വേണ്ടിയും. നിലവിലെ ഒബാമ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ അവര്‍ ഭരണകൂടം തങ്ങളെ ചൂഷണം ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. ട്രംപിലൂടെ അതിനൊരു പരിഹാരമുണ്ടാകുമെന്ന് അവര്‍ പ്രത്യാശിക്കുന്നു. 2015 ല്‍ പബ്ലിക് റീജ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ അമേരിക്കന്‍ വാല്യൂസ് സര്‍വേയുടെ അടിസ്ഥാനത്തില്‍ ട്രംപിനെ പിന്തുണക്കുന്നവരില്‍ 74 ശതമാനം പേരും വിശ്വസിക്കുന്നത് കറുത്ത വര്‍ഗക്കാരെപ്പോലെത്തന്നെ ഇന്ന് അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരും വിവേചനം നേരിടുന്നുണ്ട് എന്നാണ്. ഇതില്‍ 42 ശതമാനത്തോളം ആളുകള്‍ ഈ വിവേചനം അതി കഠിനമാണെന്നും വ്യക്തമാക്കുന്നു. ട്രംപ് തനിക്കുവേണ്ടിത്തന്നെയാണ് സംസാരിക്കുന്നത് എന്നതാണ് രണ്ടാമത്തെ ഉത്തരം. രാഷ്ട്രീയമായ ശരികളാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം നാം മുമ്പ് ഒരു ബ്ലോഗില്‍ സൂചിപ്പിച്ചിട്ടുണ്ട്: ട്രംപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം പറയുന്നതെല്ലാം രാഷ്ട്രീയ ശരികള്‍ തന്നെയാണ്. തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരെ മാത്രം ഉന്നം വെച്ചുകൊണ്ടാണ് അദ്ദേഹം അത് പറയുന്നതും. ഒരു തരം ട്രംപിസം വളര്‍ന്നുവരികയാണ് അദ്ദേഹത്തിന്റെ ധിക്കാരപരമായ ഇത്തരം പ്രസ്താവനകളിലൂടെ ഉണ്ടാകുന്നത്. രാഷ്ട്രീയമായ ശരികള്‍ പറയുമ്പോള്‍ അത് മറ്റുള്ളവര്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങളായി മാറുന്നുവെന്നതാണ് ഇവിടത്തെ പ്രശ്‌നം. സാമ്പത്തിക മികവ് എന്നതായിരുന്നു 1992 ലെ തെരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റന്റെ മുദ്രാവാക്യം. 2008 ല്‍ ബാറാക് ഒബാമ ഹോപ് ആന്റ് ചെയ്ഞ്ച് (മാറ്റം) എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍, ഭീതി പരത്തുക, വെറുക്കുക എന്ന ഏറെ വില കുറഞ്ഞ ഒരു മുദ്രാവാക്യമാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി ഉയര്‍ത്തിക്കാണിക്കുന്നത്. താന്‍ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെക്കാള്‍ വളര്‍ന്നു കഴിഞ്ഞ രീതിയിലാണ് ഇന്ന് ട്രംപിന്റെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. താനാണ് അമേരിക്കന്‍ ജനതയുടെ ശബ്ദം എന്ന നിലക്കാണ് പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ നോമിനിയായിരിക്കെത്തന്നെ അദ്ദേഹം തുറന്നടിക്കുന്നത്. അങ്ങനെയെങ്കില്‍, എന്താണ് ഈ ശബ്ദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? അദ്ദേഹത്തിന്റെ തന്നെ പ്രഥമ പ്രസംഗത്തില്‍നിന്നും ഇക്കാര്യം ശരിക്കും മനസ്സിലാക്കാന്‍ സാധിക്കും. ട്രംപ് തന്റെ ശബ്ദം ആവശ്യമായി വരുന്നതിന്റെ പ്രസക്തി വ്യക്തമാക്കിക്കൊണ്ട് നടത്തുന്ന ചില പ്രസ്താവങ്ങള്‍ ഇങ്ങനെയാണ്: 'നമ്മുടെ നാട് ഏറെ പ്രതിസന്ധികളില്‍ അകപ്പെട്ട ഒരു സമയത്താണ് നാം ഇവിടെ കൂടിയിരിക്കുന്നത്. നിയമ പാലകര്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഭീകരതയും നമ്മുടെ നിത്യജീവിതത്തെത്തന്നെ ഭീഷണിയിലകപ്പെടുത്തിയിരിക്കുന്നു ഇന്ന്.' 'അഭ്യന്തര ദുരന്തങ്ങളെ മാത്രമല്ല, അന്തര്‍ദേശീയ നിന്ദകളെപോലും അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു ഇന്ന് നമ്മുടെ പൗരാന്മാര്‍ക്ക്. ഒന്നിനു ശേഷം മറ്റൊന്നായി അത് തുടരുകയാണ്.' 'ഗ്ലോബലിസം എന്നതല്ല അമേരിക്കനിസം എന്നതാണ് നമ്മുടെ മുദ്രാവാക്യം.' തന്റെ കുടുസ്സായ സ്വപ്‌നങ്ങളും അതിലൂടെ കടുത്ത മുസ്‌ലിം വിരുദ്ധതയും പ്രകടമാകുന്നതായിരുന്നു ട്രംപിന്റെ പ്രസംഗം. കറുത്ത വര്‍ഗക്കാരുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം താന്‍ സ്വപ്‌നം കാണുന്നത് മുസ്‌ലിംകള്‍ പ്രവേശിക്കാത്ത അമേരിക്കയാണെന്നും വ്യക്തമാക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പും ശേഷവും വൈരുദ്ധ്യങ്ങളുടെ പ്രസ്താവനകളുമായാണ് ട്രംപ് കടന്നുവന്നിരിക്കുന്നത്. താന്‍ പ്രസിഡണ്ടായി വന്നാല്‍ ഇതെല്ലാം നടപ്പാക്കാനാകുമോ എന്ന സുനിശ്ചിത ചിന്തപോലുമില്ലാതെയാണ് അദ്ദേഹം ഇത്തരം പ്രസ്താവനകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. തന്നെ പിന്തുണക്കുന്നവരുടെ ആവേശം ഇളക്കിവിടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കി രംഗം കൈയിലെടുക്കുകയെന്നതിലപ്പുറം അമേരിക്കയുടെ നല്ലൊരു ഭാവിയെക്കുറിച്ചൊന്നും ട്രംപിന്റെ സ്വപ്‌നങ്ങള്‍ വികസിക്കുന്നില്ലായെന്നാണ് പലരുടെയും നിരീക്ഷണം. എന്നാല്‍, അമേരിക്കന്‍ ജനതയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും സമ്മിശ്രമായ പ്രതികരണങ്ങളാണ് നിലവിലെ ഭരണകൂടത്തെക്കുറിച്ചും ട്രംപിന്റെ അരങ്ങേറ്റത്തെക്കുറിച്ചും നിലനില്‍ക്കുന്നത്. അമേരിക്കന്‍ വാല്യൂസ് സര്‍വേ പുറത്തുവിട്ടതനുസരിച്ച് രാജ്യത്തെ 72 ശതമാനം ആളുകള്‍ ഇപ്പോഴും വിശ്വസിക്കുന്നത് രാജ്യം വേണ്ടപോലെ മെച്ചത്തിലായിട്ടില്ലായെന്നുതന്നെയാണ്. സാമ്പത്തിക ആരോഗ്യ രംഗം വേണ്ടപോലെ പുരോഗമിച്ചിട്ടില്ലായെന്ന് ജനസംഖ്യയുടെ 79 ശതമാനം വിശ്വസിക്കുന്നു. 84 ശതമാനം ബിസിനസുകാരും മനസ്സിലാക്കുന്നത് ആ മേഖലയില്‍ വേണ്ടപോലെയുള്ള ശയറുകള്‍ വര്‍ദ്ധിപ്പിക്കാനായിട്ടില്ലായെന്നാണ്. അതേസമയം, അമേരിക്കന്‍ ജനതയുടെ വലിയൊരു ഭാഗം തങ്ങളുടെ നല്ല കാലം കഴിഞ്ഞുപോയി എന്നു വിശ്വസിക്കുമ്പോള്‍ അത് വരാനിരിക്കുകയാണെന്ന് ഉറപ്പിച്ചുപറയുന്നു. ഇങ്ങനെ നോക്കുമ്പോള്‍, ഡൊണാള്‍ഡ് ട്രംപിന്റെ ശബ്ദം അദ്ദേഹത്തിന്റെ മാത്രം ശബ്ദമാണെന്നും അത് അമേരിക്കയുടെ ശബ്ദമല്ലെന്നും വ്യക്തമാകുന്നു. വര്‍ഗീയതയുടെയും വെറുപ്പിന്റെയും ഭിത്തികള്‍ പണിയാന്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഉപകരിക്കുന്നത്. നവംബര്‍ എട്ടിന് ഓരോ അമേരിക്കന്‍ വോട്ടര്‍മാരും ട്രംപിന്റെ ഇത്തരം പ്രസ്താവനകളെ തിരുത്തുകതന്നെ ചെയ്യും. വര്‍ഗീയതയുടെ ഭിത്തികള്‍ താങ്കള്‍ തകര്‍ത്തെറിയുകയെന്ന് അവര്‍ വിളിച്ചുപറയും. തീര്‍ച്ച. വിവ. മോയിന്‍ മലയമ്മ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter