സ്‌പൈക്ക് ചെയ്യുന്ന കുട്ടികള്‍
ഓര്‍മകളില്‍ തെളിഞ്ഞ് വരുന്നത് ജരാനര കൂട് കൂട്ടിയ, അപ്പൂപ്പന്‍താടി പോലോത്ത വല്യുമ്മയുടെ മുടിയിഴകളാണ്...
കഷായം മണക്കുന്ന, വിളര്‍ത്തകൈകള്‍ ഇളം മുടിയിഴകള്‍ക്കിടയിലൂടെ ഓടിച്ച്, പുരാതന കഥകളോടൊപ്പം അവര്‍ പകര്‍ന്ന്തന്ന സ്‌നേഹത്തിനും വാത്സല്യത്തിനും ഒരു കുളിരുണ്ട്... ജലധാരപോലെ കിനിഞ്ഞിറങ്ങുന്ന ഒരാര്‍ദ്രമായ സ്‌നേഹസ്പര്‍ശവും, കഥയുടെ ഒഴുക്കിനൊത്ത, താളനിബദ്ധമായൊരിളം തലോടലും... എല്ലാം ഒരു വസന്തമായി മനസ്സില്‍ പൂത്തുലഞ്ഞു...
ത്രീ.ജി.യുഗത്തിലെ ബാല്യങ്ങള്‍ക്ക് വിനഷ്ടമായൊരു വാച്യാനുഭവമാണിത്... നവയൗവ്വനത്തിന്റെ, ഇലക്ട്രിക് ഷോക്കേറ്റ പോലെ എണീറ്റ് നില്‍ക്കുന്ന സ്‌പൈക് ചെയ്ത മുടിക്ക് നഷ്ടമായൊരു കരലാളനമാണിത്...
കേശം ഒരു സമൂഹത്തിന്റെ സംസ്‌കാരിക, ആത്മീയ പരിസരങ്ങളിലേക്ക് തിരിച്ച് വെച്ച ദര്‍പ്പണമാണ്. ആത്മാവിലെ അശുദ്ധിയും വിശുദ്ധിയുമെല്ലാമതില്‍ മാറ്റങ്ങളായി പ്രതിഫലിക്കും. ആത്മവിചാരങ്ങളുടെ ഒരു പരസ്യപ്രഖ്യാപനം കണക്കെ അത് അന്യര്‍ക്ക് നമ്മെ നിരന്തരം പരിചയപ്പെടുത്തിക്കൊണ്ടിരിക്കും... 'മുടിയൊരു കൊടിയാണെ'ന്ന പഴമൊഴി ഈ അര്‍ത്ഥത്തിലായിരിക്കണം നാം വായിക്കേണ്ടത്. മുടിയൊരനുഗ്രമാണ്; സൗന്ദര്യവും...
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും തലയോട്ടിക്ക് സുരക്ഷ തീര്‍ക്കലാണ് അവയുടെ ധര്‍മം. ഒരു കാവല്‍ ഭടന്‍കണക്കെ പ്രതിരോധം തീര്‍ക്കുന്ന കേശ കോശങ്ങള്‍ക്ക് കോണ്‍ക്രീറ്റിനെ വെല്ലുന്ന കരുത്തുണ്ടെന്നതാണ് ശാസ്ത്രഭാഷ്യം.
ദൈവീക സൃഷ്ടിപ്പിന്റെ അമൂര്‍ത്ത സൗകുമാര്യതയുടെ ബഹിര്‍സ്ഫുരണങ്ങളായി നിറഭേദങ്ങളിലെ നിറസൗന്ദര്യം വിളിച്ചോതുന്ന മുടിയുടെ കറുപ്പഴക് നമ്മെ പലപ്പോഴും പ്രലോഭിപ്പിക്കാറുണ്ട്. അതിനാലാവണം മലയാളി മങ്കയുടെ ഈറനിറ്റുന്ന കാര്‍ക്കൂന്തല്‍ പുഴയായും, ഘനാന്ധകാരമായും, സന്ധ്യമയങ്ങുന്ന നാട്ടിടവഴികളായും ഇരുള്‍ മൂടിയ പറങ്കിമാവിന്‍ തോട്ടമായും കവിതകളില്‍ നിറഞ്ഞ്‌നില്‍ക്കുന്നത്. മടിയില്‍ തലച്ചായ്ച്ചുറങ്ങുന്ന കാമിനിയെ നോക്കി
'ഘോരാന്ധകാര പ്രവാഹമാം നിന്‍ ചുരുള്‍ മുടിയിലൊഴുകുമലഞൊറിയിലലിയുവാവനാ- ശിച്ചു പോയി ഞാന്‍' എന്നു കവി പറഞ്ഞ് പോയത്.
ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ മുടിനാഴിക കീറി പരിശോധിച്ചാല്‍ മനുഷ്യോല്‍പത്തിയുടെ ആരംഭത്തില്‍ തന്നെ മുടിയുടെ ഇടപെടല്‍ ദര്‍ശിക്കാനാവും. ആദിമ മനുഷ്യന്‍ ആദംനബി(അ)യെ അല്ലാഹു സ്വര്‍ഗത്തില്‍ നിന്നും വിവസ്ത്രനാക്കി ഭൂലോകത്തേക്ക് പറഞ്ഞയച്ചപ്പോള്‍ നഗ്നത മറയ്ക്കാന്‍ മുടിയും നഖവും മാത്രമാണുണ്ടായിരുന്നതെന്നതിന് ചരിത്രം സാക്ഷിയാണ്. ഈ പുറത്താക്കലും അനന്തരം സംഭവിച്ച ദുരിതങ്ങളും മനുഷ്യനെ നിരന്തരം ഓര്‍മ്മിപ്പിക്കാനാണ് മുടിയും നഖവും വളര്‍ന്നുകൊണ്ടേയിരിക്കുന്നത്. പെണ്‍മയുടെ സ്വത്വ പ്രകാശനമാണ് മുടി. പ്രിയതമന്‍ അയ്യൂബ്(അ)നോടുള്ള അഗാധമായ സ്‌നേഹത്താല്‍ മുടിമുറിച്ച് വിറ്റും സാന്ത്വനം പകുത്തു നല്‍കിയ ചരിത്രമാണ് റഹ്മത്ത് ബീവിയുടേത്. ദേഹം മുഴുവന്‍ മുറിച്ച് നല്‍കാന്‍ സന്നദ്ധയായ ആ മഹതിയുടെ ത്യാഗത്തിന് ഏത് പ്രണയ കുടീരമാണ് പകരം നില്‍ക്കുക ? ഒരു മുഅ്മിനിന്റെ ജീവിതം അടിമുടി വിശദീകരിക്കുന്ന പരിശുദ്ധ ഇസ്‌ലാം കേശപരിപാലനത്തിനും ഒരു മാര്‍ഗരേഖ സമര്‍പ്പിച്ചിട്ടുണ്ട്. മാന്യതയുടെ സീമകള്‍ ലംഘിക്കാതെ കേശസൗന്ദര്യം സംരക്ഷിക്കാനുതകുന്ന നിര്‍ദ്ദേശങ്ങളാണവ. തുര്‍മുദി ഇമാം ഉദ്ധരിച്ച ഹദീസില്‍ പറയുന്നു 'തിരു ദൂതരുടെ കേശം ജടകുത്തിയതോ അലസമായി പാറി നടക്കുന്നതോ ആയിരുന്നില്ല. ചുമലില്‍ തൊട്ട് നില്‍ക്കുന്ന നീണ്ടമുടിയായിരുന്നു അവരുടേത്'.
എന്നാല്‍ അനിസ്‌ലാമികമായ ഹെയര്‍ സ്റ്റെയ്‌ലുകള്‍ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട് ഖുര്‍ആന്‍. സൂറത്തുല്‍ അലഖില്‍ അബൂ ജഹ്‌ലിന്റെ കുടുമയെ നാഥന്‍ ധിക്കാരത്തോടുപമിച്ചത് നോക്കൂ.. 'നിസ്സംശയം അവന്‍ വിരമിച്ചിട്ടില്ലെങ്കില്‍ നാം ആ കുടുമ പിടിച്ച് വലിക്കുക തന്നെ ചെയ്യും. കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ.'
ഈ ഉപമക്ക് ഒരു ശാസ്ത്രീയ പിന്‍ബലം കൂടിയുണ്ടെന്നു പണ്ഡിതര്‍ പറയുന്നു: 'മനുഷ്യന്റെ തലച്ചോറില്‍ വിവിധ വികാരങ്ങളും സ്വഭാവങ്ങളുമുള്ളത് കുടുമയുടെ താഴെയുള്ള അറയിലായതിനാലാവണം നാഥന്‍ ഈ ഉപമ തെരെഞ്ഞെടുത്തത്'. മുടികൊണ്ട് താന്തോന്നിത്തം കാണിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണീ ഉപമ...
എന്ന്‌വെച്ച് മുടിയിഴയാണ് വ്യക്തിത്വനിലവാരത്തിന് മാനദണ്ഡമെന്ന് തീര്‍ത്ത് പറഞ്ഞ്കൂടാ. കാരണം ആത്മീയാനുരാഗത്തിന്റെ അനന്തസിന്ധുവില്‍ അലിഞ്ഞുചേര്‍ന്നിട്ടും ചരിത്രത്തിന്റെ പൊടിപിടിച്ച ഏടുകളില്‍, അവര്‍ താടിയും മുടിയും നീണ്ടുവളരുന്നതറിയുന്നേയില്ല. വസ്ത്രങ്ങള്‍ മുഷിയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. തങ്ങള്‍ ജീവിക്കുകയാണെന്ന യാഥാര്‍ത്ഥ്യം പോലുമവര്‍ ഒരുവേള മറന്ന് പോകുന്നു. യാചകരും, തെരുവുതെണ്ടികളുമായിട്ടായിരിക്കുമൊരു പക്ഷേ ഇവര്‍ പൊതുജനസമക്ഷം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി ഇവിരെന്തെങ്കിലും സത്യം ചെയ്തുപോയാല്‍ അതുസംഭവിക്കുക തന്നെ ചെയ്യുമെന്ന് റസൂലി(സ്വ)ന്റെ സാക്ഷ്യം.
ഈയൊരാത്മീയ തലത്തില്‍ കാലൂന്നിയാവണം ശാഫിഈ ഇമാം പറഞ്ഞത്: 'എന്റെ ശരീരത്തിലെ സര്‍വ്വ രോമകൂപങ്ങളിലും അല്ലാഹുവിനെ നിന്തരം സ്തുതിച്ച് കൊണ്ടിരിക്കുന്ന നാവുകള്‍ മുളക്കുയാണെങ്കില്‍ പോലും എനിക്ക് ദൈവസ്തുതിയില്‍ പൂര്‍ണത പ്രാപിക്കാനാവില്ല.'
നമ്മള്‍ ദൈവത്തിന്റെ നാട്ടുകാരുടെ ഹെയര്‍സ്റ്റൈല്‍ എന്നും ട്രെന്റുകളില്‍ നിന്നും ട്രെന്റുകളിലേക്കുള്ള ഓട്ടത്തിലായിരുന്നു. കായിക, സിനിമാതാരങ്ങളുടെ സ്റ്റൈലുകള്‍ക്കനുസരിച്ച് ഏത് പേക്കോലവും സ്വീകരിക്കാനൊരുമ്പെട്ടവരായിരുന്നു നമ്മുടെ യുവതലമുറ. ക്ഷുഭിത യൗവനം പുല്‍കണമെങ്കില്‍ ഈ അന്ധമായ പാശ്ചാത്യന്‍ നടപ്പുരീതികള്‍ അനുകരിക്കണമെന്ന ചിന്തയാണ് ഇവിടെ കാലുറപ്പിക്കുന്നത്. ഇഷ്ടനടന്‍ ഉപയോഗിക്കുന്ന ഷാംപൂ സ്വന്തമാക്കാനും ലോകകപ്പായാല്‍ മെസ്സിയുടെയും കക്കയുടെയും മുടിഞ്ഞ സ്റ്റൈലിനനുസൃതമായി മലപ്പുറത്തുകാരന്‍ മൂസയും കാക്കുവും മുടിവെട്ടാനൊരുങ്ങുന്നതും ഈ തെറ്റിദ്ധാരണ മൂലമാണ്.
കലാബോധത്തിനുമുണ്ട് മുടിയില്‍ ഒരു ചെറുപങ്ക്. സാഹിത്യ ലോകത്തെ മുടിചൂടാമന്നന്മാരുടെ കൃതികള്‍ വായിച്ച് സാഹിത്യക്കയത്തിലേക്കെടുത്ത് ചാടിയ യുവ എഴുത്തുകാരുടെ കുറുക്കുവഴിയും നീട്ടി വളര്‍ത്തിയ മുടിയും തോള്‍ സഞ്ചിയുമായിരുന്നു; സര്‍ഗാത്മകത കുലക്കുന്ന ചുരുള്‍മുടിയും നിഗൂഢമായ വാക്പ്രയോഗങ്ങളുമായിരുന്നു ഒരുകാലത്ത് സാഹിത്യകാരന്മാരുടെ ഐഡന്റിറ്റി. എന്നാലിന്ന് മനുഷ്യക്കോലത്തിലും എഴുതാനാകുമെന്ന് നവാഗതര്‍ തെളിയിച്ച് കൊണ്ടിരിക്കുന്നുണ്ട്.
ഇനിയുമുണ്ട് ഒരുപാട് ജന്മങ്ങള്‍... മുടികൊണ്ട് ഉപജീവനമാര്‍ഗം തേടുന്നവര്‍; ബ്യൂട്ടിപാര്‍ലറെന്നും സലൂണെന്നുമെല്ലാം വെണ്ടക്കാ അക്ഷരത്തില്‍ എഴുതിവെച്ചിട്ടും രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയിട്ടും ഒസ്സാന്മാരെന്ന് പേര്‌വിളിച്ച് മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെടുന്നവര്‍. അവസാനമായി
'ഏഴഴകോടെ കറുത്ത് തന്നെ വളരണം... ഏത് ദുഷ്പ്രഭുത്വത്തിന്‍ മുന്നിലും വിളര്‍ക്കാതെ... തല നരക്കാത്തതല്ലെന്റെ യൗവനം കൊടിയ ദുഷ് പ്രഭുത്വത്തില്‍ തിരുമുമ്പില്‍ തല കുനിക്കാത്തതാണെന്റെ യൗവ്വനം'.
Leave A Comment