ഇസ്‌ലാമിലെ സ്‌ത്രീ
ഒരു നാണയത്തിന്റെ രണ്ട്‌ വശങ്ങള്‍ എന്നത്‌ പോലുളള തുല്യ സമീപനമാണ്‌ ഇസ്‌ലാമില്‍ സ്‌ത്രീക്കും പുരുഷനുമുളളത്‌. എന്നാല്‍ സാമൂഹിക ഘടനയുടെ സുസ്ഥിതിക്കും നിലനില്‍പ്പിനും ഇരു വിഭാഗവും അവരുടെ ശാരീരിക മാനസിക പ്രകൃതികള്‍ക്കനുയോജ്യമായ ചില ധര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്‌. സ്‌ത്രീ പ്രസവം, സന്താന നിയന്ത്രണം തുടങ്ങിയ പ്രധാന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്വം പ്രകൃത്യാ പുരുഷനാണ്‌. ഇവിടെ, ശരീരത്തില്‍ ഹൃദയമാണോ ശ്വാസകോശമാണോ പ്രധാനമെന്ന്‌ ചോദിക്കുന്ന പോലെ അപ്രസക്തമാണ്‌ സമൂഹത്തില്‍ സ്‌ത്രീയോ പുരുഷനോ പ്രധാനമെന്ന്‌ ചോദിക്കുന്നത്‌. രണ്ടും പ്രധാനമാണ്‌. ഒരു വിഭാഗത്തിന്‌ മറ്റൊരു വിഭാഗത്തിന്റെ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ല. ചിലര്‍ക്ക്‌ ചിലകാര്യങ്ങളില്‍ മികവുണ്ടാവുക ചിലര്‍ക്ക്‌ മികവില്ലാതിരിക്കുക എന്നത്‌ സ്വാഭാവികം മാത്രമാണ്‌.

ആരാധനകര്‍മ്മങ്ങള്‍, സമ്പാധന വിനിമയാവകാശങ്ങള്‍, സാമൂഹികാവകാശങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും തുല്യ പരിഗണനയാണ്‌ ഇസ്‌ലാമില്‍ സ്‌ത്രീക്കും പുരുഷനുമുളളത്‌. സ്‌ത്രീയുടെയും പുരുഷന്റെയും ആരാധനകള്‍ക്ക്‌ സമാനമായ മൂല്യവും പ്രതിഫലവുമാണ്‌ ഇസ്‌ലാം നല്‍കുന്നത്‌. സല്‍ക്കര്‍മ്മ നിഷ്‌ഠയിലൂടെ പുരുഷവിഭാഗത്തെ പിന്നിലാക്കിയ ഒരുപാട്‌ മഹിളകള്‍ ഇസ്‌ലാമിലുണ്ട്‌. അത്‌ പോലെ സാമൂഹികാവകാശങ്ങള്‍ പതിച്ച്‌ കിട്ടുന്നതിലും സംരക്ഷണം നല്‍കപ്പെടുന്നതിലും സ്‌ത്രീയെ ഇസ്‌ലാം ഒരുപിടി മുന്നില്‍ തന്നെ നിര്‍ത്തിയിട്ടുണ്ട്‌. കുടംബത്തിന്റെ യാതൊരു വിധ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യമില്ലാതിരുന്നിട്ടും അനന്തരാവകാശത്തിന്റെ ഒരു വിഹിതം നല്‍കുകയും ചെറുപ്പത്തില്‍ പിതാവിനാലും പിന്നീട്‌ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ സന്താനങ്ങളാലും സംരക്ഷിക്കപ്പെടണമെന്ന്‌ ഇസ്‌ലാം ആവശ്യപ്പെടുകയും ചെയ്യുന്നതിലൂടെ ഇക്കാര്യം സുവ്യക്തമാണ്‌.

സ്‌ത്രീക്കും പുരുഷനുമിടയില്‍ ദൈവം സൃഷ്‌ടിച്ച പരസ്‌പര ആകര്‍ഷണം അസ്ഥാനത്ത്‌ സംഭവിക്കരുതെന്നും അത്‌ വഴി സാമൂഹിക സുസ്ഥിതി തകരരുതെന്നും ഇസ്‌ലാമിന്‌ നിര്‍ബന്ധമുണ്ട്‌. അതിന്റെയടിസ്ഥാനത്തിലാണ്‌ ഇതിന്‌ സാധ്യതകളുളള പൊതുരംഗങ്ങളില്‍ നിന്ന്‌ സ്‌ത്രീകള്‍ പരമാവധി വിട്ടുനില്‍ക്കണമെന്നും അനിവാര്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ സൗന്ദര്യം അപരന്‌ ആസ്വദിക്കാന്‍ കഴിയാത്ത രൂപത്തില്‍ മാന്യമായ വസ്‌ത്രം ധരിക്കണമെന്നും ഇസ്‌ലാം കല്‍പ്പിക്കുന്നത്‌. പര്‍ദ്ദകള്‍ പോലുളള ഇത്തരം വസ്‌ത്രധാരണ രീതി ഇസ്‌ലാമിക കല്‍പ്പന എന്നതിലപ്പുറം തങ്ങള്‍ക്ക്‌ കൂടുതല്‍ സംരക്ഷണം നല്‍കുന്നതായാണ്‌ മുസ്‌ലിം സ്‌ത്രീകളില്‍ നടത്തിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്‌. സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്‌ത്രീകള്‍ പര്‍ദ്ദകള്‍ അഴിച്ച്‌ വെക്കണമെന്ന്‌ പറയുന്നത്‌ സ്‌ത്രീ ചൂഷണം അനുവദിക്കണമെന്ന്‌ പറയുന്നതിന്‌ തുല്യമാണ്‌. സ്‌ത്രീകള്‍ വിദ്യ അഭ്യസിക്കുന്നതോ, ആവശ്യ ഘട്ടങ്ങളില്‍ ജോലിയിലേര്‍പ്പെടുന്നതോ, മാന്യമായ രൂപത്തില്‍ സാമൂഹിക സേവനത്തിലേര്‍പ്പെടുന്നതോ ഇസ്‌ലാമൊരിക്കലും നിരുത്സാഹപ്പെടുത്തുന്നില്ല.

സ്‌ത്രീ ജന്മം ശാപമാണെന്നും അവരെ ജീവനോടെ കുഴിച്ച്‌ മൂടണമെന്നും വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിലേക്ക്‌ കടന്ന്‌ വന്ന മുഹമ്മദ്‌ നബി സ്‌ത്രീ ജന്മം അനുഗ്രഹമാണെന്നും മനുഷ്യരുടെ കൂട്ടത്തില്‍ ഗുണം ചെയ്യാന്‍ ഏറ്റവും ബന്ധപ്പെട്ടവര്‍ മാതാവാണെന്നും ആ മാതാവിന്റെ കാലിനടിയിലാണ്‌ സ്വര്‍ഗമെന്നും അവര്‍ക്ക്‌ പഠിപ്പിച്ച്‌ കൊടുത്തു. അതോടെ സ്‌ത്രീ ജന്മത്തെ പഴിച്ചിരുന്ന അറബ്‌ സമൂഹം സ്‌ത്രീ ജന്മത്തിന്‌ വേണ്ടി കാത്തിരിക്കാന്‍ തുടങ്ങി. ഈ പ്രവണത ഇന്നും അറബികളില്‍ കണ്ട്‌ വരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter