സമൂഹത്തോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ പാര്‍ട്ടികളുണ്ടോ...

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരികയാണ് നാളെ. ഒരു മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ മിച്ചം കിട്ടിയത്, സമൂഹം അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്. കോവിഡ് സര്‍വ്വ നിയന്ത്രണങ്ങളും വിട്ട് വോട്ടിംഗ് ശതമാനത്തേക്കാള്‍ മുന്നിലെത്തിയെതാണ് നാം കണ്ടത്. അതിന് ഒന്നാമത്തെ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് വരെ കേസെടുക്കണമെന്നും വരെ ചില കോടതികള്‍ പോലും തുറന്ന് പറഞ്ഞു. 

രണ്ടാമത്തെ ഉത്തരവാദിത്തം ചെന്നെത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളിലും അവയുടെ നേതാക്കളിലും തന്നെയാണ്. തങ്ങളുടെ പ്രചാരണത്തിന് പരമാവധി ആളുകള്‍ കൂടണമെന്നും സമ്മേളനങ്ങളും കലാശക്കൊട്ടുകളും തീപാറണമെന്നും അവര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികം. അതേ സമയം, ആ വരുന്നവര്‍ക്ക് സൌജന്യമായി ഒരു മാസ്കെങ്കിലും സംവിധാനിക്കാന്‍ ഒന്ന് ശ്രമിക്കാമായിരുന്നു. അത്തരം ഒരു പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും കണ്ടില്ലെന്നത്, പൊതു ജനാരോഗ്യത്തിന് നല്കുന്ന മുന്‍ഗണനയുടെ മാപിനി തന്നെയാണ്.

പറഞ്ഞ് വരുന്നത്, ഇനിയെങ്കിലും പാര്‍ട്ടികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കട്ടെ. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നമ്മുടെ നാടുകളില്‍ ആഘോഷിക്കപ്പെടുന്ന രീതികള്‍ എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. യാതൊരു വിധ നിയന്ത്രണവുമില്ലാതെ ഇത്തരം മാമാങ്കങ്ങളില്‍ പെട്ട് കൊറോണ ചതഞ്ഞരഞ്ഞാലായി എന്ന് മാത്രം ആശ്വസിക്കാനേ വകയുള്ളൂ.

ആയതിനാല്‍, സമൂഹത്തോട് പ്രതിബദ്ധതയുള്ള, സാമൂഹ്യാരോഗ്യത്തെ കുറിച്ച് ആശയും ആശങ്കയുമുള്ള, അല്‍പമെങ്കിലും വിവരവും വിദ്യാഭ്യാസവും ഇത്തിരി പൊതുജനശ്രദ്ധയുമുള്ള പാര്‍ട്ടികളുണ്ടെങ്കില്‍, അവര്‍ താഴെ പറയും വിധം ഒരു പോസ്റ്ററിക്കട്ടെ, 

ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനം പൊതുജനാരോഗ്യമാണ്. ആയതിനാല്‍ നാളെ ഫലം വരുമ്പോള്‍ വിജയം ഞങ്ങളുടെ കൂടെയാണെങ്കില്‍, കോവിഡ് പ്രോട്ടോകോളിന് വിരുദ്ധമായ യാതൊരു വിധ ആഘോഷപരിപാടികളും ഞങ്ങള്‍ നടത്തില്ല എന്ന്.

ശേഷം അണികള്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്കുകയും ചെയ്യാനായാല്‍, നിങ്ങള്‍ നേടുന്ന ഏറ്റവും വലിയ വിജയം അതായിരിക്കും. ഇനി അഥവാ, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും, നിങ്ങളെ വിജയിപ്പിച്ചില്ലല്ലോ എന്നോര്‍ത്ത് പൊതുജനം സങ്കടപ്പെടാതിരിക്കില്ല.

അവസാനമായി ഒരിക്കല്‍ കൂടി ചോദിക്കട്ടെ... 

ഇങ്ങനെ ചെയ്യാന്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള വല്ല പാര്‍ട്ടിയുമുണ്ടോ നമ്മുടെ നാട്ടില്‍...

Related Posts

Leave A Comment

Voting Poll

Get Newsletter

Success

Your question successfully uploaded!