ഊഷ്മളമാവേണ്ട കുടുംബ ബന്ധങ്ങള്‍
അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഏതെങ്കിലുമൊരുത്തന്‍ തന്റെ ആഹാരത്തില്‍ വിശാലത നല്‍കപ്പെടാനും ആയുസ്സ് പിന്തിക്കപ്പെടാനും ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ കുടുംബ ബന്ധം ചേര്‍ത്തുകൊള്ളട്ടെ. ഭൗതിക ലോകത്ത് ഒരു സമൂഹ ജീവിയായി കഴിയുന്ന മനുഷ്യന്, തന്റെ ജീവിത യാത്രയുടെ പുരോഗതിക്ക് ഐഹിക ലോകത്ത് ഒഴിച്ചു കൂടാനാവാത്ത രണ്ട് ഘടകങ്ങളാണ് ആഹാരവും ആയുസ്സും. ആരോഗ്യകരമായി ജീവിതം മുന്നോട്ടു നയിക്കാന്‍ ആവശ്യമായ ഒരു ഘടകമാണ് അന്നപാനാധികളെങ്കില്‍ ഇഹലോക ജീവിതത്തിന്റെ ആദ്യാന്തങ്ങള്‍ നിര്‍ണയിക്കുന്ന മര്‍മപ്രധാന ഘടകമാണ് ആയുസ്സ്. ജീവിതത്തില്‍ ഇവ രണ്ടും അത്യന്താപേക്ഷിതമായതിനാല്‍ തന്നെയാണ് ഓരോ മനുഷ്യനും അരച്ചാണ്‍ വയറിനെ തൃപ്തിപ്പെടുത്താന്‍ രാപ്പകല്‍ ഭേദമന്യെ അധ്വാനിക്കുന്നതും മരണത്തെ ഭയപ്പെടുന്നതും. ആയുര്‍ ദൈര്‍ഘ്യവും സുഭിക്ഷമായ ആഹാരവും ആഗ്രഹിക്കാത്തവരായി മനുഷ്യസമൂഹത്തില്‍ ആരുമുണ്ടായിരിക്കില്ലെന്നു ചുരുക്കം. എന്നാല്‍ ഇവ രണ്ടും തികച്ചും ദൈവദത്തമായതു കൊണ്ടു തന്നെ അവയുടെ ലഭ്യതയിലും ദൈവികമായ ഇടപെടലുണ്ടാവുമെന്നത് സ്വാഭാവികം മാത്രം. മഹാനായ റസൂല്‍(സ) സൂചിപ്പിക്കുന്നതും ഈ ദൈവികമായ ഇടപെടലിലേക്കാണ്. അവയുടെ യുക്തി ചിലപ്പോഴെന്നല്ല മിക്കപ്പോഴും മനുഷ്യചിന്തകള്‍ക്കതീതമാണു താനും. അല്ലെങ്കില്‍ ചിലര്‍ക്കു ചോദിക്കാനുണ്ടാകും; ആയുര്‍ദൈര്‍ഘ്യത്തിന്റെയും ഭക്ഷണവിശാലതയുടെ ലഭ്യതയും കുടുംബബന്ധം ചേര്‍ക്കലും തമ്മിലെന്തു ബന്ധമാണെന്ന്. ചര്‍ച്ച കേന്ദ്രീകരിക്കപ്പെടേണ്ടത് രക്തബന്ധം ചേര്‍ക്കുന്നതിലാണ്. ആദമി(അ)ന്റെയും ഹവ്വ (അ)യുടെയും സന്താനങ്ങളെന്ന നിലക്ക് മനുഷ്യ സമൂഹം ഒരു വലിയ കുടുംബമാണ്. ഒടുവില്‍ വര്‍ഗ, ഗോത്ര, വംശങ്ങളിലൂടെ വിഭജിക്കപ്പെട്ട മനുഷ്യ സമൂഹം വിവിധ കുടുംബങ്ങളായി മാറുകയ3ണുണ്ടായത്. ഒരു മാതാവിന്റെയും പിതാവിന്റെയും രക്തത്തില്‍ പിറന്നവനാകയാല്‍ അതിന്റെ തുടര്‍ച്ചയായി വന്നു ചേരുന്ന കുടുംബങ്ങളെ ഒരിക്കലും വിസ്മരിച്ചു പോകരുത്. ഇടക്കിടെ അവരെ സന്ദര്‍ശിച്ചും ക്ഷേമാന്വേഷണങ്ങള്‍ നടത്തിയും സഹായസഹകരണങ്ങള്‍ ചെയ്തും ബന്ധം നില നിര്‍ത്തണമെന്നാണ് പ്രാവചകന്‍ മുസ്‌ലിം സമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. പുതുയുഗത്തിന്റെ ജീര്‍ണിച്ച സംസ്‌കാരം പഠിപ്പിക്കുന്ന പോലെ ഒരു വീടിന്റെ ചുമര്‍ക്കെട്ടുകള്‍ക്കുള്ളിലൊതുങ്ങുന്ന, രണ്ടു മാതാപിതാക്കളും ഒന്നോ രണ്ടോ സന്താനങ്ങളുമടങ്ങുന്ന അണു കുടുംബമല്ല ഇസ്‌ലാമിക വീക്ഷണപ്രകാരമുള്ള കുടുംബം. ഇസ്‌ലാമിലെ കുടുംബം വിശാലമാണ്. അതുകൊണ്ടു തന്നെയാണ് ബന്ധങ്ങളുടെ നൂലിഴ കൊണ്ട് പരസ്പര ബന്ധിതങ്ങളായ ഒരുപാട് വ്യക്തികളും സമൂഹങ്ങളുമടങ്ങുന്ന വിശാലമായ ഒരു സമത്വ സൗഹൃദ ലോകം ഇസ്‌ലാമിനു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്നതും. സഹോദരന്റെ ധനം അപഹരിക്കുന്ന, നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം കടിച്ചു കീറി കുടുംബ ബന്ധങ്ങളില്‍ നികത്താനാവാത്ത വിള്ളലുകള്‍ സൃഷ്ടിക്കപ്പെടുന്ന ആധുനികതയെ നാം അവഗണിക്കേണ്ടതുണ്ട്. മഹാനായ അബൂ ഥല്‍ഹ(റ)വിന്റെ ചരിത്രം ഇവിടെ സ്മര്യമാണ്: ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കും വരെ നിങ്ങളാരും നന്മയെത്തിക്കുകയില്ല.” എന്ന ഖുര്‍ആന്‍ വാക്യം അവതീര്‍ണമായ അവസരത്തില്‍ അബൂഥല്‍ഹ(റ) തനിക്കേറ്റവുമിഷ്ടപ്പെട്ട ‘ബൈറുആഅ്’ തോട്ടം വില്‍ക്കാനുള്ള സന്നദ്ധത പ്രവാചകസമക്ഷം പ്രകടിപ്പിച്ചു. തദവസരം റസൂല്‍ പ്രതികരിച്ചു: ”നിങ്ങളുടെ തീരുമാനം വളരെ സ്തുത്യര്‍ഹമാണ്. മാത്രമല്ല, എന്റെ അഭിപ്രായത്തില്‍ നിങ്ങളത് അടുത്ത കുടംബക്കാര്‍ക്കിടയില്‍ വിഹിതം വെക്കുന്നതാണ് നല്ലത്.” റസൂല്‍ പറഞ്ഞതു പോലെ പ്രവര്‍ത്തിക്കാന്‍ അബൂ ഥല്‍ഹ(റ) തയ്യാറാവുയും പ്രസ്തുത തോട്ടം തന്റെ കുടുംബങ്ങള്‍ക്കും പുതൃവ്യപുത്രന്‍മാര്‍ക്കും വീതിച്ചുകൊടുക്കുകയും ചെയ്തു. കുടുംബ ബന്ധങ്ങള്‍ക്കു വില നല്‍കാത്തവന് സ്വര്‍ഗ പ്രാപ്തിയുണ്ടാകില്ലെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ജുബൈദുബ്‌നുല്‍ മുഥ്ഉം ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: നബി (സ) പറഞ്ഞു: ”(കുടുംബ ബന്ധം) മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” ആയുസ്സും ആഹാരവുമെല്ലാം നേരെത്തെതന്നെ അല്ലാഹു നിശ്ചയിച്ചതാണെന്നിരിക്കെ കുടുംബ ബന്ധം ചേര്‍ക്കല്‍ കാരണം അതില്‍ വര്‍ദ്ധനവുണ്ടാകുമെന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ മാറ്റമണ്ടാകുമെന്നല്ലെ അതിനര്‍ത്ഥമെന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. ഉത്തരം രണ്ടു വിധേന സമര്‍ത്ഥിക്കാം. ഒന്ന് ഈ വര്‍ധനവു കൊണ്ട് ഉദ്ദേശം ആയുസ്സിലും ആഹാരങ്ങളിലും അനുഗ്രഹങ്ങള്‍ വര്‍ധിക്കുമെന്നും ആരാധനാ കര്‍മങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുങ്ങുമെന്നുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ”അല്ലാഹു താനുദ്ദേശിച്ചത് മായ്ച്ചു കളയുകയും (താനുദ്ദേശിച്ചത്) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്റെ പക്കലാണുള്ളത്.” (റഅദ്: 39) എന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ അത് ഹദീസിന്റെ ബാഹ്യാര്‍ത്ഥത്തെ തന്നെ സാധൂകരിക്കുന്നതായി കാണാം. ചുരുക്കത്തില്‍ രക്തവും രക്തബന്ധവും ഇസ്‌ലാമില്‍ ഏറെ പവിത്രത കല്‍പ്പിക്കപ്പെടുന്ന രണ്ട് കാര്യങ്ങളാണ്. സാമൂഹ്യ ജീവിതത്തില്‍ പരസ്പരമുള്ള ഇടപെടലുകള്‍ക്കും സമ്പര്‍ക്കങ്ങള്‍ക്കും അര്‍ഹമായ പരിഗണനയും വിലയും കല്‍പിക്കുന്ന വിശുദ്ധ ഇസ്‌ലാം മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും തകരാതെ സൂക്ഷിക്കാന്‍ ഉതകുന്ന ഇത്തരം നടപടികള്‍ സ്വീകരിച്ചിരുന്നില്ലെങ്കിലേ വൈചിത്ര്യമുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter