ഉമ്മയാണ് പാഠശാല

ഉമ്മയാണ് കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിലെ അധ്യാപികയും പരിപാലികയും. തലമുറകളെ വാർത്തെടുക്കുന്നത് ആ മാതൃത്വമാണ്. ഉമ്മയുടെ കരുതൽ അനസ് ബ്‌നു മാലിക് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്: ഒരിക്കൽ എന്റെ ഉമ്മ എന്നെ കൈപ്പിടിച്ച് നബി (സ്വ)യുടെ അടുക്കലിലേക്ക് പോയി, തിരുസന്നിധിയിൽ പറഞ്ഞു: ദൈവദൂതരേ, ഇതെന്റെ കുട്ടിയാണ്. നന്നായി എഴുതുന്ന മോനാണ് (ഹദീസ് അഹ്മദ് 12583). ഇസ്ലാമിക ചരിത്രത്തിലെ മാതൃകാ മാതൃത്വമായ സഹ്‌ല ബിൻതു മിലഹാനാണ് അനസി(റ) ന്റെ മാതാവ്. സന്താന പരിപാലനത്തിലും ശിക്ഷണത്തിലും അതീവ ജാഗ്രത പുലർത്തിയിരുന്ന മഹതി മകന് ചെറുപ്പത്തിൽ തന്നെ വിജ്ഞാനത്തിന്റെ മൂല്യം അനുഭവഭേദ്യമാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. സത്രീ ഭർത്താവിന്റെ വീട്ടുകാര്യത്തിലും മക്കളുടെ കാര്യത്തിലും ഉത്തരവാദിത്വമുള്ളയാളെന്നാണല്ലൊ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി 7138).

മഹതി സഹ്‌ല സമയത്തിന്റെ നല്ലൊരു ഭാഗം മാറ്റിവെച്ച് മകൻ അനസി (റ)ന് ഉപകാരപ്രദമായ വിജ്ഞാനീയങ്ങൾ നുകർന്നു നൽകുമായിരുന്നു. അങ്ങനെയാണ് അനസ് (റ) ആ മാതാവിന്റെ അഭിമാനമെന്നോണം ഉന്നത പണ്ഡിതനും എഴുത്തുകാരനുമാവുന്നത്. പ്രവാചകരെ (സ്വ)കൊണ്ട് പ്രാർത്ഥിപ്പിക്കാനും ആശിർവാദം വാങ്ങാനും തിരുമൊഴിലൂടെ വിജ്ഞാനങ്ങൾ പകർന്നു കൊടുക്കാനുമാണ് മകനെ തിരുസമക്ഷമെത്തിച്ചത്.  പ്രവാചക പ്രാർത്ഥനക്കായി കൊതിക്കുന്ന മഹതിയുടെ വീട് സന്ദർശിച്ച് വീട്ടുകാർക്ക് വേണ്ടി പ്രാർത്ഥിച്ച പ്രവാചകരോട് മഹതി ഒരാവശ്യം ഉന്നയിച്ചു. മകൻ അനസിന് വേണ്ടി പ്രാർത്ഥിക്കണമെന്നായിരുന്നു അഭ്യർത്ഥന. നബി (സ്വ) പ്രാർത്ഥിച്ചു: 'അല്ലാഹുവേ അനസിന് നീ സമ്പത്തും സന്താനവും നൽകി ബർകത്ത് ചെയ്യണേ'. ഇതേപ്പറ്റി മഹതി തന്നെ പറഞ്ഞത് ഐഹികവും പാരത്രികവുമായ സകല നന്മകളെയും ഉൾക്കൊള്ളിച്ചുക്കൊണ്ടുള്ള പ്രാർത്ഥനയായിരുന്നുവെന്നാണ് (ഹദീസ് ബുഖാരി, മുസ്ലിം).

ഈ ഉമ്മയുടെ വളർത്തു ഗുണം കൊണ്ടാണ് അനസ് (റ) ഏവരാലും ആദരിക്കപ്പെടുന്ന പണ്ഡിത ശ്രേഷ്ഠരായി സ്വഹാബികളിൽ ജ്വലിച്ചുനിന്നത്. ഉമർ ബ്‌നു ഖത്വാബ് (റ) അബൂബക്കർ സിദ്ധീഖി (റ)നോട് പറഞ്ഞിരുന്നുവത്രെ: 'അനസ് ബ്‌നു മാലിക് ബുദ്ധികൂർമ്മതയുള്ള, എഴുതാനറിയുന്ന യുവ പണ്ഡിതനാണ്, ആവശ്യങ്ങൾക്ക് അദ്ദേഹത്തെ സമീപിക്കുക'. 

ഉമ്മ തന്നെയാണ് മനുഷ്യന്റെ പ്രഥമ വിദ്യാലയം. പാഠശാലകളിലെ പഠനങ്ങളും പാഠങ്ങളും പഠിക്കാനും ഉൾക്കൊള്ളാനും മക്കൾക്ക് താങ്ങാവേണ്ടത് ഉമ്മയെന്ന പാഠശാലയാണ്. അതിനായി ഉമ്മമാർ ക്ഷമയും കഠിനാധ്വാനവും കൈമുതലാക്കേണ്ടിയിരിക്കുന്നു. മക്കളിൽ ദീനിബോധം ഉണ്ടാക്കുകയും സൽസ്വഭാവങ്ങൾ ശീലിപ്പുക്കുകയും വേണം. ദേശസ്‌നേഹം അവരിൽ വളർത്തിയെടുക്കണം. നിയമങ്ങളും ചിട്ടകളും പാലിക്കാൻ പ്രാപ്തരാക്കണം. സുകൃതപൂർണമായ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കാനും പഠിപ്പിക്കണം.

സമൂഹനിർമിതിയിൽ മാതാവിന് ഊർജ്ജസ്വലമായ ഭാഗധേയം തന്നെയുണ്ട്. സാമ്പത്തിക, വാണിജ്യ, വ്യവസായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാമുള്ള സംഭാവനകളിൽ മാതൃത്വത്തിന്റെ പങ്ക് അനിഷേധ്യമാണ്. ചുരുക്കത്തിൽ മനുഷ്യന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ചാലകം മാതൃത്വമാണ്. പുരുഷന്മാർ പ്രവർത്തിച്ചതിൽ നിന്ന് അവർക്കും സ്ത്രീകൾ പ്രവർത്തിച്ചതിൽ നിന്ന് അവർക്കുമുണ്ടാകുമെന്നാണ് ഖുർആനിക ഭാഷ്യം (സൂറത്തു ന്നിസാഅ് 32).

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter