ആര്ത്തവം: സംശയവും മറുപടിയും
1) സ്ത്രീ രക്തങ്ങള്‍ എത്രവിധം? ഉ: മൂന്ന്. 1) ആര്‍ത്തവം, 2) രോഗ രക്തം, 3) പ്രസവ രക്തം. 2) ആര്‍ത്തവം എന്നാലെന്ത്? ഉ: സ്ത്രീയുടെ ഗര്‍ഭപാത്രത്തിന്റെ അങ്ങേയറ്റത്തുള്ള അറയില്‍നിന്നും ചില പ്രത്യേക സമയങ്ങളില്‍ പുറപ്പെടുന്ന രക്തത്തിനാണ് ആര്‍ത്തവം എന്നു പറയുന്നത്. 3) ആര്‍ത്തരക്തമുണ്ടാകുന്ന എറ്റവും ചുരുങ്ങിയ പ്രായമെത്ര? ഉ: ചന്ദ്രവര്‍ഷപ്രകാരമുള്ള ഒമ്പത് വയസ്സ് പൂര്‍ത്തിയാകലാണ്. ഇതനുസരിച്ച് ഒമ്പതു വയസ്സ് തികയാന്‍ 16-ല്‍ താഴെ ദിവസമുള്ളപ്പോള്‍ ഒരു സ്ത്രീ രക്തം കണ്ടാല്‍ അത് ആര്‍ത്തവമായി ഗണിക്കപ്പെടും. അതിന്റെയും മുമ്പ് രക്തം കണ്ടാല്‍ അത് ആര്‍ത്തവമല്ല. രോഗം കാരണമായി പുറപ്പെടുന്ന രക്തമാണ്. (തുഹ്ഫ 384) 4) ചന്ദ്രവര്‍ഷവും സൗര വര്‍ഷവും തമ്മിലുള്ള വ്യത്യാസമെന്ത്? ഉ: കൊല്ലവും തീയതിയും രണ്ട് തരത്തിലാണ് കണക്കുകൂട്ടാറുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം. സൂര്യന്റെ ചലനമനുസരിച്ച് കണക്കാക്കുന്ന വര്‍ഷത്തിനാണ് സൗരവര്‍ഷം അഥവാ ക്രിസ്തുവര്‍ഷം എന്നു പറയുന്നത്. ചന്ദ്രന്റെ ഗതി അടിസ്ഥാനമാക്കി കണക്കുകൂട്ടുന്ന വര്‍ഷത്തിനാണ് ചന്ദ്രവര്‍ഷം അഥവാ ഹിജ്‌റ വര്‍ഷമെന്നു പറയുന്നത്. ഒരു ചന്ദ്രവര്‍ഷം 354 ദിവസവും 8 മണിക്കൂറും 48 മിനുറ്റുമാണ്. ഒരു സൗരവര്‍ഷമെന്നാല്‍ 365 ദിവസവും 6 മണിക്കൂറുമാണ്. ഇത് ചന്ദ്രവര്‍ഷത്തേക്കാള്‍ 10 ദിവസവും 21 മണിക്കൂറും 12 മിനുറ്റും കൂടുതലാണ്. ചന്ദ്രവര്‍ഷമനുസരിച്ച് 9 വയസ്സ് പൂര്‍ത്തിയാവാന്‍ 3189 ദിവസവും 7 മണിക്കൂറും 12 മിനുറ്റും മതിയെങ്കില്‍ സൗരവര്‍ഷമനുസരിച്ച് 3287 ദിവസവും 6 മണിക്കൂറും വേണം. അഥവാ ഒമ്പത് വയസ് പൂര്‍ത്തിയാവുന്ന സമയത്ത് രണ്ടും തമ്മില്‍ 97 ദിവസവും 22 മണിക്കൂറും 48 മിനുറ്റും അന്തരം വരും. മതപരമായ കാര്യങ്ങള്‍ക്കെല്ലാം ചന്ദ്രവര്‍ഷമാണ് ആധാരം. 5) ആര്‍ത്തവത്തിന് വല്ല സമയപരിധിയുമുണ്ടോ? ഉ: ഒരു രാവും പകലുമാണ് ഏറ്റവും ചുരുങ്ങിയ ആര്‍ത്തവത്തിന്റെ സമയ പരിധി.മിക്കവാറും ആറോ ഏഴോ ദിവസവും അധികരിച്ചാല്‍ 15 ദിവസവുമാണ്. 6) സ്ത്രീകള്‍ ഋതുമതികളാവാനുണ്ടായ കാരണമെന്ത്? ഉ: അല്ലാഹു നിശിതമായി വിലക്കിയ സ്വര്‍ഗീയാരാമത്തിലെ പഴം ഹവ്വാഅ്(റ) ഭുജിക്കുക നിമിത്തം അതില്‍നിന്നും കറ ഒലിക്കുകയും, അതിനാല്‍ മഹതിക്ക് ആര്‍ത്തവമുണ്ടാവുകയും ചെയ്തു. അത് മറ്റു സ്ത്രീകള്‍ക്ക് അന്ത്യനാള്‍ വരെ ഉണ്ടാവുകയും ചെയ്യും. (ശര്‍വാനി 1/384) 7) ആര്‍ത്തവം തീരെ ഉണ്ടാവാത്ത സ്ത്രീകളുണ്ടോ? ഉ: ഉണ്ട്. റസൂല്‍(സ)യുടെ പ്രിയ പുത്രിയായ ഫാത്വിമ(റ). 8) ആര്‍ത്തവം മനുഷ്യ സ്ത്രീകളുടെ പ്രത്യേകതയാണോ? ഉ: മനുഷ്യ സ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം, കുതിര, മുയല്‍, പട്ടി, കലമാന്‍, വവ്വാല്‍ എന്നീ ജീവികള്‍ക്കും ആര്‍ത്തവമുണ്ട്. (മുഗ്‌നി 1/108) 9) പതിനഞ്ച് ദിവസം ആര്‍ത്തവമുണ്ടാകുമ്പോള്‍ രക്തം നിരന്തരം പുറപ്പെടണമെന്നുണ്ടോ? ഉ: ഇല്ല. പക്ഷെ, പതിനഞ്ച് ദിവസം പുറപ്പെട്ട ആ രക്തത്തിന്റെ സമയം കൂട്ടിയാല്‍ 24 മണിക്കൂറില്‍ കുറയാതിരിക്കണം. അതിനേക്കാള്‍ കുറയുന്ന പക്ഷം അത് ആര്‍ത്തവമായി ഗണിക്കുകയില്ല. എന്നാല്‍, ഒരു രാപ്പകല്‍ മാത്രം ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകള്‍ക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പെടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്തു വെച്ചാല്‍ രക്തം അതില്‍ പുരണ്ടാല്‍ മതി. മനോരം ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്തേക്ക് പുറപ്പെടണമെന്നില്ല. (തുഹ്ഫ, ശര്‍വാനി 1/385) 10) അധികരിച്ച ആര്‍ത്തവം 15 ദിവസമാണെന്നു പറഞ്ഞല്ലോ. എന്നാല്‍ ഒരു സ്ത്രീക്ക് പതിനഞ്ച് ദിവസത്തിനിടയില്‍ രക്തവും ശുദ്ധിയും ഇടകലര്‍ന്നു വന്നാല്‍ എന്തു ചെയ്യും? ഉ: ഭയപ്പെടാനൊന്നുമില്ല. മറ്റെല്ലാത്തിലും എന്നപോലെ കര്‍മ ശാസ്ത്ര പണ്ഡിതന്‍മാര്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു. രക്തവും ശുദ്ധിയും കൂടി പതിനഞ്ച് ദിവസത്തില്‍ അധികരിക്കാതിരിക്കുകയും ആ രക്തം 24 മണിക്കൂറില്‍ കുറയാതിരിക്കുകയും ചെയ്താല്‍ ഇടയിലുള്ള ശുദ്ധിയും ആര്‍ത്തവമായി പരിഗണിക്കപ്പെടും. (നിഹായ 1/307) 11) നോമ്പ്, ത്വവാഫ് തുടങ്ങിയവ നഷ്ടപ്പെടാതിരിക്കാന്‍ മരുന്നുകളുപയോഗിച്ച് ആര്‍ത്തവം നിയന്ത്രിക്കാന്‍ പാടുണ്ടോ? ഉ: ആര്‍ത്തവം നടയാന്‍ മരുന്നുപയോഗിക്കുന്നതുകൊണ്ട് ശറഇല്‍ വിരോധമൊന്നുമില്ല. (തല്‍ഖീസുല്‍ മറാം, പേജ് 247) ഇടക്കിടെ ആര്‍ത്തവം നിയന്ത്രിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് യാതൊരു ഹാനിയും വരില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അതുമൂലം ചില തകരാറുകള്‍ കണ്ടേക്കാമെന്ന് പ്രശസ്തരായ ചില ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ വിവരിക്കുന്നത് കാണുക: ”മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഒറ്റക്കായും ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അവയില്‍പ്പെട്ടതാണ് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവമുണ്ടാകുന്നതും അണ്‌ഡോല്‍പാദനവുമൊക്കെ. ക്രിതൃമ മാര്‍ഗത്തിലൂടെ, ഔഷധ സേവയിലൂടെ ഈ പ്രവര്‍ത്തനങ്ങളിലിടപെടുന്നത് ആ രംഗത്ത് ഉദ്ദേശിച്ച ഫലം ഉളവാക്കിയാലും മറ്റു പല ദൂഷ്യങ്ങളും ശരീരത്തില്‍ വരുത്തിത്തീര്‍ക്കുന്നു. ഇത്തരം ഗുളികകളിലധികവും നിരവധി പാര്‍ശ്വഫലങ്ങള്‍ ശരീരത്തിലുണ്ടാക്കുന്നവയാണ്. സ്തനങ്ങളില്‍ കല്ലിപ്പ്, ഛര്‍ദ്ദി, ലൈംഗികാഗ്രഹം കുറയുക, കരള്‍വീക്കം, ശരീരം തടിച്ചു വരിക, ഞരമ്പു തടിക്കുക എന്നിവ ഉദാഹരണം. ഇത്തരം ഔഷധങ്ങള്‍ ഹൃദ്രോഗികള്‍, പ്രമേഹ രോഗമുള്ളവര്‍, രക്ത സമ്മര്‍ദ്ദമേറിയവര്‍ എന്നിവര്‍ ഉപയോഗിക്കരുത്.” (ലൈംഗിക ശാസ്ത്രം -പേജ് 229) 12) ആര്‍ത്തവ കാലത്തും പ്രസവ രക്തകാലത്തും ഖളാആയ നോമ്പും നിസ്‌കാരവും ഖളാഅ് വീട്ടേണ്ടതുണ്ടോ? ഉ: നോമ്പ് ഖളാഅ് വീട്ടണം. പക്ഷെ, രക്തം അവസാനിക്കുന്നത് ഏതെങ്കിലുമൊരു നിസ്‌കാരസമയത്താണെങ്കില്‍ ആ നിസ്‌കാരത്തിന് ഒഴിവ് ബാധകമല്ല.അതെത്ര കുറഞ്ഞ സമയമാണെങ്കിലും ശരി. സുബ്ഹ്, ളുഹ്‌റ്, മഗ്‌രിബ് ഇവയില്‍നിന്ന് ഒന്നിന്റെ സമയത്താണ് രക്തസ്രാവം നിലച്ചതെങ്കില്‍ ആ വഖ്തിലെ നിസ്‌കാരം നിര്‍വഹിക്കണം. എന്നാല്‍ അശുദ്ധി അവസാനിച്ചത് ജംആക്കി നിസ്‌കരിക്കാവുന്ന ളുഹ്‌റ്, അസ്വറ്, ഇശാഅ് എന്നീ നിസ്‌കാരങ്ങളില്‍ ജംഇന്റെ അവസാന സമയത്താണെങ്കില്‍ തൊട്ടു മുമ്പുള്ള നിസ്‌കാരവും നിര്‍ബന്ധമാവും. അതായത് അസ്വറിന്റെ സമയത്ത് ശുദ്ധിയായാല്‍ തൊട്ടു മുമ്പുള്ള ളുഹ്‌റ്, ഇശാഇന്റെ സമയത്താണെങ്കില്‍ മഗ്‌രിബും നിസ്‌കരിക്കണം. (മുഗ്‌നി) 13) ആര്‍ത്തവ ചക്രം എന്ന പ്രയോഗം കൊണ്ടുള്ള ഉദ്ദേശ്യമെന്ത്? ഉ: ഒരു ആര്‍ത്തവം മുതല്‍ അടുത്ത ആര്‍ത്തവം ആവര്‍ത്തിക്കുന്നതുവരെയുള്ള കാലത്തിന് ആര്‍ത്തവ ചക്രം (menstrual cycle) എന്നു പറയുന്നു. ഒരു ആര്‍ത്തവ ചക്രത്തിന്റെ സാമാന്യ ദൈര്‍ഘ്യം 28 ദിവസമാണ്. ഈ ദൈര്‍ഘ്യത്തിന് വ്യത്യാസമുള്ളവരുമുണ്ട്. 25 മുതല്‍ 35 വരെയുള്ള ദിവസങ്ങള്‍ ക്രമമായി ആര്‍ത്തവ ചക്രത്തിനു ദൈര്‍ഘ്യം കണ്ടുവരുന്ന സ്ത്രീകളുമുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ ‘ത്വുഹ്‌റ്’ എന്ന് അറബിയില്‍ പറയുന്ന ശുദ്ധിയാണ് ആര്‍ ത്തവ ചക്രംകൊണ്ട് വിവക്ഷ. ( സുന്നി അഫ്കാര്‍ വാരിക, 2005, ആഗസ്റ്റ്: 31, സുന്നി മഹല്‍, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter