ഉക്രൈൻ വിമാന ദുരന്തം: യുദ്ധഭീതി ബാക്കി വെച്ച മഹാ നഷ്ടം
കഴിഞ്ഞ ബുധനാഴ്ച ഉക്രൈയിന്റെ യാത്രാ വിമാനം ഇറാൻ സൈന്യം വെടിവെച്ചിട്ട സംഭവം ഇറാൻ- യുഎസ് പ്രതിസന്ധിയുടെ ഏറ്റവും വലിയ ദുരന്ത ചിത്രമായി മാറിയിരിക്കുകയാണ്. 176 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് ഇറാനിയൻ മിസൈൽ ആക്രമണത്തിനു വിധേയമായി തകർന്നുവീണത്. ഇറാൻ സൈന്യം നടത്തിയ ആക്രമണത്തിൽ വിമാനം തകർക്കുകയായിരുന്നുവെന്ന് പാശ്ചാത്യരാജ്യങ്ങൾ ആരോപിച്ചിരുന്നെങ്കിലും തുടക്കത്തിൽ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഇറാൻ പിന്നീട് തെറ്റ് ഏറ്റു പറയുകയായിരുന്നു. അമേരിക്കയുടെ യുദ്ധ വിമാനമാണെന്ന് തെറ്റിദ്ധരിച്ച് യുദ്ധം തീക്ഷ്ണമായ സാഹചര്യത്തിൽ തങ്ങളുടെ സൈനികരിലൊരാൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഇറാൻ പിന്നീട് അറിയിച്ചത്. ആദ്യമായല്ല ഇറാൻ അമേരിക്ക സംഘർഷം മൂലം വ്യോമ ദുരന്തങ്ങൾ സംഭവിക്കുന്നത്. 1988 ൽ ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ അവസാനത്തിൽ ഇറാനിൽ നിന്ന് 290 യാത്രക്കാരുമായി പറന്നുയർന്ന വിമാനം അമേരിക്കൻ സേന വെടി വെച്ചിട്ടിരുന്നു. മുഴുവൻ യാത്രക്കാരും അന്ന് കൊല്ലപ്പെട്ടു. തങ്ങളുടെ കപ്പൽ ആക്രമിക്കാൻ വന്ന യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചത് കൊണ്ടാണ് വിമാനം വെടിവെച്ചിട്ടതെന്നായിരുന്നു അന്ന് അമേരിക്ക പറഞ്ഞിരുന്നത്. അതാണ് ഇപ്പോഴും ഇറാൻ ആവർത്തിക്കുന്നത്. രണ്ട് സംഭവങ്ങളിലും ഇരകളാക്കപ്പെട്ടവർ ഇറാൻ-യുഎസ് സംഘർഷങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ സിവിലിയന്മാരാണെന്നത് ഏറെ നിർഭാഗ്യകരമാണ്. ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാനുള്ള യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ എടുത്തുചാട്ടമാണ് ഇത്തവണ മേഖലയെ യുദ്ധത്തിലേക്ക് എടുത്തെറിഞ്ഞിട്ടുള്ളത്. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതിനു ശേഷം ഏത് സമയത്തും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ ഏറെ ജാഗ്രതയിലായിരുന്നു ഇറാൻ സൈന്യം. മാനുഷികമായ തെറ്റാണ് സംഭവിച്ചതെന്ന് ഇറാൻ ഏറ്റു പറയുന്നുണ്ടെങ്കിലും ചെയ്തുപോയതിന്റെ പാപഭാരം കഴുകിക്കളയാൻ ഇറാന് അത്രപെട്ടെന്ന് ആകില്ല. പൂർണ്ണമായും വ്യോമ സുരക്ഷ ഉറപ്പാക്കിയതിനുശേഷമാണ് തങ്ങളുടെ വിമാനം പറന്നുയർന്നതെന്നാണ് ഉക്രൈൻ എയർപോർട്ട് അതോറിറ്റി വ്യക്തമാക്കുന്നത്. വിമാനം ശരിയായ പാതയിൽ നിന്ന് മാറി സഞ്ചരിച്ചുവെന്ന ഇറാൻ സൈന്യത്തിന്റെ വാദങ്ങളെയും ഉക്രൈൻ ശക്തമായി തള്ളിക്കളയുന്നുണ്ട്. എങ്കിലും സംഭവം സമ്മതിച്ചതും മാപ്പ് പറഞ്ഞതും വിഷയത്തിലെ ശരിയായ നിലപാട് തന്നെയാണ്. എങ്കിലും സംഭവത്തിനു ഉത്തരവാദികളാരായാലും അവരെ കണ്ടെത്താൻ അന്താരാഷ്ട്ര സഹകരണത്തോടെ പഴുതടച്ച അന്വേഷണം നടത്താൻ ഇറാൻ തയ്യാറാവേണ്ടതുണ്ട്. ഇത്തരം തെറ്റുകൾ യുദ്ധ സാഹചര്യത്തിൽ ആയാൽ പോലും അനുവദിച്ചു കൂടാത്തതാണ്. ഇത്തരമൊരു സാഹചര്യത്തിൽ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും അന്താരാഷ്ട്ര പ്രോട്ടോകോളുകൾ പാലിക്കുകയുമായിരുന്നു ഇറാൻ ചെയ്യേണ്ടിയിരുന്നത്. ഇത്തരമൊരു നടപടി ഇറാന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതിന് വില നൽകേണ്ടി വന്നതോ തനി സാധാരണക്കാർക്കും. ഡൊണാൾഡ് ട്രംപ് പ്രസിഡണ്ട് ആയതിനുശേഷം യുഎസ് ഏകപക്ഷീയമായി ആണവകരാറിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഇറാൻ ഏറ്റുമുട്ടലിന്റെ പാത തെരഞ്ഞെടുത്തത് ശരിയാണോ എന്ന് ഇറാൻ പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. സുലൈമാനി യുടെ വധത്തോടനുബന്ധിച്ച് 226 പേർക്കാണ് (50 പേർ സുലൈമാനിയുടെ അന്ത്യ ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്) ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇറാൻ ആത്മാർത്ഥമായാണ് ഇടപെടുന്നതെങ്കിൽ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിൽ മാത്രം കാര്യങ്ങൾ അവസാനിപ്പിക്കരുത്, മറിച്ച് മേഖലയെ അസ്ഥിരമാക്കുന്ന വിനാശകരമായ യുദ്ധത്തിൽനിന്ന് എന്ത് വില കൊടുത്തും പിന്മാറുകയും അമേരിക്കയുമായി നല്ല ബന്ധം സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter