കളവു പറയാതിരുന്നാല്‍ കൂടുതല്‍ ആരോഗ്യമെന്നു പഠനം
 width=ഫ്ലോറിഡ: നല്ല ആരോഗ്യത്തിനു പഴങ്ങളും പച്ചക്കറികളും കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്‌താല്‍ മാത്രം പോരാ, കളവു പറയുന്നത് കുറയ്ക്കുകയും വേണമെന്നു പുതിയ പഠനം. അമേരിക്കയിലെ ഫ്ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോത്ര്‍ ഡാം യൂണിവേഴ്സിറ്റിയിലെ മനശാസ്ത്ര വിഭാഗം പ്രൊഫസര്‍ അനിത കെല്ലിയുടെ നേത്രത്വത്തില്‍ നടന്ന പഠനത്തിലാണ് കൌതുകരമായ ഈ കണ്ടെത്തല്‍. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ 120- മത് വാര്‍ഷിക സമ്മേളനത്തില്‍ പഠനം അവതരിപ്പിച്ചു. ‘വിശ്വസ്തതയുടെ ശാസ്ത്രം’ എന്ന പേരില്‍ നടന്ന പഠനത്തില്‍ 18നുമ് 71നുമ് മിടയില്‍ പ്രായമുള്ള 110 പേരെയാണ് പരീക്ഷണത്തിനു വിധേയമാക്കിയത്. ഇതില്‍ പകുതിയോളംപേരോട് നുണ പറയരുതെന്നു പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. പത്ത്‌ ആഴ്ച ഇവരില്‍ നടത്തിയ പഠനത്തില്‍ നുണ പറയാത്തവര്‍ ശാരീരികവും മാനസികവുമായി കൂടതല്‍ ആരോഗ്യവാന്മാരായി കാണപ്പെട്ടു. തലവേദന, തൊണ്ടവേദന, ഉത്കണ്ഠ, സമ്മര്‍ദ്ദം തുടങ്ങിയ പ്രശങ്ങള്‍ നുണ പറയുന്നവരില്‍ കൂടുതലായി കണ്ടതായും പഠനം വെളിപ്പെടുത്തുന്നു. കളവു പറയാത്തവരുടെ വ്യക്തിഗത ബന്ധങ്ങളും സാമൂഹിക ഇടപെടലുകളും മെച്ചപ്പെട്ടതായും ഗവേഷണത്തിനു നേത്രത്വം നല്‍കിയ പ്രൊഫ. അനിത കെല്ലിയും ലിജുആന്‍ വാങ്ങും പറയുന്നു. വലിയ നുണകള്‍ മാത്രമല്ല ഉപദ്രവകാരികളല്ലാത്ത ചെറിയ നുണകളും ഒഴിവാക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുതരുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter