മഹല്ല് കമ്മിറ്റികള്‍ യാചകരെ സൃഷ്ടിക്കുകയാണോ...
വെള്ളിയാഴ്ച ദിവസം ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. പള്ളിയുടെ ഗെയ്റ്റിന് സമീപം രണ്ട് സ്ത്രീകള്‍ നില്‍ക്കുന്നു. വീട് വെക്കാനുള്ള ആവശ്യത്തിലേക്ക് വല്ലതും ലഭിക്കാനാണ് അവര്‍ വന്നിരിക്കുന്നത്. കൈയ്യില്‍, അവരുടെ മഹല്ല് കമ്മിറ്റി നല്‍കിയ കത്തുമുണ്ട്.
പല പള്ളികള്‍ക്ക് മുമ്പിലും ഇത് ഇന്ന് നിത്യകാഴ്ചയാണ്. മഖാമുകളിലും ജനങ്ങള്‍ കൂടുന്ന മറ്റു ഇടങ്ങളിലും ഇത് നേരത്തെ വ്യാപകമാണ്. വീടുകളിലും ഷോപ്പുകളിലും കയറിയിറങ്ങി യാചിക്കുന്നവരും നമ്മുടെ പതിവുകാഴ്ചകള്‍ തന്നെ. ചുരുക്കത്തില്‍ നമ്മുടെ സംഗമങ്ങളൊക്കെ യാചനയുടെയും ഇടങ്ങളാണ് എന്നര്‍ത്ഥം.
ദാനത്തിന് ഇസ്‍ലാം നല്‍കുന്ന പ്രാധാന്യം ഏറെയാണ്. എന്നാല്‍, അത്രതന്നെ യാചന നിരുല്‍സാഹപ്പെടുത്തുന്നുമുണ്ട് നമ്മുടെ മതം. യാചിക്കാന്‍ വന്നവന് മഴു വാങ്ങിക്കൊടുത്ത് വിറക് വെട്ടി ജീവിക്കാന്‍ പറഞ്ഞയച്ച പ്രാവചക ചരിത്രം, ഈ രംഗത്ത് ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കേണ്ട നിലപാടാണ് നമുക്ക് പറഞ്ഞുതരുന്നത്.
യാചകരില്ലാത്ത സമൂഹമാണ് ഇസ്‍ലാം വിഭാവനം ചെയ്യുന്നത്. എന്നാല്‍, ദരിദ്രരുടെ ആവശ്യങ്ങള്‍ മാന്യമായി തന്നെ നിറവേറ്റപ്പെടാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് താനും. നിര്‍ബന്ധ ദാനമായ സകാതും ഐഛികമായ സ്വദഖകളും വിവിധ തെറ്റ് കുറ്റങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തങ്ങളും ഇതിന്റെ ഭാഗമാണ്.
ഈ രീതികളെല്ലാം കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് സമുദായ നേതൃത്വത്തിനും മഹല്ല് ഭാരവാഹികള്‍ക്കുമുള്ളത്. അതിലൂടെ, യാചനയില്ലാത്ത, അതേസമയം ആവശ്യക്കാര്‍ ഒട്ടുമേ കഷ്ടപ്പെടാത്ത അഭിമാനവും സുസ്ഥിരതയുമുള്ള ഒരു സമൂഹത്തെ അനായാസം വീണ്ടെടുക്കാവുന്നതേയുള്ളൂ.
എന്നാല്‍, പല മഹല്ല് കമ്മിറ്റികളും ഈ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം, തങ്ങളെ സമീപിക്കുന്നവര്‍ക്ക് ഇതരമഹല്ലുകളില്‍ ചെന്ന് യാചിക്കാനുള്ള സര്‍ട്ടിഫികറ്റ് നല്‍കുകയാണ് ഇന്ന് ചെയ്യുന്നത്. മേല്‍പറഞ്ഞ യാചകരില്‍ പലരുടെയും കൈയ്യില്‍ കാണുന്ന, മഹല്ല് കമ്മിറ്റിയുടെ സീലും ഒപ്പും പതിച്ച കത്തുകള്‍ എത്ര ആവേശത്തോടെയും അഭിമാനത്തോടെയുമാണ് ആ പാവങ്ങള്‍ കാണിച്ചു തരുന്നതെന്നോ.
ഇത്തരം സര്‍ട്ടിഫിക്കറ്റുകളിലൂടെ ചെന്നെത്തുന്ന മഹല്ലുകളില്‍ ഔദ്യോഗികത ലഭിക്കുന്നു എന്നത് അവര്‍ക്ക് വലിയൊരു കാര്യമാണ്. എന്നാല്‍ ഇവിടെ തകര്‍ന്നടിയുന്ന്, ഏറ്റവും കാര്യക്ഷമമാകേണ്ട മഹല്ല് എന്ന ഇസ്‍ലാമിക സമൂഹത്തിന്റെ വ്യവസ്ഥിതിയാണ്, അതിലൂടെ നമ്മുടെ മൂല്യങ്ങളും.
സകാത് നല്‍കേണ്ടത് അതത് മഹല്ലുകളിലാണെന്നതാണ് കര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം. അതത് പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ അവിടങ്ങളില്‍ തന്നെ പരിഹരിക്കപ്പെടണമെന്നതാണ് ഇതിലെ പ്രായോഗിക യുക്തി. ആവശ്യക്കാരെ കണ്ടെത്തി അങ്ങോട്ട് ചെന്ന് ഏല്‍പിക്കുകയാണ് വേണ്ടതെന്നും ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം, അഥവാ, ഒരാളുടെയും ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കാന്‍ വിശുദ്ധ ദീന്‍ അനുവദിക്കില്ലെന്നര്‍ത്ഥം.
തങ്ങളുടെ മഹല്ലിലെ പ്രശ്നങ്ങള്‍ തീര്‍ത്ത ശേഷമേ, അടുത്ത മഹല്ലുകാരെ കുറിച്ച് ആലോചിക്കേണ്ടത് പോലുമുള്ളൂ. അതേപോലെ, തങ്ങളുടെ മഹല്ലിലെ ഒരു വ്യക്തിക്ക് വന്നുചേര്‍ന്ന പ്രശ്നം പരിഹരിക്കാന്‍ തങ്ങള്‍ക്ക് സ്വന്തമായി കഴിയാതെ വരുമ്പോള്‍ മാത്രമേ അതിന്റെ പരിഹാരത്തിനായി അടുത്ത മഹല്ലിനെ ആശ്രയിക്കാനും അനുവാദമുള്ളൂ. മറിച്ച് സംഭവിക്കുന്നിടത്തൊക്കെ ബന്ധപ്പെട്ട മഹല്ലുകാരും വിശിഷ്യാ ഉത്തരവാദപ്പെട്ടവരും തെറ്റുകാരായി മാറുമെന്നല്ലേ മനസ്സിലാകുന്നത്.
ബന്ധപ്പെട്ടവര്‍ ഇത് ശ്രദ്ധിച്ചേ തീരൂ. ഏറ്റവും ചുരുങ്ങിയത് തങ്ങളുടെ മഹല്ലുകളിലുള്ളവര്‍ക്ക് ഇതരമഹല്ലുകളിലേക്ക് യാചകരായി പോവേണ്ട അവസ്ഥ വരുന്നില്ലെന്ന് അവര്‍ ഉറപ്പ് വരുത്തണം. ഇതരമഹല്ലുകളുടെ എഴുത്തുമായി തങ്ങളെ സമീപിക്കുമ്പോള്‍, ആ നാട്ടുകാരായ ആരെയെങ്കിലും ബന്ധപ്പെട്ട് എന്താ നിങ്ങള്‍ ഇതിനൊന്നും പരിഹാരം കാണാത്തത് എന്ന് ചോദിക്കുന്നിടത്തേക്കെങ്കിലും നാം എത്തേണ്ടിയിരിക്കുന്നു. എങ്കില്‍ സമീപഭാവിയിലെങ്കിലും ഇതിലൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്തിടത്തോളം ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും, സമുദായമുഖത്തിന്റെ വികൃതവല്‍ക്കരണവും.
Leave A Comment