തറന്നും ഫിര്‍ദൌസ്, പശ്ചിമബംഗാളില്‍നിന്നൊരു വിജയഗാഥ
'കഠിനാധ്വാനം ഒരിക്കലും വെറുതെയാകില്ല. ഏത് വേദനകളെയും പ്രതികൂല സാഹചര്യങ്ങളും അതിജയിക്കാന്‍ മാത്രം ശക്തമാണ് കഠിനാധ്വാനം, അത് കൈമുതലായുണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണ്', ഇത് പറയുമ്പോള്‍ തറന്നും ഫിര്‍ദൌസിന്റെ കണ്ണുകളില്‍ ആത്മാഭിമാനത്തിന്റെ ഒരായിരം പൂത്തിരികള്‍ ഒന്നിച്ച് കത്തുന്ന പോലെ.
തന്റെ ആദ്യ ശ്രമത്തില്‍ തന്നെ വെസ്റ്റ് ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം വരിച്ച ആദ്യ മുസ്‌ലിം പെണ്‍കുട്ടിയായി മാറിയിരിക്കയാണ്, പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിനിയായ തറന്നും ഫിര്‍ദൗസ്. പ്രതിസന്ധികളുടെയും പ്രാരാബ്ധങ്ങളുടെയും നടുക്കടലിലൂടെ നീന്തിക്കുതിച്ചാണ് തറന്നും ഈ നേട്ടം വരിച്ചതെന്നത് ആ വിജയത്തിന് ഏറെ മാറ്റ് കൂട്ടുകയാണ്.
വളരെ ചെറിയ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് തറന്നും വരുന്നത്. പിതാവ് മുഹമ്മദ് അലി സംസ്ഥാനത്തെ മലയോര പട്ടണത്തിലെ അപ്‌ഹോള്‍സ്റ്ററി ജോലിക്കാരനാണ്. അഞ്ചു പേരുള്ള ഒരു കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഷ്ടിച്ച് മാത്രം മതിയാവുന്ന വരുമാനമേ ആ പിതാവിനുള്ളൂ. ഉള്ളവര്‍ പോലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് അധികം പ്രാധാന്യം നല്‍കാത്ത സാമൂഹികപശ്ചാത്തലം. സഹോദരന്മാരെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കയച്ചപ്പോഴും, തറന്നുമിനും മൂത്ത സഹോദരിക്കും അഞ്ചാം ക്ലാസ്‌വരെ പ്രാദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാനായിരുന്നു വിധി.
എങ്കിലും, തറന്നുമിന്റെ ജീവിതത്തില്‍ ചെറുപ്പം മുതലേ, ഉയര്‍ന്ന ഒരു ജോലി എന്നത് ഉറക്കം കെടുത്തുന്ന സ്വപ്നമായി കൂടെണ്ടായിരുന്നു. പിതാവിന്റെ വരുമാനം അനുവദിക്കാത്തത് കൊണ്ടാണ് തനിക്ക് ഉന്നത സ്ഥാപനങ്ങളിലെ പഠനം ലഭിക്കാതെ പോകുന്നതെന്ന് സ്വയം മനസ്സിലാക്കിയ തറന്നും, അതൊന്നും തന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് തടസ്സമാവരുതെന്ന് അപ്പോഴേ ഉറപ്പിച്ചിരുന്നു. കഠിനാധ്വാനവും സ്ഥിരോല്‍സാഹവും കൈമുതലാക്കിയ ആ പെണ്‍കുട്ടി തന്റെ സ്വപ്നത്തെ മാറോട് ചേര്‍ത്ത് പിടിച്ചു.
ഒരു നല്ല വിദ്യാര്‍ത്ഥിനിയായിരുന്നു തറന്നും. അവളുടെ വിവേകവും ദൃഢനിശ്ചയവും ശ്രദ്ധിച്ച അധ്യാപകര്‍ അവളുടെ കഴിവുകള്‍ വേഗം തിരിച്ചറിയുകയും യഥാസമയം പിതാവിനെ വിവരം അറിയിക്കുകയും ചെയ്തു. അധികം വിദ്യാഭ്യാസമൊന്നും നേടിയിരുന്നെങ്കിലും, മുഹമ്മദ് അലിയും മകളുടെ കഴിവുകളില്‍ സന്തുഷ്ടനാവുകയും മകള്‍ക്ക് ഉന്നത വിദ്യഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തു.
കഠിനാധ്വാനിയായ തറന്നും കോളേജ് പരീക്ഷകളിലും ഏറെ മികവ് കാട്ടി. 2012 ല്‍ ഇന്‍ഫര്‍മേഷന്‍ടെക്‌നോളജിയില്‍ ബി-ടെക് പൂര്‍ത്തിയാക്കി, ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലി നേടി. പക്ഷേ, സമൂഹം കാണിച്ച ലിംഗ പക്ഷപാതിത്വം അവളെ വീണ്ടും പിന്നോട്ട് വലിച്ചു, ഉമ്മയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍, ജോലിയില്‍ ചേരുന്നതില്‍ നിന്ന് വിലക്കുകയും വീട്ടിലിരിക്കേണ്ടിവരികയും ചെയ്തു.
പശ്ചിമ ബംഗാളിലെ ഹുഗ്ലി ജില്ലയിലെ ചമ്പ്ദാനി സ്വദേശിയായ ഇന്ത്യന്‍ നാവികസേനയിലെ ഒരു ഉദ്യോഗസ്ഥനുമായി 2014 ല്‍ തറന്നും വിവാഹിതയായി. വിവാഹ ശേഷം ഭര്‍ത്താവിന് ജോലിമാറ്റം കിട്ടിയത് കേരളത്തിലേക്കായിരുന്നു. കൂടെ തറന്നുമും കേരളത്തിലെത്തി. അതോടെ, തറന്നുമിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു. ഒഴിവ് സമയം വീണ്ടും പഠനത്തിനായി ചെലവഴിച്ചു. അവളുടെ കഴിവ് മനസ്സിലാക്കിയ ഭര്‍ത്താവിന്റെ പ്രേരണ കൂടിയായതോടെ സിവില്‍ സര്‍വീസ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങി.
അതേകുറിച്ച് തറന്നും പറയുന്നത് ഇങ്ങനെ, 'എന്റെ ഭര്‍ത്താവാണ് വീണ്ടും എന്നെ സ്വപ്നത്തിലേക്ക് കൈപിടിച്ചുനടത്തിയത്. ഒരു ജോലിയില്‍ ചേരുന്നതിനോട് അദ്ദേഹത്തിന് യാതൊരു പ്രശ്‌നവുമില്ലായിരുന്നു, എന്റെ കഴിവുകളെയും അദ്ദേഹം തിരിച്ചറിഞ്ഞു, അദ്ദേഹമാണ് സിവില്‍ സര്‍വീസ് രംഗത്തേക്ക് എന്നെ കൈപിടിച്ചത്'.
എന്നാല്‍ തറന്നുമിന്റെ മുന്നില്‍ വീണ്ടും പ്രതിസന്ധികള്‍ തല കാട്ടി വന്നു. ഭര്‍ത്താവിന്റെ ജോലിമാറ്റങ്ങള്‍, പരീക്ഷ സമയത്ത് ലീവ് കിട്ടാതിരിക്കല്‍ തുടങ്ങി ഓരോ സമയത്തും പ്രശ്നങ്ങള്‍ പലതായിരുന്നു. പക്ഷെ, തറന്നും തന്റെ ലക്ഷ്യത്തിലുറച്ചുനിന്നു. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൂട്ടായവരെ എപ്പോഴും തോല്‍പിക്കാനാവില്ലല്ലോ, എല്ലാം മറികടന്ന് ഒരു ദിവസം അവര്‍ വിജയിക്കുക തന്നെ ചെയ്യും, അതാണല്ലോ പ്രപഞ്ചനിയമം. തറന്നുമിന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു.
2016 ഫെബ്രുവരിയില്‍ ഭര്‍ത്താവിന് കൊല്‍ക്കത്തിയിലേക്ക് സ്ഥലമാറ്റം കിട്ടി. 2017 ലെ വെസ്റ്റ് ബംഗാള്‍ സിവില്‍ സര്‍വീസ് (ഡബ്ല്യു. ബി. സി. എസ്) അപേക്ഷ വിളിച്ചതും തറന്നും അതൊരു സുവര്‍ണ്ണാവസരമായി കണ്ടു. അങ്ങനെ തന്റെ കന്നി ശ്രമത്തില്‍ തന്നെ, ആദ്യകടമ്പ കടന്നു.
പ്രിലിമിനറി (പ്രിലിംസ് എക്‌സാം) ക്ലിയര്‍ ചെയത ശേഷം അവള്‍ മെയിന്‍സും കടന്ന് 2018 സെപ്റ്റംബര്‍ 4 ന് അവസാനഘട്ടമായ അഭിമുഖപരീക്ഷക്ക് പുറപ്പെടുമ്പോള്‍, തറന്നും 8 മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിന്റെ സ്വാഭാവിക പ്രയാസങ്ങള്‍ക്കെല്ലാമിടയിലും ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തി, അതും അവള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഫലത്തിനായി കാത്തിരുന്നു.
2018 സെപ്തംബര്‍ 20.. തറന്നുമിനെ സംബന്ധിച്ചിടത്തോളം ആ പ്രഭാതത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍, വിജയികളുടെ കൂട്ടത്തിലെ ഒരു പേര് വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു, തറന്നും ഫിര്‍ദൌസ്.
വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന്റെയും അടങ്ങാത്ത സ്ഥിരോല്‍സാഹത്തിന്റെയും ഫലമെന്നോണം, പതിറ്റാണ്ടുകള്‍ നീണ്ട ആ സ്വപ്നം പൂവണിഞ്ഞു. വെസ്റ്റ് ബംഗാള്‍ പോലെയുള്ള മുസ്‍ലിം പിന്നാക്കമുള്ള ഒരു പ്രദേശത്തെ, അതും പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് ആ അസാധരാണ നേട്ടം കൈവരിക്കുന്ന ആദ്യവ്യക്തിയായി തറന്നും ചരിത്രത്തിന്റെ താളുകളിലേക്ക് നടന്നുകയറി.
തറന്നുമിന്ന് പറയാനുള്ളത് കൂടി നമുക്ക് കേള്‍ക്കാം, “ഒരിക്കലും വിധിയെ പഴിച്ച് പരാജിതരായി പിന്മാറരുത്. ജീവിതം കീഴടങ്ങാനുള്ളതല്ല, മറിച്ച് കീഴടക്കാനുള്ളതാണ്, ജീവിതത്തില്‍ സ്വപ്നങ്ങളുണ്ടാവട്ടെ, അവ സാക്ഷാത്കരിക്കാനുള്ള പോരാട്ടമാവട്ടെ ഓരോ ജീവിതവും. ആ പോരാട്ടത്തിലെ ഏറ്റവും വലിയ ആയുധം കഠിനാധ്വാനവും സ്ഥിരോല്‍സാഹവുമാണ്, അവ മുറുകെ പിടിക്കുക, മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കുക, വിധി നിങ്ങളുടെ വഴിക്ക് വരും, വിജയം നിങ്ങളെ തേടി വരും, തീര്‍ച്ച.’
കടപ്പാട്: http://twocircles.net/
Leave A Comment