പ്ലീസ്, ടീവിയൊന്ന് ഓഫ് ചെയ്യുമോ?
ഒരു മാന്യസുഹൃത്ത് ഈയിടെ പറഞ്ഞ കഥ കേട്ട് ആശ്ചര്യവും സങ്കടവും തോന്നിപ്പോയി. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, പുതിയ വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ടി.വി വാങ്ങാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നുവത്രെ. പക്ഷേ, ഭാര്യ അതിനെ എതിര്‍ത്തു. 'ഞാനും കുട്ടികളും ചീത്തയാവും' എന്നായിരുന്നു അവളുടെ വാദം. ആ ശ്രമം അയാള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കുട്ടികള്‍ അന്യവീടുകളില്‍പ്പോയി ടി.വി കാണുന്നതില്‍ മാനക്കേട് തോന്നി ഒരു ടി.വി സെറ്റ് മാന്യസ്‌നേഹിതന്‍ വാങ്ങിച്ചു. വീട്ടുകാരി ആദ്യമൊന്നും ആ യന്ത്രക്കൂടിനെ തിരിഞ്ഞുനോക്കിയതേയില്ല. ആയിടയ്ക്കാണ് കൈരളി ടി.വി 'പട്ടുറുമാല്‍' മാപ്പിളപ്പാട്ട് റിയാലിറ്റിഷോ ആരംഭിക്കുന്നത്. മാപ്പിളപ്പാട്ടല്ലേ എന്ന് കരുതി ഗൃഹനാഥന്‍ ആ പ്രോഗ്രാം കണ്ടുതുടങ്ങി. പതിയെ അവളുടെ കാഴ്ച മറ്റു പ്രോഗ്രാമുകളിലേക്കും വ്യാപിച്ചുതുടങ്ങി. ഇപ്പോള്‍ അവള്‍ മുഴുവന്‍ സമയ ടി.വി പ്രേക്ഷകയാണ്. ആ വീടിന്റെ ദൈനംദിന വ്യവഹാരങ്ങള്‍ തകിടം മറിഞ്ഞു. ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാവും. ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം അത്രയ്ക്ക് വലുതാണ്.
കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ ഒരടുക്കും ചിട്ടയുമുണ്ടായിരുന്നു ഈയടുത്ത കാലം വരെ. പുരുഷന്‍മാര്‍ വിദേശത്തായാലും മറ്റെവിടെയായാലും ഗൃഹഭരണം അവര്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നു. മക്കളെ ശരിയായി പരിചരിക്കാനും നന്മകള്‍ പകര്‍ന്നു കൊടുക്കാനും അവര്‍ക്ക് സമയമുണ്ടായിരുന്നു. വീട്ടിലെ വൃദ്ധജനത്തെ ശ്രുശ്രൂഷിക്കാനും അര്‍ഹമായ പരിഗണന നല്‍കാനും അവര്‍ക്കു കഴിഞ്ഞിരുന്നു. എന്നാല്‍, ഇന്ന് അങ്ങനെയൊരന്തരീക്ഷം നമ്മുടെ വീടകങ്ങളില്‍ നിലനില്‍ക്കുന്നില്ല. സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി ഓരോ വിഭാഗത്തെയും എങ്ങനെ ആകര്‍ഷിക്കാം എന്ന് മാധ്യമ ബുദ്ധിജീവികള്‍ തലപുകഞ്ഞ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കടുത്ത മത്സരം ചാനലുകള്‍ തമ്മില്‍ നടക്കുന്നുണ്ട്. 'ചാനല്‍ റേറ്റിംഗ്' ഉയര്‍ത്തുന്നതിനു വേണ്ടി എന്ത് ആഭാസത്തരങ്ങളും പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ ചാനലുകള്‍ക്ക് മടിയില്ല. സാര്‍ത്ഥമാവേണ്ട മനുഷ്യജീവിതത്തെ കേവലം 'റിയാലിറ്റിേഷോ'കളാക്കി മാറ്റിക്കളയുന്നുവെന്നതാണ് ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്ന വലിയ അപരാധം. ചാനല്‍ അവതാരകന്‍ കാണിക്കുന്ന കോപ്രായങ്ങള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് സ്വാംശീകരിക്കുന്നതല്ല, നിരന്തരമായ പരിശീലനം അതിനുപിന്നിലുണ്ട്.
വിദേശ രാജ്യങ്ങളിലൊക്കെപ്പോയി ഉയര്‍ന്ന ഫീസ് നല്‍കിയാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ പരിശീലനം നേടുന്നത്. ഏത് പ്രോഗ്രാം, എപ്പോള്‍, എങ്ങനെ ചാര്‍ട്ട് ചെയ്യണമെന്ന് അവര്‍ക്ക് നന്നായറിയാം. ഇന്നത്തെ ശരിയായ മനുഷ്യപ്പിടുത്തക്കാരാണ് ദൃശ്യമാധ്യമങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍. ആള്‍ക്കൂട്ടമനഃശാസ്ത്രത്തിന്റെ മുഴുവന്‍ സാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തും. കേരള ജനത പൊതുവെ ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ചിരിയുടെ നീര്‍ക്കുമിളകള്‍ പൊട്ടിക്കാനാണ് മലയാളികള്‍ക്ക് താല്‍പ്പര്യം. പാശ്ചാത്യനാടുകളിലേക്കു പോലെ, മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളെ ആവിഷ്‌കരിക്കുന്ന ദുരന്തനാടകങ്ങള്‍ (ഠൃമഴലറ്യ) ഇവിടെ ആവിഷ്‌കരിക്കപ്പെടാതെപോയത് അതുകൊണ്ടാണ്. ഒരു സോഫോക്ലിസോ ഷേക്‌സ്പിയറോ ഇവിടെ ഉണ്ടാവില്ല. മലയാളിയുടെ ചിരിയിഷ്ടത്തെ തൃപ്തിപ്പെടുത്തുന്നതിനാണ് 'കോമഡിതില്ലാന'കളും 'ജഗപൊഗ'കളും ചാനലുകളില്‍ സ്ഥിരം ഏര്‍പ്പാടാകുന്നത്. മലയാളികള്‍ ചിരിച്ച് ചിരിച്ച് സ്വയം മറക്കട്ടെ!
മുസ്‌ലിംകളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ടാര്‍ജറ്റ് ചെയ്യുന്നതിനു വേണ്ടിയുള്ളതാണ് മാപ്പിളപ്പാട്ട് റിയാലിറ്റിഷോകള്‍. വളരെ പെട്ടെന്നു തന്നെ ഇത് ലക്ഷ്യം നേടിയെന്നതിനു തെളിവാണ് കൈരളിയെ തുടര്‍ന്ന് ഇതര ചാനലുകളും മാപ്പിളപ്പാട്ട് ഷോകള്‍ ആരംഭിച്ചത്. നിരന്തരമായ ബോധവല്‍ക്കരണങ്ങളുടെ ഫലമായി, സീരിയലുകളോടും സിനിമകളോടും മറ്റും അല്‍പം വിമുഖത കാണിച്ചിരുന്ന സമൂഹം മാപ്പിളപ്പാട്ട് റിയാലിറ്റിഷോകളിലൂടെ പൊടുന്നനെ മാനിപ്പുലേറ്റ് (കൗശലപൂര്‍വം നിയന്ത്രിക്കപ്പെടുക) ചെയ്യപ്പെട്ടു. എന്നാല്‍ മാപ്പിളപ്പാട്ട് എന്ന പേരില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഗാനാഭാസങ്ങള്‍ യഥാര്‍ത്ഥ മാപ്പിളപ്പാട്ടുകളോട് എന്തെങ്കിലും നീതി പുലര്‍ത്തുന്നുണ്ടോ? അവ നമുക്ക് ല്‍കുന്ന സന്ദേശങ്ങള്‍ എന്തെല്ലാമാണ്? വൈദ്യരുടെയും പുലിക്കോട്ടില്‍ ഹൈദറിന്റെയും ശുജാഇമൊയ്തു മൗലവിയുടെയും മറ്റും ഇശലിമ്പങ്ങളുടെ തേന്‍മധുരമല്ല ചാനലുകള്‍ നമുക്ക് വിളമ്പിത്തരുന്നത്. മറിച്ച്, ആടിയും പാടിയും ശൃംഗാരചേഷ്ടകള്‍ കാണിച്ചും ശരീര പ്രദര്‍ശനം നടത്തുന്നവരുടെ അരങ്ങുവാഴ്ചയാണ് ചാനലുകളില്‍ കൊണ്ടാടപ്പെടുന്ന മാപ്പിളപ്പാട്ടുത്സവം. 'പട്ടുറുമാലി'ല്‍ ഒരിക്കല്‍ കേട്ട പാട്ട് ഇങ്ങനെയായിരുന്നു-''അഷ്‌റഫ് മോനെ ചായകുടീ, ചെറുപ്പത്തില്‍ത്തന്നെ ബീഡി വലീ' കുട്ടികള്‍ക്ക് നല്‍കേണ്ട എന്തുനല്ല ഉപദേശം!? പാട്ട് നന്നായില്ലെങ്കിലും ഗായിക മോഷമായില്ല. മിന്നുന്ന കോസ്റ്റ്യുമില്‍ തുളുമ്പുന്ന മാദകത്വം. ഇതു തന്നെയാണല്ലോ പ്രേക്ഷകനു വേണ്ടതും.
അപൂര്‍വമായി നല്ല ഇശലുകള്‍ അവതരിപ്പിക്കപ്പെടുന്നില്ല എന്നല്ല. പക്ഷേ, ഏറിയതും വകയ്ക്കു കൊള്ളാത്തവയാണ്. ഇന്നു വിപണിയിലിറക്കുന്ന ആല്‍ബങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. അപ്പോഴറിയാം, അവയൊന്നും മാപ്പിളപ്പാട്ടല്ലെന്ന്. ഇസ്‌ലാമിക സംസ്‌കാരത്തെ പരിഹസിക്കുന്ന തരത്തില്‍ അശ്ലീലവും ശ്രംഗാരച്ചുവയുള്ളതുമാണ് ഇന്നത്തെ പാട്ടുകളില്‍ അധികവും. അതിന്റെ ആവര്‍ത്തനംതന്നെയാണ് റിയാലിറ്റിഷോകളും. ഏത് കാവ്യത്തിനുമെന്നപോലെ മാപ്പിളപ്പാട്ടിനും ഒരു സാമൂഹിക പശ്ചാത്തലമുണ്ട്. 'മുഹ്‌യുദ്ദീന്‍ മാല'യും 'ബദ്ര്‍ ഖിസ്സ'യും മറ്റും അനുവാചകരില്‍ ആത്മീയോത്ക്കര്‍ഷവും ഇലാഹീ സ്മരണയും ഉണര്‍ത്തും. മാപ്പിളപ്പാട്ടിന്റെ ലക്ഷണപരിധിയില്‍ വരുന്നില്ലെങ്കിലും 'പരന്‍വിധിച്ചുമ്മായിട്ടും', 'കെട്ടുകള്‍ മൂന്നും കെട്ടി'യും കേള്‍ക്കുമ്പോള്‍ ആരും ഒന്ന് വിരണ്ടുപോയിരുന്നു- തന്നെക്കുറിച്ചു തന്നെയാണല്ലോ ആ പാട്ട് എന്നോര്‍ത്ത്. എന്നാല്‍, പാതിമൂക്കും പാതിവായും ഉപയോഗിച്ച് ഏതോ ആഭാസന്‍മാര്‍ പാടുന്ന ഇന്നത്തെ പാട്ടുകള്‍ കേള്‍ക്കുമ്പോഴോ, ഏത് കിളവനിലും വിരിയും ഒരു ശ്രംഗാരഭാവം! മഹത്തായ മാപ്പിള സാഹിത്യത്തെ പരിപോഷിപ്പിക്കുകയോ അന്യംനിന്നുപോകാവുന്ന ഒരു ഗാനശാഖയെ സംരക്ഷിക്കുകയോ ഒന്നുമല്ലല്ലോ ചാനലുകളുടെ ലക്ഷ്യം. അതു പക്ഷേ, നമുക്ക് തിരിച്ചറിയാനാവുന്നില്ല.
ചാനലുകളില്‍ വരുന്ന സീരിയലുകളോടും സിനിമകളോടും മറ്റ് അന്തസ്സാരശൂന്യമായ പ്രോഗ്രാമുകളോടും നമ്മുടെ സമൂഹം വച്ചുപുലര്‍ത്തുന്ന അമിത താല്‍പ്പര്യത്തെ പരിഹസിക്കുന്നതിനു വേണ്ടി പി.കെ. പാറക്കടവ് ഒരു മിനിക്കഥ എഴുതിയിട്ടുണ്ട്-'ലീലാ ടാക്കീസ്.' അമ്മ എപ്പോഴും ടി.വിക്ക് മുമ്പിലാണ്. സീരിയലായും സിനിമയായും തെളിയുന്ന കാഴ്ചവട്ടത്തിലാണവരുടെ ജീവിതം. മകന് ആവശ്യമായ സ്‌നേഹമോ പരിഗണനയോ ലഭിക്കുന്നില്ല. ഇതൊരു വീടല്ല, സിനിമാ ടാക്കീസാണെന്ന് അവന് തോന്നി. അപ്പോള്‍ അവന്‍ ഒരു കടലാസ് കഷ്ണത്തില്‍ 'ലീലാ ടാക്കീസ്' എന്നെഴുതി പുറത്തെ ഗെയ്റ്റില്‍ ഒട്ടിച്ചുവച്ചു. മാതാക്കളുടെ സീരിയല്‍ഭ്രമം കുട്ടികളെയാണ് കാര്യമായി ബാധിക്കുന്നത്. അവര്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ആളില്ല. നേരത്തിനു ഭക്ഷണം ലഭിക്കുന്നില്ല. അപ്പോള്‍ അവര്‍ സ്വന്തം വഴികള്‍ കണ്ടെത്തുന്നു. മാതാവ് 'റിമോട്ട്' താഴെ വയ്ക്കുമ്പോള്‍ അവരാണ് പിന്നീടത് കൈയിലെടുക്കുന്നത്. രക്ഷിതാക്കള്‍ കണ്ട് ബാക്കിവച്ചത് പൂരിപ്പിക്കുന്നത് മക്കളാണ്. അരുതാത്തത് കണ്ടും കേട്ടും വളര്‍ന്നുവരുമ്പോള്‍ അവര്‍ തന്നിഷ്ടക്കാരും നിഷേധികളുമായി പരിണമിക്കുന്നു. കുട്ടികളെ ചൊല്ലി ആധി പെരുത്ത രക്ഷിതാക്കള്‍ ഓര്‍ക്കുക, മക്കളുടെ അപഥ സഞ്ചാരങ്ങള്‍ക്ക് പാതയൊരുക്കിയത് നിങ്ങളാണ്.
മിനി സ്‌ക്രീനില്‍ കാണുന്നതെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നു. ടി.വിയിലെ ദൃശ്യബിംബങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ഉണ്ടാക്കുന്നുവെന്ന് പ്രശസ്ത മാധ്യമ വിമര്‍ശകന്‍ മാര്‍ഷല്‍ മക്‌ലൂഹന്‍ അഭിപ്രായപ്പെടുന്നു. കൊലപാതക രംഗങ്ങളും സംഘട്ടനങ്ങളും ആവര്‍ത്തിച്ചു കാണുന്ന കുട്ടികളിലും കുറ്റവാസനകള്‍ നാമ്പെടുക്കുന്നു. അതു കൊണ്ടാണ് ജെറിമാന്‍സറുടെ പുസ്തകം-ടി.വിക്കെതിരേ നാലു ന്യായങ്ങള്‍-ടെലിവിഷന്‍ വലിച്ചെറിയുക എന്ന ആഹ്വാനം മുഴക്കുന്നത്. ടി.വി പുതിയ തലമുറയിലെ കുട്ടികളെ മുഴുവന്‍ വ്യക്തമായി ചിന്തിക്കാനോ കളിക്കാനോ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനോ കഴിയാത്തവരാക്കി മാറ്റുന്നുവെന്ന് മേരിവിന്‍ എന്ന ഗ്രന്ഥകാരിയും അഭിപ്രായപ്പെടുന്നു.
കേരളീയ മുസ്‌ലിം വീടുകള്‍ ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങളാല്‍ ചിട്ടപ്പെട്ടിരുന്നു. സന്ധ്യമയങ്ങുന്നതോടെ വല്യൂമ്മമാര്‍ നിസ്‌കാരക്കുപ്പായത്തിന്റെ തൂവെണ്‍മയണിഞ്ഞ് നിസ്‌കാരപ്പായയില്‍ ഉപവിഷ്ടരാകും. വിശുദ്ധ ഖുര്‍ആന്‍ പാരായണം കഴിഞ്ഞ് ഹദ്ദാദിലൂടെയും സ്വലാത്തിലൂടെയും കടന്നുപോകും അവര്‍. ഗൃഹനായിക വീട്ടുജോലികള്‍ക്കിടയിലും നിസ്‌കാരാദികര്‍മങ്ങള്‍ നിര്‍വഹിക്കും. അതിനിടയില്‍ തന്നെ ചായയും പലഹാരവും റെഡി. വീട്ടുകാരന്‍ കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധവയ്ക്കും. സമയം അധികം വൈകാതെ അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടക്കും. 'അസ്സ്വലാത്തു ഖൈറും മിനന്നൗം' എന്ന ഉണര്‍ത്തുവാക്കുകേട്ട് വീട്ടുകാരിയാവും ഉണരുക. അവള്‍ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തും. അതോടെ, പകലിന്റെ തിരക്കുകളിലേക്ക് എല്ലാവരും ജാഗരൂഗരാവും. എന്തൊരു റാഹത്തായിരുന്നു ആ ജീവിതത്തിന്. ശാന്തിയും സമാധാനവും കളിയാടിയിരുന്നു അന്ന് ജീവിതത്തിലുടനീളം. ഇന്ന് അതെല്ലാം ഓര്‍മകള്‍ മാത്രം. ഇന്നത്തെ രാത്രിനേരങ്ങളില്‍ വീടുകളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ചതുരപ്പെട്ടിയിലെ ആക്രോശങ്ങളും പൊട്ടിച്ചിരികളും 'ഞഞ്ഞമിഞ്ഞ' വര്‍ത്തമാനങ്ങളും മാത്രം. ടി.വി. നമ്മുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു. നമ്മുടെ ആരാധനാ ക്രമങ്ങളില്‍ വരെ അതു കൈക്കടത്തി. നമ്മുടെ കുട്ടികളും പെണ്ണുങ്ങളും വഴിപിഴക്കാന്‍ തുടങ്ങി. ഇന്ന് മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന ഒരു വിലയ പ്രശ്‌നം സ്ത്രീകളുടെയും കുട്ടികളുടെയും താന്തോന്നിജീവിതം തന്നെയല്ലേ? ടി.വി പോരാഞ്ഞ് നാം അവര്‍ക്ക് മുന്തിയയിനം മൊബൈല്‍ ഫോണും വാങ്ങിക്കൊടുത്തിട്ടുണ്ടല്ലോ.
ഒരു സുഹൃത്തിന്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് ഈ കുറിപ്പ് തുടങ്ങിയത്. മറ്റൊരു സുഹൃത്തിന്റെ കാര്യം കൂടി പറയട്ടെ, അദ്ദേഹം വീട്ടിലെ ടി.വിസെറ്റ് തന്റെ ഡ്രൈവര്‍ക്ക് ഫ്രീയായി കൊടുത്തു. അദ്ദേഹം പറഞ്ഞ കാരണമെന്താണെന്നോ ''ടി.വി വീട്ടിലുണ്ടെങ്കില്‍ ഖബറില്‍ കുത്തു കൊള്ളാതെ കെടക്കാനാവില്ലെ''ന്ന്. അപ്പറഞ്ഞത് എത്ര ശരി!
Leave A Comment