വഹിപ്പാനാവുമോ ഈ പാനപാത്രം കൂടി?
പ്രവാചകരുടെ തിരുശേഷിപ്പുകള്‍ എന്നും ഏറെ ആദരവോടെയാണ് മുസ്ലിം സമൂഹം നോക്കിക്കണ്ടിട്ടുള്ളത്. പ്രവാചകര്‍ ജീവനോടെയിരിക്കുന്ന കാലം മുതലേ അത് തുടങ്ങിയതും തുടരുന്നതുമാണ്. അത്തരം പല സംഭവങ്ങളും പ്രവാചകര്‍ അറിയാനിടയായതായും അനുമോദനമോ മൌനാനുവാദമോ നല്‍കിയതായും പ്രബലമായ പ്രമാണങ്ങളില്‍ തന്നെ കാണാവുന്നതാണ്.
റസൂല്‍(സ്വ) എന്നും വിശ്വാസികളുടെ സ്നേഹഭാജനവും അനുരാഗപാത്രവുമാണ്. സ്വന്തത്തേക്കാളും സര്‍വ്വസ്വത്തേക്കാളും പ്രവാചകരോടുള്ള സ്നേഹമാണ് മുന്‍പന്തിയിലുണ്ടാവേണ്ടതെന്ന പ്രവാചകവചനം അതിന് നിദാനമാണ്. അതിലുപരി, തങ്ങളുടെ യഥാര്‍ത്ഥവിമോചകനെ ആത്മാര്ത്ഥമായി വിശ്വാസിസമൂഹം നെഞ്ചിലേറ്റുന്നു എന്നതാണ് സത്യം. കാലാന്തരങ്ങളിലായി കടന്നുപോയ മഹത്തുക്കളെല്ലാം തന്നെ അനുരാഗപ്രകടനത്തിന്റെ വിവിധ രീതികളാണ്, സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. പ്രവാചകപ്രകീര്‍ത്തന വാക്യങ്ങളും കാവ്യങ്ങളും ഇത്രത്തോളം പ്രചുരിതമായത് അതിന്റെ ഭാഗമായാണ്. ഹബീബിന്റെ സ്മരണക്കും പ്രീതിക്കുമായി തന്നെക്കൊണ്ടാവുന്ന എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ഇത്തരം കൃതികളുടെയെല്ലാം പ്രോചദകഘടകം.
ഇതേ സ്നേഹപ്രകടനത്തിന്‍റെ ഭാഗമായാണ് മുന്‍ഗാമികള്‍ പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുകയും സൂക്ഷിക്കപ്പെടുന്നവയെ ആദരവോടെ സമീപിക്കുകയും അവയുടെ സ്പര്‍ശനവും ദര്‍ശനവും ഏറെ പുണ്യകരമായി ഗണിക്കുകയും ചെയ്തത്.
ജനങ്ങള്‍ മാനിക്കുന്ന ഏതും ചൂഷണവിധേയമാവുമെന്നതിന് ചരിത്രത്തിന്റെ ഇന്നലെകള്‍ സാക്ഷിയാണ്. ലോകജനസംഖ്യയുടെ നാലിലൊന്നോളം വരുന്ന വലിയൊരു സമൂഹത്തിന്റെ പരമോന്നത നേതാവുമായി ബന്ധപ്പെട്ടവയാകുമ്പോള്‍ അവയുടെ സ്വീകാര്യതയും ജനപ്രിയതയും വര്‍ദ്ദിക്കുന്ന അതേ തോതില്‍ തന്നെ അവയുടെ മാര്‍ക്കറ്റിംഗ് സാധ്യതകളും വര്‍ദ്ദിക്കുമെന്ന് മുന്‍കാലങ്ങളിലേ പലരും മനസ്സിലാക്കിയെന്നതിന്റെ തെളിവുകളാണ് മൌളൂഅ് ആയ (സ്വന്തമായി മെനഞ്ഞെടുത്ത് പ്രവാചകരുടെ പേരില്‍ ചാര്‍ത്തപ്പെടുന്ന) ഹദീസുകള്‍. മുന്‍കാലങ്ങളില്‍ തങ്ങളുടെ ചരക്കുകള്‍ വിറ്റഴിക്കാനായി ചില കച്ചവടക്കാര്‍ പോലും ഇത്തരം ഹദീസുകള്‍ ഉണ്ടാക്കിയതായി കാണാം. മൂലധനവും ലാഭവും തമ്മിലുള്ള അനുപാതം സകല വ്യവഹാരങ്ങളുടെയും മാനദണ്ഡമാകുന്ന ഇക്കാലത്ത് ഈ സ്വഭാവം വര്‍ദ്ദിക്കുമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ ന്യായങ്ങളില്ല തന്നെ.
ഇത് നേരത്തെ മനസ്സിലാക്കിയാണ്, പ്രവാചകരുമായി ബന്ധപ്പെട്ടവയെല്ലാം പൂര്‍ണ്ണമായും വിശ്വാസ്യയോഗ്യമായിരിക്കണമെന്നും അതില്‍ വ്യാജമായതൊന്നും കടന്നുകൂടരുതെന്നുമുള്ള കാര്യത്തിലും മുന്‍ഗാലപണ്ഡിതരും പ്രവാചകസ്നേഹികളും ആ സ്നേഹത്തോളം തന്നെ കണിശത പാലിച്ചിരുന്നത്. ഹദീസുകളുടെ സ്വീകാര്യതക്ക് മുന്‍ഗാമികള്‍ സ്വീകരിച്ച കണിശവും അതികര്‍ശനവുമായ രീതികളും നിലപാടുകളും അതിനെ വിസ്തൃതമായൊരു വിജ്ഞാനശാഖ തന്നെയാക്കി പരിപോഷിപ്പിച്ചതാണ് നാം കാണുന്നത്. പ്രവാചക ശേഷിപ്പുകളും സ്വീകാര്യമാവുന്നത് അവയുടെ വിശ്വാസ്യതയെ സാധൂകരിക്കുന്ന കൈമാറ്റ പരമ്പരയെ അടിസ്ഥാനമാക്കി മാത്രമാവുന്നതും അത് കൊണ്ട് തന്നെ. വ്യാജമായവ പ്രവാചകരുടെ മേല്‍ ആരോപിക്കുന്നത് ഏറെ വലിയ പാതകമായി പ്രവാചകര്‍ തന്നെ നല്‍കിയ മുന്നറിയിപ്പാണ് ഇത്തരത്തില്‍ കാര്യങ്ങളെ സമീപിക്കാനും സംവിധാനിക്കാനും അവരെ പ്രേരിപ്പിച്ചത്.
മേല്‍പറഞ്ഞ വസ്തുതകളെ അടിസ്ഥാനമാക്കിയാവണം, ഏതാനും വര്‍ഷങ്ങളായി കേരളമുസ്ലിംകള്‍ക്കിടയില്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ച ശേഷിപ്പുകളെ നോക്കിക്കാണേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ ആദ്യകേശവും ശേഷമെത്തിയ രണ്ടാം കേശവും ഏറ്റവും അവസാനമായെത്തിയ പാനപാത്രവുമെല്ലാം ഈ കോണിലൂടെ വേണം വീക്ഷിക്കപ്പെടേണ്ടത്.
എന്നാല്‍ ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഉറങ്ങിയെണീറ്റത് മുതല്‍ വീണ്ടും കണ്ണടയുന്നത് വരെ രാഷ്ട്രീയ പാര്‍ട്ടികളെയും അവയുടെ പ്രവര്‍ത്തനരീതികളെയും നേരിലും പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടേയിരിക്കുന്നതിനാല്‍, മതപ്രവര്‍ത്തനങ്ങളില്‍ പോലും അവ വ്യക്തമായ സ്വാധീനം പൊതുജനങ്ങളിലും നേതൃത്വത്തിലും അറിഞ്ഞും അറിയാതെയും ചെലുത്തുന്നു എന്നതല്ലേ വാസ്തവം. പരസ്പരം തമ്മിലടിക്കുന്നതും എന്ത് വില കൊടുത്തും എതിര്‍പക്ഷത്തെ പരാജയപ്പെടുത്തുക മാത്രം ലക്ഷ്യമാവുന്നതും അതുകൊണ്ടാണെന്ന് പറയാതെ വയ്യ, അഥവാ, ഇങ്ങനെയൊക്കെയാണ് സംഘടനാപ്രവര്‍ത്തനം എന്ന് നമ്മുടെ അബോധമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം.
എന്നാല്‍ പ്രവാചകശേഷിപ്പുകളുടെ കാര്യത്തിലെ ചര്‍ച്ചകളെങ്കിലും ഈ തലത്തില്‍നിന്ന് മാറേണ്ടതുണ്ട്. കേവലമായ സംഘടനാവിദ്വേഷങ്ങളോ ഗ്രൂപ്പധിഷ്ഠിത തര്‍ക്കവിതര്‍ക്കങ്ങളോ ആവരുത് ഇക്കാര്യത്തിലെ എതിര്‍പ്പുകളുടെ അടിസ്ഥാനം. മറിച്ച്, പ്രവാചകരുടേതാണോ അല്ലേ എന്നതിലാണ് തര്‍ക്കമെന്നതിനാല്‍, അതിനെ പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയോടെയും ഉള്‍ഭയത്തോടെയും വേണം നാം സമീപിക്കേണ്ടത്. പ്രവാചകരുടെ പേരില്‍ പ്രതിഷ്ഠിക്കപ്പെടുന്നവ കാലക്രമത്തില്‍ സമൂഹത്തില്‍ സ്വീകാര്യമായിത്തീരും. പ്രാരംഭ കാലത്തുണ്ടായ തര്‍ക്കങ്ങളും വിയോജിപ്പുകളും ഇന്നലെകളുടെ പഴംപുരാണമായി മാറുകയും വരും സമൂഹം അതിനെ പ്രവാചകരുടേതായി തന്നെ ഗണിക്കുകയും ചെയ്യും. അഥവാ, ഇന്ന് നിലനില്‍ക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങളും തുടര്‍ന്നുണ്ടാവുന്ന പ്രബലമായ സംശയങ്ങളും നാളെകളില്‍ പരാമര്‍ശിക്കപ്പെടുക പോലും ചെയ്യണമെന്നില്ല. അത്തരം ഒരവസ്ഥ സംജാതമാവുന്നത് ഏറെവലിയ അപകടമാണ് വിളിച്ചുവരുത്തുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ പ്രവാചകരുടെ മേല്‍ ആരോപിക്കപ്പെട്ട കളവുകള്‍, കളവുകളായി തന്നെ ഇന്നും സമൂഹം ഓര്‍ക്കുന്നതും അവയെ അതേ അവജ്ഞയോടെയും പരിഹാസത്തോടെയും സമീപിക്കുന്നതും, അക്കലാത്തെ പണ്ഡിതരും സമൂഹവും അവയോട് സ്വീകരിച്ച നിലപാടുകളാലാണ്. അന്നത്തെ സമൂഹവും ഉത്തരവാദപ്പെട്ട പണ്ഡിതരും അതിനെതിരെ മൌനമവലംബിച്ചിരുന്നുവെങ്കില്‍, അവയില്‍ പലതും നമുക്കിന്ന് സത്യവും സ്വീകാര്യവുമായി തോന്നിയേനെ, അഥവാ, നാം വിശ്വസിക്കുന്ന പല അടിസ്ഥാനകാര്യങ്ങളും അസത്യങ്ങളും അവാസ്തവങ്ങളുമായേനേ എന്നര്‍ത്ഥം. ഈ ഉത്തരവാദിത്തം എക്കാലത്തും സമൂഹത്തിനും വിശിഷ്യാ പണ്ഡിതരിലും അര്‍പ്പിതമാണ്. അത് നിര്‍വ്വഹിക്കാന്‍ മടിച്ചുനിന്നാല്‍ തീര്‍ച്ചയായും അവരായിരിക്കും അതിന് മറുപടി പറയേണ്ടിവരിക.
ഈ പശ്ചാത്തലത്തിലാണ് കാരന്തൂര്‍ മര്‍കസിലെ തിരുശേഷിപ്പുകളുടെ സാധുത ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ അനിവാര്യമായിത്തീരുന്നത്. അതിനായി ക്രിയാത്മകവും ആത്മാര്‍ത്ഥനിബദ്ധവുമായ നീക്കങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
എതിര്‍ക്കുന്നവരും മൌനവലംബിക്കുന്നവരുമായി സമൂഹത്തിലെ ഭൂരിഭാഗം പേരും, അദ്ദേഹം നടത്തുന്നത് കേവലം ചൂഷണവും ധനസമ്പാദനലക്ഷ്യത്തോടെയുമാണെന്ന് കരുതുന്നവരാണ്. സമസ്തയും ഇതര വിവിധ സംഘടനകളും ഇവക്കെതിരെ ഏറെ ശബ്ദിച്ചെങ്കിലും പലപ്പോഴും അവക്കൊന്നും കാതോര്‍ക്കാതെ അവഗണിച്ച് തള്ളുന്നതിലൂടെ, സാധാരണപോലെ പതുക്കെ സമൂഹം ഈ കോലാഹലങ്ങളും മറന്നുകൊള്ളുമെന്ന പ്രതീക്ഷയാണ് അദ്ദേഹം വെച്ചുപുലര്‍ത്തുന്നതെന്ന് തോന്നിപ്പോവുന്നു.
കേവലം സംഘടനാസങ്കുചിതമായ നീക്കങ്ങളിലുപരി, ആ ശേഷിപ്പുകളുടെ സാധുതയില്‍ സംശയിക്കുന്നവരെല്ലാം ആത്മാര്‍ത്ഥമായി ഇതില്‍ ഒന്നിച്ചാലേ ഇതിനൊരു പരിഹാരം കാണാനാവൂ. അത്തരം സംഘടനകളുടെയെല്ലാം പ്രതിനിധികള്‍ ചേര്‍ന്ന് ആദ്യമായി അവയുടെ സൂക്ഷിപ്പുകാരനായ കാന്തപുരം അബൂബക്ര്‍ മുസ്ലിയാരെ സമീപിക്കുകയാണ് ആദ്യം വേണ്ടത്. അദ്ദേഹവുമായി കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്യുകയും കാര്യത്തിന്റെ ഗൌരവം അദ്ദേഹത്തെ വേണ്ടവിധം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.
അദ്ദേഹത്തിന് തന്നെ അവയില്‍ വിശ്വാസമില്ലെന്നും എതിരാളികള്‍ പറയുന്ന പോലെ മതിയായ രേഖകളോ തെളിവുകളോ ഒന്നുമില്ലാതെ കേവലം പണസമ്പാദനത്തിനായി, വിശ്വാസയോഗ്യനല്ലാത്ത ബോംബെ ജാലിയാവാലയില്‍നിന്ന് വാങ്ങുകയും വിശ്വാസം വരുത്താനായി അബൂദാബിയിലെ ഖസ്റജിയിലൂടെ കേരളത്തിലെത്തിക്കുകയുമാണ് ചെയ്തിട്ടുള്ളത് എന്ന് ആ സംഘത്തിനും ബോധ്യപ്പെടുന്നുവെങ്കില്‍, എല്ലാ സംഘടനാപ്രതിനിധികളും ചേര്‍ന്ന്തന്നെ ഒരു പത്ര സമ്മേളനത്തിലൂടെ അത് കേരളസമൂഹത്തോട് തുറന്ന് പറയേണ്ടതുമുണ്ട്.
മേല്‍ചര്‍ച്ചകളിലും സമീപനങ്ങളിലുമെല്ലാം നയിക്കുന്ന ഘടകം ആത്മാര്‍ത്ഥത മാത്രമായിരിക്കണം. വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്നവരും തികഞ്ഞ ആത്മാര്‍ത്ഥതയുള്ളവരും അതുണ്ടെന്ന് പൊതുജനത്തിന് ബോധ്യമുള്ളവരുമായിരിക്കണം അതില്‍ പങ്കെടുക്കുന്നത്. അത്തരത്തിലല്ലാത്തവയെല്ലാം ഈ മഹത്തായ ഉദ്യമത്തെ ദോഷകരമായി മാത്രമേ ബാധിക്കൂ.
മതസംഘടനയുടെ ലേബലില്ലാത്ത ഏതെങ്കിലും കൂട്ടായ്മക്ക് ഇത്തരം നീക്കത്തിന് മുന്‍കൈയ്യെടുക്കാനായാല്‍ അത് ഏറെ ഫലം ചെയ്യുമെന്ന് തോന്നുന്നു. സമസ്തയോ മുജാഹിദോ ജമാഅതോ കാന്തപുരം വിഭാഗത്തെ എതിര്‍ക്കുന്ന ഇതര സംഘടനകളോ ഇതിന് മുന്‍ക്കെയ്യെടുത്താല്‍, അത് ആത്മാര്‍ത്ഥമാണെങ്കില്‍പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം.
ആയതിനാല്‍ സമൂഹത്തെ സ്നേഹിക്കുന്ന, സമൂഹത്തിന്റെ പൊതുധാര സത്യസന്ധമാവണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഇത്തരം ഒരു നീക്കത്തിന് മുന്‍കൈയ്യെടുക്കണമെന്ന സവിനയമായ ഒരപേക്ഷ സര്‍വ്വര്‍ക്ക് മുമ്പിലും സാദരം സമര്‍പ്പിക്കട്ടെ.
-അബൂസഹല, മലപ്പുറം-
Leave A Comment