സിറിയന്‍ ജനത എത്ര നാള്‍ ഈ ദുരിതങ്ങള് സഹിച്ച് കഴിഞ്ഞുകൂടണം
syriaയു.എന്‍ നേതൃത്വത്തില്‍ സിറിയന്‍ സമാധാനചര്‍ച്ച ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ സിറിയയിലെ സാധാരണജനങ്ങളുടെ നേര്‍ക്ക് വീണ്ടും ബഷാറുല്‍ അസദിന്റെ സൈന്യം ബോംബ് വര്‍ഷിച്ചിരിക്കുകയാണ്. വ്യോമാക്രമണത്തില്‍ 50 പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്. ജനീവയില്‍ സിറിയന്‍ പ്രതിപക്ഷാംഗങ്ങളുമായി നടന്ന ചര്‍ച്ച കഴിഞ്ഞയുടനെയാണു ബോംബ് വര്‍ഷിച്ചതെന്നതില്‍നിന്നുതന്നെ അസദിന്റെ സൈന്യമോ റഷ്യയോ ആയിരിക്കണം വ്യോമാക്രമണം നടത്തിയതെന്നതില്‍ സംശയമില്ല. ഫെബ്രുവരിയില്‍ നിലവില്‍വന്ന വെടിനിര്‍ത്തലിനുശേഷമുണ്ടാകുന്ന ഏറ്റവുംവലിയ വ്യോമാക്രമണമാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തിലും കുട്ടികളടക്കം അന്‍പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ഭീകരരെ തുരത്താനെന്നപേരില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളെല്ലാം സാധാരണജനങ്ങളെയാണു ലക്ഷ്യംവയ്ക്കുന്നത്. ഫെബ്രുവരിയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം അന്‍പതുപേര്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ക്കു നേരെയും ആശുപത്രികള്‍ക്കുനേരെയും മിസൈല്‍ തൊടുത്തത് ബോധപൂര്‍വമായിരുന്നു. അഭയാര്‍ഥികളായ സാധാരണസിറിയക്കാര്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. അവരെ കൊലപ്പെടുത്തുവാന്‍ ബോധപൂര്‍വംതന്നെ റഷ്യ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു, അസദിനു വേണ്ടി. കഴിഞ്ഞദിവസം നടന്ന വ്യോമാക്രമണവും സാധാരണജനങ്ങള്‍ക്കുനേരെയാണു നടത്തിയത്. സിറിയയിലെ ഇദ്‌ലിബിലെ രണ്ടു കമ്പോളങ്ങള്‍ക്കുനേരേ നടന്ന ആക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം അന്‍പതുപേര്‍ കൊല്ലപ്പെട്ടു. കണ്ണില്‍ച്ചോരയില്ലാത്ത ആക്രമണങ്ങള്‍ക്ക് ഇരയായിത്തീരുന്ന സിറിയന്‍ ജനതയ്ക്കുവേണ്ടി ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍ പശ്ചിമേഷ്യയില്‍. ഫെബ്രുവരിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിച്ച് തുര്‍ക്കിയും ഫ്രാന്‍സും ബ്രിട്ടനും രംഗത്തുവന്നിരുന്നെങ്കിലും കഴിഞ്ഞദിവസത്തെ വ്യോമാക്രമണത്തെ അപലപിക്കുവാന്‍ ജനീവയില്‍നിന്നുപോലും ശബ്ദങ്ങളുണ്ടായില്ല. വെടിനിര്‍ത്തല്‍ നിലവില്‍വന്നിട്ടും ഇടയ്ക്കിടെ സിറിയയിലുണ്ടാകുന്ന വ്യോമാക്രമണവും മിസൈല്‍ ആക്രമണവും അസദും റഷ്യയും ബോധപൂര്‍വം നടത്തുന്നതാണ്. ജനീവ ഉച്ചകോടിയില്‍ അസദിനെതിരേയുണ്ടാകുന്ന തീരുമാനങ്ങളെ അട്ടിമറിക്കാനാണു സ്വന്തം ജനതയ്ക്കുനേരേ അസദ് ഇടയ്ക്കിടെ ആക്രമണം അഴിച്ചുവിടുന്നത്. നേരത്തെ നിശ്ചയിച്ചതുപ്രകാരമാണു യു.എന്‍ നേതൃത്വത്തില്‍ ജനീവയില്‍ സിറിയന്‍ സമാധാനചര്‍ച്ചയാരംഭിച്ചത്. രണ്ടരലക്ഷത്തോളം ജനങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളായിത്തീരുകയുംചെയ്ത ആഭ്യന്തരയുദ്ധം ജനീവയില്‍ നടക്കുന്ന ചര്‍ച്ചയെത്തുടര്‍ന്ന് അവസാനിക്കുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണു സിറിയയില്‍ വ്യോമാക്രമണമുണ്ടായിരിക്കുന്നത്. സമാധാനചര്‍ച്ചകള്‍ക്ക് അന്ത്യംകുറിക്കാനായിരിക്കണം ഇത്തരമൊരാക്രമണം. യു.എന്‍ രക്ഷാകൗണ്‍സില്‍ അംഗീകരിച്ച കരാറിന്റെ അടിസ്ഥാനത്തിലാണു ജനീവയില്‍ സമാധാനച്ചര്‍ച്ച തുടര്‍ന്നുപോരുന്നത്. യു.എസ്, ജര്‍മന്‍, ബ്രിട്ടന്‍, ഫ്രഞ്ച് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുടരുന്ന ചര്‍ച്ച അസദിന്റെ ഭാവിനിര്‍ണയിക്കുന്നതുകൂടിയാണ്. ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പുതന്നെ അസദിനെ തല്‍സ്ഥാനത്തുനിന്നും മാറ്റാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നു സിറിയന്‍ വിമതസേന പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ സമാധാനചര്‍ച്ച തകിടംമറിക്കാന്‍ അസദ് ശ്രമിക്കുമെന്നുറപ്പായിരുന്നു. അസദിനെ മാറ്റുന്നതുസംബന്ധിച്ച വിഷയം ചര്‍ച്ചയില്‍ വരികയാണങ്കില്‍ ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോകുമെന്ന് സിറിയന്‍ പ്രതിനിധിയും സിറിയന്‍ വിദേശകാര്യമന്ത്രിയുമായ വലീദ് അല്‍മുഅല്ലം ഭീഷണിപ്പെടുത്തുകയുംചെയ്തു. ഇതോടെ ജനീവാചര്‍ച്ചയുടെ പരിസമാപ്തിയെക്കുറിച്ച് ആശങ്കയുമുയര്‍ന്നിരുന്നു. ഈ ആശങ്ക ശരിവയ്ക്കുന്നതാണ് കഴിഞ്ഞദിവസത്തെ വ്യോമാക്രമണം. ഇതിനെത്തുടര്‍ന്നു സിറിയന്‍ പ്രതിപക്ഷസംഘം ചര്‍ച്ചയില്‍നിന്നു പിന്മാറിയിരിക്കയാണ്. വിമതദേശങ്ങളില്‍ അക്രമം തുടരുകയാണെങ്കില്‍ ചര്‍ച്ചയില്‍നിന്നു പിന്മാറുമെന്നു പ്രതിപക്ഷസംഘം നേരത്തേതന്നെ മുന്നറിയിപ്പുനല്‍കിയിരുന്നു. ആക്രമണംനടന്ന പ്രദേശം വിമതരുടെ ശക്തികേന്ദ്രംകൂടിയാണ്. സിറിയയില്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനും സാമാധാനം പുനഃസ്ഥാപിക്കാനും കഴിഞ്ഞ ഡിസംബറിലാണ് യു.എന്‍ രക്ഷാകൗണ്‍സില്‍ പ്രമേയം പാസാക്കിയത്. പതിനേഴു രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് അന്നുയോഗത്തില്‍ പങ്കെടുത്തത്. റഷ്യ തുടക്കത്തില്‍ പ്രമേയത്തെ എതിര്‍ത്തു. പിന്നെ അനുകൂലിച്ചു. അടുത്ത ആറുമാസത്തിനുള്ളില്‍ സിറിയയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുക, ജനുവരി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുക, ഇടക്കാലതെരഞ്ഞെടുപ്പു കഴിഞ്ഞു പതിനെട്ടുമാസത്തിനകം സ്വതന്ത്രവും നീതിയുക്തവുമായ പൊതുതെരഞ്ഞെടുപ്പു നടത്തുക, തെരഞ്ഞെടുപ്പില്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് മത്സരിക്കാതിരിക്കുക എന്നതൊക്കെയായിരുന്നു യു.എന്‍. രക്ഷാകൗണ്‍സില്‍ പാസാക്കിയ പ്രമേയത്തിലെ ഉള്ളടക്കം. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു ജനീവയില്‍ സിറിയന്‍ സമാധാനചര്‍ച്ചയാരംഭിച്ചത്. ചര്‍ച്ചയുടെ തുടക്കംമുതല്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കുകയായിരുന്നു സിറിയ. വിമതസൈനികകേന്ദ്രങ്ങള്‍ക്കുനേരേ റഷ്യയും സിറിയയും ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. ജനീവാചര്‍ച്ച തകര്‍ക്കുകയെന്നതു മാത്രമാണ് അവര്‍ക്കുമുന്നിലുള്ള അജന്‍ഡ. അതിനുവേണ്ടിയാണ് കഴിഞ്ഞദിവസം വിമതകേന്ദ്രങ്ങള്‍ക്കുനേരേ ബോംബ് വര്‍ഷിച്ചത്. ഇറാന്റെയും സഹായം അസദിനു കിട്ടുന്നുണ്ട്. അമേരിക്ക ഇറാനുമായുള്ള ബന്ധംനന്നാക്കിയതിനാല്‍ സിറിയന്‍ ആക്രമണത്തിനെതിരേ ഇടപെടുന്നില്ല. തീതിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കയാണു സിറിയന്‍ ജനത. ലോകം കേള്‍ക്കാതെ പോവുകയാണോ ആ ജനതയുടെ ആര്‍ത്തനാദം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter