ഹൈന്ദവ മിത്തുകള്‍
ഹൈന്ദവ ആചാര ക്രമങ്ങളും വിശ്വാസസങ്കല്‍പങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. ദേവീദേവ സങ്കല്‍പമാണ് അതില്‍ പ്രധാനം. സമഗ്രമായ പ്രതിപാദനത്തിന്റെ അവസരമല്ല ഇതെന്നതിനാല്‍ സംഗ്രഹിച്ച് ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടാം.
ഹിന്ദു മതത്തിലെ പല വിശ്വാസങ്ങള്‍ക്കും ഇസ്ലാമിലെ അനേകവിശ്വാസങ്ങളുമായി താദാത്മ്യവും സാദൃശ്യവും കാണാവുന്നതാണ്. ചില ഉദാഹരണങ്ങള്‍ നോക്കാം.
ദേവീ ദേവ സങ്കല്‍പത്തെക്കുറിച്ച് ഉല്‍ഭവം മലക്കുകളെ ചുവടുപിടിച്ചാണെന്ന് പറയപ്പെടുന്നു. എന്നാല്‍ മലക്കുകള്‍ ഏതെങ്കിലും രൂപത്തിലും സാദൃശ്യത്തിലും ദൈവിക അംശ ലയനത്തിലും ജീവിക്കുന്നവരാണെന്ന വിശ്വാസം ഇസ്‌ലാം അംഗീകരിക്കുന്നില്ല. മാലാഖമാര്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് വാദിച്ചവര്‍ക്ക് ശക്തമായ താക്കീത് ഖുര്‍ആനില്‍ നല്‍കിയതായി കാണാം. ചില സമൂഹങ്ങള്‍ മലക്കുകളെ ആരാധിച്ചിരുന്നതായി കാണാം. (വി:ഖു: 43:20) ഈ വിശ്വാസത്തിന്റെ അടിസ്ഥാനം വരുന്നത് അങ്ങനെ തന്നെയായിരിക്കാം. എന്നാല്‍ കാലാന്തരത്തില്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ കടന്നുകൂടുകയും ഏകദൈവവിശ്വാസത്തിന് കടകവിരുദ്ധമാവും വിധമുള്ള സങ്കല്‍പങ്ങള്‍ വന്നുചേരുകയും ചെയ്തതായിരിക്കാം. ആര്യ മതത്തിന്റെ വാക്താക്കളിലൂടെയായിരിക്കാം ഇത് സംഭവിച്ചതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഘട്ടംഘട്ടമായാണ് ഈ വാദം ആര്യസമൂഹത്തിലേക്ക് തന്നെ കടന്നുകയറിയത് എന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. ''അഥര്‍വ്വ വേദത്തിന്റെ കാലമായപ്പോഴേക്കും ആരംഭത്തില്‍ വിഗ്രഹാരാധന ശീലിച്ചിട്ടിലായിരുന്ന ആര്യന്‍ ജനത മന്ത്രവാദത്തിലും പലതരം ദേവീദേവന്‍മാരെ ആരാധിക്കുന്നതിലും തല്‍പരരായി കഴിഞ്ഞിരുന്നു.''(വി.വി. കോശം 2:281)
ഹൈന്ദവ ദേവന്‍മാരില്‍ പ്രമുഖര്‍ ത്രിമൂര്‍ത്തികളാണ്. ബ്രഹ്മാവ്, ശിവന്‍, വിഷ്ണു എന്നിവരാണ് ത്രിമൂര്‍ത്തികള്‍. ഈ മൂര്‍ത്തികളില്‍ ആര്‍ക്കാണ് ബലം കൂടുതലെന്നറിയാന്‍ ഇതര ദേവീ ദേവന്‍മാര്‍ നടത്തിയ രസാവഹമായ സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇവരെക്കൂടാതെ ഇന്ദ്രന്‍, വരുണന്‍, അഗ്‌നി, ഉഷസ്, സൂര്യന്‍, സോമ തുടങ്ങിയ നിരവധി ദേവന്‍മാര്‍ ഉണ്ട്. ഇതില്‍ ഇന്ദ്രനാണ് ദേവന്‍മാരുടെ നേതാവായി ഗണിക്കപ്പെടുന്നത്. ഇന്ദ്രന്‍ ക്രൂരനായിരുന്നുവെന്നാണ് വേദങ്ങള്‍ പറയുന്നത്. ''സ്വന്തം പിതാവിനെ കാല്‍ വലിച്ചു തറയിലടിച്ചു കൊന്ന'' ചരിത്രം ഋഗ്വേദം 4:18:12ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ത്വഷ്ടാവ് എന്ന ബന്ധു നല്‍കിയ വജ്രായുധം ചുഴറ്റി ആക്രമണങ്ങള്‍ നടത്തിയതായി കാണാം. ദസ്യുക്കളോട് അക്രമം നടത്താന്‍ ആര്യന്‍മാര്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിട്ടാണ് ഇന്ദ്രനെ ഋഗ്വേദം പരിചയപ്പെടുത്തുന്നത്. ചക്രവര്‍ത്തിമാരെ അറുംകൊല ചെയ്ത സേനാനായകനാണിദ്ദേഹം.
കാമ ഭ്രാന്തനായിരുന്നു ഇന്ദ്രനെന്നാണ് വേദസംഹിതകളും പുരാണങ്ങളും പറയുന്നത്. അഹല്യയെ ഭര്‍ത്താവായ ഗൗതമമുനിയുടെ വേഷത്തില്‍ പ്രാപിച്ച് പിടിക്കപ്പെട്ട കഥ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. ബാലിയെന്ന വാനരന്റെ ജനനവുമായി ബന്ധപ്പെട്ടും അതിരുകടന്ന ഐന്ദ്ര കാമത്തിന്റെ കഥ പുരാണങ്ങള്‍ പറയുന്നുണ്ട്. ഇവയെല്ലാം ആര്യ സമൂഹത്തിന്റെ വികലവിശ്വാസങ്ങളുടെ ഭാഗമായി കടന്നുകൂടിയതാണെന്നേ മനസ്സിലാക്കാനാവൂ. അല്ലാതെ, അവ ഒരിക്കലും യഥാര്‍ത്ഥ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമോ വേദങ്ങളുടെ തനതായ അധ്യാപനങ്ങളോ ആവാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
വരുണന്‍ ആര്യ സമൂഹത്തിലെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. മഴയുടെ ദേവനാണ്. അഗ്‌നി ദേവന്റെ ഉല്‍ഭവം പ്രകൃതി പ്രതിഭാസങ്ങളോടുള്ള ആദരവില്‍നിന്നാണ്. ഉഷസ്, സൂര്യന്‍, സോമ തുടങ്ങിയവയോടുള്ള ആദരവ് അവയെ ദേവന്‍മാരായി ചിത്രീകരിക്കാനും ആരാധിക്കാനും പ്രേരിപ്പിക്കുകയായിരുന്നു. ഇങ്ങനെയാണ് വേദഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ മനസ്സിലാവുന്നത്. ഉഷസിനെ സ്ത്രീ ദേവതയായും സൂര്യനെ ആണ്‍ദേവതയായും ചിത്രീകരിക്കപ്പെടുന്നു. മദ്യത്തോടുള്ള അഭിനിവേഷം മദ്യദേവനെ പടക്കാന്‍ കാരണമായിത്തീര്‍ന്നു. സോമദേവന്റെ ഉല്‍ഭവം അങ്ങനെയാണ്. 'സോമ' എന്നത് വൈദിക കാലഘട്ടത്തിലെ സൂപ്പര്‍മദ്യമാണ്. ഇന്ദ്രന്‍ അതിന്റെ അടിമയായിരുന്നുവെന്ന് വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. ശക്തമായ ലഹരിയുണ്ടാക്കുന്ന പദാര്‍ത്ഥമാണത്. അതിനെ ആരാധിക്കുന്ന പ്രവണത ഹൈന്ദവ ജനതക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു. 'സുര' എന്ന മദ്യത്തെക്കുറിച്ചും വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടെങ്കിലും സോമ പോലെ ദിവ്യത്വം അതിന് കല്‍പിക്കപ്പെട്ടതായി കാണുന്നില്ല.
എന്നാല്‍ ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ വിശ്വാസം എണ്ണമറ്റ ദേവീദേവന്മാരെ അംഗീകരിക്കുന്നില്ലെന്നും സര്‍വ്വശക്തനായ ഏകദൈവത്തെയാണ് സ്ഥാപിക്കുന്നതെന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. അഥവാ, ഹൈന്ദവമതവും മുമ്പ് കഴിഞ്ഞുപോയ ഏതോ പ്രവാചകരുടെ പ്രബോധനത്തില്‍ നിലവില്‍വന്നതും ശേഷം പലരുടെയും കൈടകത്തലുകളിലൂടെയാണ് ഇത്തരം വികലമായ രീതിയിലേക്ക് എത്തിപ്പെട്ടതെന്നും മനസ്സിലാക്കാവുന്നതാണ്.
അവതാര സങ്കല്‍പം
''ഹേ! ഭാരത! ഏതു കാലത്താണ് ധര്‍മ്മത്തിന് നാശം സംഭവിച്ചത് അധര്‍മ്മത്തിന് പ്രാബല്യം ലഭിക്കുന്നുവോ അപ്പോള്‍ ഞാന്‍ സ്വയം അവതരിക്കുന്നു. സജ്ജനങ്ങളെ സംരക്ഷിക്കാനും ദുഷ്ടന്‍മാരെ ശിക്ഷിക്കാനും അതിലൂടെ ധര്‍മ്മം സംസ്ഥാപിക്കാനും ഞാന്‍ യുഗങ്ങള്‍ തോറും അവതരിക്കുന്നു'' (ഭഗവദ്ഗീത 4:7:8).
ഭഗവാന്റെ അവതാരങ്ങള്‍ അസംഖ്യമാണെന്നാണ് പ്രമാണം. അവതാരങ്ങളായിക്കഴിയാന്‍ ഇടവന്നത് വിഷ്ണുവിന് ലഭിച്ച ശുദ്രമാതാവിന്റെ ശാപമാണെന്നാണ് ശ്രീമഹാഭാഗവതം പറയുന്നത്. മല്‍സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബലരാമന്‍, കല്‍ക്കി തുടങ്ങിയ പത്ത് അവതാരങ്ങളാണുള്ളത്. ഇരുപത്താറാണെന്ന അഭിപ്രായക്കാരുമുണ്ട്.
ധര്‍മ്മസംസ്ഥാപനത്തിനാണ് അവതാരങ്ങള്‍ വരുന്നതെന്നാണ് ഭഗവദ്ഗീത പറയുന്നത്. എന്നാല്‍ ശംബുകന്‍ എന്ന ശൂദ്രന്‍ ഉടലോടെ സ്വര്‍ഗം പുല്‍കുവാന്‍ വേണ്ടി ധ്യാനം നടത്തുമ്പോള്‍ കഴുത്തറുത്ത് കൊന്നയാളാണ് രാമനെന്ന അവതാരം. ശംസുക വധം എന്നും രാമന്റെ മേല്‍ തൂങ്ങിക്കിടക്കുന്ന വാളാണ്. സ്വന്തം ഭാര്യയായ സീതയെ സംശയക്കണ്ണുകൊണ്ട് കണ്ട ഭര്‍ത്താവാണ് രാമന്‍. ഭാര്യയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം രാവണനില്‍ ആരോപിക്കുകയാണ് രാമന്‍ ചെയ്യുന്നത്. 12 വയസ്സിനു ശേഷം ലവ-കുശന്‍മാര്‍ യാഗാശ്വരത്തെ പിടികൂടുന്നതോടു കൂടിയാണ് സ്വപുത്രരായി അവരെ രാമന്‍ അംഗീകരിക്കുന്നത്. മനോപീഡനം നിമിത്തം ഭൂമി പിളരാന്‍ കൊതിച്ച ഭാര്യയാണ് സീത. തന്റെ പതിവ്രത്വം തെളയിക്കപ്പെടുന്നത് അങ്ങനെയാണ്.
ശ്രീകൃഷ്ണന്റെ 'ലീലകള്‍' പലയിടത്തും ഉദ്ധരിക്കപ്പെട്ടതാണ്. 'ഹിന്ദുമതത്തിലെ പ്രഹേളികകള്‍' എന്ന ഡോ. ബി.ആര്‍. അംബേദ്കറിന്റെ ഗ്രന്ഥത്തില്‍ കൃഷ്ണലീലകളുടെ വിവരണം സമഗ്രമായി കാണാനാവും.
വിഷ്ണു അവതാരത്തിലെ കല്‍ക്കിയെക്കുറിച്ച് നീരധ്രമായ ഇരുളിന്റെ ചുരുളനിന്ന് വിശ്വത്തെ മോചിപ്പിക്കുന്ന പ്രഭാതാര്‍ക്കനെപ്പോലെ മ്ലേഛദോഷം തീണ്ടാത്ത ശാന്തി സുന്ദരമായ ഒരു ലോകത്തിന്റെ ഉദയവുമായി കല്‍ക്കി പ്രത്യക്ഷപ്പെടും. കല്‍ക്കിയെക്കുറിച്ച് പ്രവാചകനാണെന്ന അനുമാനം ഉണ്ട്.
അവതാര സങ്കല്‍പം പ്രവാചകനിയോഗത്തെയാണ് കുറിക്കുന്നതെന്ന് സംശയിക്കാന്‍ ന്യായങ്ങള്‍ ധാരാളമാണ്. ധര്‍മ്മം ഇല്ലാതാവുന്ന സമയത്താണ് ദൈവം പ്രവാചകന്മാരെ ഭൂമിയിലേക്ക് നിയോഗിക്കുന്നത്. ഇങ്ങനെ നിയോഗിപ്പെട്ട പ്രവാചകര്‍ ഒരു ലക്ഷത്തിലധികം വരുമെന്നും പ്രവാചകന്മാരുടെ പ്രബോധനം ലഭിച്ചിട്ടില്ലാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ലെന്നുമാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതും മുസ്ലിംകള്‍ വിശ്വസിക്കുന്നതും. ശ്രീകൃഷ്ണനും മൂസാ പ്രവാചകനുമിടയില്‍ ജനനം മുതല്‍തന്നെ ഒട്ടേറെ സാമ്യങ്ങള്‍ കാണപ്പെടുന്നുണ്ട്. വിവിധ അവതരാങ്ങള്‍ക്ക് വിവിധ പ്രവാചകരുമായി ഇത്തരം സാദൃശ്യങ്ങള്‍ കാണപ്പെടുന്നുമുണ്ട്. അത് കൊണ്ട് തന്നെ ഈ സങ്കല്‍പത്തിന്റെ അടിസ്ഥാനം ശരിയാണെന്നും ശേഷം കടന്നുകൂടിയ പര്‍വ്വതീകരണവും ദൈവസങ്കല്‍പവുമാണ് അവയെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതെന്നുമാണ് മനസ്സിലാവുന്നത്. വേദങ്ങളിലെ ഈ കൈകടത്തലുകള്‍ മാറ്റിനിര്‍ത്തി, യഥാര്‍ത്ഥ സിദ്ധാന്തമായ ഏകദൈവവിശ്വാസത്തെ മുറുകെപിടിക്കുമ്പോള്‍, അത് ഇസ്ലാമിക സിദ്ധാന്തങ്ങളോടെ ഏറെ അടുത്ത് നില്‍ക്കുന്നതായി കാണാം. ഹിന്ദുമതം മുന്‍കാലങ്ങളിലെവിടെയോ കഴിഞ്ഞുപോയ ഏതോ പ്രവാചകന്റെ മതം തന്നെയാവാമെന്ന് ബലമായി സംശയിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
Leave A Comment