സുന്നത്തും ജമാഅത്തും
മനുഷ്യ-ജിന്നു വര്‍ഗങ്ങളെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം അല്ലാഹുവിനു ഇബാദത്ത് (ആരാധന) ചെയ്യാന്‍ വേണ്ടി മാത്രമാണെന്ന് ഖുര്‍ആന്‍ – അദ്ദാരിയാത്ത് 56-ല്‍ പറയുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന ഇബാദത്തിന്റെ മാര്‍ഗം എന്ത്? എങ്ങനെ? ഇതറിയാന്‍ മനുഷ്യന്റെ കേവലബുദ്ധി പര്യാപ്തമല്ല. കൈകൂപ്പി നിന്നോ ഓരിയിട്ടോ മറ്റോ സ്വയം മിനഞ്ഞെടുക്കുന്ന ആരാധനാമുറകള്‍ കെണ്ട് അല്ലാഹുവിനെ വണങ്ങുന്നത് അംഗീകരിക്കപ്പെട്ടതല്ല. ജഗത് നിയന്താവായ അല്ലാഹുവിനോട് അനുയോജ്യമായ ഇബാദത്ത് കേവല ബുദ്ധി കൊണ്ട് അറിയായ്കയാല്‍ പ്രവാചകന്മാരുടെ ശരീഅത്തുകള്‍ പിന്‍പറ്റല്‍ അനിവാര്യമായി. അതിനു വേണ്ടി അല്ലാഹു കാലാകാലങ്ങളില്‍ നബിമാരെ നിയോഗിക്കുകയുണ്ടായി.
അല്ലാഹു നേരിട്ട് ദീന്‍ പഠിപ്പിച്ചില്ല. കാരണം, അവനുമായി സമ്പര്‍ക്ക്‌പെടാന്‍ സാധാരണഗതിയില്‍ മനുഷ്യനു സാധിക്കില്ല എന്നതുതന്നെ. എന്നല്ല, മലക്കുകളുമായി പോലും സന്ധിക്കാന്‍ സാധാരണ ഗതിയില്‍ നമുക്കു അസാധ്യമാണ്. റസൂലിനെ നാം ഒരു മലക്കാക്കിയിട്ടുണ്ടായിരുന്നെങ്കില്‍ ആ മലക്കിനെ ഒരു പുരുഷനാക്കുമായിരുന്നേനെ എന്ന് അല്ലാഹു പറഞ്ഞത് ഇക്കാര്യം സൂചിപ്പിക്കുന്നു.
അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ജനങ്ങളിലെത്തിക്കുവാനും അവ നടപ്പിലാക്കുവാനും വേണ്ടിയാണ് സവിശേഷക്കാരനായ പ്രവാചകന്മാര്‍ നിയുക്തരായത്. അല്ലാഹുവാണ് യഥാര്‍ത്ഥ ക്ഷണകര്‍ത്താവെങ്കിലും പ്രത്യക്ഷത്തില്‍ അതു നിര്‍വഹിക്കുന്ന പ്രതിനിധികളാണ് അവര്‍. ‘അല്ലാഹു രക്ഷയുടെ ഗേഹ(സ്വര്‍ഗം) ത്തിലേക്കു ക്ഷണിക്കുന്നു. ‘ (യൂനുസ് 25) എന്നും ‘തീര്‍ച്ചയായും ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കുകയാണ്’ (അല്‍ ബഖറ 30) എന്നും അല്ലാഹുതന്നെയാണ് പ്രഖ്യാപിക്കുന്നത്.
പാപസുരക്ഷിതത്വം, സത്യസന്ധത, വിശ്വസ്തത, എത്തിച്ചുകൊടുക്കല്‍ എന്നീ അനിവാര്യ ഗുണങ്ങളുള്ളവരാണ് നബിമാര്‍. പരിശുദ്ധരും മഹാത്മാക്കളുമായ അവര്‍ക്കേ അല്ലാഹുവിന്റെ വഹ്‌യ് സ്വീകരിക്കാനാവൂ. അഥവാ അതിനു പറ്റുന്നവര്‍ മാത്രമേ രിസാലത്ത് വഹിക്കാന്‍ തിരഞ്ഞെടുക്കപ്പെടുകയുള്ളൂ.
സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവിധം അപാര ഭാരമുള്ളതാണ് വഹ്‌യ്. ഭാരമുള്ള ഒരു വചനം അങ്ങയുടെ മേല്‍ നാം ഇട്ടു തരും. തീര്‍ച്ചയായും (അല്‍ മുസ്സമ്മില്‍ 5) എന്നു വഹ്‌യിനെ വിശേഷിപ്പിച്ചതായി കാണാം. കഠിന തണുപ്പുള്ള ദിവസത്തില്‍ പോലും വഹ്‌യ് ഇറങ്ങുംനേരം നബി(സ)യുടെ ശരീരം വിയര്‍ക്കുമായിരുന്നു (ബുഖാരി). ഒരിക്കല്‍ വഹ്‌യ് അവതരിക്കുമ്പോള്‍ നബിയുടെ കാല്‍ തന്റെ കാലിന്മേല്‍ ശക്തിയായി അമരുകയും തന്റെ തുട ചതയുമോ എന്ന് താന്‍ ഭയക്കുകയും ചെയ്യുകയുമുണ്ടായ അനുഭവം സൈദ്ബ്‌നു സാബിത്(റ) വിവരിച്ചത് ബുഖാരിയില്‍ കാണാം.
വഹ്‌യ് ഏറ്റെടുക്കുവാനുള്ള പാകതയ്ക്കു വേണ്ടി നബി(സ)യെ ജന്മത്തിലും തുടര്‍ന്നും സജ്ജമാക്കപ്പെടുകയുണ്ടായി. പാപം ഒരിക്കലും പ്രവാചകനില്‍ നിന്നുണ്ടാകില്ല. ‘ഞാന്‍ ദോഷം ചെയ്താല്‍ പിന്നെ ആരാണ് അല്ലാഹുവിനെ അനുസരിക്കുക?’ എന്നൊരിക്കല്‍ നബി(സ) തന്നെ ചോദിക്കുകയുണ്ടായി. (ബുഖാരി). കാരണം, നബി(സ)യെ മാതൃകയാക്കലും അനുസരിക്കലുമാണ് അല്ലാഹുവിനെ വഴിപ്പെടാനുള്ള മാര്‍ഗമായി അവന്‍ നിശ്ചയിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നു: ‘ഈ റസൂലിനെ ആരു അനുസരിക്കുന്നുവോ അവന്‍ കണിശമായും അല്ലാഹുവിനെ വഴിപ്പെട്ടു.’ (അന്നിസാഅ് 80)
രണ്ടു തരം വഹ്‌യുകള്‍
ഖുര്‍ആനിനു പുറമെ സുന്നത്തും നബി(സ)യ്ക്കു ബോധനം നല്‍കപ്പെട്ട വഹ്‌യാണ്. ഖുര്‍ആനോടൊപ്പം അല്‍ ഹിക്മത്ത് എന്നൊന്നു കൂടി നബിയുടെ മേല്‍ ഇറക്കപ്പെട്ടിട്ടുള്ളതായി അല്‍ അഹ്‌സാബ് 34, അന്നിസാഅ് 113, അല്‍ബഖറ 231 മുതലായ സൂക്തങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഈ അല്‍ ഹിക്മത്ത് എന്നാല്‍ നബിയുടെ സുന്നത്താണെന്ന് നിരവധി അംഗീകൃത പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചതായി ഇമാം ശാഫിഈ(റ) രിസാല (പേജ് 78) യില്‍ രേഖപ്പെടുത്തുന്നു. നബി(സ) പറഞ്ഞു. ‘എനിക്കു ഖുര്‍ആന്‍ നല്‍കപ്പെട്ടു. അതുപോലുള്ളതും കൂടെ നല്‍കപ്പെട്ടു.’
ഖുര്‍ആന്‍, ഹദീസ് എന്നിവ രണ്ടും വഹ്‌യിലൂടെ നബി(സ)ക്കു മേല്‍ അവതരിക്കപ്പെട്ടതാണ്. ഖുര്‍ആന്‍ മുഅ്ജിസത്തും, പദങ്ങളും, അക്ഷരങ്ങളും പാരായണം ചെയ്യപ്പെടുന്നതുമാണെന്നും മറ്റുമുള്ള വത്യാസങ്ങളുണ്ടെങ്കിലും.
സംഭവബഹുലമായ 23 വര്‍ഷം കൊണ്ട് നബി(സ) ദീനീതബ്‌ലീഗ് പൂര്‍ത്തിയാക്കി. നബിയുടെ വഫാത്തിന്റെ നാളുകള്‍ക്കു മുമ്പെ ഹജ്ജത്തുല്‍ വദാഇല്‍ ദീനിന്റെ പൂര്‍ത്തീകരണം അറിയിച്ചുകൊണ്ടുള്ള ഖുര്‍ആനിക സൂക്തം ഇറങ്ങി. (അല്‍ മാഇദ 3)
ഖുര്‍ആന്‍ വള്ളിപുള്ളി കളയാതെ, ഇടപെടലുകള്‍ക്കും ഭേദഗതികള്‍ക്കുമതീതമാംവിധം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരക്ഷരം കൂട്ടാനോ കുറയ്ക്കാനോ കഴിയാത്തവിധം മുസ്ഹഫായി ഖുര്‍ആന്‍ ഒരുമിച്ചുകൂട്ടപ്പെട്ടു. എങ്കിലും തന്നിഷ്ടക്കാരുടെ ദുര്‍വ്യാഖ്യാനങ്ങളും നടന്നുകൂടായ്കയില്ല. തന്നെയുമല്ല, ഖുര്‍ആന്‍ മനുഷ്യരെല്ലാവര്‍ക്കും നേരിട്ടു മനസ്സിലാകുന്നതുമല്ല. കാരണം, അത് അല്ലാഹുവിന്റെ കലാമാണല്ലോ. അപ്പോള്‍ ഖുര്‍ആനിക വചനങ്ങളുടെ ഉദ്ദേശ്യങ്ങള്‍ എന്താണെന്ന് വ്യാഖ്യാനിക്കാനും ഖുര്‍ആനിക വിധിവിലക്കുകള്‍ എപ്രകാരമാണെന്ന് കാണിച്ചുതരാനുമാണ് സുന്നത്ത് എന്ന സ്വതന്ത്രപ്രമാണം നബിയ്ക്കു നല്‍കപ്പെട്ടത്. (അന്നഹ്ല്‍ 44 കാണുക.)
നബിയുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവകളെല്ലാം ഉള്‍ക്കൊള്ളുന്ന തിരുചര്യ തന്നെയാണ് സുന്നത്തിന്റെ വിവക്ഷിതം. എന്നാലീ സുന്നത്ത് സംബോധനം ചെയ്യപ്പെട്ടതും നടപ്പിലാക്കപ്പെട്ടതും പരിശുദ്ധരായ സ്വഹാബിമാരിലാണ്. അതുതന്നെ വളരെ പരസ്യമായും തീര്‍ത്തും രഹസ്യമായും ചിലരോടു മാത്രമായും പലര്‍ക്കും വ്യത്യസ്ത രൂപേണമായൊക്കെ സംഭവിച്ചിട്ടുണ്ട്. പരിശുദ്ധ സ്വഹാബത്ത് സംസ്‌കൃതരും അല്ലാഹുവിന്റെ പൊരുത്തം നേടിയവരുമാണ്. അതുകൊണ്ട് സ്വഹാബത്ത് സുന്നത്ത് ഉദ്ധരിക്കുന്നതും വ്യാഖ്യാനിക്കുന്നതും പ്രയോഗവല്‍കരിക്കുന്നതും വിശ്വാസയോഗ്യമാണ്. അതിനാല്‍ അവര്‍ എങ്ങനെ സുന്നത്ത് വിശദീകരിച്ചു എന്നു കൂടി പരിശോധിക്കേണ്ടതു പ്രസക്തമാണ്.
അതിനുപുറമെ, വൈയക്തിക – സാമൂഹിക – രാഷ്ട്രീയ -സാമ്പത്തിക മത നിയമങ്ങള്‍ (വിശ്വാസപരവും കര്‍മപരവും) സമ്പൂര്‍ണ്ണമായി വെളിച്ചം കണ്ടതും നടപ്പില്‍വന്നതും അതിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞതും പ്രവാചക വിയോഗാനന്തരം സ്വഹാബികളുടെ കാലത്തായിരുന്നു. ഇമാം ശാഫിഈ(റ) പറയുന്നു: മുശ്‌രിക്കുകളോടുള്ള യുദ്ധനിയമങ്ങള്‍ നബി(സ)യില്‍നിന്നും മുര്‍തദ്ദുകളോടുള്ള യുദ്ധനിയമങ്ങള്‍ അബൂബക്കര്‍(റ)വില്‍നിന്നും കലാപകാരികളോടുള്ളവ അലി(റ)വില്‍നിന്നുമാണ് ഞാന്‍ കണ്ടെടുത്തത്. (മുഗ്‌നി 4:123)
ഖുര്‍ആന്‍, ഹദീസിന്റെ സാക്ഷാലുദ്ദേശ്യങ്ങള്‍ ഗ്രഹിക്കേണ്ടത് സ്വഹാബത്തിലൂടെയായത്‌കൊണ്ടാണ് സ്വഹാബത്തിനെ മുറുകെ പിടിക്കാന്‍ നബി(സ) കല്പിച്ചത്. നബി(സ) പറഞ്ഞു: അഭിപ്രായഭിന്നതയില്‍നിന്നു രക്ഷപ്പെടാന്‍ എന്റെ സുന്നത്തും സന്മാര്‍ഗ ദര്‍ശകരായ എന്റെ പ്രതിനിധികളുടെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കുക. (അബൂദാവൂദ്, തുര്‍മുദി) ഇവിടെ അഭിപ്രായഭിന്നത എന്നു പറഞ്ഞത് ശാഖാപരമായ കര്‍മശാസ്ത്ര ഭിന്നതയല്ലെന്നു വ്യക്തമാണ്. മറിച്ച്, ജൂത-ക്രിസ്ത്യാനികള്‍ ഭിന്നിച്ചതുപോലുള്ള, ഖണ്ഡിത പ്രമാണങ്ങളാല്‍ തെളിഞ്ഞ വിശ്വാസ കാര്യങ്ങളിലുള്ള ഭിന്നിപ്പാണ്. വിശ്വാസ രംഗത്താണ് ജൂത-ക്രിസ്ത്യാനികള്‍ യഥാക്രമം 71ഉം 72ഉം വിഭാഗങ്ങളായി വേര്‍പിരിഞ്ഞത്.
കര്‍മശാസ്ത്രരംഗത്ത് സ്വഹാബത്തടക്കമുള്ള ഇമാമുകളുടെ ഭിന്നത അനുപേക്ഷണീയമാണെന്നും നിഷിദ്ധമായ ഭിന്നിപ്പ്, ഖണ്ഡിത പ്രമാണങ്ങള്‍ (വ്യാഖ്യാനത്തിനു പഴുതില്ലാത്ത)ക്ക് എതിരാകുന്ന ഭിന്നതയാണെന്നും ഇമാം ശാഫിഈ അല്‍ബയ്യിനത്ത് 4, ആലു ഇംറാന്‍ 105 എന്നീ ഖുര്‍ആനിക സൂക്തങ്ങള്‍ മുന്‍നിറുത്തി സമര്‍ത്ഥിച്ചിട്ടുണ്ട്. (രിസാല 561)
സ്വഹാബത്തിന്റെ കാലത്ത് അങ്ങിങ്ങായും പില്‍കാലത്ത് വ്യാപകമായും സംഘടിച്ചും ബിദ്അത്ത് കക്ഷികള്‍ (സുന്നത്തിനെയും അല്‍ജമാഅത്തിനെയും നിരാകരിക്കുന്നവര്‍ – ഇതിനായി അനിഷേധ്യമായ വിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങള്‍ വരെ അവര്‍ ദുര്‍വ്യാഖ്യാനിക്കും) പ്രത്യക്ഷപ്പെട്ടു. തദവസരം സ്വഹാബത്തും, ശേഷക്കാരും ഖുര്‍ആനും ഹദീസും ക്രോഡീകരിച്ചതുപോലെ, താബിഈങ്ങളും അവരുടെ താബിഈങ്ങളും വിശ്വാസ-കര്‍മങ്ങള്‍ ക്രോഡീകരിച്ചു. സ്വഹാബത്തിന്റെ ഏകീകൃതവും ചിതറിയതുമായ വ്യാഖ്യാന-വീക്ഷണങ്ങള്‍ അവര്‍ സ്വരൂപിച്ചു. അങ്ങനെയാണ് 4 മദ്ഹബുകളും അശ്അരീ മാതുരീദീ എന്നീ രണ്ടു വിശ്വാസ സരണികളും രൂപപ്പെട്ടത്. ഉത്തമ നൂറ്റാണ്ടുകാര്‍ എന്ന് തിരുനബി(സ) വിശേഷിപ്പിച്ച സച്ചരിതരാണ് ഈ താബിഉകള്‍. കൂടാതെ മുജ്തഹിദുകളായ ഇമാമുകള്‍ നിറഞ്ഞ കാലഘട്ടമായിരുന്നു അത്.
സ്വഹാബത്ത് പ്രഥമ സ്ഥാനത്ത് നിന്നുകൊണ്ടുള്ള ഉത്തമ നൂറ്റാണ്ടുകാരായ സലഫുസ്സാലിഹ് ആണ് അല്‍ജമാഅത്ത്. നിഷിദ്ധമായ ഭിന്നിപ്പില്‍നിന്ന് രക്ഷനേടാന്‍ സുന്നത്തിനു പുറമെ അല്‍ജമാഅത്ത് കൂടി മുറുകെ പിടിക്കണമെന്നാണ് നബി(സ) ആജ്ഞാപിച്ചിട്ടുള്ളത്. നബി(സ) കല്‍പിച്ചു: നിങ്ങള്‍ എന്റെ സ്വഹാബത്തിനെയും പിന്നെ അവരോടടുത്തവരെയും പിന്നെ അവരോടടുത്തവരെയും ആദരിക്കുവിന്‍. ശേഷം കള്ളവാദങ്ങള്‍ പ്രത്യക്ഷപ്പെടും. അറിയുക, വല്ലവരും സ്വര്‍ഗത്തിന്റെ സൗഖ്യം ഇഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ അല്‍ ജമാഅത്ത് മേല്‍പറഞ്ഞ സംഘത്തെ പിടിച്ചുകൊള്ളട്ടെ. (അഹ്മദ്, തുര്‍മുദി)
സ്വഹാബത്തിന്റെയും (താബിഉകളുടെയും) ഒന്നിച്ചുള്ള നിലപാടുകള്‍, ഇജ്മാആയും അല്ലാത്തവ പിന്‍പറ്റപ്പെടാവുന്ന അംഗീകൃത മദ്ഹബുകളായും സ്വീകരിക്കലാണ് അല്‍ജമാഅത്തിനെ മുറുകെപിടിക്കല്‍. സുന്നത്തും ജമാഅത്തും അനുധാവനം ചെയ്യുന്നവരാരോ അവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്ത്.
ഇപ്രകാരം മുസ്‌ലിം സമുദായത്തില്‍ യഥാര്‍ത്ഥ വിശ്വാസാചാര സരണിയില്‍ നിലകൊള്ളുന്നവരെ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്ത് എന്ന് വിളിക്കുന്നത് സ്വഹാബത്തില്‍ വ്യാപകമല്ലെങ്കിലും നടപ്പുണ്ടായിരുന്നുവെന്ന് രേഖകളില്‍ നിന്നു മനസ്സിലാക്കാം. പ്രമുഖ സ്വഹാബിയായ അനസുബ്‌നു മാലിക്(റ), താബിഈ പ്രമുഖര്‍ ഇമാം അബൂ ഹനീഫ(റ) എന്നിവരോട് അഹ്‌ലുസ്സുന്നത്തു വല്‍ജമാഅ അടയാളങ്ങളെപ്പറ്റി ചോദിക്കപ്പെട്ടു. അതിനവരിരുവരും കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു: ശൈഖനി അബൂബക്ര്‍, ഉമര്‍(റ)യെ ശ്രേഷ്ഠപ്പെടുത്തലും സ്‌നേഹിക്കലും ഖതനൈനിയെ (ഉസ്മാന്‍, അലി(റ)) പ്രിയം വെക്കലും വിമര്‍ശിക്കാതിരിക്കലും ഖുഫ്ഫ തടവല്‍ ജാഇസാണെന്ന് അംഗീകരിക്കലുമാണ്. (ഔജസുല്‍ മസാലിക്, പേജ് 1/75) സുന്നത്തു ജമാഅത്തുകാര്‍ എന്ന ആശയം വാസ്തവമാക്കുന്ന സത്യവിഭാഗത്തെ അക്കാലത്തുണ്ടായിരുന്ന ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വേര്‍തിരിക്കുന്നതാണ് ഇതില്‍ കാണുന്നത്.
ഖുര്‍ആനിലും ഹദീസിലും അല്‍ജമാത്തിന്റെ ഇജ്മാഇലും ഖണ്ഡിതമായി സ്ഥിരപ്പെട്ട വിശ്വാസാചാരങ്ങള്‍ തള്ളുന്നവരും ഖണ്ഡിതമല്ലാത്തവ (ഉദാ. ഖബര്‍ വാഹിദ്, ഖിയാസ്) അഭിപ്രായ വ്യത്യാസമുള്ളവയാണെങ്കിലും അംഗീകരിക്കാത്തവരുമാണ് മുബ്തദിഉകള്‍.
സമകാലിക മുബ്തദിഉകള്‍ ഇജ്മാഅ് വിരോധികളാണ്. ബിദ്അത്ത് (പുത്തന്‍വാദം) മുസ്‌ലിംകളുടെ പാരമ്പര്യ ഐക്യത്തില്‍നിന്നു ഒറ്റപ്പെടലാണ്; അല്‍ജമാഅത്തിനെ നിരാകരിക്കലാണ്. വളരെ അപകടകരമാണത്.
എല്ലാ പുത്തനാശയങ്ങളും വഴികേടാണ്. പുത്തന്‍വാദികളെല്ലാം നരകത്തിലാണ്. ജാഹിലിയ്യാ മൃത്യുവരിക്കേണ്ടിവരും. അവര്‍ രോഗികളായാല്‍ അവരെ സന്ദര്‍ശിക്കരുത്. മരണമടഞ്ഞാല്‍ അവിടെ ഹാജരാകരുത് എന്നിങ്ങനെ ശക്തമായ ഭാഷയില്‍ ബിദ്അത്തിനെയും മുബ്തദിഇനെയും നബി(സ) ആക്ഷേപിച്ചിരിക്കുന്നു.
Leave A Comment