സത്രീധനമല്ല; സ്ത്രീയാണ് ധനം
images (8)പെണ്ണൊരത്ഭുതമാണ്. എത്ര നേരം വിശദീകരിച്ചാലും മനസ്സിലാക്കാനാവാത്ത വലിയ ഒരു സംഭവം. എത്ര കാലമായി ലോകം പെണ്ണിനെ വാഴ്ത്താന്‍ തുടങ്ങിയിട്ട്. ചരിത്രാതീത കാലം മുതല്‍ ഈ നിമിഷം വരെ ലോകം പെണ്ണിനെ പുകഴ്ത്തി കൊണ്ടിരിക്കുന്നു. സഭ്യമായാലും അസഭ്യമായാലും നാവിന് സംസാരിക്കാന്‍ പെണ്ണിനെക്കാള്‍ നല്ല മറ്റൊരു വിഷയമില്ല. സാഹിത്യ രംഗത്തും സാമൂഹിക മേഖലകളിലും സാംസ്‌കാരിക മണ്ഡലങ്ങളിലുമെല്ലാം പെണ്ണെന്നും ഒരു ചര്‍ച്ചാ വിഷയമാണ്. ഒരു നിമിഷം മതിയവള്‍ക്ക് ആരെയും മാറ്റിയെടുക്കാന്‍. ദുഃഖം താങ്ങാനാവാതെ കണ്ണീര്‍ പൊഴിക്കുന്നവന്റെ  മുഖം സന്തോഷാധിക്ക്യത്താല്‍ വെട്ടിത്തിളങ്ങുന്നത് കാണാന്‍ അവളുടെ ഒരു പുഞ്ചിരി മതി. സന്തുഷ്ട ഹൃദയനായി ചിരിച്ച് കളിക്കുന്നവന്റെ സന്തോഷം മുഴുവന്‍ തല്ലിക്കെടുത്തുവാനും അവള്‍ക്ക് ഏറെ പ്രയാസമില്ല. അവളുടെ വാടിയ മുഖം, അതു മതി പുരുഷനെ ദുഃഖത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക് തള്ളി നീക്കാന്‍......... അമൂല്യമായ സ്വത്താണ് പെണ്ണ്. ലോകം കണ്ടതും കാണാനുള്ളതുമായ ഏത് അമൂല്യ രത്‌നവും അവളുടെ മൂല്യത്തിന്റെ ഏഴയലത്തുപോലുമെത്തില്ല. അതു നമ്മളാരും പറഞ്ഞ് ഫലിപ്പിച്ചതൊന്നുമല്ല. പുണ്യപ്രവാചകന്‍(സ) തന്നെ അത് ലോകത്തോട് വിളിച്ച് പറഞ്ഞിട്ടുണ്ട്. ''ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിഭവങ്ങളാണ്. അതില്‍ ഏറ്റവും അമൂല്യമായ വിഭവമാണ് സദ്‌വൃത്തയായ പെണ്ണ്''. എത്ര സുന്ദരമാണീ വാക്കുകള്‍. ഏതൊരാളുടെയും കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക സൗന്ദര്യം തുളുമ്പുന്ന അനവധി വസ്തുക്കളുള്ള ദുനിയാവില്‍ പെണ്ണിനോട് കിട പിടിക്കാന്‍ മറ്റൊന്നില്ലത്രേ.. എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അവസാനം ഏതൊരാളും സമ്മതിക്കും ലോകത്തെ ഏറ്റവും വില പിടിച്ച സ്വത്ത് പെണ്ണ് തന്നെയാണെന്ന്. ഒരു പെണ്ണിന് വേണ്ടി മാത്രം  സമ്പത്തിന്റെ മേലെ കയറിയിരുന്ന് വിശാലമായ സാമ്രാജ്വം അടക്കി ഭരിച്ചിരുന്നവര്‍ അധികാരം പോലും വലിച്ചെറിയാന്‍ തയ്യാറായ അവിശ്വസനീയ സംഭവങ്ങള്‍ ചരിത്രം നമുക്ക് മുന്നല്‍ വരച്ച് വെക്കുമ്പോള്‍ പ്രവാചകാധ്യാപനത്തിന്റെ പ്രസക്തി തിരിച്ചിറിയാന്‍ നമുക്ക് സാധിക്കുന്നു. സാങ്കേതിക വിദ്യകള്‍ അതിശീഘ്രം വികസിച്ച് കൊണ്ടിരിക്കുന്ന ഈ ഇന്റെര്‍നെറ്റ് യുഗത്തില്‍ എത്ര പെട്ടന്നാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ മാറി മറിഞ്ഞത്. എത്ര പെട്ടെന്നാണ് നമ്മൊളൊക്കെ മനുഷ്യരല്ലാതെയായി മാറിയത്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന എത്ര പെണ്‍കുട്ടികളാണ് കണ്ണീരിന്റെ കുത്തരിക്കഞ്ഞി കുടിച്ച് വിധിയെ പഴിച്ച് കഴിയുന്നത്. സന്തുഷ്ടകരമായി നീങ്ങിയിരുന്ന എത്ര കുടുംബങ്ങള്‍ക്കിടയിലാണ് ശബ്ദ കോലാഹലങ്ങളും വാക്ക് തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പീഡനങ്ങളുമെല്ലാം ഒരിക്കലും പിരിഞ്ഞ് പോകാത്ത ക്രൂരനായ അതിഥിയായി വിരുന്നെത്തിയത്. ആരാണ് അതിനുത്തുരവാദി എന്ന് ചോദിച്ചാല്‍ മനസ്സാക്ഷിയുള്ള ഏതൊരാളുടെയും വിരല്‍ നീളുന്നത് സ്ത്രീധനമെന്ന ക്രൂരന്റെ മുഖത്തേക്കായിരിക്കും, തീര്‍ച്ച. പെണ്ണിനെ പണം തൂക്കാനുള്ള യന്ത്രവും ആണിനെ നോട്ട് മാല ചുമക്കാനുള്ള കഴുതയുമാക്കി മാറ്റിയ സ്ത്രീധനമെന്ന മഹാ വില്ലന്‍. സ്ത്രീയും പുരുഷനും വിവാഹം കഴിച്ച് ജീവിക്കുക എന്നത് പ്രകൃതിയുടെ നിയമമാണ്. മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അല്ലാഹു നമ്മുടെയുള്ളില്‍ പണിത് വെച്ച വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും ആസ്വാദനത്തിന്റേയും അത്ഭുത കൊട്ടാരങ്ങളില്‍ സന്തുഷ്ടകരമായി ജീവിക്കാനുള്ള മഹിതമായ മാര്‍ഗമാണത്. ദുഃഖങ്ങളും സന്തോഷങ്ങളും പരസ്പരം പങ്ക് വെച്ച് പരസ്പര സ്‌നേഹത്തിലൂടെ ദുനിയാവില്‍ സ്വര്‍ഗം പണിയാനുള്ള പണിയായുധമാണ് സത്യത്തില്‍ വിവാഹം. മനസ്സറിഞ്ഞ് ആണിനും പെണ്ണിനും സന്തോഷിക്കാനുള്ള അവസരങ്ങളും വിവാഹം  മനുഷ്യന് മുന്നില്‍ തുറന്ന് വെക്കുന്നു. അത് കൊണ്ട് തന്നെയാണ് വിശുദ്ധ ഖുര്‍ആനും തിരുനബിയും വിവാഹം കഴിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. വിവാഹം എന്റെ ചര്യയാണെന്നും അതുപേക്ഷിച്ചവന്‍ നമ്മില്‍ പെട്ടവനെല്ലെന്നും പുണ്യ നബി നമ്മെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നമ്മളിന്ന് വിവാഹത്തിന്റെ അര്‍ത്ഥം മറന്ന് പോയിരിക്കുന്നു എന്നത് ഏറെ ഖേദകരമാണ്. വിവാഹം ഒരിക്കലും ഒരു കച്ചവടമല്ല. പെണ്ണ് വില പേശാനുള്ള ചരക്കുമല്ല. പുരുഷന്റെ ഹൃദയ തുടിപ്പുകള്‍ക്ക് സന്തോഷത്തിന്റെ താളം പകരാനുള്ള മാന്ത്രിക ചെപ്പാണവള്‍. ദുഃഖത്തിന്റെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ തുള്ളികളെ തുടച്ചെടുക്കുന്ന കൈലേസാണവള്‍. അവളെ സ്വന്തമാക്കന്‍ പുരുഷന്‍ പണം മുടക്കുക എന്നല്ലാതെ പണത്തിന്റേയും പൊന്നിന്റേയും പണച്ചാക്കുകള്‍ തന്നാലേ ഞാന്‍ വിവാഹം കഴിക്കൂ എന്നു പറയുന്നത് സത്യത്തില്‍ അല്‍പം കടന്ന കയ്യല്ലേ........പെണ്ണിന്റെ പണം കൊണ്ട് സുഖിക്കാമെന്ന് വിചാരിക്കുന്നവര്‍ ഒരര്‍ത്ഥത്തില്‍ നാണവും മാനവുമില്ലാത്ത സാംസാകാരിക ഷണ്ഡരല്ലേ....... പൊന്നും പണവുമെല്ലാം ഭൗതിക ലോകത്തിന്റെ അലങ്കാരങ്ങള്‍ മാത്രമാണ്. മരിച്ചു പോകുമ്പോള്‍ ഭൂമിയില്‍ ഇട്ടേച്ച് പോകേണ്ട പാഴ് വസ്തുക്കള്‍. അല്ലാഹുവിന്റെയടുക്കല്‍ ഒരു കൊതുക് ചിറകിന്റെ വില പോലുമില്ലാത്ത ദുനിയാവിലെ വെറും രസങ്ങള്‍ മാത്രം. എന്നാല്‍ ഭാര്യ അങ്ങനെയല്ല. ഒരാള്‍ വിവാഹം കഴിക്കുന്നതോടു കൂടി അവന്റെ ദീനിന്റെ പകുതി അവന്‍ സംരക്ഷിച്ചു എന്നാണ് റസൂല്‍(സ) പറഞ്ഞത്. അതായത് ആഖിറത്തില്‍ അവന്റെ പകുതി വിജയം സുനിശ്ചതമാണെന്ന്. ദുനിയാവിലും ഭാര്യയുടെ വില ചില്ലറയല്ല. റസൂലിന് ഭൂമി ലോകത്ത് നിസ്‌കാരത്തിന് പുറമെ ഇഷ്ടപെട്ട രണ്ടു വസ്തുക്കളില്‍ റസൂല്‍ എണ്ണിയ ഒന്ന് ഭാര്യമാരായിരുന്നു. റസൂലിന്റെ കാലത്ത് നിന്ന് നമ്മളെത്രയോ അകന്നുവെന്നാണ് സ്ത്രീധന സംസ്‌കാരം നമ്മെ ബോധ്യപെടുത്തുന്നത്. നബി(സ)യുടെ സേവനത്തില്‍ രാപകല്‍ ഭേദമന്യേ ജീവിതം കഴിച്ചു കൂട്ടിയുരുന്ന ഒരു സ്വഹാബി വര്യനോട് റസൂല്‍(സ) ഒരിക്കല്‍ ചോദിച്ചു: നീ വിവാഹം കഴിക്കുന്നല്ലേ......വിവാഹം കഴിക്കാന്‍ പണമില്ലെന്നായിരുന്നു പാവപ്പെട്ട ആ സ്വഹാബിയുടെ മറുപടി. മൂന്ന് ദിവസം നബി(സ) ഇതേ ചോദ്യമാവര്‍ത്തിച്ചപ്പോഴും അദ്ധേഹത്തിന്റെ മറുപടിക്ക് മാറ്റമില്ലായിരുന്നു. ഈ സാഹചര്യത്തില്‍  റസൂല്‍(സ) സ്വഹാബാക്കളോട് അയാള്‍ക്ക് വിവാഹം കഴിക്കാനുള്ള പണം പിരിച്ച് നല്‍കാന്‍ ആവശ്യപെട്ടു. സ്വഹാബാക്കള്‍ നല്‍കിയ പണം കൊണ്ട് അയാള്‍ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് വിവാഹം കഴിക്കാന്‍ പുരുഷന് പണത്തിന്റെ ആവശ്യമേ വരുന്നില്ല. എല്ലാം പെണ്ണിന്റെ വീട്ടുകാരുടെ വക എന്നാണ് നാട്ടുനടപ്പ്. മഹ്‌റ് വാങ്ങാന്‍ പോലും സ്ത്രീധന തുക ഉപയോഗിക്കുന്ന നെറി കെട്ട സംസകാരത്തിന്റെ വാക്താക്കളായി  നാം അധഃപതിച്ചിരിക്കുന്നു. ഇതിനെതിരെ ശക്തമായി രംഗത്ത് വരേണ്ടത് യുവ സമൂഹമാണ്. ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ പണത്തിന് പകരം പെണ്ണിന് പ്രാധാന്യം കൊടുക്കുമെന്ന് നാമോരുരത്തരും തീരുമാനിച്ചാല്‍ ആയിരക്കണക്കിന് കുടംബങ്ങളുടെ കണ്ണീര്‍ തുടക്കാന്‍  നമുക്ക് സാധിക്കും. പുര നിറഞ്ഞ് നില്‍ക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ജീവിതം നല്‍കാനും നമുക്കാവും. അതാകട്ടെ അല്ലാഹുവിന്റെ അടുത്ത് വമ്പിച്ച പ്രതിഫലം ലഭിക്കുന്ന പ്രവര്‍ത്തനലവുമാണ്. ഹൃദയ ശുദ്ധീകരണമാണ് വിവാഹത്തിന്റെ ആത്മീയ ലക്ഷ്യം. മനുഷ്യന്റെ ഓരോ അവയവങ്ങളെയും അനാവശ്യത്തില്‍ നിന്ന് രക്ഷിക്കാന്‍ വിവാഹത്തിന് സാധിക്കും. വഴിയരികിലൂടെ പോകുന്ന സൂന്ദരിയായ പെണ്‍കൊടിയെ കാണുമ്പോള്‍ വികാരഭരിതരാവുന്നവര്‍ തന്റെ ഭാര്യയുടെ അടുത്ത് പോയി ദുര്‍വിചാരങ്ങളില്‍ നിന്ന് മോചനം നേടട്ടെ എന്നാണ് പ്രവാചകാധ്യാപനം. പെണ്ണിനെ കാണാനും ഒന്ന് തൊടാനും അവളുമായ സല്ലപിച്ച് രസിക്കാനും ഏതൊരു പുരുഷന്റേയും ഹൃദയം ആഗ്രഹിച്ച് കൊണ്ടിരിക്കും. അത് അനുവദനീയമായ മാര്‍ഗത്തിലൂടെ പ്രതിഫലം ലഭിക്കുന്ന ഒരു സല്‍പ്രവര്‍ത്തനമാക്കുകയാണ് ഇസ്‌ലാം  വിവാഹത്തിലൂടെ. ഓരോ ജന്തുവര്‍ഗത്തിനും അവരില്‍ നിന്ന് തന്നെയുള്ള ഇണകളെ സൃഷ്ടിച്ചത് അവരോട് ഇടപഴകി മനസ്സമാധാനം കൈവരിക്കാനാണെന്ന് ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. അതു കൊണ്ട് പണത്തിനുമപ്പുറം വിവാഹത്തിന് പരിശുദ്ധമായ പല ലക്ഷ്യങ്ങളുമുണ്ട് എന്നത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. പൊന്നിനല്ല പെണ്ണിനാണ് മൂല്യം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇസ്‌ലാമില്‍ എന്താ സ്ത്രീക്ക് സ്വാതന്ത്രമില്ലാത്തത് എന്നാണ് ഒരു വിഭാഗത്തിന് ചോദിക്കാനുള്ളത്. സത്യത്തില്‍ മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്രത്തെ പറ്റി സാംസ്‌കാരിക നായകരെന്ന് ഓമനപ്പേരുള്ള ചില അമുസ്‌ലിം ബുദ്ധിജീവികള്‍ സംസാരിക്കാന്‍ തുടങ്ങിയതാണ് ഇവിടുത്തെ പ്രശ്‌നം. പര്‍ദയെന്ന തടവറക്കുള്ളിലിട്ട് മുസ്‌ലിം പെണ്ണിനെ പീഡിപ്പിക്കുന്ന കാടന്‍ സംസകാരമാണ് ഇസ്‌ലാമിന്റേതെന്ന് കണ്ഠം പൊട്ടുമാറുച്ചത്തില്‍ വിളിച്ച് കൂവുന്ന ഇവര്‍ക്കൊക്കെ വേണ്ടത് സ്‌ത്രൈണത മാനിക്കപെടണെമെന്ന നിര്‍ബന്ധ ബുദ്ധിയോ സ്വാതന്ത്രം ലഭിക്കാതെ കണ്ണീര്‍ വാര്‍ക്കുന്ന മുസ്‌ലിം പെണ്ണിന്റെ കണ്ണീര്‍ തുടക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമോ ആണെന്ന് തോന്നുന്നില്ല. കേരളത്തിലെ ഒരു പ്രമുഖ കഥാകൃത്ത് ഒരിക്കല്‍ തന്റ ഒരോര്‍മ കുറിപ്പില്‍ ഇങ്ങനെ കുറിച്ചിട്ടിരുന്നു. പര്‍ദാ സമ്പ്രദായം കടന്നു വരുന്നതിന് മുമ്പ് കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളെന്ത് മൊഞ്ചായിരുന്നു''എന്ന്. സത്യത്തില്‍ അത് തന്നെയാണ് ഇവരുടെയൊക്കെ പ്രശ്‌നം. അങ്ങാടിത്തെരുവോരങ്ങളില്‍ വെച്ച് മുസ്‌ലം സ്ത്രീയുടെ സൗന്ദര്യം കണ്ട് ആസ്വദിക്കാന്‍ കാമ വെറിയന്മാര്‍ക്ക് സാധിക്കുന്നില്ല. അതിന് ഒരടിയന്തര പരിഹാരം വേണം. അത്രയേ ഇവര്‍ക്കൊക്കെ ലക്ഷ്യമുള്ളു......... മുസ്‌ലിം പേരുവെച്ച് ഉടുത്തതഴിച്ചിട്ട് അഭിനയിക്കാന്‍ ധൈര്യം കാണിച്ച മലായളത്തിലെ ചില മാദക നടിമാരെ പോലെയോ, എന്തും തുറന്നെഴുതാനുള്ള വിശാല മനസ്‌കത കാണിച്ച തസ്ലീമ നസ്‌റിനെ പോലെയോ, ഗാലറികളില്‍ തിങ്ങി നിറഞ്ഞ കാണികളെ വികാര പരവശരാക്കി മൈതാന മധ്യത്തില്‍ അര്‍ധ നഗ്‌നയായി തകര്‍ത്താടുന്ന സാനിയ മിര്‍സയെ പോലെയോ, ഇസ്‌ലാമികാശയങ്ങളെ എതിര്‍ക്കുന്നതില്‍ എന്നും ആനന്ദം കണ്ടെത്തുന്ന  ഡോ:ഖദീജാ മുംതാസിനെ പോലെയോ ആയാലേ മുസ്‌ലിം പെണ്ണ് പെണ്ണാകൂ എന്ന സാംസാകാരിക നായകരുടെ  വികലമായ കാഴ്ചപ്പാടുകളെയാണ് നാമാദ്യം മാറ്റേണ്ടത്. സ്ത്രീയെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്ന മതമാണ് ഇസ്‌ലാം. പര്‍ദയെന്നത് ഒരിക്കലും സ്ത്രീയുടെ അവകാശങ്ങളെയും സ്വാതന്ത്രത്തെയും ഹനിക്കലല്ല. അവള്‍ക്ക് സുരക്ഷിതത്വം പ്രധാനം ചെയ്യുന്ന ഒരു കവചമാണത്. തെരുവോരങ്ങളില്‍ ഇരുന്ന് സ്ത്രീകളെ കൊത്തി വലിക്കാന്‍ കാത്തിരിക്കുന്ന കഴുക കണ്ണുകളില്‍ നിന്ന് അവളെ കാത്തു സൂക്ഷിക്കുന്ന സംരക്ഷണ കവചം. ക്രൂരമായി ബലാല്‍സംഗം ചെയ്യപെടാതെ സുരക്ഷിതമായി അവളെ വീട്ടിലെത്താന്‍ സഹായിക്കുന്ന, എവിടെയും അവള്‍ക്ക് ധൈര്യം പകരുന്ന വസ്ത്രമാണത്. അതിനെ തെറ്റിദ്ധാരണയുടെ തടവിലിട്ട് ഇസ്‌ലാം സ്ത്രീ വിരുദ്ധമാണെന്ന് പറയുന്നവര്‍ക്കാണ് സത്യത്തില്‍ പിഴച്ചത്. പുണ്യപ്രവാചകന്റെ രണ്ടാം ഖലീഫയും ധീരകേസരിയും നീതിക്കും ധര്‍മ നിഷ്ഠക്കും ലോകമറിയിപെട്ട ഭരണാധികാരിയുമായ ഉമര്‍ ബിന്‍ ഖത്താബ്(റ) ന്റ കാലത്ത് നടന്ന ഒരു ചരിത്രമുണ്ട്. തന്റെ ഭാര്യയെ കുറിച്ച് പരാതി പറയാന്‍ വേണ്ടി ഒരു സ്വഹാബി വര്യന്‍ ഉമര്‍(റ)ന്റ അടുത്തേക്ക് കടന്നു വന്നു. എന്നാല്‍ ഉമറിന്റെ വീട്ടില്‍ നടക്കുന്ന സംഭവം കണ്ട് അദ്ധേഹം ഞെട്ടിത്തരിച്ചു. ലോകം മുഴുവന്‍ വിറപ്പിച്ച് നടക്കുന്ന തങ്ങളുടെ ധീരനേതാവിതാ ഇവിടെ സ്വന്തം ഭാര്യ ആതിഖാ ബീവിയുടെ ശകാര വര്‍ഷങ്ങള്‍ക്ക് മുന്നില്‍ വിനയാന്വിതനായി തലകുനിച്ച് ഒരു വാക്ക് മറുത്ത് പറയാതെ എല്ലാം ക്ഷമയോടെ കേട്ട് കൊണ്ടിരിക്കുന്നു. ഈ രംഗം കണ്ട് തന്റെ ആവശ്യം പറയാതെ വീട്ടിലേക്ക് തന്നെ മടങ്ങാന്‍ അദ്ധേഹം തീരുമാനിച്ചു. തന്റെ വീട്ടിലേക്ക് കടന്നു വന്ന വ്യക്തി ഒന്നും പറയാതെ വഴിയരികല്‍ വെച്ച് തന്നെ മടങ്ങി പോകുന്ന കാഴ്ച കണ്ട ഉമര്‍(റ) അയാളെ കൈകൊട്ടി തിരികെ വിളിച്ചു. ആഗമനോദ്ദേശ്യം ചോദിച്ചപ്പോള്‍ ആ സ്വഹാബി ഉമര്‍(റ)നോട് പറയാന്‍ തുടങ്ങി ''എന്റെ ഭാര്യ എന്നെ വഴക്ക് പറഞ്ഞിട്ട് എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ വയ്യ. അതിനെ കുറിച്ച് അങ്ങയോട് പരാതിപ്പെടാന്‍ വന്നതായിരുന്നു ഞാന്‍. എന്നാല്‍ അങ്ങയുടെ വീട്ടിലെത്തിയപ്പോള്‍ എനിക്ക് തോന്നി എന്റെ ഭാര്യ ഇതിനെക്കാള്‍ എത്രയോ മെച്ചമാണെന്ന്. അതിനാല്‍ വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയതാണ് ഞാന്‍''. പുഞ്ചിരി തൂകി കൊണ്ട് ഖലീഫ അയാളോട് പറഞ്ഞു ''പ്രിയ സഹോദരാ, നമ്മുടെ സ്ത്രീകളെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ മക്കളെ മുലയൂട്ടുന്നതും നമുക്ക് ഭക്ഷണം പാകം ചെയ്തു തരുന്നതും നമ്മുടെ വസ്ത്രങ്ങളലക്കിത്തരുന്നതും നമ്മുട ഭാര്യമാരാണ്. ഇതൊന്നും തങ്ങളുടെ നിര്‍ബന്ധ ബാധ്യത അല്ലാതിരുന്നിട്ട് കൂടി നമുക്ക് ചെയ്തു തരുന്ന ഭാര്യമാര്‍ ശബ്ദമുയര്‍ത്തുമ്പോഴേക്ക് അവര്‍ക്കെതിരെ തിരിയുന്നത് ഒരു നല്ല മുഅ്മിനിന് യോജിച്ചതല്ല” സ്ത്രീയെ മനസ്സിലാക്കാനും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും പുരുഷനാവണം. സ്‌നേഹം കൊണ്ട് ജീവിത സുഖത്തിന്റെ മാണിക്യകൊട്ടാരം പണിയാനാണ് നാം ശ്രദ്ധ വെക്കേണ്ടത്. തന്റെ ഭാഗം പുരുഷന്‍ ഭംഗിയായി നിറവേറ്റിയാല്‍ ഒരു നല്ല പാതിയായി കുടെ നില്‍ക്കാന്‍ ഭാര്യയുണ്ടാവുമെന്നത് ഉറപ്പാണ്. ചുരുക്കത്തില്‍, ദൈവ സന്നിധിയിലേക്കുളള നമ്മുടെ യാത്രയില്‍ ഒരു സഹായിയായി കുടെ നില്‍ക്കാന്‍, നിലക്കാതെ ഒഴുകുന്ന കണ്ണീര്‍  തുള്ളികള്‍ തുടച്ച് പുരുഷന്റെ മുഖത്ത് ഒരു പുഞ്ചിരി പകരം വെക്കാന്‍, നീറുന്ന പ്രശ്‌നങ്ങള്‍ കൊണ്ട് വേദനിക്കുന്ന ഹൃദയത്തിന് ആശ്യാസത്തിന്റെ തെളിനീര്‍ പകരാന്‍ സ്‌നേഹനിധിയായ ഭാര്യയേ കൂടെയുണ്ടാവൂ.......അവളെ സ്വന്തമാക്കാന്‍ ഒരിക്കലും പണത്തിന്റെ മലകള്‍ ആവശ്യപെടരുത്. പൊന്നിന് പകരം മനം നിറയെ സ്‌നേഹം കൊണ്ട് പൊതിയപെട്ട പെണ്ണാണ് നമുക്ക് വേണ്ടത്. സ്‌നേഹിക്കുന്ന ഹൃദയം, അതാകണം വിവാഹം കഴിക്കാന്‍ പോകുന്ന ഓരോരുത്തരുടെയും മനസ്സില്‍ നിറഞ്ഞ് നില്‍ക്കേണ്ടത്. സ്ത്രീധനമെന്ന മഹാമാരി ഒരിക്കലും നമ്മെ കീഴടക്കാന്‍ പാടില്ല. ഇതിന് വേണ്ടി നാമൊന്നിച്ചിറങ്ങിയാല്‍ ഒരുപാട് ഉപ്പമാരുടെയും പെണ്‍കുട്ടികളുടെയും തേരാതെ ഒഴുകുന്ന കണ്ണീരിന് അറുതി വരുത്താന്‍ നമുക്ക് സാധിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter